ചുറ്റിലും രക്തത്തിന്റെയും വെടിമരുന്നിന്റെയും ഗന്ധം. തീയൊടുങ്ങിയ വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്‌ടങ്ങൾക്ക് മുകളിൽ ഇപ്പോഴും പുക തങ്ങിനിൽക്കുന്നുണ്ട്. ഉദിച്ചുനിൽക്കുന്ന സൂര്യനെ മറച്ച് അത് ഇരുട്ടുപടർത്തുന്നു. അവശിഷ്‌ടങ്ങൾക്കിടയിൽ അനങ്ങാതെ കിടന്ന കിഷന്റെ കണ്ണുകൾമാത്രം ചലിച്ചു. മുഖത്ത് നിറയെ വെടിമരുന്നിന്റെയും പുകപടലങ്ങളുടെയും പാടുകളാണ്. ധരിച്ച പാന്റും ഷർട്ടും കീറിയിട്ടുണ്ട്. ഉണങ്ങിയ രക്തത്താലത് മരവിച്ചുകിടക്കുകയാണ്.
പൊടുന്നനെ അടുത്തുകൂടെ ബൂട്ടിന്റെ ശബ്ദം ഇരച്ചെത്തി. സൈനികർ മൃതദേഹങ്ങൾക്കിടയിലൂടെ പട്രോളിങ് നടത്തുകയാണ്. ഓരോ മൃതദേഹവും തട്ടിയും ചവിട്ടിയും ജീവൻ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി അവർ മുന്നോട്ടു നീങ്ങി. അൽപം ജീവനുള്ള ഒരാളുടെ നെറ്റിയിലേക്ക് റൈഫിൾ വെക്കുന്നതു കണ്ടതും കിഷൻ കണ്ണടച്ചു. ശ്വാസം പരമാവധി അടക്കിപ്പിടിച്ചു. വെടിപൊട്ടിയപ്പോൾ ഒന്നുപതറിയെങ്കിലും ശരീരം അനങ്ങാതെ തന്നെ നിർത്തി. ബൂട്ടിന്റെയും കാഞ്ചിയുടെയും നേരിയ മുഴക്കവും അലർച്ചയും. അൽപമെങ്കിലും ജീവനുള്ള ആളെ കണ്ടെത്തുമ്പോഴെല്ലാം നിശ്ശബ്ദതയെ സ്തംഭിപ്പിക്കുന്ന വെടിയൊച്ചകൾ.
ഏതു നിമിഷവും ഒരു റൈഫിളിന്റെ മൂക്ക് തന്നെയും തൊട്ടേക്കാം. മരണം തൊട്ടടുത്തെത്തി. നാഡിമിടിപ്പ് കൂടി. കനപ്പെട്ട ശ്വാസം ഉള്ളിലൊതുക്കി കാത്തിരുന്നു. ഒറ്റവെടി. തൊട്ടടുത്ത് കിടന്ന യുവാവിന്റെ നെറ്റി പൊട്ടി ചോരചീറ്റി, കിഷന്റെ മുറുക്കിയടച്ച കൺപോളയിലേക്ക് തെറിച്ചുവീണു. ഓപറേഷൻ കാഗർ പൂർത്തിയായെന്നറിയിച്ച് സൈറൺ മുഴങ്ങിയതും സൈനികർ മടങ്ങിപ്പോയി. ദൈവവിശ്വാസി അല്ലെങ്കിലും കിഷൻ ‘ദൈവമേ’ എന്നു വിളിച്ചുപോയി. ബൂട്ടിന്റെ ശബ്‌ദം നേർത്തുനേർത്ത് ഇല്ലാതായപ്പോൾ, ശ്വാസം നേരെവിട്ടു.
മരിച്ചിട്ടും തൊട്ടടുത്തുകിടന്ന് ചോരവാർത്തുന്ന യുവാവ് ആരാണ്? അറിയില്ല. ഇവിടെയൊന്നും കണ്ടിട്ടില്ല. സൈനികർ പിന്നാലെയെത്തിയപ്പോൾ സമീപമുള്ള കാട്ടിൽനിന്ന് ഓടിപ്പോന്നതാകും. മാവോയിസ്‌റ്റ് വേട്ടയുടെ പേരിൽ എത്ര ദിവസമായി ഇവിടെ... സൈനികർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത ഭാര്യയെയോ പെങ്ങളെയോ മകളെയോ അമ്മയെയോ തേടിവന്നതാകാം. ചിലപ്പോൾ മാത്രം മാവോയിസ്‌റ്റ് ആയിരിക്കാം.
സൈനികർ മടങ്ങിയെന്ന് ഉറപ്പുവരുത്തി, കിഷൻ പതുക്കെ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. വാരിയെല്ല് ഒടിയുന്ന വേദന. കൺപോളയിലേക്ക് തെറിച്ചുവീണ കൊഴുത്ത ചോര ഷർട്ടിന്റെ നീളൻ സ്ലീവിൽ തുടച്ചപ്പോൾ ഓക്കാനം വന്നു. മരിച്ചിട്ടും ലോകത്തിലേക്ക് തുറന്നുെവച്ച യുവാവിന്റെ കണ്ണുകളിൽ ഇൗ ജീവിതം എത്ര നിസ്സഹായമാണെന്ന ചോദ്യം. ആ കണ്ണുകൾ അടച്ചുെവച്ചപ്പോൾ നിയന്ത്രണം നഷ്‌ടപ്പെട്ടു.
