എ​വി​ടെ​പ്പോ​യൊ​ന്ന് ശ്വാ​സ​മെ​ടു​ക്കും?

ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സ് പൊ​ടു​ന്ന​നെ നി​ന്നു. ക്ല​ച്ചി​ൽ ച​വി​ട്ടി ഗി​യ​ർ മാ​റ്റി​യി​ടു​ക​യും ആ​ക്സി​ല​റേ​റ്റ​റി​ൽ അ​മ​ർ​ത്തു​ക​യും ചെ​യ്തു, ഡ്രൈ​വ​ർ. എ​ല്ലാം വെ​റു​തെ. വ​ണ്ടി അ​കാ​ര​ണ​മാ​യി ചേ​ത​ന​യ​റ്റു കി​ട​ന്നു. ഞാ​നും പെ​ങ്ങ​ളും ക​വി​ഞ്ഞൊ​ഴു​കു​ന്ന ന​ദി നോ​ക്കി ന​ട​ന്നു. മ​ര​വും രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളും ക​ല​ർ​ന്ന ഗ​ന്ധം. മ​ര​ണ​ത്തെ ഗ​ന്ധ​മാ​ക്കി ഇ​തി​ലേ​റെ കൃ​ത്യ​മാ​യി എ​ങ്ങ​നെ മാ​റ്റാ​ൻ? ഫാ​ക്ട​റി​ക്കു​ള്ളി​ലൂ​ടെ ന​ട​ക്കു​ക​യാ​ണ്. പു​ല​ർ​ച്ചെ ന​ഗ​ര​ത്തി​ലി​റ​ങ്ങി കാ​ത്തു​കാ​ത്തു മ​ടു​ത്ത​പ്പോ​ഴാ​ണ് ഇ​തി​നു​ള്ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഒ​രു ബ​സ് കി​ട്ടി​യ​ത്....

ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സ് പൊ​ടു​ന്ന​നെ നി​ന്നു. ക്ല​ച്ചി​ൽ ച​വി​ട്ടി ഗി​യ​ർ മാ​റ്റി​യി​ടു​ക​യും ആ​ക്സി​ല​റേ​റ്റ​റി​ൽ അ​മ​ർ​ത്തു​ക​യും ചെ​യ്തു, ഡ്രൈ​വ​ർ. എ​ല്ലാം വെ​റു​തെ. വ​ണ്ടി അ​കാ​ര​ണ​മാ​യി ചേ​ത​ന​യ​റ്റു കി​ട​ന്നു.

ഞാ​നും പെ​ങ്ങ​ളും ക​വി​ഞ്ഞൊ​ഴു​കു​ന്ന ന​ദി നോ​ക്കി ന​ട​ന്നു. മ​ര​വും രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളും ക​ല​ർ​ന്ന ഗ​ന്ധം. മ​ര​ണ​ത്തെ ഗ​ന്ധ​മാ​ക്കി ഇ​തി​ലേ​റെ കൃ​ത്യ​മാ​യി എ​ങ്ങ​നെ മാ​റ്റാ​ൻ?

ഫാ​ക്ട​റി​ക്കു​ള്ളി​ലൂ​ടെ ന​ട​ക്കു​ക​യാ​ണ്. പു​ല​ർ​ച്ചെ ന​ഗ​ര​ത്തി​ലി​റ​ങ്ങി കാ​ത്തു​കാ​ത്തു മ​ടു​ത്ത​പ്പോ​ഴാ​ണ് ഇ​തി​നു​ള്ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഒ​രു ബ​സ് കി​ട്ടി​യ​ത്. അ​ത് ഇ​ങ്ങ​നെ​യു​മാ​യി.

റോ​ഡി​നി​രു​വ​ശ​വും ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്ന് വ​ന്ന ജോ​ലി​ക്കാ​രു​ടെ പ്ര​ഭാ​ത ബ​ഹ​ളം. പ​ല ഭാ​ഷ​ക​ളി​ൽ, പ​ല ശ​ബ്ദ​ങ്ങ​ളി​ൽ. പ​ക്ഷേ, നാ​ട്ടു​കാ​ർ അ​വ​രെ പൊ​തു​വാ​യി ‘ഇ​ന്തി​ക്കാ​ർ’ എ​ന്ന് വി​ളി​ക്കു​ന്നു.

രാ​സ​ലാ​യ​നി ക​ല​ങ്ങി​യ ഗ​ന്ധ​ത്തി​ന് ശ​മ​ന​മി​ല്ല. ശ്വാ​സ​കോ​ശം ചീ​ഞ്ഞു​പോ​യി മ​രി​ച്ചു എ​ന്നൊ​ന്നും കേ​ൾ​ക്കു​ക​പോ​ലും ചെ​യ്യാ​റി​ല്ല. പാ​ടെ ത​ള​ർ​ന്നു​പോ​യി​രി​ക്കു​ന്ന കാ​ഴ്ച​ക​ൾ, ഒ​ന്നി​നെ​യും സ്വീ​ക​രി​ക്കാ​ത്ത വ​ൻ​മ​തി​ലി​ന​ക​ത്തെ ജ​യി​ൽ​പോ​ലെ​യാ​യി​രി​ക്കു​ന്നു, മ​നു​ഷ്യ​ർ.

വെ​ള്ള​മി​റ്റു​ന്ന കൊ​ട്ട​യി​ൽ മീ​നു​മാ​യി ഒ​രാ​ൾ ബെ​ല്ല​ടി​ച്ചു ക​ട​ന്നു​പോ​യി. തി​രി​ഞ്ഞു തി​രി​ഞ്ഞു നോ​ക്കി​യ​പ്പോ​ൾ പെ​ങ്ങ​ൾ ചി​രി​ച്ച് ഒ​ന്ന് കൈ​യു​യ​ർ​ത്തി.

എ​വി​ടെ​യോ ക​ണ്ട​തു​പോ​ലെ, പ​ക്ഷേ മ​ല​യാ​ളി മു​ഖ​മ​ല്ല.

എ​ന്റെ അ​പ​രി​ചി​ത ഭാ​വം ക​ണ്ട് പെ​ട്ടെ​ന്ന് നേ​രി​യ മ​ന​ഃപ്ര​യാ​സം ഒ​ന്ന് വ​ന്നെ​ത്തി​നോ​ക്കി ചി​രി​യി​ലേ​ക്ക് പോ​യി. ഇ​ട​ക്ക് നീ​ട്ടി ബെ​ല്ല​ടി​ച്ച് സൈ​ക്കി​ൾ മു​ന്നോ​ട്ടു​പോ​യി.

