ബംഗ്ലാദേശ് കോളനി
പുൽപ്പള്ളിയിൽ ജീവിച്ച നാലരവർഷ കാലയളവിന് പളനിസാമിയുടെ ജീവിതത്തിലെ പ്രസക്തിയെന്താണെന്ന് ചോദിച്ചാൽ ഉത്തരം ലളിതമാണ്-പുറപ്പെട്ട് പോരലിന്റെയും മടങ്ങിപ്പോക്കിന്റെയും ഇടയിലെ സങ്കീർണത നിറഞ്ഞ ദൈർഘ്യം. വേളാങ്കണ്ണി മാതാവിന്റെ മുന്നിൽനിന്ന് തുടങ്ങി അവിടത്തന്നെ അവസാനിച്ച അശാന്തമായ ഒരു യാത്രയുടെ ഇടക്കാലം. ആ സങ്കീർണതയിൽ ദേശം, ഭാഷ, സാംസ്കാരം എന്നീ പരിസരങ്ങളിലെ സംഘർഷങ്ങളുണ്ടായിരുന്നെങ്കിലും നിലനിൽപിനായുള്ള തൊഴിൽ എന്ന ഘടകം...
പുൽപ്പള്ളിയിൽ ജീവിച്ച നാലരവർഷ കാലയളവിന് പളനിസാമിയുടെ ജീവിതത്തിലെ പ്രസക്തിയെന്താണെന്ന് ചോദിച്ചാൽ ഉത്തരം ലളിതമാണ്-പുറപ്പെട്ട് പോരലിന്റെയും മടങ്ങിപ്പോക്കിന്റെയും ഇടയിലെ സങ്കീർണത നിറഞ്ഞ ദൈർഘ്യം. വേളാങ്കണ്ണി മാതാവിന്റെ മുന്നിൽനിന്ന് തുടങ്ങി അവിടത്തന്നെ അവസാനിച്ച അശാന്തമായ ഒരു യാത്രയുടെ ഇടക്കാലം. ആ സങ്കീർണതയിൽ ദേശം, ഭാഷ, സാംസ്കാരം എന്നീ പരിസരങ്ങളിലെ സംഘർഷങ്ങളുണ്ടായിരുന്നെങ്കിലും നിലനിൽപിനായുള്ള തൊഴിൽ എന്ന ഘടകം അതിനെയെല്ലാം ലഘൂകരിച്ചു. കാരണം, അക്കാലത്ത് പുൽപ്പള്ളി വേലതേടുന്നവരുടെ സ്വപ്നഭൂമിയായിരുന്നു. കുരുമുളകിന്റെ പെരുമ കൊണ്ട് ആ നാട്ടിൽ നിന്നവരും വന്നവരും രക്ഷപ്പെട്ടിരുന്ന കാലം. കേരളത്തിലെ ഗൾഫിലേക്ക് ഒരു വൈകുന്നേരം പളനിയും വന്നിറങ്ങുന്നത് അങ്ങനെയാണ്.
അമ്പേ തോറ്റിരിക്കുകയായിരുന്നു അപ്പോഴയാൾ, നാടുവിടലല്ലാതെ മറ്റൊരു മാർഗവുമില്ലാത്ത വിധം. നാട്ടുകാരിലൊരുത്തനായ സെൽവരാജിന്റെ വിലാസവും പേറി പുൽപ്പള്ളിക്ക് പോകുന്നത് അങ്ങനെയാണ്. അവിടെ വീടുണ്ടാക്കാൻ കെട്ടിടംപണിക്ക് ആളെ കിട്ടാനില്ലെന്ന അവന്റെ വചനവുമോർത്തുകൊണ്ട്. സെൽവൻ എങ്ങനെ അവിടെയെത്തിയെന്ന് പളനി ചോദിച്ചിരുന്നില്ല. അത് ഒരിക്കലും അയാളെ സംബന്ധിച്ച് പ്രസക്തവുമായിരുന്നില്ല, ആ നാടിനെ കുറിച്ച് അവൻ പറഞ്ഞപ്പോഴൊന്നും താൻ അവിടേക്ക് പോകുന്നത് അയാൾ വിദൂരതയിൽപോലും സങ്കൽപിക്കാത്തതിനാൽ. പക്ഷേ, അന്നവൻ പറഞ്ഞ കാര്യങ്ങൾ ആശയും ആശങ്കയുമായി പോകുന്ന വഴിനീളെ പളനി ഓർത്തു. അതായിരുന്നു അയാളുടെ പലായനത്തിന്റെ ഒന്നാം ഘട്ടം.
സെൽവൻ പറഞ്ഞ പുൽപ്പള്ളി
പുത്തൻപുരയ്ക്കൽ പൗലോയുടെ വീടിന്റെ ചുവര് തേക്കുന്ന പണിക്കാണ് സെൽവൻ അവിടെയെത്തി ആദ്യം പോയത്. വാർക്കവീടുകൾ അപ്പോഴേക്കും പുൽപ്പള്ളിയിലും മുള്ളൻകൊല്ലിയിലും വ്യാപിച്ച് തുടങ്ങിയിരുന്നു. കരിമുണ്ടയും പന്നിയൂരും പടർന്നുകേറി മേൽക്കൂര മാറിയ ജനത. ഒരേക്കർ പറമ്പിൽനിന്ന് പതിനെട്ടും ഇരുപതും ക്വിന്റൽ കുരുമുളകാണ് ആദായം. ക്വിന്റലിന് രൂപ അയ്യായിരം. പത്തും പതിനഞ്ചും ഏക്കറുള്ളവരാണ് അധികപേരും. വള്ളിയിൽനിന്ന് സാധനം കൊച്ചിയിലെത്തുമ്പോഴേക്കും കീശയല്ല, ചാക്ക് വീർത്ത് നിറയും. മുളക് വിറ്റ പൈസ ചാക്കിൽകെട്ടിയായിരുന്നു കൊണ്ടുവന്നിരുന്നത്. ആ പൈസ കൊണ്ടവർ പലതും ചെയ്തു. വീട് വാർത്തു, ഭൂമി സ്വന്തമാക്കി, പലിശക്ക് പണംകൊടുത്തു, ജീപ്പ് വാങ്ങി- അങ്ങനെ പണം വന്നാൽ ചെയ്യാവുന്ന പലതുകൾ.