‘‘ഞാനും മരിക്കേണ്ടതായിരുന്നു.’’ ഉള്ളം വിങ്ങി മുഖം കാൽമുട്ടുകൾക്കിടയിൽ ചെരുതി െവച്ച് കിഷൻ വിങ്ങിപ്പൊട്ടി.
ആകാശത്ത് വട്ടമിട്ടു പറന്ന സൈനിക ഹെലികോപ്‌ടറുകൾ മറ്റേതോ ദിക്കിലേക്ക് പോയി എന്നുറപ്പായപ്പോൾ ഒരുവിധം എഴുന്നേറ്റു.
ചുറ്റിലും സ്‌ഫോടനങ്ങളിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങൾ. ഒരാഴ്‌ച മുമ്പുവരെ അത് ഒരു ഗ്രാമമായിരുന്നുവെന്നുപോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. എവിടെ പോയി ഇൗ നാട്ടുകാർ, കുട്ടികൾ, പെണ്ണുങ്ങൾ... ചുറ്റിലും പരതിക്കൊണ്ട് കെട്ടിടാവശിഷ്‌ടങ്ങൾക്കും മൃതദേഹങ്ങൾക്കും ഇടയിലൂടെ കിഷൻ മുന്നോട്ടുനീങ്ങി.
പൊടുന്നനെ കാലിൽ രണ്ടു കൈകൾ പിടിത്തമിട്ടു. മാംസംചിതറി ചോരപുരണ്ട മുഖവുമായി മറ്റൊരു ചെറുപ്പക്കാരൻ. അവൻ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. കിഷൻ അവന്റടുത്ത് ഇരുന്നു. കീറിയ ഷർട്ടിലൂടെ അയാളുടെ വാരിയെല്ലുകൾ കാണാം. ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്നുറപ്പ്. അയാളെന്നല്ല ആ നാട്ടുകാർ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. നഗരത്തിൽനിന്നും സാധനങ്ങൾ ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നതിന് വിലക്കാണ്.
യുവാവിന്റെ അടയാത്ത ഒറ്റക്കണ്ണ് ജ്വലിക്കുന്നതുപോലെ. പാതി ചിതറിയ ചുണ്ടുകൾ വിടർത്തി എന്തോ പറയാൻ ശ്രമിച്ചു. “ഞാൻ... ഞാൻ വിജയ്... എനിക്ക് ഒരു കുടുംബമുണ്ട്.” യുവാവ് വേച്ചുവേച്ചു പറഞ്ഞു. “ചാന്ദ്‌നി, എന്റെ ഭാര്യയാണ്. എന്റെ പൊന്നുമോൾ നേഹ... നീ അവരോട് പറയണം... ഞാൻ മാവോയിസ്റ്റ് ആയിരുന്നില്ലെന്ന്.” യുവാവ് കിഷന്റെ കൈയിൽ മുറുക്കെ പിടിച്ചു. വിറയ്‌ക്കുന്ന ചുണ്ടുകളിൽനിന്ന് വളരെ പ്രയാസപ്പെട്ടാണ് ആ വാക്കുകൾ പുറത്തുവന്നത്. തൊണ്ടയിൽ നിന്ന് ചെറിയ കാറ്റുപോലെ ശബ്ദം പുറത്തുവന്നു. ശ്വാസം പെട്ടെന്ന് ഉയർന്നു. വിറച്ചുകൊണ്ട് ശരീരം നിശ്ചലമായി. കിഷൻ സ്‌തംഭിച്ചിരുന്നു. യുവാവിന്റെ പോക്കറ്റിൽനിന്ന് താഴേക്ക് ഉൗർന്നുപോകാൻ തുടങ്ങിയ മൊബൈൽ ഫോൺ കിഷൻ എടുത്തു പോക്കറ്റിൽെവച്ചു.
അന്തരീക്ഷം ഇരുണ്ടു. കാറ്റും മഴയും. ചോരയും ചാരവും ജീവനും കഴുകിത്തുടയ്‌ക്കാനെന്നൊണം മഴ പെയ്‌തുകൊണ്ടിരുന്നു. കിഷൻ ഫോൺ പാന്റിന്റെ രഹസ്യഅറയിൽ നനയാതെ സൂക്ഷിച്ചുവെക്കാൻ പാടുപെട്ടു. മഴ തോർന്നപ്പോൾ എഴുന്നേറ്റ് നടക്കാൻ തുടങ്ങി. ആളൊഴിഞ്ഞ തെരുവുകളും കത്തിനശിച്ച വീടുകളും വാഹനങ്ങളും. എവിടേക്കാണ് പോകേണ്ടത്? ഇരുട്ടിയപ്പോൾ ആക്രമണങ്ങളിൽ പാതി തകർന്ന ഒരു വീടിന്റെ മുറ്റത്തെത്തി. നിൽക്കാൻ വയ്യാത്ത വിധം ദുർബലനായിരുന്നു. അരമതിലിൽ ഇരുന്ന് പോക്കറ്റിൽ സൂക്ഷിച്ച ഫോണെടുത്ത് നനഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കി. ഫോണിന്റെ കവറിൽ ചെളിയും രക്തവും പുരണ്ടിരുന്നു. സ്‌ക്രീൻ സേവറിൽ ഒരു സ്‌ത്രീയും പെൺകുട്ടിയും അവരെ ചേർത്തുപിടിച്ച് ആ യുവാവും. ഏതോ നാട്ടിൽ സമാധാനമുള്ള കാലത്തുള്ള ചിത്രമാണത്. ഭീകരത സ്പർശിച്ചിട്ടില്ലാത്ത, സന്തോഷിക്കുന്ന മുഖങ്ങൾ. പെൺകുട്ടിയുടെ കണ്ണിൽ പ്രത്യേകമായൊരു തിളക്കം. അച്ഛനെയും പ്രതീക്ഷിച്ച് ആ പെൺകുട്ടി എവിടെയെങ്കിലും കാത്തിരിക്കുന്നുണ്ടാകുമോ? കിഷൻ ഏറെനേരം അതിലേക്ക് തന്നെ നോക്കിയിരുന്നപ്പോൾ, കണ്ണീര് കാഴ്‌ച മറച്ചു. ഒരു കരച്ചിൽച്ചീള് അവനു ചുറ്റും മുഴങ്ങി.
