തൊഴില്‍ പരിശീലന, നിയമന പദ്ധതി നടപ്പാക്കും –തോമസ് ജോസഫ്

ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ സൗജന്യ തൊഴില്‍ പരിശീലനവും നിയമനവും എന്ന പദ്ധതി നടപ്പാക്കുമെന്ന് ചെയര്‍മാന്‍ തോമസ് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ തൊഴില്‍രഹിതര്‍ക്കും ശമ്പളവ്യവസ്ഥയില്‍ സുസ്ഥിരമായ തൊഴില്‍ ലഭ്യമാക്കാന്‍ ദേശീയ നഗര ഉപജീവന മിഷന് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 14 നഗരങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ജില്ലയില്‍നിന്ന് ആലപ്പുഴ നഗരസഭയെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയതലത്തില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും വിവിധ മേഖലകളില്‍ നിയമനവും നല്‍കും. ആലപ്പുഴ നഗരസഭയില്‍ മൂന്നുവര്‍ഷംകൊണ്ട് 1800 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സഹായങ്ങളും ചെയ്യും. പരിശീലനം നല്‍കുന്നത് പ്രത്യേക ഏജന്‍സിയായിരിക്കും. പരിശീലന കേന്ദ്രങ്ങള്‍ അതത് നഗരങ്ങളില്‍ തന്നെയായിരിക്കും. ദേശീയതലത്തില്‍ അംഗീകാരമുള്ളതും വ്യവസായിക മേഖലയില്‍ സ്വീകാര്യതയുള്ളതുമായ സര്‍ട്ടിഫിക്കറ്റായിരിക്കും പരിശീലനത്തില്‍ വിജയിച്ചവര്‍ക്ക് നല്‍കുക. ഓരോ ബാച്ചിലും ഏറ്റവും ചുരുങ്ങിയത് 50 ശതമാനം പേര്‍ക്കെങ്കിലും ശമ്പളവ്യവസ്ഥയിലുള്ള തൊഴിലില്‍ നിയമനം നല്‍കും. കോഴ്സുകള്‍ക്കുള്ള യോഗ്യത പാഠ്യപദ്ധതിയില്‍ വ്യക്തമാക്കിയിരിക്കും. എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള പരിശീലന കോഴ്സുകള്‍ കേന്ദ്ര നൈപുണ്യ മന്ത്രാലയത്തിന് കീഴിലെ ഏജന്‍സികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. നഗരസഭാ ഓഫിസിലും കുടുംബശ്രീ യൂനിറ്റുകള്‍ മുഖാന്തരവും അപേക്ഷകള്‍ സമര്‍പ്പിക്കാം. കോഴ്സിന് മുന്നോടിയായി ശില്‍പശാലകള്‍ നടത്തും. കോഴ്സുകള്‍ക്ക് തെരഞ്ഞെടുക്കുന്നവരെ എസ്.എം.എസ് മുഖേന അറിയിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷോളി സിദ്ധകുമാര്‍, ജില്ലാ കോഓഡിനേറ്റര്‍ വി. ദീപ്തി, ഹെല്‍ത്ത് ഓഫിസര്‍ റാബിയ, രാഹുല്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.