ഈ ​കാ​ഴ്ച അ​ന്യ​മാ​യി​പ്പോ​യ​ത് ഞെ​ട്ട​ലോ​ടെ ഓ​ർ​ത്തു. ഇ​പ്പോ​ൾ സൈ​ക്കി​ളി​ൽ ആ​രും മീ​ൻ​കൊ​ട്ട വെ​ച്ച് വി​ൽ​ക്കാ​ൻ വ​രാ​റി​ല്ല​ല്ലോ.

പെ​ങ്ങ​ൾ പ​റ​ഞ്ഞു: ‘‘അ​യാ​ളെ നി​ങ്ങ​ൾ​ക്ക് അ​റി​യി​ല്ലേ?’’

‘‘അ​റി​യാം, ബാ​ബു​വ​ല്ലേ? ഏ​റ്റ​വും ന​ല്ല മീ​നു​ക​ളെ ഓ​ർ​മ​വ​രും. ഏ​റ്റ​വും ന്യാ​യ​മാ​യ കാ​ശി​ന് ഒ​രു ചി​രി​യോ​ടെ സൈ​ക്കി​ളി​ൽ വ​രി​ഞ്ഞു​മു​റു​ക്കി​യ ക​യ​റി​ൽ കു​രു​ങ്ങി​യ പ്ലാ​സ്റ്റി​ക് ഷീ​റ്റ് നീ​ക്കി മീ​ൻ ത​ന്നു​പോ​കു​ന്ന ആ​ൾ.’’

‘‘എ​ന്തു​പ​റ്റി?’’

ഓ​ർ​മ​യി​ൽ വ​ല്ലാ​ത്ത സ​ങ്ക​ടം വ​ന്ന് ക​ണ്ണ് തു​ളു​മ്പി​പ്പോ​കു​മെ​ന്ന് തോ​ന്നി​യ​പ്പോ​ൾ അ​വ​ൾ ഇ​രു​ന്നി​ട​ത്തു​നി​ന്ന് എ​ഴു​ന്നേ​റ്റു​പോ​യി.

മ​റ്റൊ​രു സ​ന്ദ​ർ​ഭ​ത്തി​ൽ ചോ​ദി​ച്ച​റി​യാ​മെ​ന്ന് ക​രു​തി ഞാ​ൻ എ​ന്റെ യാ​ത്രാ​ബാ​ഗി​ൽ നി​റ​യെ വ​സ്ത്ര​ങ്ങ​ൾ കു​ത്തി​ക്ക​യ​റ്റി സി​ബ്ബ് പൊ​ട്ടി​പ്പോ​കാ​തെ ശ്ര​ദ്ധി​ച്ച് എ​ല്ലാ​റ്റി​നെ​യും ഒ​തു​ക്കി.

‘‘അ​ത് പൊ​ട്ടി​പ്പോ​കും.’’

‘‘ഇ​ല്ല, സി​ബ്ബി​നും ബാ​ഗി​നും എ​ന്നെ അ​റി​യാം,’’ നി​ശ്ശ​ബ്ദം ഞാ​ൻ എ​ന്നോ​ടു​ത​ന്നെ പ​റ​ഞ്ഞു.

ആ​സാ​മി​ലെ ഏ​തോ ഉ​ൾ​ഗ്രാ​മ​ത്തി​ൽ​നി​ന്ന് അ​ഞ്ചു മ​ക്ക​ളെ​യും പാ​വം ഭാ​ര്യ​യെ​യും​കൊ​ണ്ട് മീ​ൻ​കാ​ര​ൻ വ​ന്ന​താ​ണ്. ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് വ​രു​ന്ന അ​വ​ർ​ക്കു​ള്ള അ​ന്യ​താ​ത്വ​വും ഭ​യ​വും അ​യാ​ൾ​ക്ക് ഒ​ട്ടു​മേ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പോ​രാ​ത്ത​തി​ന് ന​ല്ല മ​ല​യാ​ള​വും! എ​ത്ര​യോ കാ​ലം ഇ​വി​ടെ ക​ഴി​ഞ്ഞ​തി​ന്റെ ആ​ത്മ​വി​ശ്വാ​സം. ആ​ദ്യം ഞാ​ൻ മ​ല​യാ​ളി എ​ന്നു​ത​ന്നെ തെ​റ്റി​ദ്ധ​രി​ച്ചു.

മ​ല​യാ​ളി ശ​രീ​ര​ങ്ങ​ളി​ൽ പൊ​തു​വെ അ​നേ​കം സം​സ്ഥാ​ന​ങ്ങ​ളും ചി​ല​പ്പോ​ൾ കു​റ​ച്ചു രാ​ജ്യ​ങ്ങ​ളും പാ​ർ​ക്കു​ന്നു​ണ്ട്. മു​ഖ​ച്ഛാ​യ​കൊ​ണ്ട് ന​മു​ക്ക് അ​തി​നെ വാ​യി​ച്ചെ​ടു​ക്കാ​നാ​കി​ല്ല. അ​തി​ർ​ത്തി ധാ​ർ​ഷ്ട്യ​വും അ​ന്യ​താ​ഭ​യ​വും കൂ​ടു​വെ​ച്ച മ​നു​ഷ്യ​ഹൃ​ദ​യ​ങ്ങ​ൾ... അ​തി​ർ​ത്തി​ക​ൾ ഉ​ണ്ടാ​ക്കി​യ പി​ശാ​ചു​ക്ക​ൾ മ​നു​ഷ്യ തി​ന്മ​ക​ൾ​ക്ക് കാ​വ​ലി​രു​ന്നു. അ​വ​യു​ടെ ഉ​റ​ക്ക​വേ​ള​യി​ൽ തി​ന്മ തു​ട​ർ​ന്നു.