പെട്ടെന്ന് പുറകിൽനിന്ന് ആരോ കിഷന്റെ കോളറിൽ പിടിച്ചു വലിച്ചിഴച്ചു. തലങ്ങും വിലങ്ങും തല്ലി. കയ്യിൽനിന്നും ഫോൺ പിടിച്ചുവാങ്ങാൻ തുടങ്ങുമെന്നായപ്പോൾ കിഷൻ അത് ആ വീടിന്റെ കിണറിലേക്ക് എറിഞ്ഞു. കിഷന്റെ തലയിലൂടെ കറുത്ത തുണി കമഴ്‌ത്തി മാവിനോട് ചേർത്തുകെട്ടി സൈനികൻ കിണറിനടുത്തേക്ക് ചെന്നു. ഒരു കല്ലെടുത്ത് അതിലേക്ക് ഇട്ടതും നൂറിലധികം പടവുകളിൽ തട്ടുന്ന ശബ്ദവുമായി അത് കിണറിന്റെ ആഴങ്ങളിലേക്ക് വീണപ്പോൾ ഫോൺ വീണ്ടെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് സൈനികൻ തിരികെനടന്നു. അടുത്തനിമിഷം വന്നുനിന്ന സൈനികവാഹനത്തിലേക്ക് ആത്മാവുപോലും ചതഞ്ഞരഞ്ഞ അഞ്ചെട്ടു മനുഷ്യർക്കിടയിലേക്ക് തലമൂടി കിഷനെയും പിടിച്ചുതള്ളി.
ക്രൂരതയുടെ കാവൽഗോപുരങ്ങളുയർന്ന ഒരു ക്യാന്പിലാണ് ആ വാഹനം ചെന്നുനിന്നത്. തലയിലെ കറുത്ത മുഖാവരണം വലിച്ചൂരിയെടുക്കുന്പോൾ മരണത്തിന്റെ മരവിപ്പും നിരാശയും ഇരച്ചുകയറി. അഴികളിൽ മഞ്ഞുമൂടിയ മുള്ളുകന്പികൾപോലെ ഉണങ്ങിപ്പിടിച്ച ചോരത്തുള്ളികൾ മിന്നിപ്പറ്റിയിരുന്നു. അവിടെയാരും സംസാരിക്കുന്നുണ്ടായിരുന്നില്ല. ശ്വാസത്തിന് പോലും ഭയമായിരുന്നു. തൊട്ടടുത്ത സെല്ലിൽനിന്ന് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അടക്കിെവച്ച വിങ്ങലുകൾ. ശ്വാസംവിടാൻപോലും ഇടമില്ലാത്തത്ര മനുഷ്യർ സെല്ലുകളിൽ പ്രാണനായി യാചിക്കുന്നു.
പിറ്റേന്ന് മെഡിക്കൽ പരിശോധനക്കുശേഷം യാതൊരു ദയയുമില്ലാതെ ഒരു സൈനികൻ കിഷന്റെ ശരീരത്തിലങ്ങോളമിങ്ങോളം തല്ലിപ്പഴുപ്പിച്ചു.
‘‘എന്തിനാണ് സാർ ഇനിയും എന്നെ ഇങ്ങനെ തല്ലിച്ചതയ്‌ക്കുന്നത്.’’ ഒടുങ്ങാത്ത വേദനക്കിടയിലും അവൻ കൈകൂപ്പി കെഞ്ചി.
സഹതടവുകാർ ഭയത്തോടെ പുറകോട്ടുമാറിനിന്നു. കണ്ണുകളിൽ നിസ്സഹായതമാത്രം. തല്ലിമതിയായശേഷം സൈനികൻ കയ്യിലിരുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കിഷന്റെ ചോരയിറ്റുന്ന മുഖത്തേക്ക് അലക്ഷ്യമായി എറിഞ്ഞ് നടന്നുപോയി. സൈനികർ പോയി എന്നുറപ്പാക്കിയപ്പോൾ അവശനായ ഒരാൾ ആ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുത്തുനോക്കി. തറയിൽ ചോരതുപ്പി കിടന്ന കിഷനെ എഴുന്നേൽപ്പിച്ചിരിപ്പിക്കാൻ ശ്രമിച്ചു. സഹതടവുകാർ സെല്ലിന്റെ മൂലകളിലേക്ക് ചുരുണ്ടുകൂടി.
‘‘ഞാൻ സത്യാർഥി, ഒരർഥത്തിൽ എന്നെപ്പോലെ നീയും രക്ഷപ്പെട്ടു. നീ നന്നായി മദ്യപിക്കും അല്ലേ. നിന്റെ വൃക്കകളും കരളും വീക്കാണ്. അതുകൊണ്ടാണ് നിനക്ക് ഇത്രയും ഇടി കിട്ടിയത്.’’ അയാൾ പറഞ്ഞു.