കടലോരത്തുനിന്നും മലയോരത്തെത്തിയതുകൊണ്ടുതന്നെ സെൽവൻ ഒട്ടുമേ പരിചയമില്ലാതിരുന്ന കാര്യങ്ങളെ പയ്യെപ്പയ്യെയാണ് ഗ്രഹിച്ചെടുത്തത്, ഏതൊരു കുടിയേറ്റ തൊഴിലാളിയെയും പോലെത്തന്നെ. ഉദാഹരണത്തിന് കുരുമുളകിന്റെ പരിണാമദശകൾ തന്നെയെടുക്കാം. അയാളത് ആദ്യമായി കാണുകയായിരുന്നു. കുരുമുളക് വിളവെടുപ്പ് കാലം പുൽപ്പള്ളിയെ സംബന്ധിച്ച് ചാകര കൊയ്യുന്നതിന് സമമാണെന്ന് അയാൾക്ക് തോന്നി. രണ്ടുമൂന്ന് മാസം നീണ്ടുനിൽക്കുന്ന കോളെടുപ്പ്. മുളക് പറിക്കാനായി തമിഴ് നാട്ടിൽ നിന്നും കർണാടകയിൽനിന്നും ഇടുക്കിയിൽ നിന്നുമൊക്കെ തൊഴിലാളികൾ കൂട്ടത്തോടെ വരും. അവർ പറമ്പുകളിൽ നിന്ന് പറമ്പുകളിലേക്ക് പറക്കുകയാവും.
അവരുടെ പുറത്ത് മുണ്ടുകൊണ്ട് വലിച്ചുകെട്ടിയ സഞ്ചി തൂങ്ങിക്കിടക്കും, മുളകുമണികളെ പറിച്ചിടാനുള്ളതാണ്. ഓരോ വള്ളിയും കായ്ച്ച് നിറഞ്ഞുനിൽക്കുന്ന കൊടിയെ നോവിക്കാതെ നീണ്ടതും മെലിഞ്ഞതുമായ മുളയേണി ചാരിവെക്കും. അതിന്റെ ഇരുവശങ്ങളിലും അച്ചടക്കത്തോടെ വരിനിൽക്കുന്ന കോഴിപ്പാദാകൃതിയിലുള്ള പടിയിൽ ചവിട്ടി അവർ ആകാശത്തേക്കെന്ന മട്ടിൽ കയറും. എന്നിട്ട് സൂക്ഷ്മമായി പച്ചമണികൾ മാലപോലെ കോർത്തുകെട്ടിയ മുളകുതിരികളെ ഒന്നുപോലും കൊഴിയാതെ പറിച്ചെടുക്കും. ഒരു കൊടിയിൽനിന്നും അടുത്ത കൊടിയിലേക്ക് പോകുമ്പോൾ പിറകിലെ സഞ്ചിയിൽ ഭാരംതൂങ്ങിയ കുരുമുളക് തറയിലേക്ക് ചെരിയും. അങ്ങനെ എല്ലാ കൊടികളിലെയും മുളക് പറിച്ചെടുത്തു കൂട്ടും.
അത് മെതിക്കലാണ് അടുത്ത പണി, മുളകുമണികളെയും തിരിയെയും വേർപെടുത്താൻ. കുറേശ്ശേ കുറേശ്ശേ കൂമ്പാരം കൂട്ടി പണിക്കാർ നിരന്ന് തണ്ടുകളെ ചവിട്ടിമെതിക്കും. അപ്പോൾ അവിടമാകെ ഒരു മണം പടരും - പച്ചയുടെയും മൂർച്ചയുടെയും ഇടയിലുള്ള, ചൂടും കുളിരും ഒരുപോലുള്ള, കൊടിയില ഞെരടിയാൽ ഉണ്ടാകുന്ന തരം മണം. തുളച്ചുകയറുന്ന, എരികേറ്റുന്ന ശുദ്ധമായ പച്ചക്കുരുമുളകുമണം. മെതിക്കുന്നവരുടെ കാലിനടിയിൽ അപ്പോൾ കറുപ്പ് പച്ചപിടിച്ചിട്ടുണ്ടാവും. പിന്നെ പരമ്പ് വിരിച്ച് മുളക് ഒണങ്ങാനിടും, കരിംകറുപ്പാവും വരെ. അത് പിന്നെ ലോറികളിൽ കയറി അതിരുകളിലെ കാട് കടക്കും, പിന്നെ ചുരം കടക്കും, പിന്നെ കടല് കടക്കും. ഒരു കുരുമുളക് കാലം കഴിയും. അടുത്തതിന് വളവും തിടവുമായി തോട്ടങ്ങളൊരുങ്ങും.
ആ കാലത്താണ്, പൈസ വന്നുകൂടുന്ന കാലത്ത് വീടുപണികൾ പുരോഗമിക്കുക. പണിക്കാർക്ക് തിരക്കോട് തിരക്കാവും. തിരുനെൽവേലിയിൽനിന്നും തഞ്ചാവൂരിൽനിന്നും വേളാങ്കണ്ണിയിൽ നിന്നും കോയമ്പത്തൂരിൽനിന്നുമൊക്കെ പണിക്ക് വന്നവർ കരിമത്ത്* നിറയും. ആഴ്ചയിലെ ആറുദിവസങ്ങളിലും അവർ ഊതുന്ന തണുപ്പിനെ വെല്ലുവിളിച്ച് രാവിലെ മുതൽ അധ്വാനിക്കും. രാവുകളിൽ കട്ടപ്പിടിച്ച ഇരുട്ടിലും കുളിരിലും പുതച്ചുമൂടി വിശ്രമിക്കും. ശേഷം ഞായറാഴ്ചകളിൽ അവർ ആനന്ദിക്കും. അന്ന് പൊരിഞ്ഞ കച്ചവടവുമായി കരിമത്ത് ചന്തയൊരുങ്ങും. പലതരം സാധനങ്ങൾ വിൽപനക്കെത്തും. തൊഴിലാളികൾക്ക് പടം കാണാനായി മാത്രം തുടങ്ങിയ സ്വാഗതിൽ നാല് ഷോ കളിക്കും. മോർണിങ് ഷോ മുതൽ തമിഴ് തിരൈപ്പടത്തിന് ടാക്കീസിൽ ആള് നിറയും. വിജയകാന്തും രജനീകാന്തും കമൽഹാസനും നിറഞ്ഞാടുന്നതുകണ്ട് വയനാടിന്റെ ഒരു മൂലയിലിരുന്ന് ആരാധകർ ആർപ്പുവിളിക്കും, വൈകാരികരാവും. ഒരു രൂപ കൊടുത്തും നാലുരൂപ കൊടുത്തും ടിക്കറ്റെടുത്തവർക്കെല്ലാം അപ്പോൾ ഒരേ ഭാവമായിരിക്കും. അങ്ങനെ ഒരു ഒഴിവുദിനം നന്നായി ചെലവഴിച്ച് അവർ അടുത്തയാഴ്ചയുടെ പണികളിലേക്ക് ഉറക്കമുണരും.
