വിമാനം പറത്തുന്ന പെൺകുട്ടി
തുറന്നുകിടന്ന ഇരുമ്പുഗേറ്റ് കടന്ന് സൽമ മൈതാനത്തിലൂടെ സ്കൂളിലേക്കു കയറി. പൊടി തട്ടിക്കളഞ്ഞ് അവൾ ബെഞ്ചിൽ ഇരുന്നു. തോളിലെ ബാഗ് ഡെസ്കിൽ വെച്ചു. കുട്ടികളുടെ ആരവങ്ങൾ കാതുകളിൽ അലയടിക്കുന്നുണ്ട്. പക്ഷേ, അവളുടെ മനസ്സ് ഏകാഗ്രമായിരുന്നു. ചുറ്റുമുള്ളതിലൊന്നും കണ്ണും കാതും കൊടുക്കാതെ അവൾ ബാഗ് തുറന്ന് ഒരു നോട്ടുപുസ്തകം എടുത്തു. പേജുകൾ മറിച്ച് പെൻസിൽ കൊണ്ട് എഴുതാൻ തുടങ്ങി. അതീവ സൂക്ഷ്മമായാണ് അവൾ എഴുതുന്നത്. ഒരു പേജ് നിറഞ്ഞപ്പോൾ അവൾ അടുത്ത പേജിലേക്ക് പടർന്നുകയറി.
സൽമ സ്കൂളിലേക്ക് കയറിപ്പോകുന്നത് പുറത്തുനിന്ന പട്ടാളക്കാരൻ കണ്ടിരുന്നു. എല്ലാ ദിവസവും ഈ കുട്ടി ബാഗും തോളിലിട്ട് വരുന്നതും പോകുന്നതും അയാൾ കാണാറുണ്ട്. ജനൽപ്പാളികൾ അടർന്നുപോയ ജനാലയിലൂടെ അയാൾ അകത്തേക്കു നോക്കി. അവൾ ഏകാഗ്രമായി എഴുതിക്കൊണ്ടിരിക്കുകയാണ്. ഈ കുട്ടി എന്താണ് ഇത്ര കാര്യമായി എഴുതുന്നതെന്ന് അറിയാനുള്ള ആകാംക്ഷ അയാളിലുണ്ടായി.
താൻ ജനാലക്കരികിൽ വന്ന് അകത്തേക്കു നോക്കുന്നതോ ക്ലാസ് മുറിക്കകത്തേക്കു കയറിച്ചെല്ലുന്നതോ അവൾ അറിയുന്നതേയില്ലല്ലോ എന്നയാൾ അത്ഭുതപ്പെട്ടു.
ഓരോ അക്ഷരമെഴുതുമ്പോഴും സൽമയുടെ ചുണ്ടുകൾ പതുക്കെ അത് ഉരുവിടുന്നുണ്ടായിരുന്നു.
‘‘അവിടെയിരുന്ന് നീ എന്താണ് ചെയ്യുന്നത്?’’ അവളുടെ അരികിലേക്കു നടക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.
സൽമ തലയുയർത്തി നോക്കി. അയാളുടെ യൂനിഫോമിലെ മെഡലുകളേക്കാൾ തിളക്കം അവളുടെ കണ്ണുകൾക്കുണ്ടായിരുന്നു.
‘‘ഞാൻ എന്റെ സ്വപ്നങ്ങൾ എഴുതിവെക്കുകയാണ്.’’
അവൾ പറഞ്ഞു.
‘‘ലോകത്തിലെ ഏറ്റവും മനോഹരമായ വാക്കുകൾകൊണ്ട്.’’
അവൾ പറഞ്ഞു.
‘‘അതു കൊള്ളാമല്ലോ!’’
അയാൾ കുനിഞ്ഞു പുസ്തകത്തിലേക്കു നോക്കി.
‘സമാധാനം’ എന്നായിരുന്നു അവൾ അപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത്. അതിനു മുമ്പെഴുതിയ വാക്കും അതിനു ശേഷമെഴുതിയതും അതുതന്നെയായിരുന്നു.
‘‘നിന്റെ കവിതകൾ ഞാനൊന്നു വായിച്ചുനോക്കട്ടെ?’’
അയാൾ അവളുടെ അനുവാദത്തോടെ ആ പുസ്തകമെടുത്ത് മറിക്കാൻ തുടങ്ങി. അതിന്റെ പുറംചട്ടകളും അരികുകളും കരിഞ്ഞുപോയതായി അയാൾ കണ്ടു. ആദ്യ പേജിൽ Salma’s Dreams എന്ന് ഭംഗിയായി എഴുതിയിരുന്നു. അടുത്ത രണ്ടു പേജുകളിലായി ഭൂമിയും മരങ്ങളും പുഴയും വീടും ആകാശവും വെളുത്ത ചിറകുകൾ വിടർത്തിയ പറവകളുമുള്ള ഒരു ചിത്രം അവൾ വരച്ചിട്ടുണ്ടായിരുന്നു. വലത്തേ പേജിൽ ഇങ്ങനെ എഴുതിയിരുന്നു.
