ചിത്രീകരണം: കന്നി എം
ഒരു കുന്നിന്റെ ഗരിമയോ പ്രൗഢിയോ ഇല്ലാത്ത ജൂതന്‍കുന്നിനെപ്പറ്റി പഴമക്കാര്‍ പറയുന്നത് പലതാണ്. അതെന്തായിരുന്നാലും ഒരു അരഞ്ഞാണംപോലെ കുന്നിനെ ചുറ്റി രൂപപ്പെട്ടുവന്ന ജൂതന്‍ബസാര്‍ എന്ന അങ്ങാടിക്കുന്നും താഴ്‌വാരവും പണ്ടുമുതലേ എപ്പോഴും സജീവമായിരുന്ന ഒരു ജനവാസകേന്ദ്രമാണെന്ന സൂചന തരുന്നുണ്ട്. കുന്നിന്‍ മുകളില്‍ പനമ്പും ഓലയുംകൊണ്ട് ചന്തത്തില്‍ കെട്ടിപ്പണിത ഒരു ചാരായഷാപ് കാണാം. ചുറ്റും പന്തലിച്ച് നില്‍ക്കുന്ന പൂത്തമരങ്ങളുടെ പൊലിമയും അരികില്‍ രണ്ടാൾ ഉയരത്തില്‍ കെട്ടിപ്പൊക്കിയ ഏറുമാടവും ആരോ വരച്ചു മുഴുമിപ്പിക്കാത്ത ഒരു ചിത്രമാണെന്ന് തോന്നിപ്പിക്കും.
കുന്നിന് ഒരുപാട് ഉയരമൊന്നുമില്ലെങ്കിലും താഴെ നിന്ന് നോക്കുമ്പോള്‍ നീലയില്‍ വെള്ളിത്തൂവല്‍ വിതറിയിട്ട ആകാശക്കുടക്ക് കീഴിലെ കുന്ന് ആകര്‍ഷകമായ ഒരു കാഴ്ചയാണ്. ജൂതന്‍കുന്നിന് ചുറ്റുമുള്ളവരെ സര്‍വാത്മനാ കര്‍മനിരതമാക്കുന്ന ആഹ്ലാദകേന്ദ്രമാണ് ഷാപ്. കുന്നിന്റെ കിഴക്കേ ചരിവില്‍ ബാലചികിത്സകന്‍ കുമ്പളത്ത് ശങ്കുണ്ണി വൈദ്യരുടെ അമ്പതോളം ആടുകള്‍ എന്നും മേയാനുണ്ടാവും. ആട്ടിന്‍പാലും മുത്തങ്ങയും ബ്രഹ്മിയും ചേര്‍ത്ത ഒരു പ്രത്യേക മരുന്നാണ് വൈദ്യരുടെ ഒറ്റമൂലി. ആടുകളെ മേയ്ക്കുന്നത് പുളി മാമുട്ടിയുടെ മകന്‍ പരീതാണ്. പുലര്‍ച്ചെ ആടുകളുമായി വന്ന് ഇരുളും വരെ കുന്നിന്‍പുറത്ത് സ്വന്തം ലോകം പണിത്, അബദ്ധത്തില്‍ വന്നുപെട്ട ഒരു അന്യഗോള ജീവിയെപ്പോലെ പരീത് അവിടെ പകല്‍ജീവിതം നയിച്ചു.
കുന്നിന്‍പുറത്ത് ഏറുമാടം കെട്ടിയത് എന്നും അന്തിപ്പൊന്‍വെട്ടത്തോടൊപ്പം സ്ഥിരമായി ഷാപ്പില്‍ എത്തുന്ന കുമ്പളത്ത് ശങ്കുണ്ണി വൈദ്യര്‍, തറയില്‍ ഉമ്മര്‍ എന്ന ചുമട്ടു തൊഴിലാളിയായ പോക്കിരി, പാട്ട് പ്രാന്തനായ റേഡിയോ ജോക്കി എന്ന കടങ്കാട്ടില്‍ മൂസ എന്ന കയറ്റു കമ്പനിയുടമ, പെണ്‍കൂസന്‍ വര്‍ഗീസ് എന്ന വട്ടേപ്പരില് അറിയപ്പെടുന്ന പണ്ടം പണയം ചീരന്‍ വര്‍ഗീസ്, ചുട്ട കോഴിയെ പറപ്പിക്കുന്ന വക്കീല്‍ രാമസ്വാമി അയ്യരുടെ ഗുമസ്തന്‍ രഘുരാമപ്പണിക്കര്‍ എന്ന അറുപിശുക്കന്‍, പട്ടാളത്തില്‍നിന്ന് പിരിഞ്ഞുപോന്നതില്‍പ്പിന്നെ നാട്ടുകാരെ നുണയുടെ മുള്‍മുനയില്‍ നിര്‍ത്താറുള്ള പുളു ഭാസ്‌കരന്‍ എന്നിവരാണ്. അവര്‍ക്ക് മാത്രമിരുന്നു കുടിക്കാന്‍ അവര്‍ ആറും ചേര്‍ന്ന് ഷെയറെടുത്ത് കെട്ടിച്ചതാണ് ആ ഏറുമാടം. ‘‘കുമ്പളവും അഞ്ചു ഇബ്‌ലീസുകളും’’ എന്നാണ് മറ്റു കുടിയന്മാര്‍ സ്വകാര്യമായി അവര്‍ക്കിട്ടിട്ടുള്ള പേര്.
അവരില്‍ മൂസ ഒരു വില്ലീസ് ജീപ്പിലും വൈദ്യര്‍ ഒരു യെസ്ഡി ബൈക്കിലും ഉമ്മര്‍ ഒരു റാലി സൈക്കിളിലുമാണ് ഷാപ്പില്‍ വരിക. ബാക്കിയുള്ളവര്‍ നടന്നും. വാഹനമൊന്നും കുന്നിനു മുകളിലേക്ക് കയറ്റാനാവാത്തതിനാല്‍ അവ തങ്ങളുടെ യജമാനന്മാരുടെ കാവല്‍നായ്ക്കളെപ്പോലെ താഴ്വാരത്ത് കാത്തുകിടക്കും. മൂസക്ക് തുടരെ പാട്ട് കേള്‍ക്കുന്ന ശീലമുണ്ട്. കൈയില്‍ മര്‍ഫിയെന്ന മുന്തിയ ട്രാന്‍സിസ്റ്റര്‍ റേഡിയോ പാട്ടോടുകൂടി എേപ്പാഴും കാണും.
ഷാപ്പിലെ സന്ധ്യകളില്‍ ഏറുമാടത്തിന്റെ തൂണില്‍ തൂങ്ങിക്കിടന്ന് സദാസമയവും അത് പാടിക്കൊണ്ടിരിക്കും. അന്നും അവര്‍ ആറും ഷാപ്പില്‍ ഒത്തുചേര്‍ന്ന് കുടിച്ചുപിരിഞ്ഞതാണെങ്കിലും മൂസക്ക് മാത്രം കിടക്കപ്പായില്‍ ഉറക്കം കെട്ടു. പുലരും വരെ അയാള്‍ ആലോചനകളുടെ ആഴക്കടലില്‍ വിര്‍പ്പുമുട്ടി. ഇത്തരത്തിലൊരു അപമാനം ജീവിതത്തില്‍ സഹിക്കേണ്ടിവന്നിട്ടില്ലെന്നത് അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി. ഇനിയൊരിക്കലും ഷാപ്പില്‍ പോകരുതെന്ന് അയാള്‍ സ്വയം വിലക്കാന്‍ ശ്രമിച്ചു. തന്നെ അപമാനിച്ച ഉമ്മറിനെ കൊന്നുകളയാനുള്ള പക അയാളില്‍ കനല്‍കോരിയിട്ടു.
