കായംകുളത്ത് ബിയര്‍ പാര്‍ലര്‍ അനുവദിക്കാനുള്ള നീക്കത്തിനെതിരെ ഇടത് കൗണ്‍സിലര്‍മാര്‍

കായംകുളം: ഹൈകോടതി ഉത്തരവിന്‍െറ മറവില്‍ കായംകുളത്ത് വിവാദ ഹോട്ടലിന് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ അനുവദിക്കാനുള്ള നീക്കത്തിനെതിരെ കൗണ്‍സിലര്‍മാര്‍ പരസ്യ നിലപാട് സ്വീകരിച്ചതോടെ ഇടത് നേതൃത്വം വെട്ടിലായി. എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സുള്‍ഫിക്കര്‍ മയൂരി, സി.പി.ഐയുടെ ജലീല്‍ എസ്. പെരുമ്പളത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷാമില അനിമോന്‍, ആറ്റക്കുഞ്ഞ്, കരിഷ്മ ഹാഷിം എന്നിവരാണ് ബിയര്‍ പാര്‍ലറിനെതിരെ പരസ്യമായി രംഗത്തുവന്നത്. ഇതുസംബന്ധിച്ച് ധാരണ രൂപപ്പെടുത്താനായി ബുധനാഴ്ച വൈകുന്നേരം കൂടിയ ഇടത് പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം കൗണ്‍സിലര്‍മാരുടെ എതിര്‍പ്പ് കാരണം തീരുമാനമാകാതെ പിരിയുകയായിരുന്നു.വ്യാഴാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ രണ്ടാമത്തെ അജണ്ടയായിട്ടാണ് ബിയര്‍ പാര്‍ലര്‍ അനുമതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിഷയത്തില്‍ മുന്നണിക്കുള്ളില്‍ സമവായം രൂപപ്പെടുത്താന്‍ കഴിയാതായതോടെ കോണ്‍ഗ്രസിന്‍െറയും ബി.ജെ.പിയുടെയും നിലപാടനുസരിച്ച് തീരുമാനം കൈക്കൊള്ളാമെന്നാണ് ഇടത് നേതൃത്വം കരുതുന്നത്. എന്നാല്‍, ഒരുകാരണവശാലും ബിയര്‍ പാര്‍ലറിന് അനുകൂല നിലപാട് സ്വീകരിക്കില്ളെന്നാണ് എതിര്‍പ്പുയര്‍ത്തിയ കൗണ്‍സിലര്‍മാര്‍ പറയുന്നത്. ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുക, എന്‍.ഒ.സിക്കുള്ള അപേക്ഷ നിഷേധിക്കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ഉന്നയിച്ചത്. ബാര്‍ വിരുദ്ധ ആക്ഷന്‍ കൗണ്‍സിലില്‍ നേതാവായി പ്രവര്‍ത്തിച്ച തനിക്ക് ബിയര്‍ പാര്‍ലറിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ കഴിയില്ളെന്നാണ് സി.പി.ഐ കൗണ്‍സിലറായ ജലീലിന്‍െറ നിലപാട്. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിന്‍െറ തകര്‍ച്ചക്ക് കാരണമായ വിവാദ ബാര്‍ വിഷയം നഗരസഭയില്‍ ഭൂരിപക്ഷമില്ലാത്ത ഇടതുമുന്നണിക്കും ബാധ്യതയാകുകയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‍െറയും ബി.ജെ.പിയുടെയും നിലപാടാണ് നിര്‍ണായകമാകുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.