‘‘അതെന്തിനാ?’’ കിഷൻ ഒരുവിധേന ചോദിച്ചു.
സത്യാർഥിയുടെ ചുണ്ടുകൾ അവന്റെ ചെവിയോടടുത്തു. ‘‘മെഡിക്കൽ പരിശോധനയിൽ നീ പെർഫെക്ട് ആയിരുന്നെങ്കിൽ നിന്നെ നാളെ രാവിലെ ആകുമ്പോഴേക്കും ഇവിടെനിന്നും മാറ്റിയേനേ... എല്ലാ കുത്തിത്തുറന്ന് പാക്ക് ചെയ്‌ത് എല്ലും മാംസവും കുഴിച്ചുമൂടിയേനെ... തൽക്കാലം നീ രക്ഷപ്പെട്ടു. ഞാനും അങ്ങനെ രക്ഷപ്പെട്ടതാണ്...’’ സത്യാർഥി നിശ്ശബ്ദനായി.
ആ രാത്രിയിൽ തടവുകാർ അപ്രത്യക്ഷരാകുന്നത് കിഷൻ കണ്ടു. രാവിലെ സെല്ലിൽ പുതിയ ആളുകളെത്തി. അവരിൽ പലരും രാത്രികളിൽ അപ്രത്യക്ഷരായി. കാവൽക്കാർ പട്ടിണിക്കിട്ടു, അടിച്ചു, കൈകളിൽനിന്ന് ചോരവാരുന്നതുവരെ പണിയെടുപ്പിച്ചു. മെസ് ഹാളിലായിരുന്നു കിഷന് ജോലി. അതിനെ ഒരു മെസ് ഹാൾ എന്നുവിളിക്കാമോ? കാതോർത്താൽ അറവുശാലയിൽനിന്നെന്ന പോലെ സ്‌ത്രീകളുടെയും കുട്ടികളുടെയും നിലവിളികൾ കേൾക്കാം. ചാട്ടവാറടിയുടെയും റൈഫിളിന്റെയും ശബ്ദം വേറെയും. ഭക്ഷണ സമയത്ത് സൈനികർ ഏറ്റവും വലിയ മേശക്കു ചുറ്റും ചിരിച്ചും കുടിച്ചും കഥകൾ പറഞ്ഞും ഇരിക്കും. എല്ലാവർക്കും പറയാനുള്ളത് മാവോയിസ്‌റ്റ്‌വേട്ടയെ കുറിച്ചാണ്, കിളുന്തുപെണ്ണിൽ ആണത്തം തിരഞ്ഞതാണ്. കേട്ടുനിൽക്കെ, കിഷന്റെ കാതുകളിൽ ആത്മാവിനെ തുളക്കുന്ന ഏതോ പ്രളയത്തിന്റെ അലർച്ചവന്നുമൂടും. വയറുനിറച്ച്, വിശ്രമത്തിനായി പോകുന്ന അവർക്കായി രാത്രികളിൽ സ്‌ത്രീകളുടെ സെല്ലുകൾ തുറന്നിട്ടിട്ടുണ്ടാകും. കൺമുന്നിൽപ്പെടുന്നവളെ മൃഗതൃഷ്‌ണയോടെ വലിച്ചിഴച്ച് ഉദ്യോഗസ്ഥർ സ്വന്തം മുറികളിലേക്ക് കൊണ്ടുപോകും. അങ്ങനെ പോയ ആരും പിന്നീട് തിരിച്ചുവന്നിട്ടില്ല.
ഒരു രാത്രി ഇനി മരിച്ചാൽ മതിയെന്ന ചിന്തയോടെയിരുന്ന കിഷന്റെടുത്ത് അവശനായ സത്യാർഥി വന്നിരുന്നു.
‘‘എല്ലാം നഷ്‌ടപ്പെട്ടതുപോലെ തോന്നുന്നു അല്ലേ... നീ മാവോയിസ്‌റ്റ് ആണോ?’’ അവൻ ആണെന്നോ അല്ലെന്നോ പറഞ്ഞില്ല. അവന്റെ നോട്ടം സ്‌ത്രീകളുടെ സെല്ലിൽ തടഞ്ഞുനിന്നു.
‘‘നിന്റെ ഭാര്യയോ മകളോ അതിലുണ്ടോ...’’ സത്യാർഥി കുറച്ചുകൂടി അടുത്തേക്കിരുന്നു.
‘‘ഇല്ല...’’
‘‘എങ്കിൽ അവിടേക്ക് നോക്കാതിരിക്കുന്നതാ നല്ലത്... അവരിൽ നമ്മുടെ പ്രിയപ്പെട്ടവരുടെ മുഖങ്ങൾ തെളിഞ്ഞാൽ സമനില തെറ്റും. ഇൗ സെല്ലിനപ്പുറം നമ്മൾ തീർത്തും നിസ്സഹായരാണ്. നീ ഉറങ്ങാൻ നോക്ക്...’’ സത്യാർഥി സിമന്റിട്ട തറയിൽ കിടന്നു.
