മംഗലം സ്കൂള്‍ ഹൈടെക് ആക്കാന്‍ നാട്ടുകാര്‍ കൈകോര്‍ക്കുന്നു

ആറാട്ടുപുഴ: ആറാട്ടുപുഴ മംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹൈടെക് ആക്കാനുള്ള നടപടി തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ പൈതൃക സ്കൂളായി പ്രഖ്യാപിച്ച വിദ്യാലയമാണിത്. പൊതുവിദ്യാലയങ്ങളെ മികവിന്‍െറ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന പദ്ധതിയുടെ ഭാഗമായി പൂര്‍വവിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് സ്കൂളിലെ 25 ക്ളാസ്മുറികളില്‍ സാങ്കേതികവിദ്യ ഒരുക്കുന്നത്. ദൃശ്യ-ശ്രവ്യ മാധ്യമങ്ങളുടെ സഹായത്തോടെ പഠനപ്രക്രിയ കൂടുതല്‍ അനായാസകരമാക്കുക എന്നതാണ് ലക്ഷ്യം. ജനുവരി എട്ടിന് ഉച്ചക്ക് രണ്ടിന് സ്കൂളില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ പൂര്‍വവിദ്യാര്‍ഥി സമ്മേളനം നടക്കും. ചരിത്രപുരുഷനായ ആറാട്ടുപുഴ വേലായുധപണിക്കര്‍ സ്ഥാപിച്ച മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്രയോഗം മുന്‍കൈയെടുത്താണ് 19ാം നൂറ്റാണ്ടിന്‍െറ അവസാനഘട്ടത്തില്‍ പ്രൈമറി സ്കൂള്‍ ആരംഭിച്ചത്. പിന്നീട് യു.പി സ്കൂളായും 1951ല്‍ ഹൈസ്കൂളായും ഉയര്‍ന്നു. തീരപ്രദേശത്തെ അഞ്ച് തലമുറയുടെ വളര്‍ച്ചക്ക് വിജ്ഞാനപ്രകാശമേകിയ വിദ്യാലയമാണിത്. സ്വാമിമംഗളാനന്ദ, സ്വാമി ആര്യഭടന്‍ എന്നിവരടക്കമുള്ള പ്രതിഭാധനന്മാരെ വളര്‍ത്തിയ പാരമ്പര്യവും ഈ സ്കൂളിനുണ്ട്. ഇപ്പോള്‍ 12ാം ക്ളാസുവരെയുള്ള സ്കൂളില്‍ 1500 വിദ്യാര്‍ഥികള്‍ പഠിക്കുന്നു.അടിസ്ഥാനസൗകര്യത്തിന്‍െറ ഭാഗമായി ക്ളാസ്മുറികളില്‍ തറയോട്, സീലിങ്, പൊടികടക്കാത്ത ജനലുകള്‍, വാതിലുകള്‍ എന്നിവ സ്ഥാപിക്കും. എല്‍.സി.ഡി പ്രൊജക്ടര്‍, വൈറ്റ് ബോര്‍ഡ് എന്നിവയും സ്ഥാപിക്കും. സ്കൂള്‍ പരിസരനവീകരണവും വികസനവുമാണ് മറ്റൊരു ലക്ഷ്യം. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആധുനിക അടുക്കളയും തയാറാക്കും. ഡൈനിങ് ഹാള്‍, ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റുകള്‍, മാലിന്യനിര്‍മാര്‍ജനത്തിന് സീറോ വേസ്റ്റ് സംവിധാനം എന്നിവയും ക്രമീകരിക്കും. ഇന്‍റര്‍നെറ്റ് സംവിധാനവും കുട്ടികള്‍ക്ക് ഉണ്ടാകും. പഠനത്തിനൊപ്പം പാഠ്യേതര മേഖലയിലും മംഗലം സ്കൂള്‍ സജീവമാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ നേതൃത്വത്തില്‍ ഹൈടെക് ക്ളാസ് പദ്ധതിക്ക് ഒരുദിവസത്തെ ഭവന സന്ദര്‍ശനത്തിലൂടെ ഫണ്ട് സമാഹരിക്കും. അതിന് പ്രവര്‍ത്തന രൂപരേഖയും തയാറാക്കി. 31ന് രാവിലെ 10ന് പ്രദേശത്തെ കുടുംബശ്രീ-രാഷ്ട്രീയ-സാമൂഹിക ഭാരവാഹികളുടെ യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കും. പൂര്‍വവിദ്യാര്‍ഥി സംഗമം വിപുലമായി നടത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ്. അജിത, അമ്മിണി, വൈസ് പ്രസിഡന്‍റുമാരായ കെ.വൈ. അബ്ദുല്‍ റഷീദ്, ഹാരിസ് അണ്ടോളില്‍, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ഷംസുദ്ദീന്‍ കായിപ്പുറം, ശാരി പൊടിയന്‍, റീന, ഒ.എം. ഷരീഫ്, വികസനസമിതി ഭാരവാഹികളായ എം. ആനന്ദന്‍, പി.എസ്. അബ്ദുസ്സലാം, ഡി. ബാബു, എം. സത്യന്‍, പി.എസ്. ബിമല്‍ റോയി എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.