L എന്ന ബോർഡ് െവച്ച് സഞ്ചരിക്കുന്ന മനുഷ്യർ
‘‘എപ്പോഴും ഒരു സഹായി കൂടെവേണം എന്ന ചിന്താഗതിയാണ് കുടുംബം എന്നതിന്റെ നിർവചനം. ഒറ്റയ്ക്ക് ജീവിക്കാൻ ആവുമെങ്കിൽ അതാ നല്ലത്. പിന്നെ, സെക്സ്. അത് സപ്രസ്ചെയ്യാൻ ശീലിച്ചാ മതി.’’ഫാദർ മൈക്കിൾ പറഞ്ഞ പലതും സോണി ഓർത്തെടുക്കുന്നത് യാത്രകളിലാണ്. പുലർകാലത്ത് തുടങ്ങുന്ന യാത്രകൾ മിക്കവാറും അവസാനിക്കുന്നത് ഉച്ചക്കായിരിക്കും. അസ്തമയത്തോടെ എയർപോർട്ട് വീണ്ടും സജീവമാകും. ഫാദർ മൈക്കിൾ വെഞ്ചരിച്ച ഒരു കൊന്ത കാറിന്റെ കണ്ണാടിക്ക് മുന്നിൽ ധൂപക്കുറ്റി...
‘‘എപ്പോഴും ഒരു സഹായി കൂടെവേണം എന്ന ചിന്താഗതിയാണ് കുടുംബം എന്നതിന്റെ നിർവചനം. ഒറ്റയ്ക്ക് ജീവിക്കാൻ ആവുമെങ്കിൽ അതാ നല്ലത്. പിന്നെ, സെക്സ്. അത് സപ്രസ്ചെയ്യാൻ ശീലിച്ചാ മതി.’’
ഫാദർ മൈക്കിൾ പറഞ്ഞ പലതും സോണി ഓർത്തെടുക്കുന്നത് യാത്രകളിലാണ്. പുലർകാലത്ത് തുടങ്ങുന്ന യാത്രകൾ മിക്കവാറും അവസാനിക്കുന്നത് ഉച്ചക്കായിരിക്കും. അസ്തമയത്തോടെ എയർപോർട്ട് വീണ്ടും സജീവമാകും. ഫാദർ മൈക്കിൾ വെഞ്ചരിച്ച ഒരു കൊന്ത കാറിന്റെ കണ്ണാടിക്ക് മുന്നിൽ ധൂപക്കുറ്റി വീശുംപോലെ തൂങ്ങിയാടുന്നുണ്ട്. ആട്ടത്തിന് ആയം കൊടുക്കുന്നത് അതിൽ തൂങ്ങിക്കിടക്കുന്ന വെള്ളിനിറമുള്ള കുരിശാണ്.
വണ്ടിയുടെ നമ്പർ പ്ലേറ്റ് മഞ്ഞയിൽ കറുത്ത നിറത്തിലുള്ള അക്ഷരങ്ങളിലേക്കു മാറി. മുന്നിലും പിന്നിലും ഉണ്ടായിരുന്ന L എന്ന പഴുത്ത കപ്പൽമുളകിന്റെ നിറമുള്ള സ്റ്റിക്കർ ഇളക്കിമാറ്റി. അത് പറ്റിപ്പിടിച്ചിരുന്ന ചില്ലിലെ പശയെ വെളിച്ചെണ്ണ പുരട്ടി തുരത്തി. എന്തിനാണ് അത് വെച്ച് ഓടിക്കുന്നതെന്നതിന് ഫാദർ പറഞ്ഞ ഉത്തരം ഓർക്കുമ്പോൾ ചിരിവരും.
‘‘ഓട്ടംപഠിക്കുന്നവന്റെ വണ്ടീൽ ആരും കയറില്ല. നമ്മുടെ ബോർഡ് കാണുമ്പോൾ എതിരേ വരുന്നവർ സൂക്ഷിക്കും.’’ എന്തു പറഞ്ഞാലും പറഞ്ഞതിന്റെ ചൂടാറുംമുമ്പേ പുഞ്ചിരിക്കും ഫാദർ.
യൂബർ ഓടിച്ചുതുടങ്ങിയപ്പോൾ ജീവിക്കാനുള്ള കൊതിക്കും വേഗതയേറി. ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത കുറഞ്ഞുവന്നു. പണ്ട് വണ്ടിയോടിച്ചിരുന്നപ്പോൾ മരിക്കാനുള്ള കൊതിയായിരുന്നു തലച്ചോറിൽ നുരച്ചിരുന്നത്. ഇപ്പോൾ ഒന്നിനേക്കുറിച്ചും വേവലാതി ഇല്ലാതായി. ഒരു തരം മരവിപ്പ്.
