വിപ്ലവം ജയിക്കട്ടെ…
1സഖാവ് വെടികൊണ്ടുമരിച്ച പിറ്റേന്ന് ‘ആരുമില്ലാത്ത ദാസൻ’ തിരുനെല്ലി വിട്ടു. ജീവനില്ലാത്ത സഖാവിനെ നിക്കറിട്ട പൊലീസുകാർ അങ്ങാടിയിലേക്കെടുത്തു. കാഴ്ചക്കു വെച്ചു. കാണാൻ ആരുമുണ്ടായില്ല. അങ്ങാടി ശൂന്യമായിക്കിടന്നു. സഖാവിനെ പിടിച്ചുകെട്ടി കാട്ടിലേക്ക് അവർ കൊണ്ടുവരുമ്പോൾ ആമത്താളിയുടെ ചില്ലകൾക്കിടയിൽ ‘ആരുമില്ലാത്ത ദാസൻ’ ഉണ്ടായിരുന്നു. വലിയ ഏമാൻ പേടിപ്പിക്കുന്നതും മനസ്സില്ലാ മനസ്സോടെ ചെറിയ ഏമാൻ വെടിപൊട്ടിച്ചതും അവൻ കണ്ടു. ‘വിപ്ലവം...
1
സഖാവ് വെടികൊണ്ടുമരിച്ച പിറ്റേന്ന് ‘ആരുമില്ലാത്ത ദാസൻ’ തിരുനെല്ലി വിട്ടു. ജീവനില്ലാത്ത സഖാവിനെ നിക്കറിട്ട പൊലീസുകാർ അങ്ങാടിയിലേക്കെടുത്തു. കാഴ്ചക്കു വെച്ചു. കാണാൻ ആരുമുണ്ടായില്ല. അങ്ങാടി ശൂന്യമായിക്കിടന്നു. സഖാവിനെ പിടിച്ചുകെട്ടി കാട്ടിലേക്ക് അവർ കൊണ്ടുവരുമ്പോൾ ആമത്താളിയുടെ ചില്ലകൾക്കിടയിൽ ‘ആരുമില്ലാത്ത ദാസൻ’ ഉണ്ടായിരുന്നു. വലിയ ഏമാൻ പേടിപ്പിക്കുന്നതും മനസ്സില്ലാ മനസ്സോടെ ചെറിയ ഏമാൻ വെടിപൊട്ടിച്ചതും അവൻ കണ്ടു.
‘വിപ്ലവം ജയിക്കട്ടെ’.
വെടിയുണ്ട ചങ്കിന് തൊടുംമുമ്പ് സഖാവ് വിളിക്കുന്നത് കേട്ട് ദാസനും ചുണ്ടനക്കി.
‘വിപ്ലവം ജയിക്കട്ടെ’
പാറപ്പുറത്തേക്ക് മലർന്ന സഖാവിന്റെ കണ്ണുകൾ മരത്തുഞ്ചിലിരുന്ന ദാസനെ വന്ന് തൊട്ടു. അവനപ്പോൾ മറ്റൊരു ഓർമയുണ്ടായി. അപ്പനും അമ്മയും മരിച്ച ദിവസത്തെ ഓർമ. അന്നവന് പ്രായം നാല്. മീനത്തിൽ വള്ളിയൂരമ്മയുടെ ഒപ്പനച്ചാട്ടം കണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കുടിയിലേക്ക് മടങ്ങാൻ അമ്മക്കൊരു ഉൾവിളിയുണ്ടായി. ആമ്പറന്നോനെ വിളിച്ച് കുഞ്ഞുദാസനെ ഒക്കത്തുവെച്ച് അവൾ ഊരിലേക്ക് മടങ്ങി. പന്തംകൊളുത്തി അയാൾ മുന്നാലെ നടന്നു. പോകുന്ന വഴിക്ക് കൊലകൊല്ലി വന്ന് തടസ്സം പറഞ്ഞു. ദാസനെ ആമത്താളിയുടെ ചില്ലയിൽ വെച്ചിട്ട് അച്ഛനും അമ്മയും ആനയ്ക്ക് കീഴ്പ്പെട്ടു. അന്നുതൊട്ട് ഊരുകാർക്ക് അവൻ ആരുമില്ലാത്ത ദാസനായി!
നാലാഴ്ച മുമ്പ് ഒരു രാത്രിയിൽ സഖാവ് വന്ന് കുടിയിൽ കയറി. കേട്ടിട്ടുണ്ട്. ആദ്യമായാണ് കാണുന്നത്. മുഖത്ത് വെട്ടോം വെളിച്ചോമുള്ള ദൈവത്താനെ പോലൊരു മനുഷ്യൻ!
‘‘ആരുമില്ലാത്ത ദാസനല്ല നീ’’ ചുട്ടകൊടുത്ത വള്ളിക്കാച്ചില് തിന്നുന്ന നേരത്ത് സഖാവ് പറഞ്ഞു.
‘‘നിനക്ക് ഞാനുണ്ട്. പ്രസ്ഥാനമുണ്ട്’’.
അതുവരെ അനുഭവിക്കാത്ത എന്തോ ഒന്ന് ഉള്ളിൽ പൊടിച്ചുയർന്നതായി ദാസനപ്പോൾ തോന്നി. വലിയൊരു ഭാരം ജീവിതത്തിൽനിന്നുതന്നെ ഒഴിഞ്ഞതുപോലെ. ജീവനില്ലാത്ത സഖാവിനെ കൂർമ്പൻ തൊപ്പിയിട്ട പൊലീസുകാർ വലിച്ചിഴച്ച് അങ്ങാടിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടപ്പോൾ ദാസന് സങ്കടം വന്നു….
2
കാട്ടിലെ മരങ്ങളേക്കാൾ കൂടുതൽ പൊലീസുകാർ നാട്ടിൽ മുളച്ചുപൊന്തി. കുടിയായ കുടി മുഴുക്കെ ഏമാന്മാര് നിരങ്ങി.ആണുങ്ങളെ തല്ലി. പെണ്ണുങ്ങളുടെ മടിക്കുത്തഴിച്ചു. മീശപിരിച്ച് പിള്ളാരെ എടുത്തെറിഞ്ഞു.
അത്തരം സാഹചര്യങ്ങളിൽ ആധിയും വ്യാധിയും കേറി പലരും നാടുവിടുന്ന ചടങ്ങുണ്ട്. തിരുനെല്ലിയിലും തകൃതിയായി നാടുവിടൽ നടന്നു. പക്ഷേ, ആരുമില്ലാത്ത ദാസന്റെ പോക്ക്; അങ്ങനെയൊന്നായിരുന്നില്ല. അതിനൊരു ലക്ഷ്യമുണ്ട്! അതിഗൂഢലക്ഷ്യം!
എഴുത്തും വായനയും വശമില്ലാഞ്ഞിട്ടും അവന്റെ അരയിൽ ചെറിയൊരു ബാനർ ഒളിച്ച് കയറിയിരുന്നു. കൊല്ലപ്പെടുന്നതിന് രണ്ട് രാത്രികൾക്കുമുമ്പ്; ദാസൻ ഊറ്റിക്കൊടുത്ത മുളങ്കുറ്റി വിളക്കിന്റെ വെട്ടത്തിരുന്ന്; വെളുത്ത കോറത്തുണിയിൽ സഖാവ് എഴുതിയുണ്ടാക്കിയ ബാനർ! ചുവന്ന് തുടുത്ത അക്ഷരങ്ങളിൽ വിടർന്നുവരുന്നതെന്താണെന്ന് ദാസന് തിരിഞ്ഞില്ല. ചോദിച്ചാൽ പറഞ്ഞ് തരുമായിരുന്നു. പക്ഷേ, ചോദിച്ചില്ല. മൂപ്പര് എഴുതുന്നതല്ലെ. തങ്ങൾക്ക് വേണ്ടിയുള്ളതാവും ! അവൻ അങ്ങനെ വിചാരിച്ചു.
തിരുനെല്ലി വിട്ടാൽ വള്ളിയൂർക്കാവ്. പിന്നെ പനമരം. അതിനപ്പുറത്തേക്ക് ലോകമുണ്ടോ? അതറിയാത്ത ദാസനാണ് ഒന്നര ദിവസത്തെ വഴിദൂരമുള്ള ഏനാദി തുരുത്തിലേക്ക് സാഹസയാത്ര ചെയ്യുന്നത്. സഖാവ് പറഞ്ഞുള്ള അറിവാണ്. തുരുത്തിൽ മാറിമാറി നാലു പൊലീസുകാർ ജോലിയെടുക്കുന്ന ഒരു ഔട്ട് പോസ്റ്റുണ്ട്. അവിടെ ഇടിയനും മുടിയനുമായ ഒരു നിക്കറേഡുണ്ട്. ലാടം പരീത്! അയാൾ കുറച്ചുകാലം പുൽപ്പള്ളി ക്യാമ്പിലുണ്ടായിരുന്നു. ഇടിയും തൊഴിയുമല്ലാതെ വേറൊരു ജോലിയും ലാടം അവിടെ ചെയ്തതായി രേഖയില്ല.
‘വിപ്ലവം തോൽക്കട്ടെ’
അങ്ങനെ വിളിക്കുന്നതുവരെ സഖാക്കളെ മർദിക്കലായിരുന്നു അയാളുടെ വിനോദം. അപ്രകാരം വിളിച്ചാൽ ആ നിമിഷം ഇടി നിൽക്കും. കൊട്ടംചുക്കാദി തൈലം സൂക്ഷിച്ചിരിക്കുന്ന പച്ച റങ്കുപെട്ടി തുറക്കും. തല്ലിന്റെ തോതനുസരിച്ച് തൈലക്കുപ്പികൾ കൊടുത്ത് സഖാക്കളെ ഇറക്കിവിടും. അതാണ് അയാളുടെ രീതി.
പരീത് സ്വന്തമായി ഒരു മർദനമുറ വികസിപ്പിച്ചെടുത്തിരുന്നു! ലാടമടി! കൈകാലുകൾ കൂച്ചിക്കെട്ടി ഇരയെ നാൽക്കാലി കണക്ക് നിലത്തേക്ക് മറിച്ചിട്ട് മരക്കസേരയെടുത്ത് അയാളുടെ മുകളിലിടും. പ്രതിയുടെ കാൽഭാഗത്തേക്കുതിരിഞ്ഞ് പരീത് കസേരയിൽ ഇരിപ്പുറപ്പിക്കും. തിരിയാനോ മറിയാനോ കഴിയാതെ അടിയിലുള്ളവൻ നട്ടം തിരിയുമ്പോൾ കാൽവെള്ളയിലേക്ക് നിസ്സാരമട്ടിൽ പരീത് ലാടമടിച്ച് കയറ്റും. അവസാന പ്രയോഗമെന്ന നിലയിലാണ് അയാളത് ചെയ്യാറ്. ഒട്ടുമിക്കവരും അതിനുമുമ്പേ കീഴടങ്ങും.