ജൂതന്‍ബസാറില്‍നിന്ന് കടങ്കാട് വീട്ടിലേക്ക് അര കിലോമീറ്റര്‍ ദുരമേയുള്ളൂ. മൂസ പതിവായി സഞ്ചരിക്കാറുള്ളത് മേല്‍ക്കൂര മടക്കിെവക്കാവുന്ന വില്ലീസ് ജീപ്പിലാണ്. അയാളുടെ വാപ്പാന്റെ കാലത്തുള്ള മുതലാണ്. അതിലിരുന്ന് എപ്പോഴും പാടുന്ന റേഡിയോക്കൊപ്പം മൂസയും സ്റ്റിയറിങ്ങില്‍ താളമിട്ട് മൂളിപ്പാട്ട് പാടിക്കൊണ്ടിരിക്കും. സാധാരണ ഷാപ്പില്‍നിന്ന് മടങ്ങുമ്പോള്‍ കൂടെ സ്ഥിരമായി കേശവനുണ്ടാകും. ജൂതന്‍ബസാറിലെ പലചരക്ക് കടകളില്‍ ഒന്ന് കേശവന്റേതാണ്. കുട്ടിക്കാലം മുതല്‍ ഒപ്പം പഠിച്ച അയല്‍ക്കാരനും ചങ്ങാതിയുമാണ് കേശവന്‍. അന്ന് പതിവിന് വിരുദ്ധമായി അയാള്‍ കേശവനെ കൂട്ടാതെയാണ് ഷാപ്പില്‍നിന്ന് പോന്നത്.
ഉറക്കം പോകാന്‍മാത്രം വലിയ പുകിലൊന്നും അന്ന് ഷാപ്പില്‍ നടന്നിട്ടില്ല. പരസ്പരം തമാശ പറഞ്ഞ് ചിരിച്ചും, അനുഭവങ്ങള്‍ പങ്കുെവച്ച് തര്‍ക്കിച്ചും കശപിശ കൂടിയും കലഹിച്ചും സ്‌നേഹിച്ചും ആവശ്യത്തിലേറെ കുടിച്ച് ഉന്മത്തരായാണ് താന്താങ്ങളുടെ താവളങ്ങളിലേക്ക് ആ ചങ്ങാതിമാര്‍ മടങ്ങുക. മറ്റ് കുടിയന്മാര്‍ക്ക് ഇവര്‍ പലപ്പോഴും ശല്യമാവാറുണ്ടെങ്കിലും ഷാപ്പ് മാനേജര്‍ കം ഗുണ്ടയായ ചിന്താര്‍മണിയുടെ സമയോചിതമായ ഇടപെടല്‍മൂലം വലിയ അടികലശലില്‍ കാര്യങ്ങളെത്തിയിരുന്നില്ല.
ഷാപ്പിന്റെ നേരെ താഴെയുള്ള കേശവന്റെ കടയുടെ ഷട്ടര്‍ വലിക്കുന്ന എത്തം കേട്ടാല്‍ സാധാരണ മൂസ കൂട്ടുകാര്‍ക്ക് ശുഭരാത്രി നേര്‍ന്ന്, കുടി മതിയാക്കി എഴുന്നേല്‍ക്കും. ഷാപ്പില്‍ കയറും മുമ്പ് കേശവന്റെ കടയില്‍ എന്നും സൂക്ഷിക്കാന്‍ കൊടുക്കാറുള്ള ഇരട്ടക്കുഴല്‍ തോക്ക് ഓര്‍മയോടെ തിരിച്ചെടുത്ത് ജീപ്പില്‍ കേശവനെയുംകൂട്ടി വീട്ടിലേക്ക് മടങ്ങും. അന്ന് കേശവനെ തുണകൂട്ടാന്‍ നില്‍ക്കാതെ, ഷാപ്പില്‍നിന്നുള്ള കൂട്ടുകാരുടെ പിന്‍വിളി കേള്‍ക്കാതെ, ക്ഷുഭിതനും അതേസമയം ദുഃഖിതനുമായി ഷാപ്പില്‍നിന്ന് ഏറക്കുറെ പതിവിലും ഒരു മണിക്കൂര്‍ മുമ്പെ അയാള്‍ ജീപ്പോടിച്ച് പോകുന്നത് കേശവന്‍ തെല്ലൊരതിശയത്തോടെ നോക്കി. കാര്യം തിരക്കി കേശവന്‍ ചിന്താര്‍മണിയെ രഹസ്യത്തില്‍ കണ്ടപ്പോഴാണ് നടന്നത് വെളിവായത്.
എന്നും ഉച്ചയൂണ് കഴിഞ്ഞുള്ള മയക്കത്തിനുശേഷം തന്റെ തോക്കുമെടുത്ത് മൂസ വേട്ടക്കിറങ്ങും. കാളാനിക്കെട്ടിലും കാളമന പറമ്പിലും കുന്നങ്കാവെന്ന് വിളിക്കുന്ന കുറ്റിക്കാട്ടിലും ചുറ്റിനടക്കും. ചിലപ്പോള്‍ കുറേ പക്ഷികള്‍, ഒരു ഉടുമ്പ്, അതുമല്ലെങ്കില്‍ കാട്ടുകോഴി, കീരി, പെരുച്ചാഴി, മലഞ്ചൂട്ടി, അപൂർവമായി മുയലും അയാളുടെ വേട്ടക്കിരയാവാറുണ്ട്. ശിക്കാരി മൂസയെന്നൊരു ചെല്ലപ്പേരും നാട്ടിലെ തരുണികള്‍ അയാള്‍ക്ക് കൊടുത്തിട്ടുള്ളത് അയാള്‍ക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും അറിയാം. വേട്ടയാടി കിട്ടുന്നത് ഷാപ്പില്‍ വില്‍ക്കും. ഷാപ്പിലെ കറിക്കച്ചവടക്കാരന്‍ കൂട്ടാന്‍കുടുക്ക കുഞ്ഞോനുമായി പേശിപ്പേശി അന്നത്തെ കുടിക്കുള്ള കാശയാള്‍ ഒപ്പിക്കും. കൂടുതല്‍ കാശ് കിട്ടുന്ന ദിവസം അയാള്‍ വീട്ടില്‍ കറിെവക്കാന് എന്തെങ്കിലും മീന്‍ വാങ്ങുമായിരുന്നു.