ചേ​രി​യു​ടെ തൊ​ട്ട​ടു​ത്ത വീ​ടു​ക​ൾ ബു​ൾ​ഡോ​സ​ർ​കൊ​ണ്ട് ത​ക​ർ​ക്ക​പ്പെ​ട്ട വാ​ർ​ത്ത അ​യാ​ൾ രാ​പ​ക​ലി​ല്ലാ​തെ വ്യ​ക്ത​മാ​ക്കാ​ൻ ശ്ര​മി​ച്ചു. ലോ​ക​ത്തെ അ​നേ​കം ഭാ​ഷ​ക​ൾ​ക്കൊ​പ്പം അ​യാ​ൾ പ​ങ്കു​വെ​ക്കാ​ൻ ശ്ര​മി​ച്ച ഭാ​ഷ​യും ദു​ർ​ബ​ല​മാ​യി. വ​സ​ന്തി​ച്ചേ​ച്ചി​യാ​ണ് ആ​ദ്യം ആ ​ആ​ശ​യം അ​വ​ത​രി​പ്പി​ച്ച​ത്:

‘‘ആ ​കു​ടും​ബ​ത്തി​നു​ള്ള ഭ​ക്ഷ​ണം ചു​റ്റു​മു​ള്ള 10 വീ​ട്ടു​കാ​ർ​ക്ക് ഏ​റ്റെ​ടു​ക്കാം. ഓ​രോ നേ​ര​വും ഒ​രു കു​ടും​ബം​കൂ​ടി ന​മ്മു​ടെ വീ​ട്ടി​ലു​ണ്ടെ​ന്ന് സ​ങ്ക​ൽ​പി​ച്ചാ​ൽ മ​തി.’’

ബാ​ബു​വി​ന്റെ ഭാ​ര്യ അ​ങ്ങേ​യ​റ്റം ല​ജ്ജാ​ശീ​ല​യും ഉ​യ​ർ​ന്ന അ​ഭി​മാ​ന​ബോ​ധ​മു​ള്ള​വ​ളു​മാ​യി​രു​ന്നു. ആ​ദ്യ​മൊ​ക്കെ വേ​ദ​ന ക​ല​ർ​ന്ന ചി​രി​യോ​ടെ നി​രാ​ക​രി​ച്ചെ​ങ്കി​ലും പ​തി​യെ കു​ട്ടി​ക​ളു​ടെ വി​ശ​പ്പി​ന്റെ ക​ര​ച്ചി​ൽ അ​തി​നെ കീ​ഴ​ട​ക്കി.

ബാ​ബു​വി​ന്റെ ഗ്രാ​മ​ത്തി​ൽ എ​ന്ത് ന​ട​ന്നു​വെ​ന്ന് അ​വ​ളു​മാ​യി ന​മ്മ​ളാ​രും ച​ർ​ച്ച​ചെ​യ്തി​ല്ല, മ​ന​പ്പൂ​ർ​വം ത​ന്നെ. പ​ക​രം ആ ​കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​ക​ൾ ആ​രാ​ഞ്ഞു.

ഒ​ന്നാ​മ​ത്തെ വേ​ദ​ന ആ ​ഒ​റ്റ​മു​റി​ത​ന്നെ. ആ ​മു​റി​യു​ടെ ഒ​ത്ത മ​ധ്യ​ത്തി​ലാ​ണ് ആ​ഹാ​ര​മു​ണ്ടാ​ക്കി​യി​രു​ന്ന തു​രു​മ്പി​ച്ച പ​ഴ​യ സ്റ്റൗ​വ് കു​ടി​കൊ​ള്ളു​ന്ന​ത്. മു​റി​യി​ലെ അ​ന്തേ​വാ​സി​ക​ൾ ഒ​രു ദൈ​വ സ​ന്നി​ധി​യി​ൽ എ​ന്ന​പോ​ലെ അ​തി​നു​ചു​റ്റും വ​ല​യം ചെ​യ്യു​ക​യും ഓ​രോ നേ​ര​ത്തെ വി​ശ​പ്പും ഒ​രു പ്രാ​ർ​ഥ​ന​യാ​വു​ക​യും ചെ​യ്തു.

വ​ള​രെ​യേ​റെ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​യ​ൽ​ക്കാ​ർ ന​ൽ​കു​ന്ന ഭ​ക്ഷ​ണം അ​വ​ർ സ്വീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​യി. ഓ​രോ ത​വ​ണ​യും ഭ​ക്ഷ​ണം ഏ​റ്റു​വാ​ങ്ങു​മ്പോ​ൾ ആ ​മു​ഖ​ത്ത് അ​ഭി​മാ​ന​ത്തി​ന്റെ പൊ​ട്ടി​യ ചി​ല്ലു​ക​ൾ പ്ര​തി​ഫ​ലി​ച്ചു. വ​ല്ല​പ്പോ​ഴും ര​ണ്ടാ​മ​ത്തെ വീ​ട്ടു​കാ​ര​ൻ വ​സീ​റ​ലി മൊ​ബൈ​ലി​ൽ ന​മ്പ​റ​മ​ർ​ത്തും. അ​ങ്ങേ​ത്ത​ല​ക്ക​ൽ ബെ​ല്ല​ടി​ക്കു​മ്പോ​ൾ ആ ​ഭാ​ര്യ​ക്ക് ഫോ​ൺ കൈ​മാ​റും. ഏ​റെ നേ​ര​ത്തെ ബെ​ല്ല​ടി​ക്കു​ശേ​ഷം പ​തി​യെ അ​ങ്ങേ​യ​റ്റ​ത്തു​നി​ന്ന് ഒ​രാ​ൾ അ​റ്റ​ൻ​ഡ് ചെ​യ്യും.

പ​ക്ഷേ, വി​ചി​ത്ര​മാ​യ ആ​സാ​മീ​സ് വാ​മൊ​ഴി അ​യാ​ളു​ടെ രോ​ഗാ​വ​സ്ഥ​യു​ടെ ക​ഠി​ന​മാ​യ​വ്യ​ഥ​യി​ൽ ചി​ത​റി. ഇ​ട​ക്ക് ബാ​ബു ശ്വാ​സ​ത്തി​നാ​യി നീ​ട്ടി​വ​ലി​ച്ചു. ആ​ർ​ക്കും ഒ​ന്നും മ​ന​സ്സി​ലാ​യി​ല്ല. ബാ​ബു​വി​ന്റെ ഭാ​ര്യ ക​ര​ഞ്ഞു​കൊ​ണ്ട് എ​ന്തൊ​ക്കെ​യോ പ​റ​യാ​ൻ ശ്ര​മി​ച്ചു. ആ ​ക​ര​ച്ചി​ലി​ൽ, ഈ ​ഭൂ​മു​ഖ​ത്ത് ബാ​ബു​വ​ല്ലാ​തെ അ​വ​ൾ​ക്ക് ആ​രു​മി​ല്ലെ​ന്ന​തി​ന്റേ​താ​ണെ​ന്ന് അ​യ​ൽ​ക്കാ​ർ വാ​യി​ച്ചെ​ടു​ത്തു.

