മാരാരിക്കുളം: കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച റോഡിന്‍െറ ഉദ്ഘാടനം സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ഡോ. തോമസ് ഐസക്കിനെക്കൊണ്ട് നിര്‍വഹിപ്പിക്കാനുള്ള ശ്രമം വിവാദമായപ്പോള്‍ മന്ത്രി പരിപാടിയില്‍നിന്ന് വിട്ടുനിന്നു. എം.പി ഉദ്ഘാടകനായി. കെ.സി. വേണുഗോപാല്‍ എം.പിയെ അവഗണിച്ച് പ്രോട്ടോകോള്‍ ലംഘിച്ച് മന്ത്രിയെ ഉദ്ഘാടകനാക്കിയതിനെതിരെ മാരാരിക്കുളം തെക്ക് പഞ്ചായത്ത് സെക്രട്ടറിയെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉപരോധിച്ചിരുന്നു. ഓമനപ്പുഴ ബീച്ച് റോഡിന്‍െറ ഉദ്ഘാടനം ഇതോടെ വിവാദമാവുകയും ചെയ്തു. കേന്ദ്ര ഫണ്ടില്‍നിന്നുള്ള പദ്ധതിയായതിനാല്‍ റോഡിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കേണ്ടത് എം.പിയാണെന്നായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ വാദം. എം.പിയെ ആ ഉത്തരവാദിത്തം ഏല്‍പിക്കാതെ പഞ്ചായത്ത് അധികാരികള്‍ മന്ത്രിയെ ക്ഷണിച്ചത് കോണ്‍ഗ്രസ് അംഗങ്ങളെ ചൊടിപ്പിച്ചു. വിവരമറിഞ്ഞ തോമസ് ഐസക് ചടങ്ങില്‍നിന്ന് പിന്മാറി. അതോടെ കെ.സി. വേണുഗോപാല്‍ ഞായറാഴ്ച രാവിലെ എട്ടിന് റോഡിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. കോണ്‍ഗ്രസ് പാതിരപ്പള്ളി ബ്ളോക് കമ്മിറ്റിയുടെയും പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു ഉദ്ഘാടനചടങ്ങ്. അതുകൊണ്ടും പ്രശ്നം തീര്‍ന്നില്ല. പഞ്ചായത്ത് വകയായും റോഡ് ഉദ്ഘാടനം സംഘടിപ്പിച്ചു. അതിന്‍െറ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ തോമസ് ഐസക്കിനെയും വിളിച്ചു. എന്നാല്‍, ചടങ്ങിന് മന്ത്രി എത്തിയില്ല. പകരം പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര തിലകന്‍ ഉദ്ഘാടനം ചെയ്തു. ബ്ളോക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ തോമസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.