പുൽപ്പള്ളിയെത്തി സെൽവന് അത്ഭുതം തോന്നിയ ഒരുകാര്യം അവിടെയുണ്ടായിരുന്ന മഹീന്ദ്ര ജീപ്പുകളുടെ എണ്ണമായിരുന്നു. ഇരമ്പിച്ച് പായുന്ന ജീപ്പുകളും അതിനുവേണ്ടി നന്നായ റോഡുകളും. സെൽവൻ അവിടെയെത്തി രണ്ടാം കൊല്ലം, 87-ലാണ് മഹീന്ദ്രയുടെ തലപ്പത്തുള്ള ഒരാൾ വന്നത്, എന്തുകൊണ്ട് അവരുടെ ജീപ്പ് കുറെ പുൽപ്പള്ളിയിൽ വിറ്റുപോകുന്നുവെന്നറിയാൻ. അന്നയാൾക്ക് മാവുങ്കലിലെ ഉലഹന്നാന്റെ വീട്ടിലായിരുന്നു പണി. മഹീന്ദ്രക്കാരെ കുഞ്ഞൂഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി എന്നുപറഞ്ഞ് അയാളന്ന് വന്ന അരിശം മുഴുവൻ തീർത്തത് പണിക്കാരിലാണ്. തനിക്കെന്തോ നഷ്ടം വന്നെന്ന മട്ടിൽ അവരെ ചൊറിഞ്ഞുകൊണ്ടേയിരുന്നു.
ഓരോ വീട്ടിൽ വേലക്ക് പോകുമ്പോഴും പുൽപ്പള്ളിയെ കുറിച്ച് സെൽവൻ ഓരോ കാര്യങ്ങൾ മനസ്സിലാക്കി. അടരുകളായി അമർന്നുകിടക്കുന്ന ചരിത്രങ്ങൾ കുറേയേറെ ആ നാടിനുണ്ടെന്ന്, അവിടുള്ളവരൊക്കെ രക്ഷതേടി കുടിയേറിയവരാണെന്ന്, പല കൃഷികൾ മാറിമാറി ചെയ്താണ് ഭാഗ്യപരീക്ഷണം നടത്തിയതെന്ന്, കുരുമുളകിന്റെ സമൃദ്ധിയിലാണ് അത് വളർന്നതെന്ന്, അതിനിടയിൽ തകർന്നവരും പിടിച്ചുനിന്നവരും ഒരുപോലെയുണ്ടെന്ന്, മനുഷ്യർക്കെല്ലാം അടിസ്ഥാനപരമായി എല്ലായിടത്തും ഒരേ ബലഹീനതകളും ശക്തിയുമാണെന്ന്, ഒരു നാടിനെ സ്വന്തമെന്ന് പറയുന്നതിന് കടമ്പകളും കാലവും താണ്ടേണ്ടതുണ്ടെന്ന് -അങ്ങനെ സാംസ്കാരിക സംസർഗം കൊണ്ട് തിരിച്ചറിയുന്ന പലതുകൾ.
കാര്യങ്ങളെ പയ്യെപ്പയ്യെ ഗ്രഹിച്ചെടുത്ത് അയാൾ പുൽപ്പള്ളിക്കാരനായി കൊണ്ടിരുന്നു. വന്നുകൂടുന്നവർ അവിടെ കൊല്ലം കഴിയുന്തോറും കൂടുകയായിരുന്നു. അപ്പോൾ മുമ്പേ വന്നവർ പ്രമാണിമാരായി, പിന്നാലെ വന്നവർ വരത്തന്മാരായി. ആദിയിലേ ഉണ്ടായവർ അപരിചിതരായി. പുതിയ ആവാസവ്യവസ്ഥകളും അതിരുകളും അങ്ങാടികളും കവലകളും രൂപപ്പെട്ടു. ഒരു ബിന്ദുവിൽനിന്ന് പ്രകാശം ചിതറുംപോലെ മനുഷ്യർ ദൂരേക്ക് ദൂരേക്ക് തെറിച്ചുകൊണ്ടിരുന്നു.