ഇ​ക്കാ​ല​ത്തി​നി​ട​യി​ൽ ഇ​ട​യ്ക്ക് ബാ​ബു​വി​ന്റെ ഭാ​ര്യ പ​ഠി​ച്ചെ​ടു​ത്ത മ​ല​യാ​ളം കു​റെ​ക്കൂ​ടി വി​ക​ല​മാ​യി. അ​യ​ൽ​വാ​സി​ക​ൾ​ക്ക് ഒ​ന്നേ പ​റ​യാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ: ‘‘നി​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ​ണം ഞ​ങ്ങ​ൾ എ​ത്തി​ക്കും.’’ അ​ത് കൂ​ട്ട​മാ​യെ​ടു​ത്ത പ്ര​തി​ജ്ഞ​ത​ന്നെ​യാ​യി​രു​ന്നു. വ​ല്ല​പ്പോ​ഴും നാ​ട്ടി​ലെ​ത്തു​മ്പോ​ൾ ഞാ​ൻ ഈ ​കു​ടും​ബ​ത്തെ അ​ന്വേ​ഷി​ക്കും. അ​യ​ൽ​ക്കാ​രു​ടെ മ​നഃ​പ്ര​യാ​സ​ങ്ങ​ളി​ൽ ഒ​ന്ന് കു​ട്ടി​ക​ളു​ടെ സ്കൂ​ൾ​ജീ​വി​ത​മ​വ​സാ​നി​ച്ച​തി​നെ​പ്പ​റ്റി​യാ​ണ്. കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് അ​യ​ക്കാ​ൻ ബാ​ബു​വി​ന്റെ ഭാ​ര്യ ത​യ്യാ​റാ​യി​ല്ല.

‘‘വീ​ട് പൊ​ളി​ച്ച​വ​ർ ഇ​വി​ടെ​യും വ​രും, കു​ഞ്ഞു​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കും,’’ എ​ന്നു​മാ​ത്രം അ​വ​ൾ അ​റി​യു​ന്ന മ​ല​യാ​ള​ത്തി​ൽ പി​റു​പി​റു​ക്കും പോ​ലെ സ്വ​യം ശ​പി​ക്കും പോ​ലെ പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു. ഇ​ത് പ​റ​യു​മ്പോ​ൾ അ​വ​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ന​ട​ന്നു.

ഓ​രോ നേ​ര​ത്തും അ​വി​ടെ എ​ത്തി​ച്ചേ​രു​ന്ന ഭ​ക്ഷ​ണ​ത്തെ ബാ​ബു​വി​ന്റെ ഭാ​ര്യ നെ​ടു​വീ​ർ​പ്പോ​ടെ ഏ​റ്റു​വാ​ങ്ങി. അ​വ​ൾ ആ​സാ​മി​ന്റെ രു​ചി​യ​ല്ലാ​ത്ത​തി​നെ തി​ന്നു. ഓ​രോ ഉ​രു​ള​ച്ചോ​റി​ലും സ്നേ​ഹ​നി​ധി​യാ​യ ഭ​ർ​ത്താ​വി​നെ ഓ​ർ​ത്തു. ക​ട​ന്നു​പോ​യ​തൊ​ക്കെ വ​സ​ന്ത​ങ്ങ​ളാ​യി​രു​ന്നു എ​ന്ന് തി​രി​ച്ച​റി​ഞ്ഞു. സ്നേ​ഹ​ത്തി​ന്റെ പൊ​ൻ​കി​നാ​വു​ക​ൾ പെ​ട്ടെ​ന്ന് കെ​ട്ടു​പോ​യി.

മൃ​ഗ​ത്തി​ന്റെ പാ​തി​മു​ഖ​മു​ള്ള ഒ​രു​പ​റ്റം മ​നു​ഷ്യ​ർ ഒ​ന്നി​ച്ച് കൂ​റ്റ​ൻ ട്ര​ക്കു​ക​ളി​ൽ വ​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഗ്രാ​മ​വാ​സി​ക​ൾ ഇ​തു​വ​രെ കാ​ണാ​ത്ത​ത്ര വ​ലി​പ്പ​മു​ള്ള ദി​നോ​സ​റി​ന്റെ ഛായ​യു​ള്ള ബു​ൾ​ഡോ​സ​റും പി​റ​കെ വ​ന്നു. കോ​ള​നി​യി​ലെ കു​ട്ടി​ക​ളെ​ല്ലാം സ​ന്തോ​ഷ​ത്തി​മി​ർ​പ്പോ​ടെ ഓ​ടി​യ​ടു​ത്തു. ബു​ൾ​ഡോ​സ​ർ , അ​ത് ശ​രി​ക്കും ജീ​വി​ത​ന്നെ​യാ​ണെ​ന്ന് ഒ​രു​പ​റ്റം കു​ട്ടി​ക​ൾ വാ​ദി​ച്ചു. കാ​ര​ണം, അ​വ​യ്ക്ക് നീ​ണ്ട, വെ​ട്ടാ​ത്ത ന​ഖ​മു​ള്ള കൈ​കാ​ലു​ക​ൾ ഉ​ണ്ട്, കൈ​കാ​ൽ വി​ര​ലു​ക​ളു​ണ്ട്. പെ​ട്ടെ​ന്ന് അ​തി​ന് ക​ഴു​ത്തു​വെ​ട്ടി​ക്കാ​ൻ അ​റി​യാം. ത​ങ്ങ​ളി​ലേ​ക്ക് പെ​ട്ടെ​ന്ന് തി​രി​ഞ്ഞു​നി​ന്ന​പ്പോ​ഴൊ​ക്കെ അ​വ​ർ സ​ന്തോ​ഷ​ത്തി​ൽ ആ​ർ​ത്തു​വി​ളി​ച്ചു. ഇ​ത് ഉ​ട​മ​യ്ക്ക് വേ​ണ്ടി എ​ന്തും ചെ​യ്യാ​ൻ മ​ടി​ക്കാ​ത്ത ജീ​വി​യ​ല്ലാ​തെ മ​റ്റെ​ന്താ​ണ്?

