ഗാന്ധിപ്രതിമക്ക് സ്വാതന്ത്ര്യമായില്ല; പണിപ്പുരയില്‍ വിശ്രമം

പൂച്ചാക്കല്‍: രാജ്യം 70ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചിട്ടും രാഷ്ട്രപിതാവിന്‍െറ പ്രതിമ വെളിച്ചം കാണാതെ ശില്‍പിയുടെ പണിപ്പുരയില്‍തന്നെ. അജിമോന്‍ പള്ളിപ്പുറം നിര്‍മിച്ച മഹാത്മാ ഗാന്ധിയുടെ പൂര്‍ണകായ പ്രതിമയാണ് വെയിലും മഴയുമേറ്റ് സ്വാതന്ത്ര്യം ലഭിക്കാതെ പണിപ്പുരയില്‍തന്നെ ഇരിക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്‍െറ മുന്നില്‍ സ്ഥാപിക്കാന്‍ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയാണ് ഗാന്ധിപ്രതിമ നിര്‍മിക്കാന്‍ ശില്‍പിയോട് ആവശ്യപ്പെട്ടത്. പറഞ്ഞ കാലയളവില്‍തന്നെ പ്രതിമയുടെ നിര്‍മാണജോലി പൂര്‍ത്തീകരിച്ചെങ്കിലും സ്ഥാപിക്കാന്‍ അധികൃതര്‍ കൊണ്ടുപോയില്ല. പഞ്ചായത്ത് ഓഫിസിന് സമീപത്തെ കക്കൂസ് ടാങ്കിന് മുകളില്‍ സ്ഥാപിക്കാനായിരുന്നു പഞ്ചായത്ത് അധികൃതരുടെ പരിപാടി. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ പ്രതിമ സ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മറ്റ് ജോലിത്തിരക്കുകള്‍ മാറ്റിവെച്ച് ചുരുങ്ങിയ കാലയളവിലാണ് പ്രതിമ നിര്‍മിച്ചതെന്നും സ്ഥാപിക്കാന്‍ കൊണ്ടുപോകാത്തതില്‍ ഏറെ വിഷമമുണ്ടെന്നും മറ്റുസ്ഥലങ്ങളില്‍നിന്ന് ആവശ്യക്കാര്‍ വന്നിട്ടും കൊടുക്കാത്തത് തന്‍െറ നാടായ പള്ളിപ്പുറത്ത് സ്ഥാപിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണെന്നും അജിമോന്‍ പള്ളിപ്പുറം പറഞ്ഞു. സിമന്‍റ്, മണ്ണ്, ചരല്‍, പശ എന്നിവ ചേര്‍ത്ത് നിര്‍മിച്ച പ്രതിമക്ക് 300 കിലോ ഭാരവും ഏഴ് അടി ഉയരവും ഉണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.