പക്ഷേ, ചോമനെന്ന ഒരാളുമാത്രം പിടിച്ചുനിന്നു. അയാളുടെ മുന്നിൽ ലാടം മുട്ടുമടക്കി. ഗരുഡൻ തൂക്കി! ബെഞ്ചിൽ കിടത്തി ഉരുട്ടി! കൈവെള്ളയിൽ ഗോലി പ്രയോഗം നടത്തി! നഖത്തിനിടയിൽ മൊട്ടുസൂചി കേറ്റി! ലിംഗത്തിൽ പച്ചീർക്കിലി തിരുകി! രണ്ട് കാലിലും ലാടം തറച്ചു!. പക്ഷേ, എങ്ങനൊക്കെ പയറ്റിയിട്ടും വിപ്ലവം തോൽക്കുമെന്ന് മാത്രം ചോമൻ സമ്മതിച്ചില്ല. ചോരതുപ്പി ലോക്കപ്പിൽ മരിച്ചുവീണിട്ടും ലാടത്തിന് അവന്റെ മേൽ കലിയടങ്ങിയില്ല. ചോമന്റെ രക്തമെടുത്ത് അയാൾ ലോക്കപ്പിന്റെ ഭിത്തിയിൽ എഴുതി.
‘വിപ്ലവം തോൽക്കട്ടെ’
തോറ്റുപോയിടത്ത് ജോലി ചെയ്യാൻ പരീത് ഒരുക്കമായിരുന്നില്ല. സ്ഥലംമാറ്റം വാങ്ങി പുൽപ്പള്ളി വിട്ടു.
‘‘തല്ലും ചവിട്ടുമൊക്കെ എല്ലാ പൊലീസുകാരും ചെയ്യും. അതുകൊണ്ടല്ല പരീതിനെ പ്രസ്ഥാനം ഉന്നമിട്ടിരിക്കുന്നത്. പാവപ്പെട്ട പെണ്ണുങ്ങളെ ഉപദ്രവിക്കുന്നതുകൊണ്ടാ’’. മുളന്തണ്ടിന്റെ വെളിച്ചത്തിൽ ബാനർ എഴുതുന്ന നേരത്ത് സഖാവ്, ദാസനോട് പറഞ്ഞു. “എല്ലാ സ്ത്രീകളെയും അവൻ ഉന്നംവെക്കാറില്ല. ഭർത്താവ് മരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത പെണ്ണുങ്ങളെയാണ് അവന് വേണ്ടത്. ഇനി ഇഷ്ടപ്പെട്ട പെണ്ണിന് ഭർത്താവുണ്ടെങ്കിൽ അയാളെ കൊന്നിട്ട് അവൻ ആ സ്ത്രീയെ ഉപദ്രവിക്കും. പാവം ചോമനോട് ആ റാസ്കൽ ചെയ്തത് അതാണ്”.
ബാനർ എഴുതിത്തീർത്ത ശേഷം സഖാവ്, ദാസനോട് ചോദിച്ചു.
‘അങ്ങനെ ഒരുത്തൻ ജീവിച്ചിരിക്കുന്നതാണോ നാടിന് നല്ലത്? ചത്തുപോകുന്നതാണോ നല്ലത്?’
‘‘കൊല്ലുന്നത്’’
അവൻ പറഞ്ഞു.
“അടുത്താഴ്ച ഏനാദിയിലേക്ക് പോകാൻ നേരത്ത് ഞാൻ വരും. അതുവരെ ബാനർ നീ സൂക്ഷിക്ക്”. സഖാവ്, ദാസന്റെ തോളിൽ തട്ടി. “അവനെ ഉന്മൂലനം ചെയ്തിട്ട് തുരുത്തിൽ കെട്ടാനുള്ളതാണ്”.
ഏനാദിയിലേക്ക് പോകാൻ സഖാവ് വന്നില്ല. ഇനി വരുകയുമില്ല. എങ്കിലും സഖാവിന്റെ ആഗ്രഹം നടക്കാതെ പോകരുത്.ലാടം പരീതിനെ പോലൊരുത്തനെ ഉന്മൂലനം ചെയ്യാനുള്ള കരുത്തൊന്നും തനിക്കില്ല. പക്ഷേ, ഈ കോറത്തുണി; അതവന്റെ മൂക്കിൻ തുമ്പിൽ താൻ കെട്ടും. ദാസൻ ഉറപ്പിച്ചിരുന്നു.
3
കാളവണ്ടിയും കള്ളവണ്ടിയും പിടിച്ച് ദാസൻ തലയോലപ്പറമ്പ് എന്ന ദേശത്തെത്തി. ചോദിച്ചറിഞ്ഞപ്പോൾ ഏനാദി തുരുത്തിലേക്ക് വഴിയില്ല!. വള്ളം കയറണം. രാത്രിയാവട്ടെ. ടാക്കീസിൽ പാതിരാപ്പടം കഴിഞ്ഞ് പോകുന്നവരുടെ കൂട്ടത്തിൽ വഞ്ചിയിൽ കയറിപ്പറ്റണം. ദാസൻ ചെറുപട്ടണത്തിൽ അലഞ്ഞുതിരിഞ്ഞ് സമയം നീക്കി. അങ്ങോട്ടുമിങ്ങോട്ടും നാലുചുവട് വെച്ചാൽ തീരുന്ന ചെറിയ ഒരു അങ്ങാടി അവിടെ ഉണ്ടായിരുന്നു. പലതരം ആളുകൾ! പലതരം ചരക്കുകൾ! ദാസൻ കണ്ടുനടന്നു.
ചന്തയുടെ ഒരറ്റത്തുള്ള നദിക്കരയിൽ കൊച്ചിയിൽ നിന്നും ആലപ്പുഴയിൽ നിന്നുമുള്ള കെട്ടുവള്ളങ്ങൾ വന്നടുക്കുന്നു. ഭാരമേറിയ കെട്ടുകൾ നിസ്സാരമായി തൊഴിലാളികൾ തലയിലേറ്റുന്നു. കൈകൾ താഴേക്കിട്ട് ആയാസരഹിതമായി നീണ്ടപടവുകൾ താണ്ടി മുകളിലെത്തുന്നു.
നടാടെയാണ് ഇങ്ങനെ ഒരു കാഴ്ച. കടവിൽ ഒരുപാട് നേരം അവനിരുന്നു. അയ്യോ പാവം തോന്നിയിട്ടാവണം, ഇടിയപ്പം വിറ്റ് നടന്ന കൈയ്യോമ്മ എന്നൊരു സ്ത്രീ ദാസന് വയറുനിറയെ തിന്നാൻ കൊടുത്തു. ആദ്യമായാണ് അങ്ങനെ ഒരു പലഹാരം കാണുന്നത്. ആർത്തിയോടെ തിന്നു. ദാസന് വിളമ്പിയതിന് പിന്നാലെ അതുവരെയില്ലാത്ത കച്ചവടത്തിരക്ക് കൈയ്യോമ്മക്ക് ഉണ്ടായി!. കൈക്കുഴ നീര് കെട്ടുന്നതുവരെ അന്നേദിവസം അവർ ഇടിയപ്പം ചുടുകയും വിളമ്പുകയും ചെയ്തു!. എല്ലാം കഴിഞ്ഞ് ദാസന്റെ കൈയിൽ നാലണ വെച്ചുകൊടുക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല. തിരക്കിനിടയിൽ ഒന്ന് പറയുകപോലും ചെയ്യാതെ അവൻ പടിഞ്ഞാറെ അങ്ങാടിയിലേക്ക് നീങ്ങിയിരുന്നു.
‘‘വല്ല കറുത്ത ഔലിയായും ആയിരുന്നിരിക്കും. കിടപ്പിലായ കെട്ടിയവന്റെ കാര്യം പറയാമായിരുന്നു. പുയ്യാപ്ലമാരില്ലാത്ത പെൺമക്കളുടെ കാര്യം പറയാമായിരുന്നു’’. കൈയ്യോമ്മ സങ്കടത്തോടെ വിചാരിച്ചു.
ഇരുട്ട് വീണതോടെ അവൻ കടവിലേക്ക് പോയി. ഇരുമ്പുകാൽവിളക്കിൽനിന്ന് ഊറിയൊലിച്ച വെളിച്ചത്തിൽ പുഴക്കരയും ആൽമരവും പൂമല തൈക്കാവും തെളിഞ്ഞുകിടന്നു. തണുത്ത പുഴക്കാറ്റിനൊപ്പം കൂറ്റൻ ആൽമരക്കൊമ്പിലേക്ക് ദാസനും പൂണ്ടുകയറി. കാലുകൾ മുകളിലാക്കി നരിച്ചീറുകളും താഴേക്ക് ഞാത്തിയിട്ട് ദാസനും മരച്ചില്ലയിൽ ഉറക്കംപിടിച്ചു. പാതിരാപ്പടം കഴിഞ്ഞുവന്ന തുരുത്തുകാരുടെ തൊണ്ടയിൽനിന്ന് ഒന്നിച്ച് പുറപ്പെട്ട കൂവൽ ദാസനെയും അക്കരെയുള്ള തോണിക്കാരനെയും ഒരുപോലെ വിളിച്ചുണർത്തി. മാനത്ത് മഴക്കോളുരുണ്ട് കൂടിയിട്ടുണ്ട്. കാലുകളില്ലാത്ത നരിച്ചീറുകളെപ്പോലെ മേഘങ്ങൾ കറുത്ത പുതപ്പിനുള്ളിൽ ഉറങ്ങിക്കിടന്നു. ഇരുട്ട് കുത്തിപ്പൊട്ടിച്ച് വഞ്ചി വെളിച്ചത്തിലേക്ക് നീന്തിവരുന്നതുകണ്ട് ദാസൻ മരത്തിൽ നിന്നൂർന്നു.
സൂചികുത്താനിട വള്ളത്തിലുണ്ടായില്ല. തോണിക്കാരൻ ദാമുവൊഴിച്ച് ദാസനെ മറ്റാരും ശ്രദ്ധിച്ചില്ല. ഏനാദി തുരുത്തിലെ ഏറ്റവും തെമ്മാടികളായ മനുഷ്യരെ കുത്തിനിറച്ച വഞ്ചിയാണതെന്ന് അവൻ ചിന്തിച്ചു. ബീഡി വലിച്ചും ചാരായ മണം വമിപ്പിച്ചും അശ്ലീല കഥകൾ പറഞ്ഞുമാണ് അവരുടെ നിൽപ്പ്. അണിയത്ത് കൂടുതൽ ഇരുട്ടുവീഴുന്ന ഭാഗത്തുനിന്ന രണ്ടാളുകൾ രഹസ്യം പറയുന്നകണക്ക് പരസ്പരമെന്തൊക്കെയോ കൈമാറുന്നുണ്ട്! ദാസൻ ശ്രദ്ധിച്ചു. സഖാവിന്റെ ആളുകളെപ്പോലെ മുടിയും താടിയും നീട്ടിവളർത്തിയ രണ്ട് ചെറുപ്പക്കാർ!. വേഷവും ചലനവും എല്ലാം അങ്ങനെ തന്നെ!. അവൻ അവരിലേക്ക് അടുത്തുനിന്നു. മൂന്നാമതൊരു കാത് തങ്ങൾക്കിടയിൽ മുളച്ചുവരുന്നതായി സംശയിച്ചപ്പോൾ ചെറുപ്പക്കാർ സംസാരം നിർത്തി. ആകാശത്തേക്ക് പുകയൂതി ഒരിക്കലും പരസ്പരം കണ്ടിട്ടില്ലാത്ത രണ്ടുപേരെ പോലെ വേറിട്ടുനിന്നു. സഖാവിന്റെ ആളുകൾ തന്നെ. ദാസൻ ഉറപ്പിച്ചു.