ഫാദർ മൈക്കിൾ കിടപ്പായതിനുശേഷമാണ് അലമാരയിലിരുന്ന ഡയറികളിൽ ഒരെണ്ണം എടുത്ത് ഒരു കിറ്റിലാക്കി മുറിയിൽ കൊണ്ടുപോയി വെച്ചത്. ഫാദറിനെക്കുറിച്ച് ഓർക്കാൻ എന്തെങ്കിലുമൊക്കെ വേണമെന്നു കരുതി. കുറെയേറെ ഡയറികൾ കത്തിച്ചു കളയുന്നവയുടെ കൂട്ടത്തിൽ അതെങ്കിലും പെടാതിരിക്കട്ടെ എന്നു തോന്നി.
അന്ന് ടെർമിനൽ വാർഡിൽ ആരുമായും സംസർഗമില്ലാതെ കിടപ്പിലായിരുന്നു ഫാദർ. കാലും മുഖവും നീരുകെട്ടി വിങ്ങിയിരുന്നു. ഒരുപാട് വേദന കടിച്ചമർത്തുന്നുണ്ടെന്ന് മുഖത്തുനിന്ന് വായിച്ചെടുക്കാം. ധ്യാനകേന്ദ്രത്തിലെ മുറിയിൽ പനിച്ചു കിടക്കുന്ന ഫാദറിനെ നോക്കാനുള്ള ദൗത്യം ബൈസ്റ്റാൻഡറായ സോണിക്കായിരുന്നു.
പിന്നീട് ഫാദറിനെ മുറിയിലേക്ക് മാറ്റി. ആശുപത്രിയിൽ കിടക്കുമ്പോഴായിരുന്നു ഫാദറിന്റെ ജന്മദിനം. ആ ദിവസം സ്പെഷ്യൽ കുർബാനയോ കേക്ക്മുറിക്കലോ ഉണ്ടായിരുന്നില്ല. കോമയിൽക്കിടക്കുന്ന ഫാദറിന് അതേക്കുറിച്ച് അറിവുണ്ടെന്നും തോന്നിയില്ല. ജീവിച്ചിരിക്കുമ്പോഴേ വയസ്സിനെക്കുറിച്ചുള്ള ചിന്തയുണ്ടാവൂ. ഒരുപാട് വേദനകൾ ഉള്ളിലൊതുക്കിയ കവിയായിരുന്നു ഫാദർ മൈക്കിൾ എന്ന് സോണിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ടാവാം ഏതൊരാളുടെയും ഉള്ളുതുളച്ച് മനസ്സ് വായിക്കാൻ ഫാദറിന് കഴിയുമായിരുന്നത്.
ധ്യാന ഗുരുവായ ഫാദർ മൈക്കിളിന്റെ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന പ്രസംഗത്തിന് അറുതിയായത് ആദ്യത്തെ സ്േട്രാക്കോടെയാണ്. വാക്കുകൾക്കുവേണ്ടി തപ്പിത്തടയുന്ന അവസ്ഥ. മുറിയിൽ മാത്രമൊതുങ്ങിയ ഫാദറിന്റെ ൈഡ്രവറും ബൈസ്റ്റാൻഡറുമായി എത്തുമ്പോഴാണ് തന്റെ ദുഃഖങ്ങളൊക്കെ സുല്ലിടുമെന്ന് സോണി കരുതിയത്.
* * * *
വണ്ടിയോടിക്കുമ്പോൾ ഫാദറിനെക്കൊണ്ട് പഴയ കഥകളൊക്കെ പറയിപ്പിക്കും സോണി. വേഗംകുറച്ച് വണ്ടിയോടിക്കുന്നത് ഫാദറിന് ഇഷ്ടമല്ല. യൂട്യൂബിൽനിന്നും ചില പാട്ടുകൾ തിരഞ്ഞുപിടിച്ച് സേവ്ചെയ്ത് വെച്ചിട്ടുണ്ട് ഫാദർ. അതിലൊന്ന് ‘‘പവിഴം പോൽ...’’ എന്ന പാട്ടാണ്. ഒ.എൻ.വിയുടെ വരികളും ജോൺസന്റെ സംഗീതവും യേശുദാസിന്റെ ആലാപനവും ഒത്തുവന്ന ആ പാട്ട് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന പത്മരാജൻ ചിത്രത്തിലേതാണ്. ‘‘മാതളങ്ങൾ തളിർ ചൂടിയില്ലേ’’ എന്ന വരികൾ റീ അടിച്ച് ഒച്ചതാഴ്ത്തി ഫാദർ അതോടൊപ്പം ചേരും.