അന്നു കിട്ടിയ രണ്ട് കാരാമയും മൂന്ന് കാട്ടുകോഴിയും ഒരു അണ്ണാനും നല്ല വിലക്ക് വിറ്റ് വീട്ടിലേക്ക് മീന്‍ വാങ്ങി ഷാപ്പിലെ െഡസ്‌കില്‍ െവച്ചിരുന്നു. ഷാപ്പിലേക്ക് കയറിവന്ന തറയില്‍ ഉമ്മര്‍ അത് കണ്ട് മൂസ കോളടിച്ചെന്ന് മനസ്സിലാക്കി. തനിക്കും ഒരു കുപ്പി ചാരായം വാങ്ങിത്തരാന്‍ അയാള്‍ മൂസയോടാവശ്യപ്പെട്ടെങ്കിലും അറുക്കീസായ മൂസ അത് അവഗണിച്ചു. താന്‍ മറ്റുള്ളവരുടെ മുന്നില്‍െവച്ച് യാചിച്ചിട്ടും ചെവികൊള്ളാതിരുന്ന മൂസയുടെ അവഗണന ഉമ്മറില്‍ വല്ലാത്ത അപമാനബോധമുണ്ടാക്കി. അരിശം തലക്കുപിടിച്ച ഉമ്മര്‍ മൂസയെ തെറിവിളിച്ചു. ‘‘അന്റുമ്മ പെലാടിട്ട്ണ്ടായതല്ലടാ ഞ്ഞി...ഹമ്‌ക്കെ...’’ എന്ന ഉമ്മറിന്റെ അപ്രതീക്ഷിതമായ ആക്രോശം കേട്ട് മൂസ ഞെട്ടിത്തരിച്ചു.
ഉമ്മറിനെ ഒറ്റവെടിക്ക് തീര്‍ക്കാനുള്ള ദേഷ്യം അയാളില്‍ നുരഞ്ഞുപൊങ്ങി. പക്ഷേ തീരെ അശുവായ മൂസ ദൃഢഗാത്രനായ ഉമ്മറിന്റെ മുന്നില്‍ ഒന്നുമല്ലാതാവുമെന്ന പേടികൊണ്ടയാള്‍ ഉമ്മറിനെ തുറിച്ചുനോക്കിക്കൊണ്ടിരുന്നതല്ലാതെ ഒരക്ഷരം ഉരിയാടിയില്ല. മറ്റു ചങ്ങാതിമാരും അപ്പോഴെക്കും അവിടെയെത്തിയത് മൂസയില്‍ അപമാനത്തിന്റെ തീ കോരിനിറച്ചു. അയാള്‍ കുടിച്ചുകൊണ്ടിരുന്ന മദ്യക്കുപ്പിയും അയിലത്തല ചുട്ടരച്ച ചമ്മന്തിയും അവിടെ ഉപേക്ഷിച്ച് കടുത്ത അപമാനഭാരത്താല്‍ ഇറങ്ങിപ്പോയി.
മൂസക്ക് പതിനാറ് വയസ്സുള്ളപ്പോഴാണ് ഉമ്മയെ മൂന്നാമത് കെട്ടിയ വാപ്പ ബഷീര്‍ തലപ്പഴുപ്പ് വന്ന് മരിച്ചത്. അന്നു മുതല്‍ വാപ്പയുടെ സഹോദരങ്ങള്‍ സ്വത്തിനുവേണ്ടി ഉമ്മയെയും എട്ടും പൊട്ടും തിരിയാത്ത മകനെയും പലപാട് ഉപദ്രവിച്ചിരുന്നു. ഒടുക്കം വീട് നില്‍ക്കുന്ന ഒരേക്കര്‍ മണ്ണും, കാളാനികെട്ടിനരികിലെ കയറ് കമ്പനിയും വാപ്പയുടെ വില്ലീസ് ജീപ്പും ഒരു ഇരട്ടക്കുഴല്‍ തോക്കും മാത്രം അവര്‍ക്ക് വീതമായി കിട്ടി. അതോടെ മൂസ പഠനം നിര്‍ത്തി കമ്പനി നോക്കിനടത്താന്‍ തുടങ്ങി. പുഴയോരത്ത് ചകിരിമൂടലും കൊയ്യ് തല്ലലും മറ്റുമായി പലരും കയറുൽപാദനം നടത്തുന്നുണ്ട്. വലിയ പ്രതാപിയായിരുന്നു വാപ്പയെങ്കിലും അവിവാഹിതനായ മൂസയും പ്രായമായ ഉമ്മയും അത്ര പ്രതാപത്തിലൊന്നുമായിരുന്നില്ല ജീവിച്ചത്.
മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതായിരുന്നു മൂസക്ക് ഉമ്മ. അതുകൊണ്ട് തന്നെ ഉമ്മര്‍ അവരെ പുലയാടിച്ചിയെന്ന് വിളിച്ചത് അയാളില്‍ കടുത്ത ദേഷ്യവും സങ്കടവും നിറച്ചു. തുടര്‍ന്നുള്ള രണ്ടു മൂന്ന് ദിവസങ്ങള്‍ അയാള്‍ വേട്ടക്കു പോയില്ലെന്ന് മാത്രമല്ല ഷാപ്പില്‍ കാല് കുത്തിയതേയില്ല. കാലത്ത് മുതല്‍ രാത്രിവരെ കയറ്റ് കമ്പനിയില്‍തന്നെ കഴിച്ചുകൂട്ടി. മൂന്നാം ദിവസം അയാളുടെ അഭാവത്തിന്റെ യഥാർഥ കാരണം തേടി പുളു ഭാസ്‌കരന്‍ കമ്പനിയില്‍ വന്നു. ഭാസ്‌കരനോട് മൂസ തന്റെ സങ്കടമെല്ലാം തുറന്നുപറഞ്ഞു.
താന്‍ കൂടി ദൃക്സാക്ഷിയായിരുന്നെങ്കിലും മൂസ മനസ്സു തുറന്നപ്പോള്‍ ഭാസ്‌കരനും ഉമ്മറിനോട് അവജ്ഞ തോന്നി. എങ്കിലും നേരിട്ട് പകരം വീട്ടുന്നത് അത്ര ബുദ്ധിയല്ലെന്നും അത് ഉമ്മറിനെ കൂടുതല്‍ പ്രകോപിതനാക്കുമെന്നുമുള്ള ഭാസ്‌കരന്റെ ഭയത്തോട് മൂസക്ക് പൂര്‍ണമായും യോജിക്കാനായില്ല. അന്നേരം ഒരു സൈക്കിളില്‍ പെണ്‍കൂസന്‍ വര്‍ഗീസ് അവിടെ അവിചാരിതമായി വന്നുചേര്‍ന്നു. അയാളും മൂസയുടെ അഭാവത്തെ അറിയാന്‍ വന്നതായിരുന്നു. കാര്യങ്ങളില്‍ അയാളും ഇടപെട്ടു. ഉമ്മറിനോട് മൂസ നേരിട്ട് പകരം ചോദിക്കാതെ മറ്റു സുഹൃത്തുക്കള്‍ ഇടപെട്ട് സംസാരിച്ച് പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു അയാളുടെ നിലപാട്. അതിനോടും മൂസ അനുകൂലമായി പ്രതികരിച്ചില്ല. അവര്‍ രണ്ടുപേരും പോയപ്പോള്‍ അയാളുടെ മനസ്സിന് പിന്നെയും തീപിടിച്ചു.