വഞ്ചി കടവ് തൊട്ടു. അവസാനമിറങ്ങിയ ദാസനൊഴിച്ച് ബാക്കി എല്ലാവരും വള്ളപ്പടിയിൽ പണം വെച്ചിട്ട് ഇറങ്ങിപ്പോയി.സാധാരണ തെറിയും തള്ളയ്ക്ക് വിളിയുമാണ് ഈ നേരത്ത് കൂലിയായി കിട്ടാറുള്ളത്. ഇവന്മാർക്കിതെന്ത് സംഭവിച്ചു? തോണിക്കാരൻ ദാമു അന്ധാളിച്ചു.
തീയെരിഞ്ഞ ചൂട്ടുകറ്റകളുടെ വാലിൽ തൂങ്ങി ആളുകൾ പലവഴിക്ക് പിരിഞ്ഞു. വഞ്ചിയിൽ രഹസ്യം പറഞ്ഞുനിന്ന ചെറുപ്പക്കാർ പക്ഷേ ഇരുട്ടിലൂടെ ചലിക്കാനാണ് താൽപര്യപ്പെട്ടത്. ദാസൻ അവരുടെ പിന്നാലെ കൂടി. പിന്നിൽ കണ്ണുകളുള്ള ജീവികളെപ്പോലായിത്തീർന്ന യുവാക്കൾ അവനിൽ നിന്നകന്ന് പരിഭ്രാന്തരായി വേഗത്തിൽ നടന്നു.
ഒരുവശം പുഴ. മറുവശം ആൾപ്പൊക്കമുള്ള കൂവക്കാട്. അത്തരമൊരു പ്രദേശത്തായിരുന്നു അവരപ്പോൾ ഉണ്ടായിരുന്നത്.
‘‘സഖാക്കളെ’’ ഇരുട്ടിൽ പൂർണമായി മുങ്ങിയെന്ന് ഉറപ്പിച്ചതും ദാസൻ അവരെ വിളിച്ചു. കേൾക്കാത്ത മട്ടിൽ അവർ മുന്നോട്ടുനീങ്ങി. “ലാടം പരീതിനെ അറിയാമോ?”. ചോദ്യം കേട്ട് യുവാക്കൾ നിന്നെങ്കിലും മറുപടി പറഞ്ഞില്ല. പകരം ചെറുപ്പക്കാരിൽ ഒരുവന്റെ മുഷിഞ്ഞുനാറിയ കൈലിത്തുണി വന്ന് ദാസനെ മൂടി. ചോദ്യവും പറച്ചിലുമില്ല. ഇടിയോട് ഇടിയായിരുന്നു പിന്നങ്ങോട്ട്. ഇവന്മാർ എന്തിനാണ് തന്നെയിങ്ങനെ തല്ലുന്നത്? ദാസന് മനസ്സിലായില്ല.
“അമേരിക്ക പറഞ്ഞാൽ നീ എന്തും ചെയ്യുമല്ലെ?”
വലതുകൈപ്പത്തി പിരിച്ചൊടിച്ചുകൊണ്ട് ഒന്നാമൻ ചോദിച്ചു. അമേരിക്കയോ? അതെന്ത് സാധനം? ദാസൻ സംശയിച്ചു.
“വിളിയെടാ”. രണ്ടാമൻ ആവശ്യപ്പെട്ടു. ‘വിപ്ലവം ജയിക്കട്ടെ’.
അതുകേട്ടതും സകല വേദനകളും ദാസനിൽ നിന്നഴിഞ്ഞുപോയി. പുളിച്ച് നാറുന്ന കൈലിത്തുണിക്കുള്ളിൽ നറുപുഞ്ചിരി വിരിഞ്ഞു. ശരീരം പൂത്തുകയറി.
‘വിപ്ലവം ജയിക്കട്ടെ’
ദാസൻ വിളിച്ചു! അത്യുച്ചത്തിൽ വിളിച്ചു! നിർത്താതെ വിളിച്ചു!
‘‘@*#*@ കൊലയ്ക്ക് കൊടുത്ത്’’. ഒന്നാമൻ കൈലിചുരുട്ടി അവന്റെ വായിൽ കയറ്റി.
‘‘പതുക്കെ വിളിച്ചാൽ പോരാർന്നോടാ പന്നീ’’
രണ്ടാമൻ അടിനാഭിക്ക് ചവിട്ടി. യുവാക്കളുടെ ഭയം അസ്ഥാനത്തായില്ല.
വെറും നൂറുമീറ്റർ അകലത്തിലുള്ള, ഔട്ട് പോസ്റ്റ് വരാന്തയിലെ ബെഞ്ചിൽ കൂർക്കംവലിച്ച് ഉറങ്ങുകയായിരുന്ന ലാടം പരീതിനെ ദാസന്റെ മുദ്രാവാക്യം തട്ടിയുണർത്തി. ബെഞ്ചിൽ കവച്ചിരുന്ന പരീതിന്റെ വായിലേക്ക് ഒരു ലോഹ വിസിൽ ചാടിക്കയറി. നിർത്താതെയുള്ള വിസിലടി കേട്ട യുവാക്കൾ ഭയന്ന് വിളറി.
ഒരുത്തൻ ദാസന്റെ വായിലേക്ക് തിരിക്ക് നല്ല നീളമുള്ള ഒരു തോട്ട തിരുകി. രണ്ടാമൻ തീപ്പെട്ടിയുരച്ചു.
“പരീതല്ലെങ്കിൽ പരീതിന്റെ ചാരൻ”. തിരിയിൽ തീമുട്ടിച്ചുകൊണ്ട് അവൻ ദാസന്റെ ചെവിയിൽ പറഞ്ഞു. ‘സാമ്രാജ്യത്വം തുലയട്ടെ’
ഓരോ കുപ്പി കൊട്ടംചുക്കാദി തൈലം കൂടി അവന്റെ അരയിൽ തിരുകിവെച്ചിട്ട് ചെറുപ്പക്കാർ പുഴചാടി നീന്തിമറഞ്ഞു.
നീളൻ ബാറ്ററി ടോർച്ചും തെളിച്ച് തനിക്കുനേരെ ഓടിവരുന്ന പൊലീസുകാരെ കണ്ട് ദാസൻ എഴുന്നേറ്റു. എരിയുന്ന തോട്ടയും കടിച്ചൊരുത്തൻ നിവരുന്നു! കൊടൂര വിപ്ലവകാരി തന്നെ! ലാടവും കൂട്ടരും പാതിവഴിക്ക് നിന്നു. വെടിമരുന്ന് ചുവച്ച വായിൽനിന്ന് ദാസൻ തോട്ട വലിച്ചൂരുന്നതുകണ്ട് പരീതിന്റെ കൂടെയുണ്ടായിരുന്നവർ ടോർച്ചുമായി വന്നവഴിക്ക് തിരിച്ചോടി. ലാടം പക്ഷേ അനങ്ങിയില്ല. നിന്നിടത്ത് നിന്നു. അയാൾക്ക് വേണ്ടത് ശത്രുവിന്റെ മുഖമാണ്. ഇരുട്ടിൽ സ്വർണത്തുള്ളികൾ തെറിപ്പിക്കുന്ന തോട്ടത്തിരിയുടെ വെളിച്ചത്തിൽ അയാൾ സൂക്ഷിച്ച് നോക്കി. പക്ഷേ, മുഖം തിരിഞ്ഞ് കിട്ടുന്നതിനുമുമ്പ് ദാസനൊരു പണി ചെയ്തു. കത്തിക്കയറി വന്ന തോട്ടത്തിരി വെള്ളത്തിൽ മുക്കി കെടുത്തിയിട്ട് പുഴയിലേക്ക് ചാടി.
മുന്നോട്ടുവന്ന ലാടം പരീത് അവന്റെ പിന്നാലെ ചാടിയില്ല. പകരം മറ്റൊന്ന് പ്രവർത്തിച്ചു. കെട്ടുകിടന്ന തോട്ട വഴിയിൽ നിന്നെടുത്തു. സൈനുവിനെ രുചിക്കാൻ ദൈവം കൈവെള്ളയിൽ വെച്ചുതന്ന അവസരമാണിത്!. പാഴാക്കുന്നത് ബുദ്ധിമോശമാണ്. പരീത് ചുറ്റും നോക്കി. പുഴയിൽ ചാടിയവന്റെ പൊടിപോലും കാണാനില്ല. തന്റെ കൂടെയുണ്ടായിരുന്ന പേടിത്തൂറികൾ തിരിഞ്ഞുനോക്കാതെ സ്റ്റേഷൻ ലക്ഷ്യമാക്കിയുള്ള ഓട്ടത്തിലാണ്. അയാൾ തോട്ടക്ക് വീണ്ടും തീകൊടുത്തു. എന്നിട്ട് അത് ഔട്ട് പോസ്റ്റിനു നേർക്ക് വലിച്ചെറിഞ്ഞു.
ഇയാളിതെന്താണ് ചെയ്യുന്നത്? പൊന്തകളുടെ മറപിടിച്ച് പുഴയിൽ കിടന്ന ദാസന് ഒന്നും മനസ്സിലായില്ല. എരിയുന്ന തോട്ട അന്തരീക്ഷത്തിലൂടെ നീന്തി ദൂരേക്ക് പോകുന്നതും ഓടുന്ന പൊലീസുകാരുടെ മുകളിലൂടെ പറന്ന് ഔട്ട് പോസ്റ്റിനും അവർക്കും ഇടയിലായി വീഴുന്നതും അവൻ കണ്ടു. അതിഭീകരമായ ഒച്ചയിൽ തുരുത്ത് ഞെട്ടിവിറച്ചു. ഭൂകമ്പമാണോ? പേടിച്ചുകൊണ്ട് ആളുകൾ ഉണർന്നു. മുന്നിലുണ്ടായ അഗാധഗർത്തത്തിന് മുന്നിൽ പൊലീസുകാർ പകപ്പോടെ നിന്നു. ഒരുവൻ അപ്പോഴേക്കും നിക്കറിൽ പെടുത്തുകഴിഞ്ഞിരുന്നു. പുകയും തീയുമടങ്ങിയപ്പോൾ മറുവശത്ത് തെളിഞ്ഞുവന്ന ലാടംപരീത് അവരോട് പറഞ്ഞു.
“തലശ്ശേരിയും പുൽപ്പള്ളിയും കഴിഞ്ഞു. അടുത്തത് ഏനാദിയാണ് സൂക്ഷിച്ചോ”.
4
നിലയില്ലാത്ത മട്ടിൽ വീശിയ കാറ്റ് മേഘപാളികളിൽ കുടുങ്ങിക്കിടന്ന പെരുമഴ കുലുക്കി താഴെയിട്ടു. ഒടിഞ്ഞകൈയും തൂക്കി അധികം നീന്താൻ ദാസന് കഴിഞ്ഞില്ല. അവൻ തിരികെ തുരുത്തിലേക്കുതന്നെ കരപറ്റി. കൂവക്കാടിന്റെ ഉള്ളിലേക്ക് വലിഞ്ഞു. കൂടെയുള്ളവർ ഭയന്ന് ഔട്ട് പോസ്റ്റിലിരുന്നിട്ടും ലാടം പരീത് അടങ്ങിയില്ല. മഴയത്ത് ടോർച്ചും തെളിച്ച് ശത്രുവിനെ തേടി അയാൾ നടന്നു. താൻ തോട്ട എറിയുന്നത് എങ്ങാനും കണ്ടിട്ടുണ്ടെങ്കിൽ അവനെ ജീവനോടെ വിടാൻ കഴിയില്ല.