ആരെയാണ് ഫാദർ അതിൽ കണ്ടെടുക്കാൻ ശ്രമിക്കുന്നതെന്ന് ചികഞ്ഞെടുക്കാൻ ഒരുപാട് ശ്രമം നടത്തിനോക്കി. പൂച്ചക്കണ്ണുള്ള ശാരി എങ്ങനെയാണ് ഫാദറിന്റെ തിരച്ചിലിലെത്തുന്നത് എന്ന് ഒരു കുമ്പസാരത്തിലെ പാപം ഏറ്റുപറയുന്നതുപോലെ ആയിരുന്നു. പാട്ടുകഴിയുമ്പോൾ ശ്വാസംമുട്ടലോടെ ഫാദർ പറഞ്ഞു.
‘‘സോണിക്കറിയോ. ഓർമകൾക്ക് നിറം വയ്ക്കുന്നത് ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോഴാണ്.’’
ഒരു പെൺകുട്ടി ഫാദറിന്റെ ജീവിതത്തിൽ മിന്നിമറഞ്ഞത് ചോദിക്കാൻ മുതിർന്നില്ല. പക്ഷേ, ഇരിപ്പുറക്കാതെ സംശയനിവാരണത്തിനായി സോണി ചോദിച്ചു.
‘‘ഇങ്ങനെയൊരു പെൺകുട്ടിയെ കണ്ടുമുട്ടിയത് ഏത് പ്രായത്തിലാ?’’
വാശിക്കാരനായ ഫാദർ മൈക്കിളിന്റെ മറുപടി ഒരു ഉത്തരത്തിന് പകരമാകുന്നത് പ്രതീക്ഷിച്ച സോണിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഫാദർ മൊഴിഞ്ഞു.
‘‘പ്രീഡിഗ്രിക്ക് എന്നോടൊപ്പം ഉണ്ടായിരുന്നു. കാതറിൻ, ഒരുപാട് സ്നേഹമായിരുന്നു. പാടവരമ്പിലൂടെ ഒരുമിച്ച് നടന്നാ കോളേജിൽ പോയിരുന്നത്.’’
ആകാംക്ഷയോടെ ചോദിച്ചതിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ.
‘‘അന്നത് േപ്രമമാണെന്ന് അറിയില്ലായിരുന്നു. പിന്നീട് സെമിനാരിയിൽ ചേർന്നപ്പോൾ വെക്കേഷന് പള്ളിയിൽ വച്ച് കണ്ടപ്പോഴാണ് കാതറിൻ പറഞ്ഞത് അവൾ േപ്രമത്തിലാണ് ആ ബന്ധം തുടർന്നതെന്ന്.’’
ഫാദറിന്റെ കണ്ണുപെയ്ത് മാതളനിറമാർന്ന കവിൾ നനഞ്ഞു. വണ്ടിക്കുള്ളിലെ കോബാൾട്ട് നിറം മാറുന്നതും ഫാദറിന്റെ മുഖത്ത് ഇരുട്ട് വ്യാപിക്കുന്നതും കണ്ടു.
ഫാദറിന്റെ ഏറ്റവും ആഹ്ലാദകരമായ കാലം കഴിഞ്ഞുപോയത് ഗ്രാമത്തിലെ സ്കൂളിലും കോളേജിലുമാണ്. മരിക്കാൻ കാലത്ത് സ്വന്തം തറവാട്ടിൽ ചെന്നാൽ ബന്ധുക്കളാരുമില്ല. കാതറിനെക്കുറിച്ചുള്ള ഓർമ പുതുക്കാൻ ഇഷ്ടമായിരുന്നില്ല ഫാദറിന്.
* * * *
അറിയപ്പെടുന്ന കവിയായിരുന്ന ഫാദറിന്റെ മരണം മറ്റനേകം മരണങ്ങളെ ഓർമപ്പെടുത്തി. ഒറ്റപ്പെട്ടവരെക്കുറിച്ചും അവരുടെ മാനസികവ്യാപാരം തീർക്കുന്ന വേദനകളെക്കുറിച്ചും എഴുതിയ ഒരുപാട് പാട്ടുകൾ ഫാദറിന്റെ ഡയറിയിലുണ്ട്. അതൊന്നും ആരും പാടിയിട്ടില്ല. ആരുമതിന് സംഗീതം നൽകിയിട്ടുമില്ല. ഇനിയതിന്റെ ഗതി കത്തുന്ന ചപ്പുചവറുകൾക്കിടയിലാവും.
ഫാദർ മൈക്കിൾ ഉപയോഗിച്ചിരുന്ന വെള്ള സാൻേട്രാ കാർ സോണിയുടെ പേരിൽ ട്രാൻസ്ഫർ ചെയ്തുകൊടുത്തു. അതിന്റെ താക്കോൽ ഏൽപിക്കുമ്പോൾ ഫാദർ പറഞ്ഞു.