താനൊരു ചുണയുള്ള വാപ്പാന്റെ മോനാണെന്നും ജൂതന്‍കുന്നത്തെ മുന്തിയ കുടുംബത്തില്‍ പിറന്നവനാണെന്നും ഉമ്മറിന് ബോധ്യെപ്പടുത്തിക്കൊടുക്കണമെന്ന് തന്നെ മൂസയുടെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു. ഉമ്മര്‍ നിസ്സാരക്കാരനായ ചുമട്ടുതൊഴിലാളിയാണെങ്കിലും അങ്ങാടിയില്‍ തോല്‍ക്കാത്ത പോരാളിയാണെന്ന കുപ്രസിദ്ധിയുള്ളതിനാല്‍ സാധാരണ ആരും അയാളുമായി കലഹത്തിന് പോകാറില്ല. അങ്ങാടിയില്‍ പല വരുത്തന്മാരായ അക്രമികളെയും ഉമ്മര്‍ കീഴ്‌പ്പെടുത്തിയതിന്റെ പെരുമ അയാള്‍ക്കുണ്ട്. ഒരിക്കല്‍ സ്ഥലത്തെ പ്രധാന പോക്കിരിയായ മലായി കുഞ്ഞോമ്മദിനെ തല്ലിത്തോൽപിച്ചതിന്റെ പൊന്‍തൂവലും പരിസരത്തെ പോക്കിരിമാര്‍ അയാള്‍ക്ക് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ആ ബലത്തിലാണ് ഇപ്പോഴയാളുടെ ജീവിതം.
എത്ര പോക്കിരിയാണെങ്കിലും തള്ളയെ പുലയാട്ട് വിളിച്ചവനെ വെറുെത വിടുന്നത് സ്വന്തം തള്ളയോട് കാണിക്കുന്ന നന്ദികേടാണ്. എന്തുവന്നാലും പകരം ചോദിക്കണം. അതിനിടയില്‍ ചത്താലും അത് അഭിമാനമാണ്. തന്റെ വാപ്പയില്‍നിന്ന് ഓര്‍ക്കാപ്പുറത്ത് തന്നിലേക്ക് വന്നുചേര്‍ന്ന ഇരട്ടക്കുഴല്‍ തോക്ക് ഈ ദൗത്യനിർവഹണത്തിന് തന്നില്‍ എത്തിയതാവാം. നാളിതുവരെ പക്ഷികളെയും ചെറിയ ജീവികളെയും മാത്രം വെടിവെച്ചിരുന്ന തോക്കിന് അതിന്റെ ജന്മദൗത്യം നിറവേറ്റാനുള്ള സമയം വന്നിരിക്കുകയാണ്. അവന്റെ അന്ത്യം തന്റെ കൈകൊണ്ടാവട്ടെ. അതിന് നിയമംതന്നെ ശിക്ഷിച്ചാലും പേടിയില്ല. സന്തോഷത്തോടെ അഴിക്കുള്ളില്‍ പോകും. തൂക്കുകയറെങ്കില്‍ തൂക്കുകയര്‍ ചിരിച്ചുകൊണ്ട് ഏറ്റുവാങ്ങും. തന്റെ പ്രിയപ്പെട്ട ഉമ്മയുടെ അഭിമാനം സംരക്ഷിക്കാന്‍ ഏതറ്റംവരെ പോകാനും മൂസയുടെ മനസ്സ് തുടിച്ചു.
അടുത്തൊന്നും ഒരാളെ വെടിവെച്ച് കൊന്നുവെന്ന സംഭവം ആ പ്രദേശത്തുകാര്‍ കേട്ടിട്ടില്ല. ഇതിപ്പോള്‍ ആദ്യമായി ജൂതന്‍കുന്നുകാര്‍ അത് കേള്‍ക്കാന്‍ പോകുകയാണ്. എരിയുന്ന സങ്കീര്‍ണമായ മനസ്സോടെ മൂസ കയറ്റു കമ്പനിയില്‍ ഉരുകിക്കൊണ്ടിരുന്നു. തേക്കില്‍ പണിത ചാരുകസേരയില്‍ കിടന്ന് ഉമ്മറിനെ വകവരുത്തുന്നത് ഒരു ചലനച്ചിത്രമായി അയാള്‍ മെനഞ്ഞെടുത്തു. അന്തിച്ചുകപ്പ് പടരുന്ന നേരത്ത് പതിവുപോലെ മൂസ തോക്കില്‍ ഉണ്ടയിട്ട് ജീപ്പോടിച്ച് ജൂതന്‍കുന്നിലേക്ക് പോയി. കുറച്ചു ദിവസങ്ങളായി ഷാപ്പില്‍ എത്താതിരുന്ന അയാള്‍ കൂട്ടത്തിലെ ഒന്നാമനായി അന്ന് കയറിച്ചെന്നപ്പോള്‍ ചിന്താര്‍മണി ഓടിച്ചെന്ന് അയാളുടെ കയ്യില്‍ പിടിച്ച് സന്തോഷം അറിയിച്ചു. എന്നിട്ടയാള്‍ യാദൃച്ഛികമെന്നോണം അന്നാദ്യമായി ഷാപ്പിലേക്ക് കൊണ്ടുവന്ന മൂസയുടെ തോക്കിനെ ഒരു ഉള്‍ക്കിടിലത്തോടെ നോക്കി. അത് കണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ച് മൂസ ചിന്താര്‍മണിയുടെ തോളില്‍ കയ്യിട്ട് ലോഹ്യം പറഞ്ഞ് ഒരു െബഞ്ചില്‍ വന്നിരുന്നു.
സാധാരണ കുടിക്കുമ്പോള്‍ മാത്രം വലിക്കാറുള്ള ചാര്‍മിനാര്‍ സിഗററ്റിന്റെ കൂട് പോക്കറ്റില്‍നിന്നെടുത്ത് ഒന്ന് സ്വന്തം ചുണ്ടിലും മറ്റൊന്ന് ചിന്താര്‍മണിയുടെ ചുണ്ടിലും ചേര്‍ത്തു. അത് കണ്ട് ഷാപ്പില്‍ കുടിച്ചുകൊണ്ടിരുന്ന അറുമുഖം ചെട്ടിയാര്‍ ഓടിവന്ന് തന്റെ സിഗര്‍ലൈറ്ററെട്ത്ത് രണ്ട് സിഗററ്റുകള്‍ക്കും തീ പകര്‍ന്നു. ചാര്‍മിനാര്‍ പകുതിയാകുംമുമ്പ് നനഞ്ഞ ചീനപ്പടക്കം പൊട്ടുംപോലുള്ള യെസ്ഡിയുടെ പതിഞ്ഞ ശബ്ദം അകലെനിന്ന് ഒഴുകിവന്ന് താഴ്‌വാരത്ത് അസ്തമിച്ചു. അന്നേരം മേഞ്ഞുകൊണ്ടിരുന്ന ആടുകളെ ഒന്നിച്ചുകൂട്ടി പരീത് കുന്നിറഞ്ഞാന്‍ തുടങ്ങിയിരുന്നു. നിമിഷങ്ങള്‍ക്കകം വൈദ്യര്‍ മുകളിലേക്ക് കയറിവന്നു. അയാള്‍ മൂസയെ കണ്ടപ്പോള്‍ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. അപ്പോഴേക്കും പുളു ഭാസ്‌കരനും വര്‍ഗീസ് ചീരനും ഒന്നിനുപിറകെ ഒന്നായി വന്നുചേര്‍ന്നു.