കൂവക്കാടിന് ഒരന്തമുണ്ടായില്ല. അത് ഉള്ളിൽനിന്ന് ഉള്ളിലേക്ക് ദാസനെ വലിച്ചുകൊണ്ട് പോയി. നിക്കറ് പൊലീസിന്റെ അറ്റംകൂർത്ത തൊപ്പിയെ അനുസ്മരിപ്പിക്കുംവിധം തലയെടുത്തുനിന്ന കൂവയിലകൾ ടോർച്ച് വെട്ടം അവന്റെ മേലേക്ക് തെറിക്കാതെ തടഞ്ഞിട്ടു. ചളിയിലും മഴയിലും കുതിർന്ന ചേറ്റുമത്സ്യം കണക്കായി ദാസൻ.
തട്ടുതട്ടായി ചരിവുള്ള ഭൂമിയിലാണ് കൂവക്കാട് വളർന്നുകേറിയിരിക്കുന്നത്. താഴെ പ്രധാന പുഴയിൽനിന്ന് പിരിഞ്ഞ് പുല്ലാന്തിയാറെന്ന കൈവരി നദി തെക്കോട്ട് ഒഴുകുന്നുണ്ട്. അങ്ങോട്ടേക്കുപോകാതെ ഉയരമുള്ള നിലം ലക്ഷ്യമാക്കി ചെടിക്കാലുകൾ വിടർത്തി ഉരഗജീവിയെപ്പോലെ നീന്തിനീന്തി അവൻ മുകളിലേക്കുപോയി. ഏറ്റവും ഉയർന്ന ഭാഗത്ത് ഓടിട്ട ഒരു ചെറിയ കെട്ടിടം വെളിച്ചം പ്രസരിപ്പിച്ച് നിൽക്കുന്നത് കാഴ്ചയിൽ പെട്ടു. ലാടം പരീതിന്റെ ഔട്ട് പോസ്റ്റ്! ദാസന്റെ ഉള്ളുതുടിച്ചു. മുൻവശമൊഴിച്ച് ബാക്കിഭാഗം മുഴുവൻ കൂവക്കാടുകളാണ്. ബാനർ കെട്ടാൻ പാകത്തിൽ സ്റ്റേഷനുമുന്നിൽ മരങ്ങളുമുണ്ട്. പക്ഷേ, ഒടിഞ്ഞ കൈവെച്ച് മരത്തിൽ കയറുന്നതെങ്ങനെ? ദാസൻ വിഷമിച്ചു. എങ്കിലും തീരുമാനിച്ചു. എത്ര കാലമെടുത്താലും വേണ്ടില്ല വന്ന കാര്യം നടത്താതെ മടക്കമില്ല.
നിർത്താതെ പെയ്യുന്ന മഴയിൽ കൂവക്കാട് അവൻ പൂർണമായി അരിച്ചുപെറുക്കി. ഏതാണ്ട് ഔട്ട് പോസ്റ്റിന്റെ പിൻഭാഗത്തായി അവനൊരു താവളം കണ്ടെത്തി. ഒരു കുറുക്കൻ മട! അവറ്റകളെ എറിഞ്ഞോടിച്ച് ഗുഹ ദാസൻ കൈയേറി. നനവുള്ളതുകൊണ്ട് മണ്ണിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടായില്ല. ചെറുപ്പത്തിൽ എത്രയോ ഇങ്ങനെ ചെയ്തിരിക്കുന്നു. കുട്ടിക്കാലത്തെ കളിപോലെ ആസ്വദിച്ച് ഒടിയാത്ത കൈകൊണ്ട് ഇരിക്കാനും കിടക്കാനും പാകത്തിൽ ദാസൻ ആ കുറുക്കൻമട വലുതാക്കിയെടുത്തു. കൂവയിലകൾ ഒടിച്ചുനിരത്തി കിടക്കയും ഉണ്ടാക്കി. പിന്നെ സ്വസ്ഥമായിരുന്ന് ഒടിഞ്ഞ കൈപ്പത്തിയിൽ ചെറുപ്പക്കാർ അരയിൽ വെച്ചുതന്ന കൊട്ടംചുക്കാദി പുരട്ടി കമ്പുവെച്ച് തോർത്തിന് കെട്ടി. നനഞ്ഞ ഉടുമുണ്ട് പിഴിഞ്ഞ് അതിനുള്ളിൽ ചുരുണ്ടു. ദാസൻ സുഖമായി ഉറങ്ങി.
ലാടംപരീത് ഒരുപോള കണ്ണടച്ചില്ല. അരക്കൈ ബനിയനും കാക്കി നിക്കറുമിട്ട് ചുരുട്ട് കത്തിച്ച് ഔട്ട് പോസ്റ്റ് വരാന്തയിലൂടെ അയാൾ നടന്നു. താൻ തോട്ട പൊട്ടിച്ചതിന് ഒരു ലക്ഷ്യമുണ്ട്. അതു മാറ്റിനിർത്തിയാൽ മറ്റൊന്ന് ഉറപ്പായി. നക്സലുകൾ തന്റെ പിന്നാലെയുണ്ട്! തന്നെ അവർ നോട്ടമിട്ടിട്ടുണ്ട്. രഹസ്യപ്പോലീസുകാർ തന്ന സൂചന കൃത്യമായിരുന്നു. അപ്പോൾ അതത്ര കാര്യമായി എടുത്തില്ല. ഇനിയിപ്പോൾ തന്റെ ഉദ്ദേശ്യം നടക്കുന്നതിന് ഒപ്പംതന്നെ അതിനും ഒരു പരിഹാരമുണ്ടാവണം. ഇല്ലെങ്കിൽ തന്റെ വണ്ടി അധികമിനി മുന്നോട്ടോടില്ല. ദാസന്റെ മുദ്രാവാക്യം ആയിരമാവർത്തി അയാളുടെ ഉള്ളിൽ മുഴങ്ങി. കല്ലിൽ കൊത്തുന്ന ദൃഢതയിൽ ആ സ്വരം ഓർമയിൽ സൂക്ഷിച്ചുവെക്കുകയാണ് അയാൾ. തോറ്റ് തൊപ്പിയിട്ടിട്ടും വിപ്ലവം സ്വപ്നം കണ്ട് നടക്കാൻ ഇവനൊക്കെ എങ്ങനെ ധൈര്യം കിട്ടുന്നു.
ഇത്രവലിയ സംഭവം ഉണ്ടായിട്ടും ജമുക്കാളം പുതച്ച് ഉറങ്ങുന്ന വർക്കി ഏഡിനെ ചവിട്ടിയരക്കാനുള്ള ദേഷ്യം പരീതിലുണ്ടായി. കുടുംബ വഴക്കിന്റെ പേരുപറഞ്ഞ് ഔട്ട്പോസ്റ്റിൽ സ്ഥിര താമസമാക്കിയ ആളാണ് ഏഡ് വർക്കി. വീടും കുടിയും ഉപേക്ഷിച്ച് നടക്കുന്ന പോർക്ക്. പത്ത് പട്ടിക്ക് തിന്നാനുള്ള ഇറച്ചിയുണ്ട്. എന്നിട്ട് കിടന്നുറങ്ങുന്നത് കണ്ടില്ലേ. ഇവനൊക്കെ വൃത്തിക്ക് പണിയെടുത്താൽ തീരാവുന്ന നക്സലുകളേയുള്ളൂ ഈ നാട്ടിൽ. പരീത് പുറത്തേക്കിറങ്ങി.
ഏനാദി തുരുത്തിൽ ഇങ്ങനെയൊന്ന് ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. തുരുത്തിനുപുറത്ത് എല്ലായിടത്തും നാട് ഭരിക്കുന്ന ചെങ്കൊടിക്കാരുണ്ട്. അവന്മാർക്ക് സാധിച്ചിട്ടില്ല ഏനാദിയിൽ ഒരു കമ്മറ്റി തട്ടിക്കൂട്ടാൻ. ആയിടത്താണ് നാലും മൂന്നേഴ് മൽപ്പാന്മാര് ഖോ ഖോ വിളിച്ച് നടക്കുന്ന നക്സൽ പ്രസ്ഥാനം കേറിയിപ്പോൾ വിളഞ്ഞിരിക്കുന്നത്.
പുൽപ്പള്ളി ക്യാമ്പിൽ നിന്ന് നേരെ വൈക്കത്തേക്കാണ് താൻ പോന്നത്. അവിടെ ചിലയിടത്ത് നക്സലുകളുടെ ശല്യമുണ്ടായിരുന്നു. വേരോടെ പിഴുതിട്ടാണ് ഒരവസരം ഒത്തുവന്നപ്പോൾ കേസും പുക്കാറുമില്ലാത്ത ഈ കാട്ടുമുക്കിലേക്ക് കുടിയേറിയത്. ഇടിയും തൊഴിയുമില്ലാതെ തിന്ന് സുഖിക്കാൻ പറ്റിയ ഇടമായിരുന്നു തുരുത്ത്. എല്ലാം നശിച്ചു.
രാവിലെ തന്നെ വൈക്കത്തിന് ആളെ വിടണം. സർക്കിൾ ഏമാനെ കാര്യങ്ങൾ ധരിപ്പിച്ച് കൂടുതൽ പൊലീസുകാരെ വരുത്തണം. എന്നിട്ട് വേണം ആ ഞാഞ്ഞൂൽ വിപ്ലവകാരിയെ…… ശത്രുവിനെ മനസ്സിലാവാഹിച്ച് കൈകൾ കൂട്ടിത്തിരുമ്മി തുരുത്ത് വിറക്കുന്ന തരത്തിൽ ലാടം പരീത് ഒന്നലറി. വലിയ നിലവിളിയോടെ വർക്കി ഏഡ് ബെഞ്ചിൽനിന്ന് തറയിലേക്ക് മറിഞ്ഞു.
5
സുന്ദരമായ ബാങ്കുവിളി മുഴങ്ങി. ദാസൻ കണ്ണ് തുറന്നു. ബാങ്കുവിളിയുടെ ഉറവിടം അടുത്ത് തന്നെയാണ്. ഊരിലാണെങ്കിൽ പുലരിവെട്ടം കണ്ണിൽ കുത്താതെ എഴുന്നേൽക്കാറില്ല. പതിവ് തെറ്റിച്ചില്ല. കാലുകളാട്ടി കിടന്നുകൊണ്ട് തന്നെ അവൻ പുകവലിച്ചു. അപ്പൻ, അമ്മ, സഖാവ്, ഊരുകാർ എറിഞ്ഞുകൊന്ന കണ്ണി. ഓർമകൾ ഓരോന്നായി വന്ന് അവനെ തൊട്ടു. മൂന്ന് മനുഷ്യരും ഒരു പെൺനായയും! മുപ്പത് വർഷത്തെ ഭൂമിവാസത്തിൽ അത്ര നഷ്ടങ്ങളേ ദാസന് ഉള്ളൂ. ഒരാൾക്ക് കരയാൻ അതുതന്നെ ധാരാളം.