അയാളുടെ കണ്ണുകൾ താഴേക്ക് ഒഴുകി. ഭാര്യയുടെയും മകളുടെയും നിർബന്ധത്തിന് വഴങ്ങിയാണ് സായുധ വിപ്ലവും അവസാനിപ്പിച്ച് അയാളടക്കം നാലംഗ സംഘം പൊലീസിൽ കീഴടങ്ങാൻ പോയത്. പക്ഷേ... കാര്യം പറഞ്ഞപ്പോൾ താൽപര്യത്തോടെ അടുത്തേക്ക് വന്ന ഉദ്യോഗസ്ഥൻ ഫോണിൽ മേലുദ്യോഗസ്ഥനെ വിളിച്ചു. പിന്നീട് അതുവരെ കണ്ടയാളായിരുന്നില്ല. അയാളുടെ ഒരു നോട്ടത്തിൽ ആ സ്‌റ്റേഷനിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരും ആ മുറിയിൽ ഹാജരായി. ഒന്നുചെറുക്കാൻ പോലുമാകാത്ത വിധം കൈകളിൽ വിലങ്ങിട്ടു. വായ് മൂടികെട്ടി. മുറ്റത്തുനിർത്തിയ പൊലീസ് ജീപ്പിലേക്ക് തള്ളി. ഉദ്യോഗസ്ഥൻ കയറിയതും ജീപ്പ് വിജനമായ വഴിയിലൂടെ ഓടിച്ചുപോയി. തൊട്ടുപിന്നാലെ പൊലീസ് വാനും. ഒരു കാട്ടിനുള്ളിലെത്തിയതും പൊലീസ് ജീപ്പ് നിന്നു. ഇടതൂർന്ന കാട്, മുകളിൽ കാവൽക്കാരെപ്പോലെ ഉയർന്നുനിൽക്കുന്ന മരങ്ങൾ. നാലുപേരെയും ജീപ്പിൽനിന്നും വലിച്ച് താഴേക്കിട്ടു. വാനിൽനിന്നും തോക്കുകൾ തയ്യാറാക്കി പൊലീസുകാർ പുറത്തിറങ്ങി. നാൽവരിൽ ഒരാൾ ഇടറിവീണതും വെടിപൊട്ടി. രണ്ടും മൂന്നും തുരുതുരെ പൊട്ടിയതും കാട്ടിൽ വെടിമരുന്ന് പടർന്നു. വെടിമരുന്നിൽ വെപ്രാളപ്പെട്ട് കാടൊരു കാട്ടാനക്കൂട്ടമായി ഇരച്ചെത്തുന്നത് കണ്ട് ഉദ്യോഗസ്ഥർ പരക്കംപാഞ്ഞു. സത്യാർഥിയെ ലക്ഷ്യംെവച്ച തോക്കിൻകുഴൽ ഉന്നംതെറ്റി മാറിയതും അവൻ പിന്നിലേക്ക് വീണതും ആരും ശ്രദ്ധിച്ചില്ല. ആനക്കൂട്ടം തൊട്ടടുത്തെത്തിയതും ഉദ്യോഗസ്ഥർ ജീവനുംകൊണ്ട് വാഹനത്തിൽ കയറി, അതിവേഗത്തിൽ ഓടിച്ചുപോയി. കാട്ടാനക്കൂട്ടം ചിന്നംവിളിച്ചു മുന്നേറുമ്പോൾ കൂട്ടാളികളുടെ ചോരയൊഴുകിക്കൊണ്ടിരുന്ന മണ്ണിൽ മുഖമാഴ്‌ത്തി സത്യാർഥി കിടന്നു. ചോരയിൽ കുളിച്ചുകിടക്കുന്ന ജീവനറ്റ ശരീരങ്ങളിലേക്ക് ഒന്നുനോക്കാൻ പോലും ശേഷിയില്ലാതെ ഉള്ളം പിടഞ്ഞു. അറ്റമില്ലാത്ത ഭീതിക്കൊടുവിൽ, എപ്പോഴോ ബോധമറ്റു.
രാവിലെ വീണ്ടും വാഹനങ്ങളുടെ ശബ്ദം കേട്ടാണ് ഉണർന്നത്. സൈനികർക്കൊപ്പം മാധ്യമപ്രവർത്തകരും മന്ത്രിയും. നാലുപേരെയും എൻകൗണ്ടറിൽ വകവരുത്തിയെന്ന് പറഞ്ഞ് പൊലീസ് മൃതദേഹങ്ങളിൽ ലാത്തിക്കൊണ്ട് തട്ടിയതും സത്യാർഥി ചുമച്ചു. ഞെട്ടലോടെ ഉദ്യോഗസ്ഥൻ പിന്നാക്കം നിന്നു. മൂന്നുപേരെയാണ് വധിച്ചത്. ഒരാളെ ജീവനോടെ പിടികൂടിയെന്ന് മാധ്യമപ്രവർത്തകർ ലൈവ് നൽകിയതും ഉദ്യോഗസ്ഥൻ രൂക്ഷമായി സത്യാർഥിയെയൊന്നു നോക്കി. സത്യാർഥി മൂന്നുവർഷമായി ഇൗ സെല്ലിൽ.
കിഷന് ഉറക്കം വന്നില്ല. അവൻ കുന്തിച്ചിരുന്ന് എന്തോ ആലോചനയിലാണെന്ന് മനസ്സിലായതോടെ സത്യാർഥി കണ്ണടച്ച്, ഉറക്കംപിടിച്ചു. പിറ്റേദിവസം സത്യാർഥിയോട് കിഷൻ രഹസ്യം പറഞ്ഞു. മെസിലെ ജോലികഴിഞ്ഞ് മടങ്ങുമ്പോൾ രണ്ടുപേരും സെല്ലുകൾക്കിടയിലൂടെയുള്ള ഇടുങ്ങിയ ഇടനാഴികളിലൂടെ പതുക്കെ നടന്നു.