പളനി അറിഞ്ഞ പുൽപ്പള്ളി
സെൽവനെ കണ്ടുപിടിക്കും മുമ്പെ പുൽപ്പള്ളിയെത്തി പളനി ആദ്യം ചെയ്തത് ‘സന്തോഷി’ൽ കയറി വയറുനിറയെ പൊറോട്ടയും ബീഫും കഴിക്കലായിരുന്നു. തലേന്ന് രാവിലെ പുറപ്പെട്ടതിന്റെ ക്ഷീണം പകുതി തീർത്തത് ആ ഭക്ഷണത്തിന് മുന്നിലാണ്. ട്രെയിൻ കേറി, ബസ് കേറി, ജീപ്പ് കേറി അയാൾ തളർന്നടിഞ്ഞിരുന്നു. പുൽപ്പള്ളി വയനാടിന്റെ ഒരറ്റമാണ്, പത്തു കിലോമീറ്റർ കൂടി പോയാൽ കർണാടകയായി. എത്തിയാലും എത്തിയാലും എത്താത്തപോലെ തോന്നും. മനുഷ്യർ കുടിയേറുന്ന വഴികളെ കുറിച്ചും സെൽവൻ പങ്കുവെച്ച നാട്ടുവിശേഷങ്ങൾക്കൊപ്പം പളനി ആലോചിച്ചു, ഏതെല്ലാം നാട്ടിൽനിന്ന് എങ്ങനെയെല്ലാമാണ് ആളുകൾ ഒരിടത്ത് വന്നുചേരുന്നത്. സെൽവന് പിന്നാലെ താനും ഇവിടെ- നെയ്തലിൽ വാഴ്ന്തവൻ കുറിഞ്ചിയിൽ പിഴയ്ക്കാൻ മലയേറി വന്നിരിക്കുന്നു - കുപ്പായത്തിൽ ഒട്ടിപ്പിടിച്ച ഉപ്പുമണം അയാളുടെ മൂക്കിലടിച്ചു. സെൽവനെ കാണണം, പയനം തുടങ്ങണം. അവിടെയാണ് അയാളുടെ രണ്ടാം ഘട്ടം തുടങ്ങുന്നത്. അതിന്റെ തുടക്കം ബംഗ്ലാദേശ് കോളനിയിൽ നിന്നാണ്.
അവിടെയായിരുന്നു ഭാര്യക്കും രണ്ട് കുട്ടികൾക്കുമൊപ്പം സെൽവന്റെ താമസം. പുൽപ്പള്ളിയെത്തി രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ അയാൾ കുടുംബത്തെയും കൊണ്ടുപോയി. കോളനിയിലെ അനേകം കുടിലുകൾക്കൊപ്പം പരമ്പും ഓലയും ഷീറ്റും കൊണ്ട് മറച്ചുകെട്ടിയ ഒന്നുകൂടി ഉയർന്നു. ആ നാട്ടിൽ വന്നടിഞ്ഞവർക്കൊപ്പം അവരും കൂടി. സെൽവനൊപ്പം മീനയും പണിക്ക് പോകുമായിരുന്നു. കുട്ടികൾ വീട്ടിലിരിക്കും. ഇടയ്ക്കവർ സ്കൂളിൽ പോകും. അധികവും പോവാതെയിരിക്കും. പോയാൽ തന്നെ പകുതിയിലധികവും തിരിയാതെയിരിക്കും. പോവാതിരുന്നാൽ വേറെ കുട്ടികൾക്കൊപ്പം കളിച്ചുതിമിർക്കും. വീട്ടിലവർ തമിഴും പുറത്തവർ തമിഴ് ചുവച്ച മലയാളവും പറഞ്ഞു. അന്ന് രാത്രി അവർക്കൊപ്പം കൂടിയ പളനിയോട് അവർ ഹൃദയത്തിന്റെ ഭാഷ സംസാരിച്ചു.
പിറ്റേന്ന് രാവിലെ അയാൾ ടൗണിലേക്കിറങ്ങി. കവലയിലെ കുരിശുരൂപത്തിനെ കേന്ദ്രസ്ഥാനമാക്കി പുതിയ ഭൂമിയെ നടന്നുപഠിച്ചു. ആദ്യം കവലയിൽ നിന്ന് മുകളിലേക്ക് സീതാദേവി അമ്പലം കടന്ന് കാപ്പിസെറ്റ് വരെയും പിന്നെ താഴേക്ക് വടാനകവല വരെയും നടന്നു. എന്നിട്ടൊരു ചായ കുടിച്ചു. ശേഷം കവലയിൽ നിന്ന് വലത്തോട്ട് ഏരിയപ്പള്ളി വരെയും താഴെയങ്ങാടി എത്തി അവിടുന്ന് വേലിയമ്പം വരെയും നടന്ന് തിരിച്ചെത്തി ഒരു ചായ കുടിച്ചു. പിന്നെ കവലയിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് സുരഭിക്കവല വഴി മുള്ളൻകൊല്ലി വരെ നടന്ന് ടൗൺ കറങ്ങി കുരിശിന് മുന്നിൽ തിരികെയെത്തി. എന്നിട്ട് വേളാങ്കണ്ണി മാതാവിനെ മനസ്സിൽ കരുതി തന്റെ നാടുവിടൽ കാലത്തിന് അനുഗ്രഹം തേടി. കൈയിലുണ്ടായിരുന്ന പൈസക്ക് ജി.വി.എൻ സ്റ്റോഴ്സിൽ നിന്ന് അത്യാവശ്യതുണികളും അല്ലറചില്ലറ സാധനങ്ങളും വാങ്ങി, സെൽവൻ ശരിയാക്കി നൽകിയ ഒറ്റമുറിയിൽ താമസം തുടങ്ങി. അടുത്ത ദിവസം തൊട്ട് തൊഴിലാളിജീവിതം ആരംഭിച്ചു. വെയിലും മഴയും തണുപ്പും കൊണ്ടു. ഇടക്ക് അയാൾ നാട്ടിലേക്കും നാട് അയാളിലേക്കും സഞ്ചരിച്ചു.അപ്പോഴൊക്കെ മേരിയ ബാറിൽ പോയിവന്ന് അയാൾ തലയിണയിൽ മുഖംപൂഴ്ത്തി ഉറക്കം നടിച്ചു.
സെൽവനിൽനിന്ന് കേട്ടതുപോലെയല്ല പളനി പുൽപ്പള്ളിയെ കണ്ടത്. കാരണം, രണ്ടുപേരുടെയും വരവിന് പിന്നിലുള്ള ചേതോവികാരത്തിന് താൽപര്യം, ഗതികേട് എന്നീ രണ്ട് കാരണങ്ങളായിരുന്നു. നോട്ടങ്ങളിൽ ആ വ്യത്യാസം നിഴലിച്ചുകിടന്നു. ഒരാൾ നിൽക്കാനുള്ള ന്യായങ്ങൾ കണ്ടെത്തിയപ്പോൾ മറ്റേയാൾ നിൽക്കാതിരിക്കാനുള്ള വസ്തുതകളെ വേർതിരിച്ചെടുത്തു. പളനി ഓരോന്നും ഗ്രഹിച്ചെടുത്തത് സൂക്ഷ്മമായാണ്, ഉദാഹരണമായി ബംഗ്ലാദേശ് കോളനി തന്നെയെടുക്കാം. പൊലീസ് സ്റ്റേഷന്റെയും പോസ്റ്റ് ഓഫിസിന്റെയും പിറകിലായിരുന്നു ബംഗ്ലാദേശ് കോളനി എന്നാരോ പേരിട്ട് വിളിച്ച ഭൂപ്രദേശം.