കൂവക്കാടിന് മുകളിൽ സൂര്യൻ മുളച്ചു. ഇലകൾ മറപിടിച്ചിട്ടും വെയിലിന്റെ പൊട്ടുംപൊടിപ്പും ദാസന്റെ മുഖത്ത് വീണു. പുലരിച്ചായം കലർന്നൊഴുകിയ പുല്ലാന്തിയാറിന്റെ കരയിൽ അവൻ പ്രഭാതകൃത്യങ്ങൾ കഴിച്ചു. പള്ളിയും മദ്റസയും കാണാം. കൂവക്കാടിന്റെ പടിഞ്ഞാറ് അതിരിലാണ് ആ ചെറിയ കെട്ടിടങ്ങൾ. വയറ് കാളുന്നുണ്ട്. ദാസന്റെ കണ്ണുകൾ അങ്ങിങ്ങായി നിൽക്കുന്ന മരച്ചില്ലകൾ കയറിയിറങ്ങി. തീറ്റക്കായ തരുന്ന ഒന്നുമില്ല. പച്ചക്ക് തിന്നാൽ കൂവ വയറിന് പിടിക്കാറില്ല. തൂറി മെഴുകും. പള്ളിപ്പറമ്പ് നോക്കാം. വല്ലതും കിട്ടും. ചെടികൾക്കിടയിലൂടെ നൂണ്ട് ദാസൻ അങ്ങോട്ട് പോയി.
ഓടുപാകിയ, അരഭിത്തിക്ക് മുകളിലേക്ക് പലകയടിച്ച മദ്റസയുടെ പിന്നിലാണ് ചെന്നുപെട്ടത്. ഒരു നിമിഷത്തേക്ക് അമ്പരന്ന് പോയി. ആദ്യം തോന്നി ചീവിടുകളുടെ കൂട്ടക്കരച്ചിലാണെന്ന്. പിന്നെ തോന്നി കുറുക്കന്മാരുടെ ഓരിവിളിയാണെന്ന്. അമ്മട്ടിലാണ് ഡസൻ കണക്ക് പിള്ളേര് തൊണ്ടയിട്ട് അലക്കുന്നത്. വിശപ്പ് മറന്ന ദാസൻ പലക വിടവിലൂടെ നോക്കി. നീളമുള്ള മുറി മധ്യത്തിൽ പകുത്ത് രണ്ട് ക്ലാസ് മുറികളായി തിരിച്ചിരിക്കുന്നു. തിരിവിന് മറകളൊന്നുമില്ല. പ്രായവ്യത്യാസം അനുസരിച്ച് കുട്ടികൾ പുറംതിരിഞ്ഞ് ഇരിക്കുന്നുവെന്ന് മാത്രം. വലിയ കുട്ടികൾക്ക് അഭിമുഖമായി വല്യുസ്താദും കൊച്ചുകുട്ടികൾക്ക് അഭിമുഖമായി കൊച്ചുസ്താദും രണ്ടറ്റങ്ങളിലായി നിൽക്കുന്നു. മുഖാമുഖം കാണത്തക്ക തരത്തിൽ നിന്ന് ഉസ്താദുമാർ വാശിക്ക് അലറന്നു. കുട്ടികൾ അതേറ്റ് അലറുന്നു. ദാസൻ ചെറിയ ക്ലാസിന്റെ ഭാഗത്തേക്ക് നീങ്ങി.
‘അലിഫ്’
കരിച്ചായമടിച്ച ഭിത്തിയിൽ നീളത്തിൽ ഒരു വരവരച്ച്; പ്രത്യേക താളത്തിലും ഈണത്തിലുമായി കൊച്ചുസ്താദ് അലറി. ‘അ’ പറയുമ്പോൾ വില്ലുപോലെ കുനിയുന്ന ഉസ്താദ് ‘ഫ്’ പറയുമ്പോൾ അമ്പെയ്തപോലെ നിവരുന്നു. ഈണവും താളവും തെറ്റാതെ കുട്ടികൾ അതേറ്റ് പിടിക്കുന്നു. ആദ്യമായാണ് അവനൊരു ക്ലാസുമുറി കാണുന്നത്. ഒരേസമയം ദാസന് രസവും വ്യസനവുമുണ്ടായി. സങ്കടം മറികടക്കാനാവണം ഉസ്താദ് പഠിപ്പിക്കുന്നത് കുട്ടികൾക്കൊപ്പം അവനും മനഃപ്പാഠമാക്കാൻ തോന്നി. ബോർഡിൽ അയാൾ വരക്കുന്ന ഓരോ അക്ഷരവും ഒടിയാത്ത ചൂണ്ടുവിരൽ കൊണ്ട് പലകഭിത്തിയിൽ അവനും വരച്ചു...ബാഅ്, താഅ്, ഥാഅ്…
28 അറബി അക്ഷരങ്ങളിലേക്ക് അതങ്ങനെ നീണ്ടുപോയി.
‘‘ദാസൻ’’
വല്യുസ്താദ് തന്റെ പേരുപറയുന്നത് കേട്ട് അവന്റെ ശ്രദ്ധ അങ്ങോട്ട് പോയി. അബ്ദുല്ല എന്ന പേരിന്റെ അർഥം മുതിർന്ന കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയാണ് അയാൾ.
“ഉസ്താദെ” ഒരു വിരുതൻ എഴുന്നേറ്റുനിന്ന് അവന്റെ സംശയം ചോദിച്ചു. “തെങ്ങ് കേറുന്ന ദാസൻ ചേട്ടനെ അപ്പോ അബ്ദുല്ല ചേട്ടനെന്ന് വിളിക്കാമോ?”
“ഹമുക്കിത്തരം പറയുന്നോ ബലാലെ”. വല്യുസ്താദ് അവന്റെ ചെവി പിഴിഞ്ഞു. “അർഥം ഒന്നാന്നെന്നുവെച്ച് നമ്മുടെ അബ്ദുല്ലയല്ല അവരുടെ ദാസൻ. തിരിച്ചും അങ്ങനെ തന്നെ. അവരുടെ ദാസനല്ല നമ്മുടെ അബ്ദുല്ല. മനസ്സിലായോ?”
ഉസ്താദുമാർക്കുള്ള ഭക്ഷണവുമായി മുടന്തുള്ള ഒരു മനുഷ്യൻ അപ്പോൾ വന്നില്ലായിരുന്നെങ്കിൽ പയ്യന്റെ ചെവി വല്യുസ്താദിന്റെ കൈയിൽ ഇരുന്നേനെ എന്ന് ദാസന് തോന്നി. മുഴുവൻ ക്ലാസും കൊച്ചുസ്താദിനെ ഏൽപിച്ചശേഷം ഭക്ഷണക്കാരന്റെ പിന്നാലെ മൂപ്പര് പോയി. അഴിഞ്ഞുപോയ വിശപ്പ് ദാസനെ തിരികെ ജീവിതത്തിലേക്ക് വിളിച്ചു. ശബ്ദമുണ്ടാക്കാതെ അവനും ഉസ്താദുമാരുടെ മുറിയുടെ ഭാഗത്തേക്ക് നീങ്ങി.
മുടന്തൻ വെച്ചിട്ടുപോയ നാല് പാത്രങ്ങളും വല്യുസ്താദ് തുറക്കുന്നത് ദാസൻ കണ്ടു. തടവുചാടിയവന്റെ വെപ്രാളവുമായി കൂവക്കാട്ടിലേക്ക് പാഞ്ഞ നാടൻ കോഴിക്കറി മണം ഞൊടിനേരം കൊണ്ട് കാടിനുള്ളിൽ നിന്നൊരു കരിമ്പൂച്ചയെ വലിച്ച് പുറത്തേക്കിട്ടു. ചെറിയ പുലിക്കുഞ്ഞിന്റെ വലുപ്പമുള്ള ഒന്ന്! ആ ജീവി അന്തംവിട്ട് ദാസനെ നോക്കി. ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു. ഭൂമിയിൽ തനിക്കുള്ള ശത്രുവും സൃഷ്ടിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു! ഏകാധിപത്യം ഇളകി തുടങ്ങിയിരിക്കുന്നു. ഭാവിയിൽ തനിക്ക് ശക്തനായ എതിരാളിയാകാൻ സകല സാധ്യതകളുമുള്ള ഒരുത്തനാണിവൻ. ദാസന്റെ വിളറിയ ശരീരം മുഴുവനായി അളന്നുകൊണ്ട് പൂച്ച ചിന്തിച്ചു. തോറ്റ് പിന്മാറുകയില്ലെന്ന സൂചന കൊടുക്കാൻ വേണ്ടി മാത്രം ദാസനെ നോക്കി മുരണ്ടു. എന്നിട്ട് ഭക്ഷണമുറിയുടെ വാതിൽക്കലേക്ക് കാഴ്ച കിട്ടുന്ന തരത്തിൽ നീങ്ങിനിന്നു.
വല്യുസ്താദ് രണ്ട് പാത്രങ്ങളിലെയും പത്തിരി എണ്ണുകയാണ്. രണ്ടിലും പതിനഞ്ച്! അയാളുടെ മുഖം മാറുന്നത് ദാസൻ കണ്ടു. അടുത്ത പണി കറി നോക്കലായിരുന്നു. ഒരേ വലുപ്പത്തിൽ മുമ്മൂന്ന് കഷണം! ഓരോ കോഴിക്കാൽ സഹിതം! വല്യുസ്താദ് ചുറ്റും നോക്കി. ഭാഗ്യം. എന്നത്തെയും പോലെ ഇന്നും പൂച്ച മാത്രമേയുള്ളൂ. കൊച്ചുസ്താദിന്റെ പാത്രത്തിൽനിന്ന് രണ്ട് പത്തിരി ചാറിൽ മുക്കി എന്തോ ഉച്ചരിച്ചുകൊണ്ട് ഒരു പാത്രത്തിലിട്ട് പൂച്ചക്ക് കൊടുത്തു. അതേവാക്കിന്റെ അകമ്പടിയിൽ മൂന്ന് പത്തിരിയും കൊച്ചുസ്താദിന്റെ കോഴിക്കാലും മൂപ്പരുടെ വയറ്റിലേക്കും പോയി. പഴയ പ്രസരിപ്പിലേക്ക് വല്യുസ്താദിന്റെ മുഖം തിരിച്ചുവന്നു. അയാളുടെ മന്ത്രണത്തിൽ നിന്ന് ബിസ്… എന്നുമാത്രം അവന് തിരിഞ്ഞുകിട്ടി.
കണ്ടങ്കാളിയുടെ വയറ്റിൽ ദാസനായി ജനിക്കണ്ട ഒരു കാര്യവും തനിക്കില്ലായിരുന്നു. പത്തിരി നുണഞ്ഞ് തന്നെ നോക്കുന്ന പൂച്ചയോട് അവന് എന്തെന്നില്ലാത്ത അസൂയ തോന്നി. ഇനി ഈ മേഖലയിൽ കണ്ടേക്കരുതെന്ന മട്ടിൽ ദാസനെയൊന്ന് തട്ടിയിട്ട് ഉസ്താദ് ഇട്ടുകൊടുത്ത അസ്ഥി കടിച്ചെടുത്ത് പൂച്ച കാട്ടിലേക്ക് വലിഞ്ഞു.