‘ആകാശം എന്റേതാണ്
പക്ഷികൾ എന്റേതാണ്
ഈ മണ്ണും പുഴയും എന്റേതാണ്...’
പിന്നീടെഴുതിയ വരികൾ തീയരിച്ചു കരിഞ്ഞുപോയിരുന്നു.
അരികു കരിഞ്ഞ പുസ്തകത്തിന്റെ പേജുകൾ അയാൾ ശ്രദ്ധാപൂർവം മറിക്കാൻ തുടങ്ങി. പിന്നീടുള്ള എല്ലാ പേജുകളിലും അവൾ എഴുതിയത് ഒരേ വാക്കു മാത്രമായിരുന്നു -‘സമാധാനം.’
അയാൾ പുസ്തകത്തിൽനിന്ന് മിഴികൾ മാറ്റിയപ്പോൾ ബെഞ്ചിൽ സൽമയുണ്ടായിരുന്നില്ല. നിലത്ത് ഇരിക്കുകയാണവൾ! ധിറുതിയിലെന്തോ ജോലിയിലാണ്. എന്താണവൾ ചെയ്യുന്നത്?
പൊട്ടിയ സ്ലേറ്റിൻകഷണം കൊണ്ട് അവൾ തറയിൽ എഴുതിക്കൊണ്ടിരിക്കുന്നു, ‘സമാധാനം’ എന്നുതന്നെ! പട്ടാളക്കാരൻ തനിക്കു ചുറ്റുമുള്ള ദൃശ്യങ്ങളിലൂടെ മിഴിപായിച്ചു. അവിശ്വസനീയതയോടെ അയാൾ വീണ്ടും കുട്ടിക്കു നേരെ നോക്കി. തകർന്ന ക്ലാസ് മുറിയിൽ ചിതറിയ പൊടികളിൽ വിരലുകൊണ്ട് ‘സമാധാനം’ എന്ന് എഴുതുകയായിരുന്നു അപ്പോളവൾ!
തന്റെ കൈയിലെ ഭാരമേറിയ ആയുധത്തേക്കാൾ ശക്തി സൽമയുടെ സ്ലേറ്റുപെൻസിലിനുണ്ടെന്ന് അയാൾക്കു തോന്നി. ഓരോ അക്ഷരവും അയാളുടെ മനഃസാക്ഷിയെ വിചാരണ ചെയ്യുന്നതുപോലെ... അയാൾ പതുക്കെ പിന്നിലേക്കു മാറി.
പെട്ടെന്ന് ദൂരെ ഒരു സ്ഫോടന ശബ്ദം കേട്ടു. അയാളിൽ അതൊരു ഞെട്ടലുണ്ടാക്കിയെങ്കിലും സൽമ ഒട്ടും ഭയപ്പെട്ടില്ല. സാവധാനം എഴുന്നേറ്റു ചെന്ന് തന്റെ പുസ്തകത്തിൽനിന്ന് അരികു കരിഞ്ഞ ഒരു താൾ കീറിയെടുത്തു. അത് മടക്കി ഒരു കുഞ്ഞുവിമാനം അവളുണ്ടാക്കി. പിന്നെ പതുക്കെ അത് വായുവിലേക്ക് പറത്തി.
ആ കടലാസ് വിമാനം പട്ടാളക്കാരുടെ തലയ്ക്കു മുകളിലൂടെ, മുള്ളുവേലികൾക്ക് അപ്പുറത്തേക്ക്, തകർന്ന നഗരത്തിന്റെ പുകപടലങ്ങൾക്കിടയിലൂടെ ശാന്തമായി ഒഴുകിനടന്നു. ആയുധങ്ങൾ നിറച്ച വിമാനങ്ങൾക്കു ചുവട്ടിലൂടെ സമാധാനം നിറച്ച സൽമയുടെ വിമാനങ്ങൾ അതിരുകൾ കടന്ന് പറന്നുകൊണ്ടിരുന്നു.
കൈയിൽ തോക്കുമായി നിൽക്കുന്ന പട്ടാളക്കാർക്കു മുന്നിലൂടെ സൽമ സ്കൂൾബാഗും തോളിലിട്ട് ഗൗരവത്തിൽ ഇറങ്ങി നടന്നുപോയി. പെൺകുട്ടി പോയിക്കഴിഞ്ഞിട്ടും മേൽക്കൂര തകർന്ന ക്ലാസ് മുറിയിൽ അവളെഴുതിയ അക്ഷരങ്ങൾ സൂര്യപ്രകാശത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.