ആരാണ് അവിടെയാദ്യം വന്നതെന്നറിയില്ല. പിന്നീട് പിന്നീട് ചേക്കേറിയവർക്കൊക്കെ മുമ്പേ അവിടെ ആളുകളുണ്ടെന്നതായിരുന്നു പ്രചോദനം. അങ്ങനെ ജനം കൂടിക്കൂടി അതൊരു സ്ഥലപ്പേരായി, വിലാസമായി, വേർതിരിവിനുള്ള കാരണവുമായി. കുരുമുളകുപണിക്കും കെട്ടിടംപണിക്കും വന്ന പുറംനാട്ടുകാരും അല്ലാതെ അലഞ്ഞുതിരിഞ്ഞെത്തിയവരും തൊഴിലന്വേഷകരും, വേറെ ഭൂമിയില്ലാത്തതുകൊണ്ട് താമസമാക്കിയ കുറച്ച് നാട്ടുകാരുമായിരുന്നു അവിടത്തെ കുടികിടപ്പുകാർ. പുറത്തുള്ളവർ അതിനെയും അതിനകത്തുള്ളവരെയും പല പേരുകളിൽ വിളിച്ചു. തമിഴ് പറഞ്ഞവർ അണ്ണാച്ചികളെന്ന്, താഴെനിന്ന് വന്നവർ വരത്തന്മാരെന്ന്, മുസ്ലിംകൾ കാക്കാമാരെന്ന്- മൊത്തത്തിലെല്ലാവരും വൃത്തിയും മെനയുമില്ലാത്ത ജാതികളെന്ന് അറിയപ്പെട്ടു.
ബോംബെ കണ്ടിട്ടില്ലാത്തവരും കേട്ടിട്ടില്ലാത്തവരും കൂടി അതിനെ മിനി ധാരാവിയെന്ന് വിശേഷിപ്പിച്ചു. അതുപോലൊരു വൃത്തികെട്ട, മണക്കുന്ന, ഈച്ച പറക്കുന്ന ചേരി. അവിടുള്ള ആർക്കും വൃത്തിയില്ല, ബാക്കിയുള്ളവർക്ക് ഉണ്ടെന്ന് പറയപ്പെടുന്ന സംസ്കാരമില്ല, തരം കിട്ടിയാൽ കക്കാനിറങ്ങും എന്നുതുടങ്ങി ഈച്ച പറക്കുംപോലെയുള്ള വർത്തമാനങ്ങളും. അതെല്ലാം പറഞ്ഞിരുന്നത് അന്നാട്ടിൽ അവർക്കുമുമ്പേ വന്നുകൂടിയവരായിരുന്നു. പളനിക്ക് അത് വിചിത്രമായി തോന്നിയില്ല. മനുഷ്യർ തരംപോലെ അധികാരം കൈയടക്കുമെന്നതിന്റെ തെളിവായിട്ടാണ് ആ നാട്ടിൽ അയാൾ നിൽക്കുന്നതെന്നുപോലുമെന്ന് മറ്റാരേക്കാളും അയാൾക്കറിയാമായിരുന്നു.
എത്തിയതിന്റെ രണ്ടാംകൊല്ലം ഒറ്റമുറി വാസം മതിയാക്കി അയാളും ബംഗ്ലാദേശിലേക്ക് മാറി. നായ്ക്കന്മാർ കാട്ടിൽനിന്നുള്ള മുളയും ഇല്ലിയും കൊണ്ടുകൊടുത്തു. അതുകൊണ്ട് ചുവരിന്റെയും മേൽക്കൂരയുടെയും എല്ലിൻകൂട് ഉണ്ടാക്കി. ഓലകൊണ്ട് അതിന് ഉടലും വാർത്തു. അയാൾ താമസം തുടങ്ങി. അടുപ്പുകല്ല് കൂട്ടിയതുപോലെയായിരുന്നു അവിടെ വീടുകൾ. അതായത് മൂന്ന് കല്ലുവെച്ച് അമ്പത് അടുപ്പുകളുണ്ടാക്കിയിട്ടതുപോലെ. മുറ്റമെന്ന സങ്കൽപമില്ല. കുടിലെന്നത് മാത്രമാണ് യാഥാർഥ്യം. അങ്ങനെ കുറേ യാഥാർഥ്യങ്ങൾ ചേർന്ന ഒരു ആവാസമണ്ഡലം. പുൽപ്പള്ളിയുടെ വളർച്ചക്ക് ആനുപാതികമായിരുന്നു ബംഗ്ലാദേശിന്റെയും വികാസം. രണ്ടും ഒരേ ദിശയിൽ, എന്നാൽ മുഖംതിരിച്ച് വളർന്നുകൊണ്ടിരുന്നു. ജീപ്പുകളുടെ അത്രയില്ലെങ്കിലും കാറുകൾ, ബസുകൾ, വീടുകളിൽ ടെലിഫോൺ കണക്ഷനുകൾ, ബാങ്കുകൾ, സ്കൂളുകളും കോളജും, കൂടുതൽ കച്ചവടസ്ഥാപനങ്ങൾ- കവലയിൽനിന്ന് നീളത്തിലും വീതിയിലും കരിമം വലുപ്പംവെച്ചു. പള്ളിപ്പെരുന്നാളുകൾക്കും സീതാദേവി അമ്പലത്തിലെ ഉത്സവത്തിനും കൊല്ലം കൂടുന്തോറും പകിട്ടേറി.