ദാസനും കേട്ടു! വല്യുസ്താദും കേട്ടു! എവിടെയോ എന്തോ വിളിച്ച് പറയുന്നു. ഒപ്പം കടലിരമ്പുന്ന കണക്ക് ഒച്ചയുമുണ്ട്. പലകഭിത്തിയിൽ ചൂരലോടിച്ച് ഉസ്താദ് മുറിയിൽ നിന്ന് പുറത്തേക്കോടി. ചൂരൽ ശബ്ദം കുട്ടികളുടെ ബഹളം നിലപ്പിച്ചു. എല്ലാവർക്കുമൊപ്പം ദാസനും കേൾവി കൂർപ്പിച്ചു.
‘മാന്യമഹാജനങ്ങളുടെ ശ്രദ്ധക്ക്. പൊലീസ് ഔട്ട് പോസ്റ്റിന് നേർക്കുണ്ടായ നക്സൽ ആക്രമണത്തെ തുടർന്ന് ബഹുമാനപ്പെട്ട ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഇന്നേദിവസം മുതൽ ഏനാദി ദേശത്ത് സെക്ഷൻ 144 നിലവിൽ വന്നിരിക്കുന്നു. അഞ്ചോ അതിലധികമോ ആളുകൾ കൂട്ടം ചേരുകയോ, പൊതുയോഗം, പ്രകടനം…’
തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന ധാരണയിൽ ബാക്കി കേൾക്കാൻ ദാസൻ നിന്നില്ല. നേരെ ഭക്ഷണ മുറിയിലേക്ക് കയറി. വല്യുസ്താദിന്റെ പാത്രം തുറന്ന് ബിസ്..എന്ന് ഉച്ചരിച്ച് പത്തിരിയും കോഴിക്കറിയും വെടിപ്പിന് തിന്നു. പിന്നെ കുറക്കൻമടയിൽ പോയിക്കിടന്ന് സുഖമായി അവനുറങ്ങി.
6
പൊലീസിന്റെ റൂട്ട് മാർച്ച് പള്ളിക്ക് മുന്നിലെത്തി. രണ്ട് ജങ്കാറിൽ കൊള്ളാവുന്നത്രയും പൊലീസ് തുരുത്തിൽ ഇറങ്ങിയിട്ടുണ്ട്. ഏറ്റവും മുന്നിൽ ലാടം പരീത്. തൊട്ടുപിന്നിൽ സൈക്കിളിൽ വെച്ചുകെട്ടിയ അനൗൺസ്മെന്റ്. പിറകെ മാർച്ച്. ലാടം മാത്രം പള്ളിക്ക് മുന്നിൽ നിന്നു. കവാത്ത് മുന്നോട്ടുപോയി. അയാൾക്ക് വല്യുസ്താദിനെ പരിചയമുണ്ട്. തുരുത്തിൽ ചാർജെടുത്ത ദിവസം തന്നെ അയാൾ വന്ന് അദ്ദേഹത്തെ കണ്ടിരുന്നു. ഒരു ഉറുക്ക് മന്ത്രിപ്പിച്ച് അരയിൽ കെട്ടലായിരുന്നു ഉദ്ദേശ്യം.
‘‘ഉറക്കത്തിൽ എഴുന്നേറ്റ് നടക്കും. ഉസ്താദ് ഒരേലസ്സ് ഓതിത്തരണം.’’
മീശ തെറുത്തുകയറ്റി ലാടം പറഞ്ഞു.
‘‘അതിനിപ്പ ഉറുക്കൊന്നും വേണ്ട. ശൈത്വാൻ ചുറ്റാണ്. പേടിക്കണ്ട കാര്യമില്ല’’. ഉസ്താദ് ലഘൂകരിച്ചു. ‘ഒരായത്ത് പറഞ്ഞ് തരാം. കിടുക്കുമ്പ നെഞ്ചത്തൂതിയാ മതി’’.
‘‘അങ്ങനല്ല. പേടിക്കണ്ട കാര്യമുണ്ട്’’. പരീത് വിഷയത്തിലേക്ക് കടന്നു. ‘‘ആ കൊണച്ച നടപ്പ് നടക്കുമ്പോ തുണി ഉടുക്കാൻ എനിക്ക് തോന്നാറില്ല. മാത്രവല്ല നടപ്പ് ചെന്ന് അവസാനിക്കുന്നത് ഒറ്റക്ക് താമസിക്കുന്ന ഏതേലും പെണ്ണിന്റെ പൊരേലാരിക്കും. തുരുത്തിലുമുണ്ടല്ലോ വിധവകളും കെട്ടിയോന്മാര് ഇട്ടിട്ട് പോയവളുമാരും. നടപ്പ് പാതിരാക്കാണേലും ആരെങ്കിലും കണ്ടുപോയാൽ നിങ്ങളുടെ ഉറുക്ക് അരേലുണ്ടേല് അവർക്ക് കാര്യം മനസ്സിലാകുമല്ലോ. നാട്ടുകാർക്കിടയിൽ വെറുതെ എന്തിനാ തെറ്റിദ്ധാരണ ഉണ്ടാക്കുന്നെ’’.
ഉസ്താദിന് കാര്യം തിരിഞ്ഞു. ഉറുക്കല്ല പത്തുകിത്താബ് അപ്പടി കെട്ടിക്കൊടുത്താലും ഈ ശൈത്വാൻ ഒതുങ്ങാൻ പോകുന്നില്ല. ഇടിച്ച് പരിപ്പെടുക്കുന്നവനല്ലെ. മറുത്ത് പറയാൻ പറ്റില്ലല്ലോ. കൊടുത്തു ഒരു വെള്ളിയുറുക്ക്!
ലാടം പറഞ്ഞത് നേരായിരുന്നു. ഏലസ്സ് കെട്ടി കൃത്യം രണ്ടിന്റന്ന്; അന്തിക്കുരുടൻ ചേക്കുവന്റെ വീട്ടിൽനിന്ന് നട്ടപ്പാതിര നേരത്ത് ദജ്ജാല് കൂവുന്ന കണക്കൊരു നിലവിളി നാട്ടുകാര് കേട്ടു. ഓടിക്കൂടിയവർ വിരണ്ടുപോയി. പൊള്ളി പരുവക്കേടായ ജനനേന്ദ്രിയം പൊത്തിപ്പിടിച്ച് ക്രൂരന്മാരിൽ ക്രൂരനായി പേരെടുത്ത പരീത് ഏമാൻ മണ്ണിൽ കിടന്ന് ഉരുളുന്നു. നൂൽബന്ധമെന്ന നിലയിൽ വല്യുസ്താദ് മന്ത്രിച്ച വെള്ളിയുറുക്ക് മാത്രമുണ്ട് ലാടത്തിന്റെ തടിയിൽ. ഇരുട്ടുകൊണ്ട് കണ്ണെഴുതിയ കുരുടൻ ചേക്കു തിണ്ണയിൽ കുത്തിയിരിപ്പുണ്ട്. അയാളുടെ മൊഴിചൊല്ലപ്പെട്ട മകൾ സൈനു ഏമാന്റെ സമീപമുണ്ട്. കൊഴുത്തുരണ്ട വലതുകാൽ ലാടം പരീതിന്റെ നെഞ്ചിലുറപ്പിച്ച് നിന്ന് വടക്കൻ പുകല ഞെട്ട് ചുണ്ണാമ്പ് ചേർത്ത് കൈവെള്ളയിലിട്ട് ഞരടുകയാണ് അവൾ. സൈനു അല്ലെങ്കിലും അങ്ങനെയാണ്. ഇബ് ലീസ് വിളയാൻ ചെന്നാലും എടുത്തിട്ടലക്കും.
അവളെപ്പോലൊരു സുന്ദരിയെ തുരുത്ത് കണ്ടിട്ടില്ല. ഇനിയൊട്ട് കാണാനും പോകുന്നില്ല. അസാധാരണമായ അംഗലാവണ്യം. തങ്കപ്പാളിയുടെ നിറം. അളവിലധികം തുടിപ്പുള്ള അവയവങ്ങൾ. ഗവേഷകരുടെ സവിശേഷശ്രദ്ധ പതിഞ്ഞിരുന്നെങ്കിൽ ഉറക്കമില്ലാത്ത പുരുഷകേസരികളുടെ ദേശമെന്ന നിലയിൽ ഏനാദിയുടെ പേര് ചരിത്രത്തിൽ അടയാളപ്പെടുമായിരുന്നു.
സൗന്ദര്യധാമങ്ങൾ വാഴുന്ന നാടുകളിൽ അവരറിയാതെ തന്നെ നിസ്തുലമായ ചില സാമൂഹിക പരിഷ്കരണങ്ങൾ യുവാക്കളെ കേന്ദ്രീകരിച്ച് നടക്കാറുണ്ട്.
സൈനുവിന് കുളിതെറ്റുന്ന കാലം നോക്കിയിരുന്നതുപോലെ തുരുത്തിലെ ചെറുപ്പക്കാർക്കിടയിലും അങ്ങനെ ചില മാറ്റങ്ങളുണ്ടായി.തെങ്ങുകയറ്റം, പുഴപ്പണി, കക്കനീറ്റ്, കള്ളവാറ്റ് തുടങ്ങിയ തൊഴിലുകളിലും കുണുക്ക് ചെവിയിൽ തൂക്കുന്ന ചീട്ടുകളി, മണ്ണിൽ കളം വരച്ച് ഞവുണിക്ക എറിഞ്ഞുള്ള എട്ടുംകുറ്റി, അശ്ലീലകഥകളുടെ നിർമാണം, കുളിക്കടവിലെ പൊന്തകളിലുള്ള ഒളിച്ചിരിപ്പ് തുടങ്ങിയ വിനോദങ്ങളിലും മാത്രം പ്രാഗത്ഭ്യമുണ്ടായിരുന്ന യുവതുർക്കികളുടെ ഇടയിൽനിന്ന് കവികളെയും കഥാകാരന്മാരെയും ചിന്തകരെയും വിഷാദരോഗികളെയും സൈനു വാർത്തെടുത്തു. വിശേഷ നാളുകളിൽ അവൾക്കുവേണ്ടി ഗാനസദസ്സുകളും ലഘുനാടകങ്ങളും അവരുടെ ഭാഗത്ത് നിന്നുണ്ടായി. ഭാവിയിൽ എണ്ണമില്ലാത്ത ചുംബനപുഷ്പങ്ങൾ വിരിയേണ്ട ചുണ്ടുകളിൽ കട്ടൻബീഡിക്ക് പകരം വെളുത്ത സിഗരറ്റുകൾ പ്രത്യക്ഷപ്പെട്ടു.
ഏനാദിയിൽ ഏകാധ്യാപക വിദ്യാലയം സ്ഥാപിക്കുക വഴി സർവാദരണീയനും സർവവിജ്ഞാനകോശവുമായി തീർന്ന സാത്വികനാണ് ഉക്കണ്ടൻ മാഷ്. തനിക്ക് നൽകുന്ന സ്നേഹബഹുമാനങ്ങൾക്ക് പ്രതിഫലമെന്നോണം ജ്ഞാനപോഷിണി എന്നപേരിൽ അദ്ദേഹം ഒരു വായനശാല നാട്ടുകാർക്ക് സമ്മാനിക്കുകയുണ്ടായി.