അവരും മൂസയെ കണ്ടതിലുള്ള സന്തോഷം പങ്കുെവച്ചു. അപ്പോഴേക്കും രഘുരാമപ്പണിക്കരും ഒടുക്കം ഉമ്മറും ഷാപ്പിലെത്തി. മൂസയെ കണ്ടതും ഉമ്മര്‍ അയാളെ പരിഹസിക്കും മട്ടില്‍ ഒന്ന് പൊട്ടിച്ചിരിച്ചു. എന്നിട്ടയാളെന്തോ പറയാന്‍ തുടങ്ങിയതും ചെവിതുളക്കുന്ന വെടിയൊച്ച മുഴങ്ങിയതും ഒരുമിച്ചായിരുന്നു. ഉമ്മറിന്റെ ഇടതുനെഞ്ചില്‍ ഹൃദയം തുളച്ച് പാഞ്ഞുകയറിയ വെടിയുണ്ട മറുപുറം തുളച്ച് ഏറുമാടം കെട്ടിയ കയറിന് തീപടര്‍ത്തി. അടുത്ത നിമിഷം ഷാപ്പിലുള്ള മുഴുവന്‍ പേരും സ്തംഭിച്ചുനില്‍ക്കെ ഉമ്മര്‍ തണ്ടൊടിഞ്ഞ വള്ളിച്ചെടിപോലെ കുഴഞ്ഞ് നിലംപൊത്തി. അന്നേരം അയാളെന്തൊ പറയാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് ജീവന്റെ പിടച്ചിലില്‍ ചിതറിപ്പോയി. കൃത്യം കഴിഞ്ഞ മൂസ തോക്കും നിലത്തൂന്നി െബഞ്ചില്‍ ഒന്നും സംഭവിക്കാത്തതുപോലെ നിരവികാരനായി ഇരുന്നു.
അന്നേരം ആരോ അയാളുടെ ചുമലില്‍ കൈെവച്ച് മൂസേ... എന്നുവിളിച്ചു. പെട്ടെന്ന് മൂസ തിരിഞ്ഞുനോക്കി. തൊഴിലാളികളൊരൊന്നായ് കമ്പനിയില്‍നിന്ന് ജോലി കഴിഞ്ഞിറങ്ങുന്ന സമയമായിരുന്നു. അവസാനം അയാളുടെ കൗമാരത്തിലെ കൂട്ടുകാരില്‍ ഒരാളായ ചിദംബരനായിരുന്നു അരികില്‍. അയാള്‍ നിശ്ശബ്ദനായി അയാളെ തുറിച്ചുനോക്കി. അടുത്ത നിമിഷം താന്‍ കമ്പനിയിലാണെന്നും നടന്നതെല്ലാം ചിന്തകളായിരുന്നെന്നും അയാള്‍ തിരിച്ചറിഞ്ഞു. അയാളിലെ പ്രസരിപ്പും സന്തോഷവും കൂസലില്ലായ്മയും എങ്ങോ പോയി ഒളിച്ചതുപോലെ ചിദംബരന് തോന്നിയെങ്കിലും അയാള്‍ ഒന്നും പറയാതെ പുറത്തിറങ്ങിപ്പോയി.
എന്തുചെയ്യണമെന്ന് ഒരു എത്തും പിടിയുമില്ലാതെ മൂസ കമ്പനിയില്‍തന്നെ ഇരുന്നു. നേരം ഇരുട്ടാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ കേശവന്‍ ധൃതിയില്‍ കയറിവന്നു. അവിചാരിതമായി അയാളെ കണ്ട് മൂസ ഒന്ന് ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. എന്തിനാണ് ഒളിച്ചിരിക്കുന്നതെന്ന് കേശവന്‍ ചോദിച്ചതിന് വ്യക്തമായ ഒരു മറുപടി മൂസക്കുണ്ടായില്ല. പേടിച്ചിട്ടാണോ താന്‍ ഷാപ്പില്‍ പോകാത്തതെന്ന് മൂസ ഒരു സ്വയം വിമര്‍ശനത്തിന് ശ്രമിച്ചെങ്കിലും അതിന്റെ കണ്ണി മുറിച്ച് കേശവന്‍ അയാളോട് പിന്നെയും സംസാരിച്ചുകൊണ്ടിരുന്നു. ഉമ്മറിനോട് പകരംവീട്ടണമെന്ന് കേശവനും എരിതീയില്‍ എണ്ണ പകര്‍ന്നു. ഉമ്മറിന്റെ ഒരു ദിവസത്തെ നീക്കങ്ങളും ചലനങ്ങളും സൂക്ഷ്മമായി കേശവന്‍ വിശദീകരിച്ചു.
ഉമ്മറിനെ അടിക്കാനുള്ള പദ്ധതി തയാറാക്കാന്‍ കേശവന്‍ നിർദേശങ്ങള്‍ മുന്നോട്ടുെവച്ചു. കാലത്ത് നാലര മണിക്ക് എഴുന്നേല്‍ക്കുന്ന ഉമ്മര്‍ വെളിക്കിരിക്കാന്‍ വീടിന്റെ പടിഞ്ഞാറ് വശത്തെ പൊട്ടക്കുളത്തിന്റെ മണ്ടയിലേക്ക് നീങ്ങും. അതൊരു നല്ല അവസരമാണ്. നേരം വെളുക്കാത്തതിനാല്‍ ആരും ഉണര്‍ന്നുകാണില്ല. സ്ഥലം വിജനമായിരിക്കും. ഉമ്മര്‍ തീരെ പ്രതീക്ഷിക്കാത്ത സമയവും സ്ഥലവുമാകയാല്‍ പ്രതിരോധം കുറവായിരിക്കും. തൂറാനിരിക്കുമ്പോള്‍ പിന്നിലൂടെ പതുങ്ങിച്ചെന്ന് തലക്കടിക്കാം. തലക്ക് കിട്ടിയാല്‍ ഇനി മരിച്ചില്ലെങ്കിലും ആജീവനാന്തം തളര്‍ന്നുകിടക്കും. പിന്നെ അവന്റെ ശല്യമുണ്ടാവില്ല.
ഇത് പ്ലാന്‍ എ. ഇനി പ്ലാന്‍ ബി. അയാള്‍ തൂറിക്കഴിഞ്ഞാല്‍ വീടിന്റെ ഇറയത്ത് തൂക്കിയിട്ടിരിക്കുന്ന പാളയില്‍നിന്ന് ഉമിക്കരിയെടുത്ത് പല്ലുതേച്ചുകൊണ്ടുതന്നെ പള്ളിക്കുളത്തിലേക്ക് പോകും. അപ്പോഴും സുബ്ഹ് ബാങ്ക് വിളിച്ച് കാണില്ല. അതുകൊണ്ട് പള്ളിയിലേക്ക് ആളുകള്‍ വന്നുകാണില്ല. കുളത്തിലിറങ്ങുമ്പോള്‍ കുളിക്കാനാണെന്ന വ്യാജേന ഒപ്പമിറങ്ങി കുളത്തില്‍ മുക്കിക്കൊല്ലാം. അല്ലെങ്കില്‍ വെള്ളത്തില്‍ െവച്ച് തലക്കടിക്കാം. മുക്കിക്കൊല്ലുന്നതിനേക്കാള്‍ എളുപ്പം തലക്കടിയാണ്. ഇനി പ്ലാന്‍ സി തരാം. ഉമ്മര്‍ പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് തന്റെ പഴയ റാലി സൈക്കിളില്‍ അങ്ങാടിയിലേക്ക് പോകും. അപ്പോള്‍ നേരം പരപരാ വെളുക്കുന്നതേ ഉണ്ടാവുള്ളൂ. അന്നേരം പള്ളിസ്‌കൂളിന്റെ വളവിലെ കശുമാവിന്റെ കൊമ്പത്ത് കയ്യില്‍ ഒരു മഴുത്താഴുമായി കയറിയിരിക്കണം.