പളനിക്ക് അതായിരുന്നു ഏറ്റവും പിടിച്ച ഒരു സംഗതി, എല്ലാ കൊല്ലവും ധനു മാസത്തിൽ നടക്കുന്ന സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് മഹോത്സവം. അത് അയാൾ ആഘോഷിച്ചു. എന്നും പണികഴിഞ്ഞ് അമ്പലപ്പറമ്പിൽ പോയി. ഓരോ ദിവസത്തെയും നാടകവും കഥാപ്രസംഗവും ഗാനമേളയും ആസ്വദിച്ചുവന്ന് കിടന്നുറങ്ങി. ആ അമ്പലത്തിനും അതിന്റെ മിത്തുകൾക്കും അത് നടത്തിയിരുന്ന ദേവസ്വത്തിനും പുൽപ്പള്ളിയുടെ നിർമിതിയിലും ചരിത്രത്തിലും വലിയ പ്രാധാന്യമുണ്ടായിരുന്നു. അതൊന്നും പക്ഷേ പളനിയുടെ വിഷയമല്ലാത്തതിനാൽ അതിലയാൾ നോട്ടമയച്ചില്ല, തന്റെ വാസസ്ഥലമായ ബംഗ്ലാദേശ് കോളനി ദേവസ്വത്തിന്റെ ഭൂമിയിലാണെന്നതൊഴിച്ച്.
സെൽവനെപോലെ തന്നെ ഓരോ വീട്ടിലുമുള്ള തൊഴിൽ പരിചയത്തിലും വൈകീട്ടുള്ള കവലയിലെ കൊച്ചുവർത്തമാനങ്ങളിലുമാണ് പളനിയും കരിമം കഥകളറിഞ്ഞത്. അങ്ങനെ കുഞ്ഞാണിക്കയുടെ വീട്ടിൽ വെച്ച് കേട്ടതാണ് നക്സലുകൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവം. അങ്ങേരുടെ അനിയൻ അബ്ദുവാണ് പളനിക്ക് പരിചയമേ ഇല്ലാത്ത ആ രാഷ്ട്രീയസംഗതിയെ കുറിച്ച് വിവരണം നൽകിയത്. കുന്നിക്കൽ നാരായണന് കത്തയച്ച തയ്യൽക്കാരനെ തന്റെ ഊഹങ്ങളിൽനിന്ന് അയാൾ ഗണിച്ചെടുത്തു.
അവരുടെ വീട്ടിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ അപ്പുറത്താണ് ആ കേസിലുണ്ടായിരുന്ന നീലകണ്ഠൻ നായരുടെ വീടെന്ന് കൂടി കേട്ടതോടെ പളനിക്ക് ആവേശവും പരവേശവും ഒരുപോലെ വന്നു. തരംപോലെ അധികാരം കൈയടക്കുമെന്നതുപോലെ തന്നെ തരംകിട്ടുമ്പോഴെല്ലാം അനീതികളും മനുഷ്യർ പ്രവർത്തിക്കുമെന്നും അതിനെതിരെ പൊരുതുന്നവർ നാടുകടത്തപ്പെടുമെന്നും അയാൾക്ക് അറിയാമായിരുന്നു. എന്നാൽ, കൃത്യം ഒരു വർഷത്തിനിപ്പുറം പരിചിതമല്ലാത്ത മറ്റൊന്ന് അയാൾ അറിയാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. സംഭവിച്ചത് കടുത്ത അന്യായമാണെന്ന് വ്യക്തതയുണ്ടെങ്കിലും അതിൽ ആശ്വാസം രേഖപ്പെടുത്തി സമൂഹം പ്രതികരിക്കുമെന്ന -ദുരന്തമാണെങ്കിലെന്താ നന്നായിപ്പോയി എന്ന് പറയുമെന്ന- ദയനീയസത്യം.
വിചിത്രമെന്നോണം, അന്നുമയാൾ കുഞ്ഞാണിക്കയുടെ വീട്ടിലായിരുന്നു. അബ്ദുവിന്റെ ഭാര്യ നാലുമാസക്കാരിയായ മകളെയും കൊണ്ട് സ്വന്തം വീട്ടിൽനിന്ന് മടങ്ങിയെത്തിയ ദിവസം. ഉച്ച ഇടവേളയുടെ ഇരിപ്പിനിടെയാണ് ദൂരെ ഉയരുന്ന കറുത്ത പുക കണ്ടത്. ഇരുണ്ട പുതപ്പ് മേൽക്കൂര പോലെ പൊതിയുന്ന ഭീതിയിൽ ഒന്നുംനോക്കാതെ എല്ലാവരും അങ്ങോട്ടേക്കോടി. അപ്പുറത്തുള്ള ജോസ് തിയേറ്റർ കത്തിയതാണെന്നാണ് പലരും കരുതിയത്. എന്നാൽ, കത്തിയത് ബംഗ്ലാദേശ് കോളനിയായിരുന്നു. അതാകെ കത്തിത്തീർന്നു. ഓരോ തീപ്പൊരിയിൽനിന്നും അട്ടിയട്ടിയായി കറുത്തതും ചാരനിറമുള്ളതുമായ പുകഗോളങ്ങൾ മുകളിലേക്ക് മുകളിലേക്ക് പറന്നുകൊണ്ടിരുന്നു.
സെൽവനും പളനിയും കണ്ട
പുൽപ്പള്ളി
‘റൊമ്പ വലിക്ക് താ കണ്ണ്.. കാലും വയറും പൊള്ളി ആശുപത്രിയിൽ കിടക്കുന്ന മകൾക്കരികെയിരുന്ന് മീന വിതുമ്പി. ആരെയൊക്കെയോ പ്രാകി. കൂടുതലൊന്നും സംഭവിക്കാത്തതിൽ മുരുകനെ വിളിച്ചു. അവളപ്പോഴും തീച്ചൂടിലായിരുന്നു. കണ്ണിലും പുറത്തും ആളുന്ന മഞ്ഞ മാത്രം.