വീ​ടു​ക​ൾ ഒ​ന്നൊ​ന്നാ​യി കൈ​യേ​റി പൊ​ളി​ച്ചു​മാ​റ്റി. എ​ളു​പ്പം പൊ​ളി​ക്കാ​ൻ​മാ​ത്രം ദു​ർ​ബ​ല​വു​മാ​യി​രു​ന്നു, ആ ​കോ​ള​നി​യി​ലെ വീ​ടു​ക​ൾ. ഓ​ടും ക​ല്ലും കു​മ്മാ​യ​ക്ക​ട്ട​യും ഒ​ന്നാ​യി​ക്കി​ട​ന്നു, അ​തി​നു​ള്ളി​ൽ കു​ട്ടി​ക​ളു​ടെ ഉ​ടു​പ്പു​ക​ൾ​പോ​ലും തി​രോ​ഭ​വി​ച്ചു. ആ​ളു​ക​ൾ മ​റ​യു​മ്പോ​ൾ കു​ട്ടി​ക​ൾ അ​വ​രു​ടെ ക​ളി​സാ​ധ​ന​ങ്ങ​ളും ബൊ​മ്മ​ക​ളും തി​ര​ഞ്ഞു. മ​ണ്ണി​ൽ അ​മ​ർ​ന്നു പോ​യ​തൊ​ക്കെ നി​ശ്ശ​ബ്ദ​മാ​യ ഏ​ങ്ങ​ല​ടി​യി​ൽ വ​സി​ച്ചു.

വി​ലാ​പ​ങ്ങ​ൾ, ശാ​പ​ങ്ങ​ൾ, കൂ​ട്ട നി​ല​വി​ളി​ക​ൾ. ഒ​ന്നി​നും ശ​ബ്‌​ദ​മി​ല്ലാ​താ​യി. ഇ​ട​ക്ക് അ​ന്വേ​ഷ​ണാ​ർ​ഥം വ​ന്നി​റ​ങ്ങി​യ പോ​ലീ​സു​കാ​രെ ക​ണ്ട് ആ​ദ്യം അ​വ​ർ ആ​ശ്വ​സി​ച്ചു. പ​ക്ഷേ, ലാ​ത്തി​ക​ളും തോ​ക്കു​ക​ളും കോ​ള​നി​വാ​സി​ക​ളി​ലേ​ക്ക് നേ​രെ നീ​ളാ​നു​ള്ള​താ​ണെ​ന്ന് ഏ​റെ​ക്ക​ഴി​യും മു​മ്പ് അ​വ​ർ​ക്ക് മ​ന​സ്സി​ലാ​യി.

അ​ര​ക്ഷി​താ​വ​സ്ഥ​യു​ടെ ക​ണ്ണീ​ർ​ത്ത​ടാ​കം നി​ലം​തൊ​ടാ​ത്ത അ​വി​ശ്വ​സ​നീ​യ​ത​യോ​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഒ​രു മാ​ജി​ക് ഷോ​യി​ൽ എ​ന്ന​പോ​ലെ നി​ന്നു.

അ​റി​യു​ന്ന എ​ല്ലാ ന​മ്പ​റി​ലേ​ക്കും അ​ഭ​യ​ത്തി​നാ​യി ക​ര​ഞ്ഞ് അ​വ​ർ ഫോ​ൺ ചെ​യ്തു. വോ​ട്ട് തേ​ടി​യെ​ത്തി​യ ചി​രി​ച്ച പ​ല്ലു​ക​ൾ, കു​ട്ടി​ക​ൾ​ക്ക് കൊ​ണ്ടു​വ​ന്ന ചോ​ക്ലേ​റ്റു​ക​ൾ, ബാ​ബു​വി​ന്റെ കു​ടും​ബ​ത്തി​ന് ന​ൽ​കി​യ പ​രു​ക്ക​ൻ ഷാ​ളു​ക​ൾ... ഇ​പ്പോ​ൾ ഏ​തോ മൃ​ത​ദേ​ഹ​മാ​യി അ​വ​രെ​പ്പോ​ലെ അ​വ​രു​ടെ ഫോ​ണു​ക​ളും മാ​റി​യി​രി​ക്കു​ന്നു. ആ​ത്യ​ന്തി​ക സ​ത്യം ഒ​ന്നു​മാ​ത്രം -അ​വ​രു​ടെ വീ​ടു​ക​ൾ ഒ​ന്നൊ​ന്നാ​യി ബു​ൾ​ഡോ​സ​ർ ത​ക​ർ​ക്കു​ന്നു.

കോ​ള​നി​വാ​സി​ക​ളു​ടെ നി​ല​വി​ളി​ക​ൾ ജെ.​സി.​ബി​ക്ക് കൂ​ട്ടി​യി​രു​ന്ന പ​ടു​കൂ​റ്റ​ൻ ജ​ന​റേ​റ്റ​റി​ന്റെ ഒ​ച്ച​യി​ൽ മു​ങ്ങി. ഉ​ച്ച​യൂ​ണി​ന്റെ ഇ​ട​വേ​ള​യി​ൽ എ​പ്പോ​ഴോ അ​ത് ഒ​ന്ന് നി​ശ്ശ​ബ്ദ​മാ​യി. പ​ല വീ​ടു​ക​ളും നി​ര​പ്പാ​യി​ക്ക​ഴി​ഞ്ഞു. മ​ധ്യ​ത്തി​ൽ ബാ​ക്കി​വെ​ച്ച ഒ​ന്നി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ഒ​രു സം​ഗീ​താ​ധ്യാ​പ​ക​ൻ മാ​ത്രം! അ​യാ​ൾ ത​ന്റെ ഹാ​ർ​മോ​ണി​യ​ക്ക​ട്ട​യി​ൽ വി​ര​ൽ പാ​യി​ച്ച് ആ​വേ​ശ​പൂ​ർ​വം പാ​ടി​ക്കൊ​ണ്ടി​രു​ന്നു. അ​തി​ന്റെ ഒ​ച്ച കേ​ട്ട് ശ​ത്രു മി​ത്ര ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രും ഞെ​ട്ടി​ത്ത​രി​ച്ചു.

അ​യാ​ളു​മാ​യി എ​പ്പോ​ഴും ഇ​ഷ്ടം​ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ആ ​ഗ​സ​ൽ അ​യാ​ളി​ൽ​നി​ന്ന് വി​ഭി​ന്ന​മാ​കാ​തെ പാ​ടു​ന്നു:

*‘‘മൗ​ത് കാ ​സെ​ഹ​ർ ഹെ ​ഫ​സാ​ഓ മെ... ​അ​ബ് ക​ഹാ ജാ ​കെ സാ​സ് ലീ ​ജാ​യേ...’’