എപ്പോഴും കിടന്നുറങ്ങുന്ന ലൈബ്രേറിയന്റെയും മാഷിന്റെയും അല്ലാതെ മൂന്നാമതൊരു മനുഷ്യഗന്ധം കൊതിച്ചുമുരടിച്ച വായനശാലയിലേക്ക് ഒരു സുപ്രഭാതത്തിൽ സൈനു കയറിച്ചെന്ന് അംഗത്വമെടുത്തു. ആ ഒറ്റക്കാരണത്താൽ പുസ്തക പ്രേമികളുടെ നീണ്ടനിര നാട്ടിലുണ്ടായി. സുന്ദരിയായ പെണ്ണിനുവേണ്ടി ലോകത്ത് എന്തൊക്കെ സംഭവിക്കുമോ അതത്രയും തുരുത്തിലും സംഭവിച്ചു. സ്വപ്നങ്ങളുണ്ടായി! മത്സരങ്ങളുണ്ടായി! കുശുമ്പും കുന്നായ്മകളുമുണ്ടായി! തർക്കങ്ങളും ചില്ലറ ദ്വന്ദയുദ്ധങ്ങളുമുണ്ടായി!
മുടിചീകാതെയും കക്ഷത്തിലും പിൻകഴുത്തിലും കുട്ടിക്യൂറ പൗഡർ പൂശാതെയും ചെറുപ്പക്കാർ വീടിന് പുറത്തിറങ്ങാതായി. പട്ടിണി കിടന്നും ചില്ലറ മോഷണങ്ങളിൽ ഏർപ്പെട്ടും മസ്ലീൻ കൈലികൾ പറിച്ചെറിയാനും ബെൽബോട്ടം പാന്റ് ധരിക്കാനും തുരുത്തിലെ മിടുക്കന്മാർക്ക് കഴിഞ്ഞു. ബെൽബോട്ടം തുന്നാൻ വശമുള്ള ടെയ് ലർ ഏനാദിയിൽ ഉണ്ടായിരുന്നില്ല. വൈക്കം പട്ടണത്തിൽനിന്ന് അതിന് യോഗ്യനായ ഒരാളെ അവർ കണ്ടെത്തി. ‘ടിപ് ടോപ്പ് ചെട്ടിയാർ’ എന്നായിരുന്നു നിന്നുതിരിയാൻ സമയമില്ലാത്ത ആ തുന്നൽക്കാരന്റെ പേര്. കൂൾഗ്ലാസ് വെച്ച് ബെൽബോട്ടം തയ്ക്കുന്ന സുന്ദരനും അത്യാധുനിക ജീവിതരീതികൾ പിന്തുടരുന്നവനുമായ അയാൾ ദ്വീപിലേക്ക് വരാൻ കൂട്ടാക്കിയില്ല. ഒരു പാന്റിന് രണ്ട് പാന്റിന്റെ കൂലി യുവാക്കൾ വാഗ്ദാനം ചെയ്തു. വഴങ്ങിയില്ല.
‘‘ഭക്ഷണം, താമസം, മദ്യപാനം, അഭിസാരികാ സന്ദർശനം, കട വാടക. അങ്ങനെ എന്തൊക്കെ ചെലവ് സാറിനുണ്ടോ അത് മുഴുക്കെ ഞങ്ങളേൽക്കും’’.
ഏകസ്വരത്തിൽ അവർ പറഞ്ഞു. സാറെന്ന അഭിസംബോധനയിൽ മനസ്സ് ചാഞ്ചാടിയെങ്കിലും തുരുത്തിലെ തൊണ്ടളിഞ്ഞ ദുർഗന്ധം പ്രസരിപ്പിച്ച് നിൽക്കുന്ന കൾട്ട് കോലങ്ങൾ അയാളെ പിന്തിരിപ്പിച്ചു.
‘‘ടിപ് ടോപ്പ് ചെട്ടിയാർ വെറും കൂറയാന്നാണോ നിന്റേക്കെ വിചാരം. പോയി പണി നോക്കിനെടാ ചെറ്റകളെ’’.
ബെൽറ്റ് വീശി അയാൾ ചെറുപ്പക്കാരെ ആട്ടിയോടിച്ചു. സൈനുവിന്റെ താരോദയം താടിയും മുടിയുമുള്ള ചിന്തകനാക്കി മാറ്റിയ ഒരുവൻ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. രണ്ട് കവിതകൾ എഴുതി അവളുടെ മുറ്റത്ത് ഇടുകയും ചെയ്തിട്ടുണ്ട് അവൻ. എന്നന്നേക്കുമായി ഒരു ബെൽബോട്ടം തുന്നൽക്കാരനെ തുരുത്തിന് സമ്മാനിക്കാൻപോന്ന, അൽപം സാഹസികത നിറഞ്ഞ ഒരാശയം മിടുക്കനായ അവന്റെ തലയിൽ മിന്നി. അതിൻപ്രകാരം രാത്രി കടയടച്ച് സൈക്കിളിൽ വീട്ടിലേക്ക് പോവുകയായിരുന്ന ടിപ് ടോപ്പ് ചെട്ടിയാരെ ചെറുപ്പക്കാർ അനുധാവനം ചെയ്തു.
പറ്റിയ സ്ഥലമെത്തിയപ്പോൾ സൈക്കിളടക്കം അയാളെ പൊക്കി അവന്മാര് വള്ളത്തിലിട്ടു. ഏനാദി ലക്ഷ്യമാക്കി പാഞ്ഞെങ്കിലും നേരം പുലരുവോളം തോണി കടവ് തൊട്ടില്ല. പുഴയിൽ തന്നെ ഒഴുകി നടന്നു. സൈനു മുറ്റമടിക്കാൻ ഇറങ്ങുന്ന സമയം കണക്കാക്കി ദ്വീപിലേക്ക് വള്ളമടുത്തു. പിന്നെ നടന്നത് ചരിത്രം! യുവാക്കൾ ഇറങ്ങുന്നതിന് മുമ്പേ ചെട്ടിയാർ കര ചവിട്ടി. പറന്നിറങ്ങുകയായിരുന്നു എന്നാണ് പിൽക്കാലത്ത് ആളുകൾ അതിനെപ്പറ്റി പറഞ്ഞത്. അടുത്ത പകലിൽ അങ്ങാടിയിൽ സ്ഥാപിക്കപ്പെട്ട ‘ടിപ് ടോപ്പ് ടെയ്ലേഴ്സ്’ എന്ന തകര ബോർഡിന് കീഴിലിരുന്ന് അയാൾ ബെൽബോട്ടം അടി തുടങ്ങി. അതും ഒരു പാന്റിന് അരക്കൂലി ഈടാക്കി!
ആലപ്പുഴക്കാരനുമായി മകളുടെ വിവാഹം നിശ്ചയിക്കുന്നത് വരെ കുരുടൻ ചേക്കുവിനെപ്പോലെ യുവാക്കളുടെ സ്നേഹബഹുമാനങ്ങൾ ഏറ്റുവാങ്ങിയ മറ്റൊരു പിതാവ് ദ്വീപിലുണ്ടായിരുന്നില്ല. കാണുന്ന മാത്രയിൽ എഴുന്നേറ്റ് നിന്നും ശബ്ദം താഴ്ത്തി സംസാരിച്ചും അയാളെ അവർ ആദരിച്ചു. സിഗരറ്റുകളുടെ പാതിജീവനുകൾ വില ഗൗനിക്കാതെ ചവിട്ടിക്കെടുത്തി. അങ്ങാടിയിൽ ചേക്കു പറയുന്ന അഭിപ്രായങ്ങളെ മുൻപിൻ നോക്കാതെ പിന്താങ്ങി. നിർബന്ധപൂർവം ചായയും പരിപ്പ് വടയും കഴിപ്പിച്ചു. സ്വന്തം ചെലവിൽ വൈക്കത്ത് പോയി വാങ്ങിക്കൊണ്ടുവരുന്ന അന്തിക്കുരുടിനുള്ള തുള്ളി മരുന്ന് പരസ്യമായി അയാളുടെ കണ്ണിലിറ്റിച്ചുകൊടുത്തു. ചേക്കുവിന്റെ വലയിൽ കുരുങ്ങുന്ന ആറ്റുമീനുകൾ പൊന്നും വിലക്ക് വാങ്ങി തങ്ങളുടെ വരുമാന സ്രോതസ്സിന്റെ വർധനവ് ബോധ്യപ്പെടുത്തി. ചീട്ടുകളി തോൽക്കുന്ന സമയങ്ങളിൽ ചേക്കുവിന്റെ കാതുകളിൽ തൂങ്ങിയാടേണ്ട മച്ചിങ്ങ കുണുക്കുകൾ വാങ്ങി ചെറുപ്പക്കാർ തങ്ങളുടെ കാതുകളിൽ തൂക്കി. എല്ലാം പക്ഷേ വെറുതെയായി. ആലപ്പുഴക്കാരൻ പണക്കാരൻ പയ്യൻ അവളുടെ കഴുത്തിൽ താലിവെച്ചു.
സൈനുവിന്റെ കല്യാണം ബെൽബോട്ടക്കാർക്കിടയിൽ ചില്ലറ നാശനഷ്ടങ്ങളുണ്ടാക്കി. നാല് മൈത്താണ്ടികൾ നാടുവിട്ടു!. മൂന്നു പോഴന്മാർ ആലപ്പുഴക്കാരന്റെ പേരെഴുതിയ കുറിപ്പ് പോക്കറ്റിലിട്ട് ആത്മഹത്യ ചെയ്തു!. വേറൊരുത്തൻ എത്രകുളിച്ചിട്ടും മതിവരാതെ ശിഷ്ടകാലം പുഴയിൽ തന്നെ ചെലവഴിക്കാൻ തീരുമാനിച്ചു!
ഒറ്റരാത്രി നീണ്ട ദാമ്പത്യമായിരുന്നു സൈനുവിന്റേത്. നാട്ടുകാർക്കിടയിൽ അതിനെച്ചൊല്ലി പല കഥകൾ പ്രചരിച്ചിരുന്നു. ഏഴ് കടൽ കടന്നുവന്ന കരിജിന്നുകളുടെ രാജാവ് കാമിച്ചിരുന്ന പെണ്ണായിരുന്നത്രെ സൈനു! രാത്രികളിൽ ഇടക്കിടക്ക് അവൾക്ക് അപസ്മാരമിളകുന്നത് അതുകൊണ്ടാണത്രെ!. ആദ്യരാത്രി അവളെ കാത്ത് മണിയറയിലിരുന്ന ആലപ്പുഴക്കാരനെ കറുത്ത ജിന്നുകളെടുത്ത് പുഴക്ക് അക്കരെ കൊണ്ടുവെച്ചെന്ന് ഒരു കഥ!. അതല്ല രാത്രികാലങ്ങളിൽ കടലിനടിയിലുള്ള ജിന്ന് കൊട്ടാരത്തിൽ മറ്റേപ്പണിക്ക് പോകാറുള്ള അവളെ മണിയറയിൽ കാണാതെ പുയ്യാപ്ല പിണങ്ങിപ്പോയെന്ന് മറ്റൊരു കഥ!
സൈനുവിനെ ചുറ്റി പടക്കപ്പെട്ട നൂറായിരം കഥകളിൽ ചെറുപ്പക്കാർ കൂടുതൽ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന കഥ ഇങ്ങനെയായിരുന്നു. ആദ്യരാത്രി പിറന്നപടി സൈനുവിനെ കണ്ട മാത്രയിൽ ആലപ്പുഴ മണവാളൻ സർവാംഗം തളർന്നുപോയി! വിയർത്തു! ശ്വാസംവിലങ്ങി ! മറ്റൊന്നിനും നിൽക്കാതെ അവളുടെ കാൽക്കൽ വെള്ളിത്തുട്ട് വെച്ച് തൊഴുതിട്ട് പുഴ നീന്തിയത്രെ!