അവൾ മാത്രമായിരുന്നു അപ്പോൾ വീട്ടിൽ. അനിയൻ പുറത്തെവിടെയോ ആയിരുന്നു, അപ്പായും അമ്മായും പണിസ്ഥലത്തും. അപ്പുറത്തെ വീട്ടിലെ സുഹ്റയോടും ശാന്തിയോടും വർത്തമാനം പറഞ്ഞ് ചോറുണ്ണാൻ അകത്ത് കയറിയതാണ്. പിന്നെ എല്ലാം വളരെ വേഗം സംഭവിച്ചു. നട്ടുച്ചയിലെ കത്തുന്ന വെയിൽ കൂടുതൽ ആർത്തിയോടെ കത്തി. ആദ്യം ചൂടാണ് വന്നത്, കാറ്റുപോലെ. പിന്നെ നേർത്ത നാവുകൊണ്ട് അത് ചുവരുകളെ തൊട്ടു. ശേഷം വിശന്നുവലഞ്ഞ ജീവിയെപ്പോലെ എല്ലാം വിഴുങ്ങിത്തുടങ്ങി. നീലയും ചുവപ്പും മഞ്ഞയും കലർന്ന ഓറഞ്ചുനാളങ്ങൾ ആഞ്ഞുവീശി. അവളതിൽ പെട്ടു. ഇറങ്ങിയോടാനും വഴികളുണ്ടായിരുന്നില്ല. ഓടുമ്പോൾ തീ കൂടുതൽ പൊതിഞ്ഞു. കാറ്റ് അതിന് ചിറകായി നിന്നു.
ശരീരത്തിൽനിന്ന് തൊലി ഒന്നാകെ ഉരുകിയൊലിക്കുകയാണെന്നാണ് അവൾക്ക് തോന്നിയത്. സാധനങ്ങൾ പൊട്ടിത്തെറിക്കുന്ന ശബ്ദത്തിനൊപ്പം നിലവിളികൾ വിദൂരമായി കേട്ടു. തീപിടിച്ച സാമാനങ്ങളിൽ ചിലത് ആകാശത്തേക്കുയർന്ന് താഴേക്ക് ഊക്കോടെ പതിച്ച് ചിതറി. മെഴുകുതിരി പോലെ എല്ലാം ഒലിച്ചിറങ്ങുകയായിരുന്നു. പുറത്തുനിന്ന് കോരിയൊഴിക്കുന്ന വെള്ളത്തെ ഒറ്റവായിൽ വിഴുങ്ങി ജ്വാലകൾ മുന്നോട്ടുനീങ്ങി. തീയുടെ ആ കെട്ടിപ്പിടുത്തത്തിൽ സർവവും ശിഥിലമായി. നിമിഷങ്ങൾക്കുള്ളിൽ യാഥാർഥ്യങ്ങളും സങ്കൽപങ്ങളും സ്വപ്നങ്ങളും കടലാസുപോലെ കത്തി. കുറേ മനുഷ്യർ കുറേയായി കാത്തുവെച്ച പലതും ഒരേ നിറമുള്ള ചാരമായി മാറി.
ആളപായമൊന്നുമുണ്ടായില്ല. അകത്തുണ്ടായിരുന്ന ഇരുപതോളം കുട്ടികളെയും സ്ത്രീകളെയും നാട്ടുകാരും മതിലിനപ്പുറത്ത് നിന്നുവന്ന പൊലീസുകാരും രക്ഷിച്ചു. മൂന്നുപേർക്ക് പൊള്ളലേറ്റിരുന്നു. വെള്ളം കിട്ടാനുള്ള പ്രയാസം തീയണക്കാനും പ്രയാസമായി. കൽപ്പറ്റയിൽനിന്ന് ഫയർഫോഴ്സ് വന്ന് തീ പൂർണമായും കെടുത്തി. അങ്ങനൊരു കോളനിയേ ഇല്ലാത്തവിധം ചാരക്കൂന മാത്രമായി ആ ഭൂപ്രദേശം ആവിപൊങ്ങിക്കിടന്നു. അവിടെ താമസിച്ചിരുന്നവർ അതിന്റെ അതിരിലിരുന്ന് ഭാവിയിലേക്ക് ഭയപ്പോടോടെ നോക്കി. കുടിലിരുന്നിടത്ത് മാന്തിനോക്കിയാൽ എന്തെങ്കിലും അവശേഷിച്ചിരിക്കുമോ എന്ന് പ്രതീക്ഷിച്ചു. സെൽവനും പളനിയും പരസ്പരം നിസ്സഹായരായി നിന്നു. അതുവരെ കാണാത്ത പുൽപ്പള്ളിയാണ് അവരുടെ കണ്ണിൽ കത്തിയത്, സെൽവന്റെ കാഴ്ചയിലും പളനിയുടെ നോട്ടത്തിലും.
കലണ്ടറിനെ സംബന്ധിച്ച് 1992 മാർച്ച് ഏഴായിരുന്നു അന്ന് തീയതി. ശനിയാഴ്ച ദിവസം. പളനിയെ സംബന്ധിച്ച് അത് മൂന്നാം പയനത്തിന്റെ തുടക്കമായിരുന്നു. സെൽവനെ സംബന്ധിച്ച് സമ്പാദിച്ച എല്ലാത്തിന്റെയും അവസാനം. അവിടെയുണ്ടായിരുന്ന ബാക്കി 453 പേർക്കും അതങ്ങനെ ആയിരുന്നു. ഉണ്ടാക്കിയതെല്ലാം തീ വിഴുങ്ങി. ഓലകൊണ്ടും ഷീറ്റ് കൊണ്ടും പുല്ല് കൊണ്ടുമുണ്ടാക്കിയ കൂരകളെ മുഴുവൻ തിന്നുതീർക്കാൻ പതിനഞ്ച് മിനിറ്റുപോലും വേണ്ടിവന്നില്ല. നൂറ്റിപ്പത്ത് വീടുകളിലായി കുടിപാർത്തവർ അന്നുതൊട്ട് വിജയ സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റപ്പെട്ടു.