‘‘വണ്ടി നിനക്കാ. അച്ചനെ കൊണ്ടുനടന്ന വണ്ടി അന്നത്തിന് ഉപകരിക്കട്ടേ. ഇവിടെ ഓട്ടമുള്ളപ്പോൾ വിളിക്കാൻ ഏർപ്പാടാക്കാം.’’
ഫാദർ മൈക്കിൾ മരിച്ചുവെന്ന് വിശ്വസിക്കാൻ കഴിയാത്തത് മൃതദേഹം കാണാത്തതുകൊണ്ടാണെന്ന് സോണിക്കറിയാം. മരിച്ചവരെ കാണുമ്പോൾ ഒരുതരം വിഷാദം ചുറ്റിവരിയുന്നതുകൊണ്ട് മരണം നടന്ന വീടുകളിൽ പോവാറില്ല സോണി. ചരമക്കോളങ്ങൾ നോക്കുന്നതുപോലും ഉള്ളിൽ സങ്കടവിത്തുകൾ മുളപ്പിച്ചിരുന്നു. മരിച്ച ഫാദറിനെ കണ്ട് വേർപാട് സ്ഥിരീകരിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് പുഴയോരത്തെ സെമിനാരിയിലെ സെമിത്തേരിയിൽ അടക്കിന് പോയില്ല. ആരും കാണാതെ മുറിയിൽ കിടന്നുറങ്ങാൻ ശ്രമം നടത്തി. ആരും അന്വേഷിച്ച് വരില്ലെന്ന് അറിയാമെങ്കിലും, കണ്ണടച്ച് മയങ്ങാൻപോലും ആയില്ല.
മരണങ്ങളുടെ ഒരു നീണ്ട പട്ടിക സോണിയുടെ മൊബൈലിലെ നമ്പറുകളിൽനിന്നും കണ്ടെടുക്കാനാവും. ഫാദർ മൈക്കിൾ കൊടുത്ത സാംസങ്ങിന്റെ ഫോണാണിത്. വിദേശത്തുനിന്ന് വന്ന ആരോ സമ്മാനമായി കൊടുത്ത ഫോണിന്റെ കവർ നീട്ടുമ്പോൾ ഫാദർ പറഞ്ഞു.
‘‘മാങ്ങാണ്ടിപോലത്തെ ഫോൺ ഉപേക്ഷിച്ചേരേ. ഇതാ, ഇത് നിനക്ക് ഉപകരിക്കട്ടെ.’’
‘‘മാതളങ്ങൾ തളിർ ചൂടിയില്ലേ’’ എന്ന വരിയായിരുന്നു ഫാദറിന്റെയും സോണിയുടെയും റിങ്ടോൺ.
അമ്മയും അപ്പനും ജീവിച്ചിരുന്ന കാലത്ത് ഫോണോ നമ്പറോ ഉണ്ടായിരുന്നില്ല. നാട്ടിൽ സൂപ്പർമാർക്കറ്റ് വന്ന് അപ്പന്റെ പലചരക്ക് കട പൂട്ടിപ്പോയപ്പോൾ കുത്തുപാളയെടുത്ത വീട്ടിലെ നാലക്ക നമ്പർ വിച്ഛേദിച്ചുവെങ്കിലും ആ നമ്പർ സോണിയുടെ ഓർമയിൽ മിന്നിമറയുന്നുണ്ട്. കടംകയറി ബാങ്കുകാർ വീട് ജപ്തിചെയ്തപ്പോൾ ജീവിതം സ്വയം അവസാനിപ്പിച്ചത് െട്രയിനിന് കൊത്തിനുറുക്കാൻ നിന്നുകൊടുത്താണ്. പലപ്പോഴും രഹസ്യസ്വഭാവമുള്ള പാസ്വേഡുകളായി ആ നമ്പറാണ് ഉപയോഗിച്ചിരുന്നത്. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് ആ നമ്പർതന്നെ എ.ടി.എം പാസ് വേഡിലുമെത്തി. ചില തലവരകൾപോലെ, മായിച്ചാലും മായാത്തതായി ഒരു ലാൻഡ്ഫോൺ നമ്പർ.
ചേച്ചിമാർക്ക് ഫോൺനമ്പറില്ല. അനിയൻ മാത്തച്ചന്റെ ഫോൺനമ്പർ സേവ്ചെയ്തിട്ടുണ്ട്. ഒരു ആക്സിഡന്റിലാണ് ടെമ്പോ ൈഡ്രവറായ അനിയൻ അഞ്ചു വർഷം മുമ്പ് മരിച്ചത്. അതോടെ അവന്റെ ഭാര്യ ഒരു വയസ്സുള്ള പെൺകുട്ടിയുമായി അവളുടെ വീട്ടിലേക്ക് പോയി. വരുമാനമില്ലാതെ അവിടെ കഴിഞ്ഞുപോകുന്നത് ബുദ്ധിമുട്ടായതുകൊണ്ട് അവൾ ഒരു ഹോസ്പിറ്റലിൽ അറ്റൻഡറായി പോകുന്നുണ്ട്. കുഞ്ഞിനെ നോക്കി വലുതാക്കിയത് അവളുടെ അമ്മയും അപ്പനുമാണ്.
