തെരുവുനായ ആക്രമണം: വിദ്യാര്‍ഥികള്‍ക്ക് പരിക്ക്്, രണ്ട് ആടിനെ കൊന്നു

ആലുവ/പുക്കാട്ടുപടി: മേഖലയില്‍ തെരുവുനായ ആക്രമണം തുടര്‍ക്കഥയാകുന്നു. ബുധനാഴ്ച രണ്ട് സ്ഥലത്തായി വിദ്യാര്‍ഥികളെയും വളര്‍ത്തുമൃഗങ്ങളെയും തെരുവുനായ്ക്കള്‍ ആക്രമിച്ചു. ബുധനാഴ്ച രാവിലെ മദ്റസയില്‍നിന്ന് തിരികെ വരുകയായിരുന്ന ആറ് വിദ്യാര്‍ഥികളെ ആലുവ യു.സി കോളജിന് സമീപത്തുവെച്ചാണ് തെരുവുനായ കടിച്ച് പരിക്കേല്‍പിച്ചത്. കീഴ്മാട് ചുണങ്ങംവേലിയില്‍ രണ്ട് ആടുകളെ കടിച്ചുകൊന്നു. ഗര്‍ഭിണിയായ മറ്റൊരു ആടിനെ കടിച്ച് ഗുരുതര പരിക്കേല്‍പിച്ചു. വിദ്യാര്‍ഥികളെ കടിച്ചത് പേപ്പട്ടിയാണെന്ന സംശയം ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. പേ പിടിച്ചതുപോലെ കുരച്ചുകൊണ്ട് തലങ്ങും വിലങ്ങും ഓടിയ നായയാണ് വിദ്യാര്‍ഥികളെ കടിച്ചത്. ഒടുവില്‍ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. ചുണങ്ങംവേലി പള്ളിക്ക് സമീപം കുരീക്കല്‍ ഷിജി പൗലോസിന്‍െറ മുട്ടനാടുകളെയാണ് കടിച്ചുകൊന്നത്. പ്രസവിക്കാറായ ആടിന്‍െറ കുടല്‍ കടിച്ച് പുറത്തുചാടിയ അവസ്ഥയിലാണ്. വീട്ടില്‍ കെട്ടിയിട്ട ആടുകളെയാണ് ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. പഞ്ചായത്തംഗം എം.എം. സാജു അറിയിച്ചതനുസരിച്ച് കീഴ്മാട് മൃഗാശുപത്രിയില്‍നിന്ന് ഡോ. ഷറഫുദ്ദീനും സംഘവുമത്തെി പരിക്കേറ്റ ആടിന് മരുന്ന് നല്‍കി. ആലുവ മേഖലയില്‍ പലഭാഗത്തും തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിക്കുകയാണ്. തോട്ടക്കാട്ടുകരയില്‍ കഴിഞ്ഞദിവസം നാല് ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ഉടമസ്ഥര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നഗരസഭക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. ചുണങ്ങംവേലിയില്‍ മാത്രം ഒരുമാസത്തിനിടെ നാലുതവണ നായ്ക്കളുടെ ആക്രമണമുണ്ടായി. കഴിഞ്ഞ ആഴ്ച മരക്കാട്ടുകുഴി നാസറിന്‍െറ വീട്ടിലെ രണ്ട് ഗര്‍ഭിണി ആടുകള്‍ ഉള്‍പ്പെടെ മൂന്നെണ്ണത്തിനെ നായ്ക്കൂട്ടം കടിച്ചുകൊന്നിരുന്നു. മൂന്നാഴ്ച മുമ്പ് രണ്ട് സംഭവങ്ങളില്‍ 35 കോഴികളെയും രണ്ട് ആടിനെയും നായക്കൂട്ടം കൊന്നിരുന്നു. തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വിഷയം അടിയന്തര പഞ്ചായത്ത് കമ്മിറ്റി വിളിച്ച് ചര്‍ച്ച ചെയ്യുമെന്ന് മെംബര്‍മാരായ എല്‍സി ജോസഫും സാജു മത്തായിയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.