അവളെ കെട്ടാൻ പിന്നെയും യുവാക്കൾ മോഹിച്ചു. പ്രേമം പറയാൻ മത്സരിച്ചു.
‘‘കരിജിന്ന് കാമിക്കുന്ന പെണ്ണാടാ സൈനൂ. ജിന്നിനെ തോൽപ്പിച്ച് പോറ്റാൻ നിന്നെക്കൊണ്ട് ഒക്കെ പറ്റുവോ’’. കാമുകരോട് അവൾ ചോദിച്ചു. ‘‘കണ്ടല്ലോ ആലപ്പുഴക്കാരന്റെ അവസ്ഥ’’.
പലരും ജിന്നിനെ പേടിച്ച് പിന്നെ ആ വഴിക്ക് ചെന്നില്ല. പ്രേമമല്ലേ. എന്ത് കണ്ണും മൂക്കും? എന്ത് ജിന്ന് ? മാന്യമായി നിരസിച്ചിട്ടും വീണ്ടും പിന്നാലെ ചെന്നു ചിലർ. ചേക്കുവിന്റെ തള്ളയിൽ നിന്ന് വശത്താക്കിയ സൈനുവിന്റെ മർമ്മ മുറകളുടെ ചൂടറിയേണ്ടിവന്നു അത്തരക്കാർക്ക് പ്രേമം ഉള്ളിലൊതുക്കി ജീവിക്കാൻ. ഒരുത്തനെപ്പോലും കൂസാതെ തൊണ്ട് തല്ലിയും കയറ് പിരിച്ചും അങ്ങനൊക്കെ തന്നിഷ്ടത്തിന് ജീവിച്ചുപോന്ന അവളുടെ മുറ്റത്താണ് പാതിരാത്രി ഉടുതുണിയില്ലാതെ പരീത് ചെന്നുകേറിയത്.
ലാടത്തിന്റെ നെഞ്ചത്തുനിന്ന് സൈനുവിനെ പിടിച്ച് മാറ്റാനോ തടസ്സം പറയാനോ ആരും ധൈര്യപ്പെട്ടില്ല. ഒടുക്കം വല്യുസ്താദ് നേരിട്ട് ഹാജരായി. ‘‘മനഃപൂർവല്ല മോളെ, ശൈത്വാൻ ചുറ്റിച്ച് കൊണ്ടുവരുന്നതാണ്. കണ്ടില്ലേ ഉറുക്ക്. ഒരു തവണത്തേക്ക് പൊരുത്തപ്പെട്’’. ഉസ്താദ് അപേക്ഷിക്കേണ്ടിവന്നു അവൾ കാലെടുക്കാൻ.
ലാടം പക്ഷേ തുരുത്ത് വിട്ടില്ല. ഏറ്റ മാനഹാനിയുടെ തോതനുസരിച്ച് അതായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ഉണ്ടായത് മറ്റൊന്നായിരുന്നു. ഏതോ നാട്ടിൽ കിടന്ന അയാളേക്കാൾ വൃത്തികെട്ട കുറെ ബന്ധുമിത്രാദികൾ അടുത്ത ദിവസം തുരുത്തിലെത്തി. വല്യുസ്താദിനെ മധ്യസ്ഥനാക്കി പരീതും ബന്ധുക്കളും കുരുടൻ ചേക്കുവിന്റെ വീട്ടിൽചെന്ന് അന്തസ്സായി പെണ്ണ് ചോദിച്ചു. കാശ് അങ്ങോട്ട്. പെണ്ണ് ഇങ്ങോട്ട്. ലാടത്തിന്റെ പക്ഷംപിടിച്ച് വല്യുസ്താദ് പട്ടിണിക്കാരൻ ചേക്കുവിനെ പ്രലോഭിപ്പിച്ചു. സൈനു സമ്മതിച്ചില്ല. അപമാനിച്ച് ഇറക്കിവിട്ടു.
‘‘പെണ്ണ് മാത്രാണ് നീ. വെറും പെണ്ണ്. ഒരു രാത്രി നന്റെ കൂടെ കിടക്കാണ്ട് ലാടം പരീത് തുരുത്ത് വിടൂല്ല. കുറിച്ച് വെച്ചോളിൻ’’
പോകും മുമ്പ് നാട്ടാര് കേൾക്കെ അവളെ അയാൾ വെല്ലുവിളിച്ചു. സൈനുവിന്റെ മറുപടി ചവച്ച് തുപ്പിയ ഒരുകുത്ത് പുകലച്ചാറായിരുന്നു. അതുപക്ഷേ വീണത് വല്യുസ്താദിന്റെ അത്തറ് പൂശിയ വെള്ളക്കുപ്പായത്തിലായിരുന്നു!
ആ വക പരിചയങ്ങളും സ്നേഹബഹുമാനങ്ങളും ഇപ്പോഴും തന്നോട് സൂക്ഷിക്കുന്നുണ്ടാവും എന്ന ധൈര്യത്തിൽ വല്യുസ്താദ് ലാടത്തിനോട് ചോദിച്ചു.
‘‘144 പ്രഖ്യാപിച്ചാ ഓത്തിന് പ്രശ്നമുണ്ടോ?’’
‘‘പ്രശ്നമില്ല’’. പരീത് പറഞ്ഞു.‘‘പക്ഷേ അഞ്ചിലധികം കുട്ടികൾ പാടില്ല’’.
‘‘അമ്പതിലധികമുണ്ട്’’
‘‘നടക്കൂല്ല’’.
‘‘കുട്ടികളല്ലെ’’
‘‘കുട്ടി വളർന്നാണ് തോട്ടയെറിഞ്ഞ ഒരു എമ്പോക്കി ഉണ്ടായത്’’.
‘‘ജുമ്ആയോ? നാളെ വെള്ളിയാണ്.’’
‘‘ആള് കൂടുന്ന ഒന്നും നടക്കൂല്ല’’.
‘‘വയറ്റുപിഴപ്പ് മുടക്കരുത്’’
വല്യുസ്താദ് വിയർത്തു. ആ വിയർപ്പായിരുന്നു ലാടത്തിന് വേണ്ടിയിരുന്നതും.
‘‘മുടങ്ങാതിരിക്കാൻ ഒരു പരൂഷയുണ്ട് ’’. നക്സലിനെ കണ്ടെത്താനും സൈനുവിന്റെ കൂടെ കിടക്കാനും തുരുത്താകെ താൻ നടത്താൻ പോകുന്ന പുത്തൻ പരീക്ഷണത്തിന് പള്ളിമുറ്റത്ത് പരീത് തുടക്കമിട്ടു. അയാൾ പറഞ്ഞു.
‘‘അത് പാസ്സായാൽ ഓത്തും നടക്കും ജുമായും നടക്കും’’
‘‘എന്ത് പരൂഷ?’’
‘‘ഞാൻ വിളിക്കുന്നത് നിങ്ങള് രണ്ടും ഏറ്റ് വിളിക്കണം’’. ലാടം ആവശ്യപ്പെട്ടു. ‘‘ഉസ്താദുമാര് മാത്രല്ല മഹല്ലിലെ മുഴുവൻ ആണുങ്ങളും വിളിക്കണം. അതും ഒറ്റയ്ക്കൊറ്റയ്ക്ക്’’
‘‘തെറിയും വൃത്തികേടുമായിരിക്കും’’.
പരീതിന്റെ സ്വഭാവം വെച്ച് ഉസ്താദ് സംശയിച്ചു. ‘‘ആന്നെങ്കിൽ എന്നേം കൊച്ചുസ്താദിനേം ഒഴിവാക്കി തായോ. ബാക്കിയുള്ളോരെക്കൊണ്ട് വിളിപ്പിച്ച് തരാം’’
‘‘വിളിപ്പിച്ചൊണ്ടാക്കാൻ എനിക്കറിയാം. ഉസ്താദ് നാളെ എല്ലാവനേം പള്ളീല് ഒന്ന് വരുത്തി തന്നാ മതി’’. ലാടം പറഞ്ഞു. ‘‘ഇപ്പ നിങ്ങള് രണ്ടാളും ദോ ഇങ്ങനെ വിളി’’
തലേരാത്രിയിലെ ദാസന്റെ മുദ്രാവാക്യം അണുവിട ഈണവും താളവും തെറ്റാതെ ചെറിയ മാറ്റം വരുത്തി പരീത് വിളിച്ചു.
‘വിപ്ലവം തോൽക്കട്ടെ’.
ചാടിക്കയറി വിളിക്കാൻ പോയ കൊച്ചുസ്താദിന്റെ വായ വല്യുസ്താദ് പൊത്തി.
‘‘പൊന്ന് ബലാലെ ആ വാക്ക് ഹറാമാണ്. വാ കൊണ്ട് പറയാൻ പാടില്ല. കാഫിറാകും ജ്ജ് ’’.
വിപ്ലവം എന്ന് ഉച്ചരിക്കാനാണ് അയാൾ ഭയക്കുന്നത്. താൻ ചെയ്യുന്നതുപോലെ ചെയ്യാൻ പറഞ്ഞ് കൊച്ചുസ്താദിനെ വിലക്കിയിട്ട് ഈണവും താളവും തെറ്റാതെ അത്യുച്ചത്തിൽ അയാൾ മുദ്രാവാക്യം മറ്റൊരു തരത്തിൽ വിളിച്ചു.
‘‘ഹമുക്കിത്തരം തോൽക്കട്ടെ’’.
പരീത് സമ്മതിച്ചില്ല. ലാടം തറച്ച ബൂട്ട് അയാളുടെ പെരുവിരലിൽ അമർത്തി. വലിയ വായെ വല്യുസ്താദ് അലറി.
‘വിപ്ലവം തോൽക്കട്ടെ’
കൊച്ചുസ്താദും വിളിച്ചു.
ലാടംപരീതിന്റെ രോമങ്ങൾ എഴുന്നുവന്നു. ദേഹത്ത് ചെറുകുമിളകൾ കൂമ്പി. ഓത്തിനും വെള്ളി നമസ്കാരത്തിനും അനുമതി നൽകിയിട്ട് മാർച്ചിന് പിന്നാലെ അയാൾ പാഞ്ഞു.
‘‘അയ്യഞ്ചിന്റെ പത്ത് ബെഞ്ചാക്കി കുട്ടികളെ ഇരുത്തിവേണം ട്ടോ ഓത്ത് നടത്താൻ, ജുമായും അങ്ങനെ തന്നെ.’’
പോകുംമുമ്പ് അയാൾ ഓർമിപ്പിച്ചു.
തുരുത്തിന്റെ നാലുദിക്കിലും റൂട്ട് മാർച്ച് ചെന്നു. കവാത്തിന്റെ വരവ് അനുസരിച്ച് പാതയോരങ്ങളും കവലകളും വിജനമായി കൊണ്ടിരുന്നു.
വീടുകളുടെ വാതിലുകളിലും ജനലുകളിലും ഭയത്തിന്റെ കൊളുത്തുകൾ വീണു.
മാധ്യമം ആഴ്ചപ്പതിപ്പിന്റെ ലക്കം 1489ൽ തുടരും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.