ഇടക്കിടെ അവൾ വിളിക്കും. ‘‘സോണിച്ചൻ വേറൊരു കല്യാണം കഴിക്കണം. ഡെയ്സി പൊരുത്തപ്പെടുന്നില്ലെങ്കിൽ വേറൊരു വഴി.’’
ആയിടക്കാണ് സെമിനാരിയിൽ ൈഡ്രവറായി ചേരുന്നത്. ഫാദർ മൈക്കിളിന്റെ വണ്ടിയാണ് മിക്കവാറും ഓടിക്കുന്നത്. അങ്ങനെ ഫാദറിന്റെ ബൈ സ്റ്റാൻഡറും ൈഡ്രവറുമായി. എഴുപത് കഴിഞ്ഞ ഫാദറിന്റെ സഹചാരിയായിരുന്നു വെള്ള സാൻേട്രാ കാർ. ഡയാലിസിസ് ഉപേക്ഷിച്ച് കിടപ്പാകുംവരെ ഫാദർ വണ്ടിയോടിച്ചിരുന്നു. ഒരു റെയ്സിനു പോകുമ്പോഴുള്ള കൺേട്രാളും സ്പീഡുമാണ് ഫാദറിന്. വണ്ടി വാങ്ങുമ്പോൾ വെച്ച L എടുത്തുമാറ്റിയിരുന്നില്ല.
‘‘എനിക്കിതുപോലെ കയ്യടക്കമില്ല. പ്രായമായിട്ട് ൈഡ്രവിങ്, പഠിച്ചാലുള്ള കുഴപ്പമാണത്.’’ സോണി സ്വയം പറയുന്ന കുറ്റപ്പെടുത്തൽ ഫാദറിന് പക്ഷേ, ബോധിക്കാറില്ല.
‘‘മരണത്തിന് വിധിക്കപ്പെട്ട ഒരുവനെപ്പോലെ ആയിരുന്നു ഞാൻ. എന്നിട്ടും അതിനെ അതിജീവിച്ചില്ലേ.’’
സ്േട്രാക്ക് വന്ന് ഒരുവശം തളർന്ന ഫാദറിനെ രക്ഷപ്പെടുത്തിയത് സോണിയുടെ പരിചരണം മൂലമാണെന്ന് ഫാദർ സമ്മതിക്കും. ആയിടക്കാണ് വൃക്കകൾ തകരാറിലായത്. ഡയാലിസിസ് ചെയ്ത് ആയുസ്സ് നീട്ടിക്കൊണ്ടുപോകാൻ ഫാദറിന് താൽപര്യമില്ലായിരുന്നു.
സംസാരിക്കാൻ ആവാതെ വന്നപ്പോൾ സോണിയുടെ ഫോണിലേക്ക് ഒരു മെസേജ് വന്നു.
‘‘എന്റെ മരണം വലിച്ചുനീട്ടരുത്. ഐ.സി.യുവിൽ കിടത്തി എന്നെ ദണ്ഡിപ്പിക്കരുത്.’’
* * * *
‘‘എനിക്ക് ഞാൻ ആയിരിക്കുന്നത് കവിതയെഴുതാൻ തടസ്സമാണ്. അരൂപിയായിട്ടാണ് ഞാൻ എഴുതുന്നത്.’’ വണ്ടിയോടിക്കുമ്പോഴും പാട്ടിനിടയിൽ ഫാദർ പറയും.
ഫാദറിനെ മുറിയിലാക്കി ഷെഡിൽ കാറിട്ട് തിരിച്ച് മുറിയിലെത്തുമ്പോൾ ധ്യാനകേന്ദ്രത്തിന്റെ തെരുവുകളുടെ വിഷാദം മനസ്സിനെ കടകോലിട്ട് ഇളക്കിമറിക്കും. വേദനയുടെ ലോകമാണിതെന്ന് സോണി പറയുന്നത് ഫാദറും സമ്മതിക്കാറുണ്ട്.
സ്വർഗാരോപിതരുടെ ഒസ്യത്ത്പോലെയാണ് അച്ചന്റെ ഡയറി. ഓലയിൽ നാരായംകൊണ്ട് എഴുതിയപോലെയാണത്. പ്രഭാതത്തിൽ ഫാദറിനെ ഒപ്പമിരുത്തി ആശുപത്രിയിലേക്ക് പോകുമ്പോൾ ആകാശത്തിന്റെ ചക്രവാളത്തിൽ തൂങ്ങിക്കിടക്കുന്ന സൂര്യൻ ജാലകം കടന്ന് മുഖത്ത് പ്രഭ വിതറുന്നു. മഴക്കെടുതിയിലായിരുന്നു ഭൂതലം. ജീവിതത്തെ സഹിക്കുന്ന ഒരു ജന്മമായി ഫാദർ ടെർമിനൽ വാർഡിൽ അകപ്പെട്ടപ്പോൾ കൂട്ടിരിപ്പുകാരനായി സോണിയുണ്ടായിരുന്നു.
