ആലപ്പുഴ: കൊല്ലവര്‍ഷം 1101ല്‍ ശ്രീനാരായണ ഗുരു നാവായിക്കുളം സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത 12ാം നമ്പര്‍ വില്‍പത്രം, വൈക്കം മുഹമ്മദ് ബഷീര്‍ കോഴിക്കോട് ഫറോക്ക് സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത വിലയാധാരം, 1986ല്‍ നടന്‍ പ്രേംനസീര്‍ ചിറയന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫിസില്‍ മകളുടെ പേര്‍ക്ക് നടത്തിയ ഇഷ്ടദാന ആധാരം തുടങ്ങി രജിസ്ട്രേഷന്‍ വകുപ്പിന്‍െറ 150 വര്‍ഷത്തെ ചരിത്രത്തിലൂടെ കാഴ്ചക്കാരെ കൈപിടിച്ചു നടത്തുന്ന മൊബൈല്‍ ചിത്രപ്രദര്‍ശനം. രജിസ്ട്രേഷന്‍ വകുപ്പിന്‍െറ 150ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറ സഹകരണത്തോടെ അപൂര്‍വ രേഖകളുടെയും മുദ്രപത്രങ്ങളുടെയും ഉപകരണങ്ങളുടെയും ചിത്രങ്ങളാണ് മൊബൈല്‍ പ്രദര്‍ശനത്തിലൊരുക്കിയത്. സാഹിത്യകാരി കമല സുരയ്യ സാഹിത്യ അക്കാദമിക്ക് ദാനമായി നല്‍കിയ വസ്തുവിന്‍െറ ആധാരം, പൂഞ്ഞാര്‍ രാജവംശത്തിന്‍െറ മരുമക്കത്തായ സമ്പ്രദായത്തിലുള്ള 1951ലെ ഭാഗപത്രം, മലയാണ്‍മ ഭാഷയിലുള്ള ആദ്യ ആധാരം തുടങ്ങി അപൂര്‍വ രേഖകളുടെ കലവറയാണ് പ്രദര്‍ശനം. കൊച്ചി സര്‍ക്കാറിന്‍െറ കാലത്തെ എട്ടണയുടെയും 15 ഉറുപ്പികയുടെയും മൂന്നു രൂപയുടെയും മുതല്‍ പുതിയതായി ഇറക്കിയ മുദ്രപ്പത്രങ്ങളുടെ വരെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. ആധാരമെഴുത്തിന് പണ്ട് ഉപയോഗിച്ചിരുന്ന പേന, തട്ട്, മുദ്ര, പട്ട, ഉപകരണങ്ങളായ തോല, പങ്ക, മഷിപ്പലക, ജില്ലാ രജിസ്ട്രാറുടെ ഇരിപ്പിടം, സാക്ഷിക്കൂട്, പണം സൂക്ഷിക്കുന്ന പെട്ടി തുടങ്ങി പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഉപയോഗിച്ച ഉപകരണങ്ങളുടെ ചിത്രങ്ങളും കാണാം. ബുധനാഴ്ച ആലപ്പുഴ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലും കലക്ടറേറ്റിലും ചിത്രപ്രദര്‍ശനം നടന്നു. വ്യാഴാഴ്ച കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ എന്നിവിടങ്ങളിലും വെള്ളിയാഴ്ച ചേര്‍ത്തല, കുത്തിയതോട് എന്നിവിടങ്ങളിലും പ്രദര്‍ശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.