വളവ് തിരിഞ്ഞ് അയാളുടെ സൈക്കിള്‍ കശുമാവിന്‍ കൊമ്പിന്റെ ചുവട്ടിലെത്തുമ്പോള്‍ നെറ്കന്തലക്ക് ഒരൊറ്റ അടി. അടുത്ത നിമിഷം ചാടി ഓടിക്കോളണം. ഇതും മതിയാവില്ലെങ്കില്‍ പ്ലാന്‍ ഡി. ‘‘നിര്‍ത്തെടാ... അന്റെ ഒലക്കമ്മലെ ഒരു പ്ലാന്‍...’’ മൂസ ഒട്ടൊരു അലോസരതയോടെ കേശവനോട് പറഞ്ഞു. ‘‘അണക്ക് വേണങ്ങെ മതി... നിക്കെന്താ.... അന്റെ ഉമ്മ.... അന്റെ ഉമ്മറ്... പഷെ...ഇന്നോടാണ് ആ നായിന്റെ മോന്‍ പറഞ്ഞെങ്ങെ... അവന്റെ കവുത്ത് ഞാനറത്തേനും...’’ കേശവന്‍ വിട്ടുകൊടുത്തില്ല. എന്നിട്ടും മൂസയില്‍ ഉറഞ്ഞ മൗനം കണ്ട് മെല്ലെ എഴുന്നേറ്റു, ‘‘ഞാമ്പുവ്വാ... അണക്ക് വല്ലതും വേണങ്ങെ പറ.’’ അത്രയും പറഞ്ഞ് കേശവന്‍ നേര്‍ത്ത ഇരുട്ടില്‍ ഒരു നിഴലായി അലിഞ്ഞു. മനസ്സിലുയരുന്ന നൂറ് നൂറ് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ കിളിപോയ മട്ടില്‍ മൂസ പിന്നെയും അതേ ഇരിപ്പ് തുടര്‍ന്നു.
മൂസ ഷാപ്പില്‍ നാലുദിവസമായി കടന്നുനോക്കാത്തതില്‍ ഉമ്മറൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് വലിയ അസ്വസ്ഥത ഉണ്ടായിരുന്നു. അതവര്‍ പല മട്ടില്‍ സദസ്സില്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും ഉമ്മറിനു മാത്രം ഒരു കുലുക്കവുമുണ്ടായില്ല. അയാള്‍ അസാധാരണമായതൊന്നും നടന്നിട്ടില്ലെന്ന മട്ടില്‍ പെരുമാറി. ഒരു നല്ല ചങ്ങാതിയായി കണ്ടാണ് ഭാസ്‌കരനും വര്‍ഗീസും മൂസയെ ചെന്ന് കാണുകയും അയാളുടെ പിരിമുറുക്കം കുറക്കാന്‍ ചില വഴികള്‍ ആലോചിച്ചതും. മൂസ അതിനോട് വിരുദ്ധമായി അഭിപ്രായം പറഞ്ഞതില്‍ അവര്‍ തെറ്റ് കാണുന്നില്ല. അയാള്‍ക്കു പകരം തങ്ങളാണെങ്കിലും അതുതന്നെ സംഭവിക്കും.
അധിക്ഷേപമേറ്റാല്‍ വലിയ പൊള്ളലുണ്ടാക്കും. അതിനോട് പ്രതികരിക്കാന്‍ തോന്നും. അതിലപ്പുറം മൂസയും ഒന്നും ചെയ്തിട്ടില്ല. തെറ്റ് ചെയ്തത് ഉമ്മറാണ്. ഒന്ന് ക്ഷമചോദിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. ദുരഭിമാനമോ അഹന്തയോ കാരണം അയാളതിന് തയ്യാറല്ല. പ്രശ്‌നം നീണ്ടുപോകുന്തോറും ബന്ധങ്ങള്‍ കൂടുതല്‍ വഷളാകും. അതിനുമുമ്പ് ഒന്നു തീര്‍ന്നുകിട്ടണം. അന്ന് ഓഫീസ് ഒഴിവായതിനാല്‍ പുലര്‍ച്ചെതന്നെ രഘുരാമപ്പണിക്കര്‍ മൂസയുടെ വീട്ടിലെത്തി. മൂസ പ്രഭാതകൃത്യങ്ങള്‍പോലും ചെയ്തിരുന്നില്ല. രഘുരാമപ്പണിക്കര്‍ നിയമപരമായി എന്ത് ചെയ്യാനാകുമെന്നതിനെപ്പറ്റി ചിലതെല്ലാം സൂചിപ്പിച്ചു.
തന്റെ വക്കീല്‍ രാമസ്വാമി അയ്യരുടെ മുഴുവന്‍ സഹായവും നേടിയെടുക്കാന്‍ വേണ്ടത് ചെയ്യാമെന്നും വാഗ്ദാനം ചെയ്തു. വ്യക്തികളെ അധിക്ഷേപിച്ച് സംസാരിച്ചാല്‍ മാനനഷ്ടത്തിന് വകുപ്പുണ്ടെന്നും അത്തരമൊരു കേസ് വന്നാല്‍ അതിനെ നേരിടാനുള്ള കോപ്പൊന്നും ഉമ്മറിനില്ലെന്നും അതുകൊണ്ട് അയാള്‍ വന്ന് മാപ്പ് പറയുമെന്നും പണിക്കര്‍ ആനുഷംഗികമായി സൂചിപ്പിച്ചു. അതല്ലെങ്കില്‍ ശാരീരികമായി ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും ആസൂത്രിതമായിതന്നെ കൊലപ്പെടുത്തി തന്റെ സ്വത്തുവഹകള്‍ കൈവശപ്പെടുത്താനുള്ള ദുരുദ്ദേശ്യം പ്രതിക്ക് ഉണ്ടായിരുന്നെന്നും ആയതിനാല്‍ തന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോടതി ഇടെപടണമെന്നും മറ്റും ഒരു സ്യൂട്ട് ഫയല്‍ ചെയ്യാം.
ആ കേസില്‍ ഉറപ്പായും മജിസ്രേട്ട് അയാളെ റിമാന്‍ഡ് ചെയ്യും. ചുരുങ്ങിയത് രണ്ടാഴ്ചക്കാലം അഴിയെണ്ണും. അത് കഴിയുമ്പോഴേക്കും അയാളെ തുറന്നുവിട്ടാല്‍ നമ്മുടെ ജീവന്‍ അപകടത്തിലാവുമെന്ന് കാണിച്ച് മറ്റൊരു അന്യായം കൊടുത്ത് ജാമ്യം റദ്ദാക്കാനും പറ്റും. ‘‘എന്തേ... പോരെ...’’ അയാള്‍ ആവേശത്തോടെ പറഞ്ഞു നിര്‍ത്തി. ‘‘മതി... മതി... ഇതൊരുമ്മിണ്യായി... ഇത്രക്ക് വേണാ പണിക്കരെ...’’ സൗമ്യത കൈവിടാതെ മൂസ പറഞ്ഞുനിര്‍ത്തിയപ്പോള്‍ പണിക്കര്‍ക്ക് മൂസയുടെ മനസ്സിലെ കള്ളി മനസ്സിലായില്ല.