* * * *
പ്രായമായ പുരോഹിതന്മാർ താമസിക്കുന്നയിടത്ത് ഒരു മുറിയുണ്ടായിരുന്നത് ഫാദർ മൈക്കിളിന്റെ വേർപാടോടെ നഷ്ടപ്പെട്ടു. മരിച്ചടക്ക് കഴിഞ്ഞ് രണ്ടാം ദിവസം ഫാദറിന്റെ സാൻേട്രാ കാർ സെമിനാരിയിലേക്ക് കൊണ്ടുപോകണമെന്ന് അവിടെനിന്നും വന്ന ഡീക്കനച്ചൻ പറഞ്ഞു.
‘‘സോണിബ്രദറിനോട് ഈ വണ്ടിയിൽത്തന്നെ പോരാൻ പറഞ്ഞു. എനിക്ക് ഓടിക്കാൻ അറിയില്ല.’’
ജംഗമവസ്തുക്കളുടെ കൂട്ടത്തിൽ ഫാദറിന്റെ അലമാര കാലിയാക്കി കാർഡ്ബോർഡ് പെട്ടികളിലടുക്കിയ ഡയറികളുണ്ടായിരുന്നു. അത് വണ്ടിയുടെ പിന്നിലെ സീറ്റിലൊതുക്കി.
‘‘ആർക്കെങ്കിലും സന്മനസ്സ് തോന്നിയാൽ എഴുതിവച്ചതിൽ നിന്ന് വിരിയുന്ന കവിതകൾ പുസ്തകമാകും. ജനങ്ങൾ മൈക്കിൾ അച്ചനെ കൂടുതൽ സ്നേഹിക്കാൻ പഠിക്കും. അല്ലെങ്കിൽ ഇതൊക്കെ വെറും ചാരം. മനുഷ്യന്റെ കാര്യവും വെറും ചാരമാണല്ലോ.’’ വണ്ടിയോടിക്കുമ്പോൾ കൂട്ടുവന്ന ഡീക്കനച്ചൻ പറഞ്ഞു.
ഒരക്ഷരം മറുപടി പറയാതെ വെറുതെ മൂളുകമാത്രം ചെയ്തു. മനസ്സ് കൈവിടുമ്പോൾ മൗനത്തിലൊളിക്കുന്ന പ്രകൃതത്തിലെത്തിയിരുന്നു സോണി.
‘‘ഒറ്റപ്പെടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഏകാന്തതയുടെ വേദന അനുഭവിക്കാൻ പഠിക്കണം’’ ഫാദർ മൈക്കിൾ ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു.
കാറുമായി സെമിനാരിയിലെത്തി. വണ്ടി കാർപോർച്ചിലിട്ട് വിസിറ്റേഴ്സ് റൂമിൽ എത്തിയപ്പോൾ േപ്രാവിൻഷ്യാൾ കാത്തു നിന്നിരുന്നു.
‘‘സോണിയെന്നല്ലേ പേര്. അച്ചന്റെ സാൻേട്രാ കാറിനെക്കുറിച്ച് അറിയാനാണ്.’’ േപ്രാവിൻഷ്യാൾ പറഞ്ഞു.
‘‘ഫാദർ ഈ വണ്ടി ട്രാൻസ്ഫർ ചെയ്തതാണല്ലോ എന്റെ പേർക്ക്. േപ്രാവിൻഷ്യാളച്ചന് അതറിയാലോ.’’
‘‘ഒരു ക്ലാരിറ്റി വരുത്തണം അേത്രയുള്ളു. ഫാദർ മൈക്കിളിന്റേതാ ആ കാർ. എത്രനാളായി അത് നിന്റെ പേരിലാക്കിയിട്ട്.’’
‘‘അച്ചനോട് ഫാദർ മൈക്കിൾ ഫോൺചെയ്ത് പറഞ്ഞത് ഞാൻ കേട്ടതാണല്ലോ. ആർ.ടി ഓഫീസിൽ ഫാദർ ഒപ്പിട്ട ഫോമുകൾ കൊടുത്താണ് എന്റെ പേരിലാക്കിയത്. യൂബർ ആയി ഓടിക്കാൻ പെർമിറ്റും കിട്ടി.’’ സോണി പറഞ്ഞു.