(മ​ര​ണ​ത്തി​ന്റെ വി​ഷ​മു​ണ്ട് അ​ന്ത​രി​ക്ഷം മു​ഴു​ക്കെ

ഇ​നി​യി​പ്പോ​ൾ

എ​വി​ടെ​പ്പോ​യൊ​ന്ന് ശ്വാ​സ​മെ​ടു​ക്കും?)

 

ശ​ത്രു​മി​ത്ര ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ​റ്റി​നെ​യും ആ ​ഗ​സ​ൽ ന​ടു​ക്കി. പെ​ട്ടെ​ന്ന് ആ​രോ ആ ​വീ​ട്ടി​ലേ​ക്ക് അ​തി​മാ​ര​ക​ശേ​ഷി​യു​ള്ള ബോം​ബെ​റി​ഞ്ഞു. എ​ല്ലാം നി​ലം​പ​രി​ശാ​യി​ട്ടും പാ​ട്ട് നി​ല​യ്ക്കാ​തെ, എ​ങ്ങു​നി​ന്നെ​ന്നി​ല്ലാ​തെ നി​രാ​ശ​യു​ടെ ഉ​ടു​വ​സ്ത്ര​മ​ണി​ഞ്ഞു.

സ്ഥ​ല​കാ​ല​ബ​ന്ധ​നം മ​നു​ഷ്യ​രു​ടെ മി​ഥ്യ.

അ​ന്ന് പ​ക​ൽ കോ​യ​മ്പ​ത്തൂ​ർ-​ക​ണ്ണൂ​ർ ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ൽ നി​ന്ന് ആ​രോ ത​ന്റെ മൊ​ബൈ​ൽ ഫോ​ണി​ൽ അ​ത് ഉ​ച്ച​ത്തി​ൽ വെ​ച്ചു. ആ​റ് വ​ർ​ഷം മു​മ്പ് ഇ​തേ ആ​ഗ​സ്റ്റ് മാ​സ​ത്തി​ൽ അ​ന്ത​രി​ച്ച റാ​ഹ​ത്ത് ഇ​ൻ​ദോ​രി... ഒ​ന്നും മ​യ​ങ്ങി​യ​പ്പോ​ൾ എ​തി​ർ സീ​റ്റി​ൽ ഞാ​ൻ ക​ണ്ടു. നി​സ്സ​ഹാ​യ​മാ​യ വേ​ദ​ന​ക​ൾ പ​രേ​താ​ത്മാ​ക്ക​ളെ​പ്പോ​ലെ എ​വി​ടെ​യും സ​ഞ്ച​രി​ച്ചെ​ത്തു​ന്നു, ക​രു​ണ​ര​സ​ത്തെ വി​ളി​ച്ചു​ണ​ർ​ത്തു​ന്നു.

പെ​ട്ടെ​ന്ന് ഓ​ർ​ത്ത​ത് ഫ​സ​ലി​നെ​യാ​ണ്. ഞാ​ൻ ചോ​ദി​ച്ചു: ‘‘ഫ​സ​ൽ, എ​ന്റെ വീ​ടി​ന്റെ നാ​ലാ​മ​ത്തെ അ​യ​ൽ​പ​ക്ക​മാ​ണ്. വാ​ട​ക​യ്ക്ക് അ​തി​ൽ ആ​റ് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു. സ്റ്റൗ​വാ​ണ് ആ ​ഒ​റ്റ​മു​റി​യു​ടെ കേ​ന്ദ്ര​ക​ഥാ​പാ​ത്രം. അ​തി​ൽ ഇ​ടു​ങ്ങി താ​മ​സി​ക്കു​ന്ന ഗൃ​ഹ​നാ​ഥ​ന്റെ നാ​ട്ടി​ലെ വീ​ട് ബു​ൾ​ഡോ​സ​ർ വെ​ച്ച് പൊ​ളി​ച്ചി​രി​ക്കു​ന്നു, ഒ​രു കൂ​ട്ടം അ​ർ​ധ​മൃ​ഗ​ങ്ങ​ൾ. അ​യാ​ൾ നാ​ട്ടി​ൽ ഏ​തോ അ​ക​ന്ന ബ​ന്ധു​വി​ന്റെ പീ​ടി​ക​മു​റി​യു​ടെ വ​രാ​ന്ത​യി​ൽ ശ​രീ​രം മു​ഴു​വ​ൻ ത​ള​ർ​ന്ന​നി​ല​യി​ൽ. ബ​ന്ധു ച​പ്പാ​ത്തി​യും സ​വാ​ള​യും വെ​ന്തു​ട​ച്ച ദാ​ലും മൂ​ന്നു​നേ​ര​മു​ള്ള മ​രു​ന്നും ക​രു​ണ​യോ​ടെ വാ​യി​ൽ വെ​ച്ചു​കൊ​ടു​ക്കു​ന്നു, പ​ണം വാ​ങ്ങാ​ത്ത ഗ്രാ​മ​ത്തി​ലെ നാ​ട്ടു​വൈ​ദ്യ​ൻ മൂ​ന്ന് ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ വ​ന്ന് നാ​ഡി പി​ടി​ച്ചു​നോ​ക്കു​ക​യും നാ​ട്ടു​മ​രു​ന്ന് കൊ​ടു​ക്കു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​വി​ടെ എ​ന്റെ വീ​ടി​ന​ടു​ത്താ​ണ് ബാ​ബു​വി​ന്റെ മ​ക്ക​ളും ഭാ​ര്യ​യും. ഭാ​ര്യ​ക്കാ​ണെ​ങ്കി​ൽ കു​റ​ച്ചു മ​ല​യാ​ള​മേ അ​റി​യൂ. വാ​ട​ക അ​ട​യ്ക്കാ​ത്ത​തി​നാ​ൽ ഏ​തു നി​മി​ഷ​വും ആ ​സ്ത്രീ​യും കു​ട്ടി​ക​ളും തെ​രു​വി​ലാ​കും. അ​വ​രി​പ്പോ​ൾ ഒ​രു ഹോ​ട്ട​ലി​ൽ പാ​ത്രം ക​ഴു​കു​ന്നു. 10 മ​ണി​ക്കൂ​റി​ന് 350 രൂ​പ. കു​ട്ടി​ക​ളി​ലെ മൂ​ത്ത​വ​ൻ മ​റ്റു​ള്ള​വ​ർ എ​ങ്ങും പോ​കാ​തെ നോ​ക്കു​ന്നു. അ​തി​ന്റെ ശാ​സ​ന​യ്ക്കാ​യി ഉ​മ്മ ചു​മ​രി​ൽ ആ​ണി​യ​ടി​ച്ച് ഒ​രു വ​ടി പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്...’’