‘‘കിഷൻ, ക്യാമ്പുകൾ വളരെ വലുതാണ്, ഇവിടെ ധാരാളം ആളുകളുണ്ട്...’’ അയാളുടെ കുഴിഞ്ഞ കണ്ണുകൾ ചുരുങ്ങി. കിഷന്റെ കണ്ണുകൾ ഓരോ സെല്ലിനുള്ളിലെയും മുഖങ്ങളിൽ തങ്ങിനിന്നു.
‘‘അടുത്ത ബ്ലോക്കിൽ നാളെ ഭക്ഷണമെത്തിക്കാനുള്ള ചുമതല നമുക്കാണ്, ചിലപ്പോൾ...’’ സത്യാർഥി അവന്റെ ചുമലിൽതൊട്ടു.
‘‘എനിക്കറിയാം നീയൊരു ഹ്യൂമനിസ്‌റ്റാണ്...’’ സത്യാർഥിയുടെ മുഖത്ത് ചിരി വിരിഞ്ഞു.
പിറ്റേദിവസം ഭക്ഷണവുമായി അടുത്ത ബ്ലോക്കിലെത്തി മടങ്ങുമ്പോൾ സെല്ലിന്റെ അഴികൾക്ക് സമീപമിരുന്ന് കടലാസ് പക്ഷികളെ ഉണ്ടാക്കുന്നൊരു പെൺകുട്ടി. കിഷൻ അവളെ സൂക്ഷിച്ചുനോക്കി. കണ്ണുകളിൽ അതേ തിളക്കം.
‘‘നേഹ.’’ അവളുടെ പേര് ഉറക്കെ പറഞ്ഞതും പെൺകുട്ടി ഞെട്ടിത്തരിച്ച് ആകാംക്ഷയോടെ ചുറ്റിലും നോക്കി. കിഷൻ കൈയുയർത്തി കാണിച്ചതും അവൾ അടുത്തെത്തി.
സത്യാർഥി ചുറ്റിലും നിരീക്ഷിച്ചുകൊണ്ടിരുന്നു.
പെൺകുട്ടി വിതുമ്പി.
‘‘കരയരുത് മോളേ... അമ്മയെവിടെ...’’ കിഷൻ അവളുടെ വിരലുകളിൽ തൊട്ടു. അവളുടെ കവിൾത്തടം നിറഞ്ഞൊഴുകി.
‘‘മോളെ അമ്മയെവിടെയാണെന്ന് അറിയുമോ?’’ കിഷൻ വീണ്ടും ചോദിച്ചപ്പോൾ അവളുടെ മുഖം വിളറി.
‘‘അമ്മ എവിടെയാണെന്നറിയില്ല. ഇവിടെനിന്ന് എവിടേക്കോ പിടിച്ചുകൊണ്ടുപോയി. എന്റെ അമ്മ... അമ്മ.’’ അവൾ നിയന്ത്രണംവിട്ട് കിഷന്റെ കയ്യിൽ മുറുകെ പിടിച്ചു.
‘‘കരയല്ലേ മോളേ...’’ കിഷൻ അതു പറഞ്ഞുകഴിഞ്ഞതും സൈനികരുടെ ശബ്ദം മുഴങ്ങി. സത്യാർഥി അപായസൂചന നൽകി അവനെയും കൂട്ടി മെസിലേക്ക് നടന്നു. നേഹ കണ്ണിൽനിന്നും മറയുന്നതുവരെ അവനെ തന്നെ നോക്കി. താൻ ഉണ്ടാക്കിയ കടലാസുപക്ഷികളിൽ ഒന്നിന് ജീവൻവെക്കുന്നതായി അവൾക്ക് തോന്നി.
പിന്നീടുള്ള ദിവസങ്ങളിൽ സെല്ലുകൾക്കിടയിലുള്ള മങ്ങിയ വെളിച്ചമുള്ള നീണ്ട ഇടനാഴിയിലേക്ക് കണ്ണിട്ട് നേഹ കാത്തിരുന്നു. കിഷൻ അതുവഴി കടന്നുപോകുമ്പോഴേല്ലാം സാഹചര്യം കിട്ടിയാൽ അവളോട് മിണ്ടാൻ ശ്രമിച്ചു. ഇടക്കിടെ അമ്മയേയും കുറിച്ച് ചോദിച്ചവൾ കണ്ണ് ചുവപ്പിച്ചു. ‘‘കരയരുത് മോളേ...’’ചില നേരങ്ങളിൽ അവൻ സെല്ലഴികളിലേക്ക് കൈനീട്ടി അവളെ തൊട്ടു.
പിന്നീടൊരുന്നാൾ നേഹയെ തിരഞ്ഞപ്പോൾ കണ്ടെത്താൻ കഴിഞ്ഞില്ല.
‘‘ആരോട് ചോദിക്കും.’’
‘‘നീ സമാധാനമായിരിക്കൂ. ഒന്നും സംഭവിക്കില്ല. ചിലപ്പോൾ സെൽ മാറ്റിയിട്ടുണ്ടാവും.’’ സത്യാർഥി പറഞ്ഞെങ്കിലും കിഷന് സമാധാനമായില്ല.