ആർ.സി ബുക്കിന്റെ കോപ്പി കാണിച്ചപ്പോൾ അത് നോക്കാൻ കൂട്ടാക്കാതെ േപ്രാവിൻഷ്യാൾ പറഞ്ഞു. ‘‘വണ്ടി നിനക്കുതരുന്ന കാര്യം ഫാദർ മൈക്കിൾ എന്നോടു പറഞ്ഞിരുന്നു. നിനക്ക് പിടിച്ചുനിൽക്കാൻ ഒരു വഴിയാവട്ടെ എന്ന് ഞാനും കരുതി. പക്ഷേ, അത് എടുപിടീന്നിങ്ങനെ നടന്നൂന്ന് ഞാൻ കരുതിയില്ല. ഫാദർ മൈക്കിളിന്റെ അക്കൗണ്ടീന്ന് രണ്ട് ലക്ഷം രൂപ മാറ്റിയിട്ടുണ്ടല്ലോ നിന്റെ അക്കൗണ്ടിലേക്ക്.’’
കുറ്റപ്പെടുത്തുംപോലെ േപ്രാവിൻഷ്യാൾ ചോദിച്ചു.
തർക്കിക്കാനാണ് ഭാവമെന്ന് കണ്ടപ്പോൾ നടയിറങ്ങി തിരിഞ്ഞുനിന്ന് സോണി പറഞ്ഞു.
‘‘രണ്ടു കൊല്ലം ഒപ്പമുണ്ടായിട്ടും ഒന്നും ആവശ്യപ്പെട്ടിട്ടില്ല ഞാൻ. ചെക്ക് കൊടുത്താണ് ഫാദർതന്നെ അത് മാറ്റിയത്.’’
* * * *
മരിച്ചുപോയവരുടെ നമ്പറുകളുടെ നിര വേദനകളുടെ അക്കങ്ങളായി ഫോണിൽ കിടന്നിരുന്നു. മരിച്ചുപോയവരുടെതന്നെ ഓർമകളുടെ ഭാരം സങ്കടക്കടലായി തലച്ചോറിൽ അലയടിച്ചിരുന്നു. വേണ്ടാത്ത നമ്പറുകളുടെ ഭാരമൊഴിവാക്കാൻ അതൊക്കെ ഒന്നൊന്നായി മായിച്ചുകളഞ്ഞു.
രണ്ടുവർഷം ഒരുമിച്ച് ജീവിച്ച, കാമുകനോടൊപ്പം പോയ ഭാര്യയുടെ നമ്പർ മായ്ച്ചുകളഞ്ഞാലും രക്ഷയില്ലെന്ന മട്ടിൽ തലച്ചോറിൽ കോറിയിട്ടിരിക്കുന്നു. കാണാപ്പാഠം വന്നുചേരുന്ന ചില നമ്പറുകളുണ്ട്. പിന്നീട് ആവശ്യം വന്നില്ലെങ്കിലും വാശിയോടെ മായ്ച്ചുകളഞ്ഞാലും ആ നമ്പറുകൾ ഒരു അച്ച്കുത്തുപോലെ ഓർമകളെ നടുക്കി നിലകൊള്ളും.
കുടുംബകോടതിയുടെ തീരുമാനം ഉണ്ടാകുംവരെ സൂക്ഷിച്ച ആ നമ്പർ മൊബൈലിൽ ഇപ്പോൾ ഇല്ലെങ്കിലും അതിന്റെ ഒടുവിലെ നാലക്കം മറ്റൊരു പാസ്വേഡായി ഉപയോഗത്തിലുണ്ട്.
* * * *
ഫാദർ മൈക്കിൾ മരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. വെറുതെ ആ നമ്പർ കറക്കി. കുറെനേരം ബെല്ലടിച്ചു കഴിഞ്ഞപ്പോൾ അങ്ങേത്തലക്കൽ ഫോൺ എടുത്ത് ഹലോ പറഞ്ഞത് മൈക്കളിച്ചനാണ്.
‘‘സോണിച്ചനോ... നീ വിളിക്കൂന്ന് എനിക്കറിയായിരുന്നു.’’
ഫോൺ കട്ട് ചെയ്തെങ്കിലോ എന്നോർത്ത് വിങ്ങലോടെ ഫാദർ മൈക്കിളിന്റെ സംഭാഷണത്തിന് കാതോർത്തിരുന്നു സോണി.
‘‘നീ ഒറ്റപ്പെട്ടുവെന്ന് കരുതാതെ. അവിടന്ന് മാറിയത് നന്നായി. ഒന്നിലും ഭയപ്പെടരുത്. ലോകത്തിന്റെ കാപട്യം തിരിച്ചറിഞ്ഞാൽ മാത്രം മതി.’’