ഫ​സ​ൽ ഒ​രു നി​മി​ഷം ക​രു​ണ​യു​ടെ നി​ശ്ശ​ബ്ദ​ത പൂ​ണ്ടു. ‘‘ന​മു​ക്കൊ​രു വാ​ർ​ത്ത കൊ​ടു​ക്കാം. പ​റ്റു​മെ​ങ്കി​ൽ ഓ​ൾ എ​ഡി​ഷ​ൻ, ഞാ​ൻ റി​പ്പോ​ർ​ട്ട​റെ അ​യ​ക്കാം.’’

ഞാ​ൻ പ​റ​ഞ്ഞു: ‘‘ക​നി​വു​ള്ള​വ​രേ സ​ഹാ​യി​ക്കു​ക, ഈ ​ത​ല​ക്കെ​ട്ടി​ൽ പ​ത്ര​ത്തി​ൽ ഒ​ന്നും വ​ര​രു​ത്.’’

ഫ​സ​ൽ പ​റ​ഞ്ഞു, തീ​ർ​ച്ച​യാ​യും! ആ​ദ്യം റി​പ്പോ​ർ​ട്ട്, പി​ന്നെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​നാ​ഥ​ത്വം.

ഫ​സ​ൽ മൂ​ളി

ഞാ​ന​ത് കേ​ട്ടി​ല്ല

 

ഞാ​ൻ എ​ന്നോ​ടു ത​ന്നെ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്നു: അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സം നി​ല​ച്ചി​രി​ക്കു​ന്നു. മൂ​ത്ത​വ​ൻ ഇ​ള​യ കു​ട്ടി​യെ താ​ഴോ​ട്ടി​റ​ക്കാ​തെ ചു​മ​ന്ന് അ​യ​ൽ​വ​ട്ട​ത്തി​ലെ പ​റ​മ്പു​ക​ൾ തോ​റും ന​ട​ക്കു​ന്നു. ആ​രെ​ങ്കി​ലും വ​ല്ല​തും കൊ​ടു​ത്താ​ൽ തി​ന്നു​ന്നു. ത​രം കി​ട്ടി​യാ​ൽ മ​ല​യാ​ളി കു​ട്ടി​ക​ളോ​ടൊ​പ്പം ക​ളി​ക്കു​ന്നു.

പെ​ങ്ങ​ൾ അ​വ​രെ ഉ​ച്ച​യൂ​ണ് കൊ​ടു​ത്ത് സ്നേ​ഹി​ക്കു​ന്നു​ണ്ട്. ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​ങ്ങോ​ട്ട് വ​ര​ണേ എ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു. ഇ​ങ്ങ​നെ എ​ത്ര നാ​ൾ? സ്കൂ​ളി​ന​ടു​ത്തു​ള്ള എ​വി​ടെ​യെ​ങ്കി​ലും ഒ​രു മൂ​ന്ന് സെ​ന്റ്, അ​തി​ൽ ചെ​റി​യൊ​രു വീ​ട്... റോ​ഡ് വേ​ണ​മെ​ന്നി​ല്ല.

എ​​ന്റെ നി​ശ്ശ​ബ്ദ​ത​യെ സ​മാ​ധാ​നി​പ്പി​ക്കും​പോ​ലെ ഫ​സ​ൽ വീ​ണ്ടും പ​റ​ഞ്ഞു: ‘‘ന​മു​ക്ക് ഓ​ൾ എ​ഡി​ഷ​ൻ കൊ​ടു​ക്കാം. അ​തെ, റി​പ്പോ​ർ​ട്ട് വാ​യി​ച്ച് ക​രു​ണ​യു​ള്ള ആ​രെ​ങ്കി​ലും മു​ന്നോ​ട്ടു​വ​രും, ഗ​ൾ​ഫി​ലും കാ​ര്യ​മാ​യി കൊ​ടു​ക്കാം.’’

അ​ന്നു രാ​ത്രി മു​ഴു​വ​ൻ സ്വ​പ്നം നി​ലാ​വി​ൽ കു​ളി​ച്ചു​നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും അ​വ തി​ങ്ങി​നി​റ​ഞ്ഞ വി​ശാ​ല​മാ​യൊ​രു പ​റ​മ്പും പ​ട​ർ​ന്നു​പ​ട​ർ​ന്ന് രൂ​പ​പ്പെ​ട്ടു, അ​തി​ലെ ഇ​ളം​കാ​റ്റ് എ​ന്റെ ഉ​റ​ക്ക​ത്തെ ഓ​മ​നി​ച്ചു​കൊ​ണ്ടി​രു​ന്നു. എ​വി​ടെ​നി​ന്നോ അ​ടി​ച്ചു​വീ​ശി​യ കാ​റ്റ് തീ​ർ​ച്ച​യാ​യും സീ​ലി​ങ് ഫാ​നി​ൽ​നി​ന്ന​ല്ല. നാ​ളെ ജി​ല്ലാ ലേ​ഖ​ക​ൻ വ​രും, ഫോ​ട്ടോ​ഗ്രാ​ഫ​റു​മൊ​ത്ത്. ഇ​രു​വ​ർ​ക്കും വേ​ദ​ന​ക​ളെ മ​ന​സ്സി​ലാ​ക്കു​ന്ന ക​ണ്ണു​ക​ൾ.