പഴയ തുണികളായും അരിയും സാധനങ്ങളുമായും സഹായങ്ങൾ എത്തി. രാഷ്ട്രീയക്കാർ സഹായവും ആശ്വാസവും ഉറപ്പുനൽകി. റോസക്കുട്ടി എം.എൽ.എ കോളനിയും ക്യാമ്പും സന്ദർശിച്ചു. വർഷങ്ങൾക്കുമുമ്പേ ബംഗ്ലാദേശ് പുനരധിവാസത്തിന് ഏറ്റെടുത്ത മാരപ്പൻമൂലയിലെയും ഏരിയപ്പള്ളിയിലെയും നാലുസെൻറ് ഉടൻ കൈമാറാൻ നടപടിയെടുക്കുമെന്നും രണ്ടുദിവസം കഴിഞ്ഞ് നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ആ ആവശ്യമുന്നയിക്കുമെന്നും വാഗ്ദാനം നൽകി. ആശയും നിരാശയുമായി എത്ര കാലത്തേക്ക് എന്നറിയാതെ ‘ചേരിനിവാസികളുടെ ആ രാത്രി പുലർന്നു. പളനി അന്ന് ഉറങ്ങിയില്ല. അയാൾ മടങ്ങിപ്പോക്കിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയിരുന്നു.
തീയും പുകയും കെട്ടടങ്ങിയപ്പോഴാണ് അശാന്തിയുടെയും സംശയത്തിന്റെയും പുകപടലത്തിന് കട്ടികൂടിയത്. തീപിടിച്ചതാണോ തീ പടർന്നതാണോ തീയിട്ടതാണോ എന്ന ചർച്ചകൾ കത്തിക്കൊണ്ടിരുന്നു. പലതായിരുന്നു നിഗമനങ്ങളെങ്കിലും അഭയാർഥികൾ അടിഞ്ഞയിടം കത്തിച്ചാമ്പലായത് നന്നായി എന്നായിരുന്നു അടക്കംപറച്ചിൽ. പല പ്രചരണങ്ങളുണ്ടായി. ആരെല്ലാമോ പിടിച്ചുവെച്ചിരിക്കുന്ന പുനരധിവാസപദ്ധതി നടപ്പിലാക്കാൻ കോളനിവാസികൾ തന്നെ തീയിട്ടതാണെന്ന് ഒരു വാദം. ടൗണിന്റെ ഒത്ത നടുക്ക് തന്നെയുള്ള ചേരിക്കാരുടെ ശല്യമൊഴിവാക്കാൻ നാട്ടുകാരാണ് തീയിട്ടതെന്ന് വേറൊന്ന്. ദേവസ്വത്തിന്റെ സ്ഥലത്തുനിന്ന് ഒഴിഞ്ഞുകിട്ടാൻ അവര് ചെയ്യിച്ചതാണെന്ന് മറ്റൊരു പറച്ചിൽ. അപ്പുറത്തുള്ള പൊലീസ് സ്റ്റേഷനിൽനിന്നാണ് തീവന്നതെന്നുവരെ കഥകളുണ്ടായി. പക്ഷേ, ഒന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു, അത് അബദ്ധത്തിലുണ്ടായതല്ല. ആരോ കരുതിക്കൂട്ടി ചെയ്തതിന്റെ എല്ലാ ലക്ഷണങ്ങളും അതിൽ അവശേഷിച്ചിരുന്നു. അത് സംഭവിച്ച കാലം, നേരം, കെടുതി, വ്യാപ്തി-എല്ലാം അത് ശരിവെച്ചു.
പക്ഷേ, തീപിടിത്തം പോലെതന്നെ ആ പുകയും കെട്ടടങ്ങി. സെൽവൻ അതിനെയും അതിജീവനമായി കണ്ടു. എന്നാൽ, അധികാരം, അനീതി എന്നിവ പോലെത്തന്നെ തരംകിട്ടുമ്പോഴൊക്കെ മനുഷ്യർ ഒപ്പമുള്ളവരെ ആക്രമിക്കാനാണ് ശ്രമിക്കുകയെന്ന് പളനിയെ പുൽപ്പള്ളി അപ്പോഴേക്കും പഠിപ്പിച്ചിരുന്നു. അയാൾ മടങ്ങിപ്പോക്ക് തീർച്ചയാക്കി. ക്യാമ്പിൽനിന്നും കവലയിൽനിന്നും പരിചയക്കാരോട് യാത്രപറഞ്ഞ്, കൊണ്ടുവന്ന അത്രയുംപോലും സാധനങ്ങളില്ലാതെ തന്റെ ഇടക്കാലവാസമവസാനിപ്പിച്ച് പിറ്റേ ശനിയാഴ്ച അയാൾ വണ്ടികയറി.
ആശയോ ആശങ്കകളോ ഇല്ലാതെ അടുത്ത വൈകുന്നേരം പളനി വേളാങ്കണ്ണിയിൽ മടങ്ങിയെത്തി, ഒരു ശബ്ദവുമില്ലാതെ. ജയിക്കാൻ വേണ്ടി നാടുവിട്ടതല്ലെങ്കിലും തോറ്റ് തന്നെയാണ് മടക്കമെന്നത് അയാളെ വേദനിപ്പിച്ചതേയില്ല. പൊള്ളിയടർന്ന വടുക്കളിൽ വീണ്ടും തൊലിമൂടുന്ന അവസ്ഥയിലേക്ക് മനസ്സും പാകപ്പെട്ടിരുന്നു. എത്തി അയാൾ നേരെ പോയത് വേളാങ്കണ്ണി മാതാവിന്റെ മുന്നിലേക്കാണ്. ആ പള്ളിയെ ആദ്യമായി കാണുന്ന ഒരു കവലയായി സങ്കൽപിച്ചു. ശേഷം പത്തുവട്ടം ആ ദേവാലയത്തെ വലംവെച്ചു, അകത്തേക്കും പുറത്തേക്കും കയറിയിറങ്ങി. പിന്നെ പ്രാർഥിച്ചു. പിറന്ന നാട്ടിൽനിന്ന് ഇനിയൊരു പയനമില്ലെന്ന് ആ നിമിഷമുറപ്പിച്ചു. മാതാവിന് വാക്കുനൽകി. പിന്നെ കടലിലേക്ക് നടന്നു.
===============
*കരിമം- പുൽപ്പള്ളിയുടെ പഴയ പേര്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.