ആരാണ് സംസാരിക്കുന്നതെന്നറിയാൻ വീഡിയോ കോളിലിട്ടപ്പോൾ ഫോൺ കട്ടായി. ആരാണ് ഫാദർ മൈക്കിളിന്റെ ശബ്ദത്തിൽ സംസാരിക്കുന്നതെന്ന് അറിയാൻ മറ്റൊരു ഫോണിൽനിന്നും വിളിച്ചപ്പോൾ ഫോൺ നിശ്ചലം. അതെ നമ്പറിൽനിന്നും ഇങ്ങോട്ട് വിളിയില്ലെന്നും ശ്രദ്ധിച്ചു.
േപ്രാവിൻഷ്യാളച്ചനാണ് വിളിക്കുന്നത്.
‘‘സോണിച്ചാ. നമ്മുടെ സെമിനാരിയിലെ പിള്ളേരെ ൈഡ്രവിങ് പഠിപ്പിക്കാൻ ആ വണ്ടി കൊണ്ടുവരാമോ. നിനക്കാവുമ്പോ ഓട്ടമില്ലാത്തപ്പോ ഒഴിവുകാണൂലോ.’’
മറുപടി പറയാതെ വെറുതെ മൂളുകമാത്രംചെയ്ത് ഫോൺ കട്ടുചെയ്തു.
ഫാദർ മൈക്കിളിന്റെ ഫോൺനമ്പറിൽനിന്നാണ് വിളിവന്നത്. ആരാണ് സംസാരിക്കുന്നതെന്ന് തിരിച്ചറിയാനായില്ല.
‘‘സോണിയതിന് തുനിഞ്ഞിറങ്ങണ്ടാ. അറ്റുപോകുന്നതൊന്നും കൂട്ടിച്ചേർക്കാൻ നോക്കണ്ടാ.’’ തിരിച്ചെന്തെങ്കിലും പറയും മുമ്പേ ഫോൺ കട്ടുചെയ്തു.
എയർപോർട്ടിലേക്കു പോകാൻ യൂബർ വിളിച്ചത് ഫാദർ മൈക്കിളിന്റെ ഫോൺനമ്പറിൽനിന്നു തന്നെയാണ്. സെമിനാരിയിലേക്ക് കടക്കുമ്പോൾ േപ്രാവിൻഷ്യാളച്ചനെ കാണരുതെന്ന പ്രാർഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാർപോർച്ചിൽ ബാഗുമായ് നിൽക്കുന്നത് ഡീക്കനച്ചനാണ്. സൂട്ട്കേസ് പിന്നിൽവെച്ച് മുന്നിലെ ഡോർ തുറന്ന് ഹായ് പറഞ്ഞ് സീറ്റിലിരുന്ന ഡീക്കനച്ചൻ പറഞ്ഞു.
‘‘എയർപോർട്ട്. ഡൊമസ്റ്റിക്ക്.’’
‘‘എന്നെവിളിച്ചത് ഫാദർ മൈക്കിളിന്റെ നമ്പറിൽനിന്നാണല്ലോ. ഡീക്കനച്ചൻ ആയിരുന്നു അല്ലേ?’’
‘‘മരിച്ചവർ കമ്യൂണിക്കേറ്റ് ചെയ്യുമോ. ഫാദർ മൈക്കിളിന്റെ ശബ്ദം അനുകരിക്കാൻ ശ്രമിച്ചുനോക്കി. സോണി പേടിച്ചോ. നമ്മളൊക്കെ L വെച്ച് ജീവിതം ഓടിക്കുന്നവരാണല്ലോ.’’
‘‘മൈക്കിളച്ചന്റെ ശബ്ദംപോലെ തോന്നിച്ചു. അതോണ്ട് ചോദിച്ചതാ?’’
‘‘ചതി കണ്ടുനിൽക്കാൻ എനിയ്ക്കാവില്ല. അതാ സോണിയെ വിളിച്ചത്. ആരേയും പേടിക്കണ്ടാ. ദൈവംകൂടെയുണ്ടെന്ന് കരുതു.’’ കാറിന്റെ ഡോർ തുറന്നുപിടിച്ച് ഡീക്കൻ പറഞ്ഞു.
ഗൂഗിൾ പേ ചെയ്ത് പില്ലറുകൾക്കിടയിലൂടെ ബാക്ക്പാക്ക് തൂക്കി ചടുലമായി അകന്നുപോകുന്ന ഡീക്കനെ നോക്കിയിരുന്നു. ഒരിക്കൽപോലും തിരിഞ്ഞുനോക്കിയില്ല ഡീക്കൻ.
വണ്ടിയെടുത്ത് പുറത്തേക്ക് കടക്കുമ്പോൾ റിങ് ടോണായി കിടക്കുന്ന ‘‘മാതളങ്ങൾ തളിർചൂടിയില്ലേ’’ എന്ന വരികൾ കാറിനകത്ത് മുഴങ്ങിനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.