ശൈത്യകാല രാത്രിയിലെ തണുത്ത കാറ്റുപോലെ അസ്വസ്ഥത പൊതിഞ്ഞു. സെല്ലിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു, കണ്ണുകൾ എതിർവശത്തുള്ള സ്‌ത്രീകളുടെ സെല്ലിൽ ഉറപ്പിച്ചു. അവൾ അവിടെയുണ്ടോ? അതോ അവളെയും കൊണ്ടുപോയോ? പിറ്റേദിവസം രാവിലെ രണ്ടും കൽപിച്ച് സ്‌ത്രീകളുടെ സെല്ലിനടുത്തേക്ക് നടന്നു.
‘‘ഹലോ? ആരെങ്കിലും ഒന്നുപറയാമോ നേഹ മോൾ എവിടെ?’’ അവന്റെ ശബ്ദം ഇടറി. സെല്ലിന്റെ മൂലയിൽ ഇരിക്കുകയായിരുന്ന പ്രായമായ സ്‌ത്രീ എഴുന്നേറ്റുവന്നു.
‘‘നീ ഞങ്ങളെകൂടി കൊലയ്‌ക്കു കൊടുക്കുമല്ലോ... ഇവിടെ ചുറ്റിപ്പറ്റി നിൽക്കണ്ട. നേഹ മോൾക്ക് ഒന്നും സംഭവിച്ചിട്ടില്ല. അവൾ വയസ്സറിയിച്ചു. വല്ലാത്ത നീറ്റലാണ് ആ പെണ്ണിന് അതാ ആ മൂലയിൽ ചുരുണ്ടുകൂടി കിടപ്പുണ്ട്. പേടിക്കണ്ട. ഞങ്ങളൊക്കെയുണ്ട് ഇവിടെ.’’ സ്‌ത്രീ ഇടനാഴിയിലൂടെ ആരും വരുന്നില്ല എന്നുറപ്പുവരുത്തി സെല്ലുകളിൽ അമർത്തിപ്പിടിച്ചു.
കിഷന്റെ മുഖം തെളിഞ്ഞു. അവൻ സ്‌ത്രീക്കു മുന്നിൽ കൈകൂപ്പി മടങ്ങാൻ തുടങ്ങി.
‘‘പിന്നെ വയസ്സറിയിച്ചാൽ കുട്ടികൾക്ക് മധുരം നൽകണമെന്നാണ്. നിനക്ക് മെസിലല്ലേ പണി. എന്തെങ്കിലും മധുരമുള്ളത് ഉണ്ടാക്കിക്കൊണ്ടു തന്നാൽ അവൾക്ക് കൊടുക്കാം.’’ സ്‌ത്രീ തിരിഞ്ഞുനടന്നു. അവൻ തലയാട്ടി സന്തോഷത്തോടെ സെല്ലിലേക്ക് നടന്നു.
‘‘നിനക്കിപ്പോൾ ആശ്വാസമായല്ലോ.’’ സത്യാർഥി അവനെ ചേർത്തുപിടിച്ചു.
‘‘ഇനി മധുരം എങ്ങനെ കിട്ടുമെന്നാ?’’ സത്യാർഥി ആലോചനയിലായി. കിഷൻ എത്തുംപിടിയും കിട്ടാതെ സെല്ലിനകത്തുകൂടി നടന്നു.
‘‘നീ അതോർത്ത് വിഷമിക്കേണ്ട. എന്തേലും വഴി ഉണ്ടാക്കാം.’’ സത്യാർഥി അവനെ പിടിച്ചിരുത്തി.
ഇരുട്ടുവീണപ്പോൾ മങ്ങിയ വെളിച്ചമുള്ള മെസിലേക്ക് കിഷനെയും കൂട്ടി സത്യാർഥി കരുതലോടെ നീങ്ങി. സൈനികരുടെ അനക്കമില്ല എന്നു ബോധ്യപ്പെട്ടതോടെ സത്യാർഥി സ്‌റ്റോർ റൂമിലേക്ക് കയറി. കിഷൻ പുറത്തുനിന്ന് ചുറ്റുപാടും വീക്ഷിച്ചു. ഞൊടിയിടയിൽ സത്യാർഥി മധുരപലഹാരമുണ്ടാക്കാനുള്ള പഞ്ചസാരയും മാവും നെയ്യുമായി തിരിച്ചെത്തി. അടുപ്പിൽ തീപ്പൂട്ടി പലഹാരം നിർമിക്കാൻ തുടങ്ങി. നെയ്യിന്റെയും പഞ്ചസാരയുടെയും മണംനിറഞ്ഞു. കിഷന്റെ വായിൽ വെള്ളമൂറി. ശകലമെടുത്തയാൾ കിഷന്റെ നാവിൽ തേച്ചു.
‘‘നിങ്ങൾ നല്ലൊരു മാവോയിസ്‌റ്റ് അല്ല, പക്ഷേ, നല്ല പാചകക്കാരനാണ്.’’ കിഷൻ അത് ആസ്വദിച്ചുകഴിച്ചു.
‘‘ആരെങ്കിലും കാണും മുമ്പ് വേഗം കൊണ്ടുക്കൊടുക്കാൻ നോക്ക്.’’ സത്യാർഥി ചൂടാറാത്ത പലഹാരം പാത്രത്തിലാക്കി കിഷന് നൽകി.
