മൂന്നുപേരുടെ ചികിത്സാസഹായത്തിന് ചേര്‍ത്തലക്കാര്‍ കൈകോര്‍ക്കുന്നു

ചേര്‍ത്തല: മാരകരോഗം ബാധിച്ച് ചികിത്സിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചത്തെിക്കാന്‍ ചേര്‍ത്തലക്കാര്‍ കൈകോര്‍ക്കുന്നു. നഗരസഭാ 17ാം വാര്‍ഡിലെ അന്നപ്പുരക്കല്‍ ബേബി (ദേവരാജ് -50), ഇല്ലിക്കല്‍വെളി രേണുക (48), സിന്ദൂരം വീട്ടില്‍ സിന്ധുകുമാര്‍ (48) എന്നിവരുടെ ചികിത്സക്കായാണ് സഹായധനം സമാഹരിക്കുന്നത്. ജനുവരി ഒമ്പതിനും 10നുമാണ് ധനസമാഹരണം നടത്തുന്നത്. ബേബിക്ക് കരള്‍മാറ്റ ശസ്ത്രക്രിയയാണ് നടത്തേണ്ടത്. രേണുകയും സിന്ധുകുമാറും കാന്‍സര്‍ ബാധിതരാണ്. മൂന്നുപേരുടെയും ജീവന്‍ രക്ഷിക്കാനുള്ള ശസ്ത്രക്രിയക്കും ചികിത്സക്കുമായി 50 ലക്ഷത്തോളം രൂപ വേണം. നിര്‍ധന കുടുംബാംഗങ്ങള്‍ക്ക് ഈ തുക സങ്കല്‍പിക്കാന്‍ പോലും സാധിക്കില്ല. ഇതേവരെ ചികിത്സ നടത്തിയതിലൂടെ കുടുംബങ്ങള്‍ വന്‍ ബാധ്യതയില്‍ അകപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പൊതുപ്രവര്‍ത്തകര്‍ ആലോചിച്ച് ജനകീയ കൂട്ടായ്മക്ക് വഴിയൊരുക്കിയത്. രാഷ്ട്രീയകക്ഷി പ്രതിനിധികളും സാമൂഹിക സംഘടനകളും ജനപ്രതിനിധികളും ഉള്‍ക്കൊള്ളുന്ന സമിതി രൂപവത്കരിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ജനങ്ങളെ അണിനിരത്തുന്നത്. നഗരസഭയുടെ പങ്കാളിത്തത്തോടെയാണ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ എല്ലാ വാര്‍ഡുകളിലും ചികിത്സാസഹായനിധിയിലേക്ക് രണ്ടുനാള്‍ ധനസമാഹരണം നടത്തുകയെന്ന് സഹായസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ധനശേഖരണത്തിന് സ്ക്വാഡുകള്‍ രൂപവത്കരിച്ചാണ് സന്ദര്‍ശനം നടത്തുക. ഇതുകൂടാതെ എസ്.ബി.ഐ ചേര്‍ത്തല സൗത് ശാഖയില്‍ സഹായധനം സ്വീകരിക്കാന്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 35402415783. ഐ.എഫ്.സി കോഡ്: എസ്.ബി.ഐ.എന്‍ 0011916. വാര്‍ത്താസമ്മേളനത്തില്‍ രക്ഷാധികാരികളായ ഐസക് മാടവന, എന്‍.ആര്‍. ബാബുരാജ്, പ്രസിഡന്‍റ് കെ. ദേവരാജന്‍ പിള്ള, സെക്രട്ടറി പി. വിശ്വനാഥപിള്ള, ട്രഷറര്‍ കെ.വി. ചന്ദ്രബാബു, ജോയന്‍റ് സെക്രട്ടറി എസ്.ആര്‍. ഇന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.