‘‘മ്മക്കൊരു കാര്യം ചെയ്യാം,’’ മൂസ പറഞ്ഞു, ‘‘ഞാന്‍ ആ അറാം പെറന്ന പന്നീനെ വെടിവച്ച് കൊല്ലും. കൊലക്കുറ്റത്തീന്ന് അന്റെ രാമസ്വാമി അയ്യര് ഇന്നെ രക്ഷപ്പടുത്ത്വോ... അന്റെ വാക്ക് ഞാന്‍ വെലക്ക്ട്ക്കാ... പറ്റ്വോ.’’ അതു കേട്ട് പണിക്കര് അൽപനേരം വായും പൊളിച്ചിരുന്നു. പിന്നെ കമാന്ന് മിണ്ടാതെ സ്വിച്ചിട്ടതുപോലെ പെെട്ടന്ന് എഴുന്നേറ്റ് ധൃതിയില്‍ യാത്രപോലും പറയാതെ ഇറങ്ങുമ്പോഴാണ് ഒരേറ് പോത്തുകളും കരിയും നുകവുമായി കുമാരന്‍ പാടംപൂട്ടാന്‍ പോകുന്നത് കണ്ടത്. പെട്ടെന്ന് തിരിഞ്ഞുനിന്ന് അയാള്‍ മൂസയോട് വലിയ ഗൗരവത്തില്‍ ഒരു ചോദ്യമിട്ടു. ‘‘ഇവടൊങ്ങളിലൊന്നും പൂട്ടാന്‍ ട്രാക്റ്ററ് വന്നട്ടില്ല... ലെ...’’ ഇല്ലെന്ന് മൂസ തലയാട്ടിയത് കാണാന്‍ കാക്കാതെ പണിക്കര് ശീഘ്രം നടന്നു.
അഞ്ചാം ദിവസം മൂസ തന്റെ പതിവുകളിലേക്ക് മടങ്ങി. അന്ന് ഉച്ചഭക്ഷണത്തിനുശേഷമുള്ള പൂച്ചയുറക്കം കഴിഞ്ഞ് അയാള്‍ തോക്കുമെടുത്ത് പുറത്തിറങ്ങി. അത് കണ്ട് ഉമ്മ പുറത്തുവന്ന് അയാളെ കുറച്ചുനേരം നോക്കിനിന്നതിനുശേഷം നാളെ ചോറുവെക്കാന്‍ അരിയില്ലെന്ന് വിളിച്ചുപറഞ്ഞു. ‘‘കുഞ്ചൂന്റെ അരിമില്ല്ന്ന് വേടിച്ചോ... മട്ടമത്യേ...’’ മൂസ അതുകേട്ട് തലയാട്ടി മുന്നോട്ടു പോയി. അന്നും അയാള്‍ വേട്ടയാടി നടന്ന് ഉല്ലസിച്ചു. പതിവിന് വിപരീതമായി കാളാനിക്കെട്ടില്‍ വരമ്പ് മുറിച്ച് കടക്കാന്‍ തുനിഞ്ഞ കുറേ കരിപ്പിടികളെ അയാള്‍ വെള്ളത്തിലിറങ്ങി പിടിച്ചു. അതൊരു ഈര്‍ക്കിലയില്‍ ഒരു കോര്‍മ്പ കുത്തി അതും കൈവിടാതെ സന്ധ്യക്ക് എല്ലാവരെയും അത്ഭുതെപ്പടുത്തി ഷാപ്പിലെത്തി.
അയാളെത്തുമ്പോള്‍ കൂട്ടുകാരാരും എത്തിയിട്ടില്ലാത്തതിനാല്‍ ഷാപ്പിന്റെ മൂലയില്‍ തന്റെ തോക്കും ചാരിെവച്ച് ഒരു കുപ്പി ചാരായത്തിന് കല്‍പന കൊടുത്തു. കൂട്ടാന്‍വെപ്പുകാരന്‍ അതിനുമുമ്പെ മൂസയുടെ വേട്ടപണ്ടാരങ്ങളെല്ലാം വില പറഞ്ഞ് വാങ്ങിക്കഴിഞ്ഞിരുന്നു. അയാള്‍ കുടിതുടങ്ങി ഏറെനേരം കഴിഞ്ഞാണ് മറ്റ് കൂട്ടാളികളോരോരുരത്തരായി ഷാപ്പിലെത്തുന്നത്. വന്നവരൊക്കെ മൂസ എന്തെ ഏറുമാടത്തില്‍ കയറാതെ ഷാപ്പില്‍തന്നെ ഇരുന്നതെന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. അതിനൊന്നും മൂസ മറുപടി പറഞ്ഞില്ല. പക്ഷേ, അയാള്‍ പതിവിലും ഉല്ലാസത്തിലും ഉന്മേഷത്തിലുമായിരുന്നു എന്നത് മറ്റുള്ളവര്‍ക്ക് അസാധാരണമായി തോന്നി. എന്തെങ്കിലും അഹിതമായി സംഭവിക്കുമോ എന്നവര്‍ പരസ്പരം കുശുകുശുത്തു.
എന്നും തോക്ക് കേശവന്റെ കടയില്‍ സൂക്ഷിക്കുന്ന ആള്‍ ഇന്നുമാത്രമെന്തെ തോക്കുമായി ഷാപ്പില്‍ വന്നു എന്ന ഉത്തരമില്ലാത്ത ചോദ്യം അവിടമാകെ അലഞ്ഞുനടന്നു. അവസാനമാണ് ഉമ്മറെത്തിയത്. അതോടെ എല്ലാവരും ഏറുമാടം കയറി, മൂസയൊഴിച്ച്. അപ്പോഴും കുടിച്ചുകൊണ്ടിരുന്ന മൂസയെ എല്ലാവരും ഏറുമാടത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നെങ്കിലും അയാള്‍ വരാമെന്ന് മാത്രം മറുപടി നല്‍കി. രണ്ട് കുപ്പി ചാരായം അകത്ത് ചെന്നപ്പോള്‍ മൂസയില്‍ അസാധാരണമായൊരു ധൈര്യവും നിര്‍ഭയത്വവും നിറഞ്ഞു. അയാള്‍ മെല്ലെ തന്റെ റേഡിയോ ഓണ്‍ ചെയ്തു. അന്നേരം ശ്രീലങ്കന്‍ പ്രക്ഷേപണ നിലയം അതിന്റെ തമിഴ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ‘തമിഴ് മലര്‍’ പരിപാടിയുടെ പ്രക്ഷേപണം ആരംഭിക്കുകയായിരുന്നു.
റേഡിയോയില്‍നിന്ന് എം.ജി.ആറിന്റെ ‘അടിമൈപ്പെണ്‍’ എന്ന ചിത്രത്തിലെ ‘‘ആയിരം നിലവേ വാ...‘’ എന്നു തുടങ്ങുന്ന ഗാനം ഒഴുകിവന്നു. അത് കേള്‍ക്കാന്‍ തുടങ്ങിയതോടെ തനിക്കേറ്റവും ഇഷ്ടപ്പട്ട നടന്‍ എം.ജി.ആറിന്റെ ഹീറോയിസം അയാളില്‍ ഒരു ലഹരിയായി നിറയാന്‍ തുടങ്ങി. പട്ടണത്തിലെ സിനിമാ കൊട്ടകയില്‍ പോയി എം.ജി.ആറിന്റെ ‘അടിമൈപ്പെണ്‍’ ആറു പ്രാവശ്യം കണ്ടതാണ്. ക്രൂരനായ വില്ലന്‍ അശോകനെ കനത്ത ഇടിനല്‍കി നിലം പരിശാക്കുന്നത് കണ്ട് ആര്‍ത്ത് വിളിച്ചിട്ടുള്ളതാണ്. ജയലളിത-എം.ജി.ആര്‍ ജോടികളുടെ തകര്‍പ്പന്‍ പ്രേമ രംഗങ്ങള്‍ കണ്ട് കോരിത്തരിച്ചതാണ്. താന്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് എം.ജി.ആര്‍ സിനിമകളാണെന്ന ഓര്‍മ അയാളെ വിജൃംഭിതനാക്കി. അയാളില്‍ എം.ജി.ആര്‍ അഴിച്ചുകളയാനാവാത്ത ഒരു ലഹരിയായി ചുറ്റിപ്പടര്‍ന്നു.