അവൻ അതുവാങ്ങി വേഗത്തിൽ സെല്ലുകൾക്കടുത്തേക്ക് നടന്നു. മുന്നിൽ രണ്ടു സൈനികർ. കിഷന്റെ നെഞ്ചൊന്നു കത്തി. അവർ കിഷനെയും പാത്രത്തിലേക്കും മാറിമാറിനോക്കി. സൈനികരിലൊരാൾ പാത്രം പിടിച്ചുവാങ്ങി. നെയ്യിന്റെയും പഞ്ചസാരയുടെയും മണം അവിടംനിറഞ്ഞു. മാറിനിന്ന സൈനികൻ തോക്കിന്റെ പാത്തിയുയർത്തി ആഞ്ഞൊരടി. കിഷൻ തലയടിച്ച് നിലത്തുവീണു. പിന്നാലെ വന്ന സത്യാർഥി ഭിത്തിയുടെ മറവുപറ്റി, ഒളിച്ചു.
തലയിൽനിന്നും ചോര വരാൻ തുടങ്ങിയ കിഷനെ സൈനികർ വലിച്ചിഴച്ച് സെല്ലിനകത്ത് കൊണ്ടിട്ടു. സഹതടവുകാർ ഭയത്തോടെ മാറിനിന്നു. സൈനികർ പോയി എന്നുറപ്പുവരുത്തി സത്യാർഥി സെല്ലിന്റെ അയലിൽ തൂങ്ങിയ മുണ്ടിന്റെ തുമ്പ് വലിച്ചുകീറി കിഷന്റെ മുറിവിൽെവച്ചുകെട്ടി. പിന്നീട് രണ്ടു ദിവസം ഒരനക്കവും ഉണ്ടായില്ല. കിഷനിൽ നേർത്ത ശ്വാസമുണ്ടെന്ന് ഉറപ്പാക്കി സത്യാർഥി മുറിവിൽ മഞ്ഞപ്പൊടിയും മറ്റും െവച്ചുകെട്ടി.
നേഹ കിഷനെയും പ്രതീക്ഷിച്ച് ഇടനാഴിയിൽ കണ്ണുനട്ടു. സത്യാർഥിയെ കണ്ടപ്പോൾ അവൾ അവനെക്കുറിച്ച് ചോദിക്കാൻ തുനിഞ്ഞെങ്കിലും അയാൾ മുഖം കൊടുക്കാതെ മടങ്ങി. അവൾ സെല്ലിനകത്തുനിന്നും കടലാസു പക്ഷികളെ അവന്റെ സെല്ലിലേക്ക് പറത്തിവിട്ടു. ചിലതുമാത്രം ഇടനാഴിയിൽ വീഴാതെ അവന്റടുത്ത് വന്നുവീണു.
ഒരാഴ്‌ച കഴിഞ്ഞപ്പോൾ കിഷന് എഴുന്നേറ്റിരിക്കാമെന്നായി. ചുറ്റും കടലാസു പക്ഷികൾ. മുന്നിലെ സെല്ലിൽനിന്നും നേഹ കൈവീശുന്നത് കണ്ടപ്പോൾ വേദനകടിച്ചമർത്തി ചിരിച്ചു. എഴുന്നേറ്റു നടക്കാമെന്നായപ്പോൾ രണ്ടു സൈനികർ വന്ന് അവനെ പിടിച്ചുകൊണ്ടുപോയി. തൊട്ടടുത്ത മുറിയിലെ കമ്പിയിൽ മലർത്തിക്കിടത്തി ഉള്ളംകാലിൽ മർദിക്കാൻ തുടങ്ങി.
‘‘ആർക്കുവേണ്ടിയാണ് ആ മധുരപലഹാരം ഉണ്ടാക്കിയത്.’’ അവർ ആവർത്തിച്ചു ചോദിച്ചെങ്കിലും അവൻ പറഞ്ഞില്ല. ബോധംപോകുന്നതുവരെ തല്ലി. പിടിച്ചുവലിച്ച് സെല്ലിൽ കൊണ്ടിട്ടു. പിറ്റേദിവസം ബോധംവന്നപ്പോൾ അവൻ മുന്നിലെ സെല്ലിലേക്ക് നോക്കി, അവനെ കണ്ടതും നേഹ കൈകൂപ്പി. ധൈര്യമായിരിക്കണമെന്ന് ധ്വനിപ്പിച്ച് അവൻ തംസപ്പ് നൽകി.
അന്നു പുലർച്ചെ കരച്ചിൽകേട്ടാണ് കിഷൻ എഴുന്നേറ്റത്. അത് നേഹയുടെ കരച്ചിലാണോ...
‘‘മോളെ, മോളെ...’’ എഴുന്നേറ്റ് സെല്ലഴികളിൽ പിടിച്ച് വെപ്രാളപ്പെട്ടു. തുറന്നിട്ട സെല്ലിൽനിന്നും നേഹയെ തോളിലേറ്റി ഒരു സൈനികൻ പുറത്തേക്ക് കൊണ്ടുപോകുന്നു.
‘‘അവളെ വിടൂ... എന്റെ മോളെ ഒന്നും ചെയ്യല്ലേ...’’ കിഷൻ ഉറക്കെ കരഞ്ഞു.
സൈനികന്റെ തോളത്തുകിടന്ന് രക്ഷപ്പെടാനായി അവൾ കൈകാലുകളിട്ടടിച്ചു. സൈനികൻ ഒന്നുതിരിഞ്ഞുനോക്കിയതും കിഷന്റെ നെഞ്ചിനകത്തുനിന്നും ചുടുചോര സെല്ലിന്റെ ഭിത്തിയിലേക്ക് തെറിച്ചു.
‘‘മോളേ...’’ വലിയൊരു വിറച്ചിലോടെ ഇടനാഴിയിൽ ഇരുട്ട് പരന്നു. കടലാസുപക്ഷികൾ ചവിട്ടിയരച്ച് ബൂട്ട് മുന്നോട്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.