അശോകനെ തറപറ്റിച്ച എം.ജി.ആറിന്റെ പ്രേതം തന്നില്‍ മെല്ലെ ആവേശിക്കുന്നത് അയാള്‍ സ്വയമറിഞ്ഞു. മൂസ താനിരുന്നിടത്തുനിന്ന് വളരെ സാവധാനം എഴുന്നേറ്റ് തോക്കുമായി ഏറുമാടത്തിന്റെ കോണികള്‍ കയറി. അയാളുടെ സന്തോഷത്തോടെയുള്ള വരവ് കൂട്ടുകാരിലും സന്തോഷം നിറച്ചു. മൂസ മുകളിലെത്തിയതും തനിക്ക് പിന്തിരിഞ്ഞിരിക്കുന്ന ഉമ്മറിന്റെ മുന്നില്‍ച്ചെന്ന് പെെട്ടന്ന് അയാള്‍ക്കു നേരെ തോക്കു ചൂണ്ടി. അത് കണ്ട് ഉമ്മര്‍ ഭയത്തോടെ ചാടി എഴുന്നേറ്റപ്പോള്‍ ‘‘അനങ്ങര്ത് ഹമ്‌ക്കെ അനങ്ങ്യാ അന്നെ കൊന്ന് കളയും’’ എന്ന് എം.ജി.ആറിനെപ്പോലെ മൂസ ആക്രോശിച്ചു.
അത് കേട്ട് ഉമ്മര്‍ പേടിച്ച് ഒരു മൂലയിലേക്ക് ഒതുങ്ങാന്‍ ശ്രമിച്ചു. അതിനിടയില്‍ വൈദ്യരുൾപ്പെടെ മറ്റുള്ളവരെല്ലാം മൂസയുടെ ചുറ്റിലും നിന്ന് അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ആ താപ്പില്‍ ഉമ്മര്‍ പെട്ടെന്ന് തോക്കില്‍ പിടികൂടി. മൂസയില്‍നിന്ന് തോക്ക് കൈക്കലാക്കാന്‍ ആ സമയം എല്ലാവരുംകൂടി തോക്കില്‍ ബലമായി പിടികൂടി. പിന്നെ തോക്ക് കൈക്കലാക്കാനുള്ള അനിയന്ത്രിതമായ ഒരു പിടിവലിയാണ് അവിടെ നടന്നത്. അതിനിടയില്‍ നിസ്സഹായനായ മൂസയെ സഹായിക്കാന്‍ പെട്ടെന്ന് എം.ജി.ആര്‍ പ്രത്യക്ഷപ്പെട്ടത് മൂസയൊഴിച്ച് മറ്റാരും കണ്ടില്ല. എം.ജി.ആര്‍ മൂസയില്‍നിന്ന് തോക്ക് വാങ്ങിയതിനുശേഷം തന്റെ സ്വതഃസിദ്ധമായ സ്റ്റൈലില്‍ ‘‘ഞാന്‍ ആണയിട്ടാല്‍’’ എന്ന പാട്ടിന്റെ ട്യൂണില്‍ ഒന്ന് ചുളമടിച്ചുകൊണ്ട് കാലുയര്‍ത്തി ഉമ്മറിന്റെ നെഞ്ചിന് നേരെ ഒരു തൊഴി. ഉമ്മര്‍ വായുവില്‍ മൂന്നു നാലടി പൊങ്ങി ഒരു ബലൂണ്‍പോലെ അന്തരീക്ഷത്തില്‍ ഒരു നിമിഷം ചാഞ്ചാടിയതിനുശേഷം മൂസയുടെ കാല്‍ക്കല്‍ വന്നുവീണു. എന്താണ് സംഭവിച്ചതെന്ന് മൂസക്കല്ലാതെ മറ്റാര്‍ക്കും മനസ്സിലായില്ല.
വീഴ്ചയില്‍ വാരിയെല്ല് നുറുങ്ങിയ ഉമ്മര്‍ എഴുന്നേല്‍ക്കാനാകാതെ ലോറിക്കടിപെട്ട പട്ടിപോലെ കിടന്ന് മോങ്ങി. അപ്പോള്‍ എം.ജി.ആര്‍ മൂസയെ നോക്കി ഒന്ന് കണ്ണടിച്ചു. അത് കണ്ട് മൂസക്ക് ചെറിയ തോതില്‍ നാണംവന്നെങ്കിലും അത് പുറത്തുകണ്ട് സന്ദര്‍ഭത്തിന്റെ തീവ്രത കുറയാതിരിക്കാന്‍ അയാള്‍ എം.ജി.ആറിനു നേരെ സല്യൂട്ടടിച്ചു. അടുത്ത നിമിഷം ഉമ്മറിന്റെ ചങ്കിന് നേരെ തോക്കുചൂണ്ടി എം.ജി.ആര്‍ കാഞ്ചിവലിച്ചു. വലിയൊരു ശബ്ദത്തോടെ വെടിപൊട്ടിയതും ഉമ്മറിന്റെ നെഞ്ച് പിളര്‍ന്ന് ചോര ചീറ്റിച്ചാടി.
അന്നേരം ഒരു ഞെരക്കത്തോടെ അയാളെന്തോ പറയാന്‍ ശ്രമിച്ചെങ്കിലും അതാര്‍ക്കും വ്യക്തമായില്ല. അപ്പോള്‍ തോക്കിന്‍കുഴലില്‍നിന്ന് ഉയര്‍ന്ന പുകയില്‍ ഒരു മയില്‍ രൂപം തെളിയുകയും അത് ഏറുമാടത്തിന്റെ മേല്‍ക്കൂരയിലിരുന്ന് പീലിവിടര്‍ത്തി ആടുകയും ചെയ്തത് എല്ലാവരിലും അത്ഭുതമുണര്‍ത്തി. അടുത്ത നിമിഷം തോക്ക് മൂസക്ക് കൈമാറി ചിരിച്ചുകൊണ്ട് സ്ലോമോഷനില്‍ കുന്നിറങ്ങുന്ന എം.ജി.ആറിനരികില്‍ മണ്ണില്‍നിന്ന് പൊടുന്നനെ മുളച്ചുപൊങ്ങിയപോലെ പ്രത്യക്ഷപ്പെട്ട ജയലളിത അദ്ദേഹത്തിന്റെ വിരലില്‍ പിടിച്ച് കുന്നിറങ്ങുന്നത് അന്ധാളിപ്പോടെ മൂസ നോക്കിനിന്നു. അടുത്ത നിമിഷം മൂസയെ ഒന്ന് തിരിഞ്ഞ് നോക്കിയ ജയലളിത അയാള്‍ക്ക് നേരെ പതുക്കെ കൈ വീശി. ആ നിമിഷം ആട്ടം നിര്‍ത്തിയ മയില്‍ തന്റെ ഭാരിച്ച ചിറകുകള്‍ കുടഞ്ഞു വീശി ആകാശനീലിമയില്‍ അലിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.