വൈ​കു​ന്നേ​രം ജോ​ലി​ക​ഴി​ഞ്ഞ് എ​ത്തു​ന്ന​തു​വ​രെ ഞ​ങ്ങ​ൾ അ​വ​രെ കാ​ത്തു​നി​ന്നു. അ​വ​ർ വ​ന്നു​ചേ​രു​ന്ന​ത് വി​ചാ​രി​ച്ച​തി​നേ​ക്കാ​ൾ ക്ലേ​ശ​ക​ര​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ ഞ​ങ്ങ​ൾ മൂ​വ​ർ​ക്കും ഒ​രു​പോ​ലെ ക​ഴി​ഞ്ഞു. അ​തി​സാ​ഹ​സി​ക​മാ​യി​രു​ന്നു, വീ​ട് എ​ന്ന പേ​രി​ലു​ള്ള ഇ​ടു​ങ്ങി​യ ആ ​ഒ​റ്റ​മു​റി​യി​ൽ പ്ര​വേ​ശി​ക്ക​ൽ. അ​വി​ട​ത്തെ മ​റ്റ് ഒ​റ്റ​മു​റി​ക​ളി​ലെ സ്ത്രീ​ക​ളും കു​ഞ്ഞു​ങ്ങ​ളും അ​ജ്ഞാ​ത​രാ​യ ആ​ധി​ക​ൾ ക​ണ്ണി​ൽ നി​റ​ച്ച് ഞ​ങ്ങ​ളെ ഉ​റ്റു​നോ​ക്കി​ക്കൊ​ണ്ടി​രു​ന്നു. ഓ​രോ മു​റി​യി​ലും ഓ​രോ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​നം.

ചോ​ദി​ച്ച​തി​നൊ​ക്കെ ആ​രെ​യോ ഭ​യ​പ്പെ​ടും​പോ​ലെ വ​ള​രെ ചു​രു​ക്കി​മാ​ത്രം മ​റു​പ​ടി​ക​ൾ. നാ​ട്ടി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച ഭ​ർ​ത്താ​വി​ന്റെ സം​സാ​ര​ശേ​ഷി തീ​രെ ദു​ർ​ബ​ല​മാ​യെ​ന്ന് പ​റ​യു​മ്പോ​ഴേ​ക്കും അ​വ​രു​ടെ കാ​ഴ്ച​യെ അ​ട​ർ​ത്തി​മാ​റ്റി വ​ന്ന ക​ണ്ണു​നീ​ർ, അ​ത് അ​വ​രു​ടെ സ്വ​ന്തം ക​ണ്ണു​ക​ൾ​ത​ന്നെ എ​ന്തോ ഓ​ർ​ത്ത് വ​ലി​ച്ചു​കു​ടി​ച്ചു ക​ള​ഞ്ഞു. ഞാ​ൻ ക​ര​യു​ന്ന​ത് കു​ഞ്ഞു​ങ്ങ​ൾ ക​ണ്ണാ​ൽ, അ​വ​ർ പേ​ടി​ച്ചു​പോ​യാ​ൽ ഞാ​ൻ എ​ന്ത് ചെ​യ്യും?’’

-ക്ഷ​മാ​പ​ണം​പോ​ലെ അ​വ​ർ പ​റ​ഞ്ഞു. പെ​ട്ടെ​ന്ന് അ​വ​ർ ഞെ​ട്ട​ലോ​ടെ പ​റ​ഞ്ഞു: ‘‘പാ​ത്ര​ങ്ങ​ൾ മു​ഴു​വ​ൻ ക​ഴു​കി ക​ഴി​ഞ്ഞി​ട്ടി​ല്ല, തി​രി​ച്ച് ഹോ​ട്ട​ലി​ലേ​ക്ക് ത​ന്നെ പോ​ക​ണം. അ​യാ​ൾ ക​യ​ർ​ക്കും.’’ സ​ന്ധ്യ മെ​ല്ലെ എ​ത്തി​നോ​ക്കു​ന്ന​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഞ​ങ്ങ​ൾ മൂ​വ​രും പു​റ​ത്തി​റ​ങ്ങി. പി​രി​യു​മ്പോ​ൾ വെ​ളി​ച്ചം തു​ളു​മ്പു​ന്ന ക​ണ്ണു​ക​ളു​ള്ള ആ ​പ​ത്ര​ക്കാ​ര​ൻ പ​റ​ഞ്ഞു: ‘‘ന​മു​ക്കി​ന്ന് വി​ശ​ദ​മാ​യി കൊ​ടു​ക്ക​ണം, ന​മു​ക്കി​ത് വി​ശ​ദ​മാ​യി കൊ​ടു​ക്ക​ണം.’’ ഫോ​ട്ടോ​ഗ്രാ​ഫ​ർ ഇ​തി​ന​കം എ​ടു​ത്ത അ​വ​രു​ടെ സ്നാ​പ്പു​ക​ൾ ചെ​ക്ക് ചെ​യ്തു. ഓ​രോ ഫോ​ട്ടോ എ​ടു​ക്കു​മ്പോ​ഴും അ​ര​ക്ഷി​ത​ബോ​ധ​ത്താ​ൽ ക​ര​യും​പോ​ലെ ഞ​ങ്ങ​ളെ നോ​ക്കി. അ​വ​ർ​ക്ക് മാ​ത്രം കാ​ണാ​വു​ന്ന നി​ഴ​ലു​ക​ൾ അ​വ​രെ വ​ല​യം ചെ​യ്യു​ന്ന​താ​യി ക​ണ്ണു​ക​ൾ പ​റ​ഞ്ഞു. അ​പേ​ക്ഷാ സ്വ​ര​ത്തി​ൽ അ​വ​ർ പ​റ​ഞ്ഞു: ‘‘ഞാ​ൻ പോ​യ്ക്കോ​ട്ടെ?’’

ഞ​ങ്ങ​ൾ അ​വ​രോ​ട് ക്ഷ​മാ​പ​ണ​സ്വ​ര​ത്തോ​ടെ യാ​ത്ര പ​റ​ഞ്ഞു.

അ​ത്ഭു​ത​ക​ര​മെ​ന്ന് പ​റ​യ​ട്ടെ, രാ​ത്രി​യി​ൽ ത​ലേ​ന്ന് ക​ണ്ട സ്വ​പ്നം ആ​വ​ർ​ത്തി​ച്ചു. നി​ലാ​വു​നി​റ​ഞ്ഞ ഏ​തോ സു​ന്ദ​ര​മാ​യ വ​ന​പ്ര​ദേ​ശം, ആ​രോ​ഗ്യ​മു​ള്ള മ​ര​ങ്ങ​ൾ. കാ​റ്റി​നൊ​പ്പം മ​ഞ്ഞും വ​ന്ന് നൃ​ത്തം​ചെ​യ്തു. ഉ​റ​ക്ക​മു​ണ​ർ​ന്ന​പ്പോ​ൾ പു​റ​ത്ത് ആ ​സ്ത്രീ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​വ​ർ​ക്ക​റി​യാ​വു​ന്ന മ​ല​യാ​ള​ത്തി​ൽ ക​ര​യും​പോ​ലെ കൈ​കൂ​പ്പി:

‘‘പ​ത്ര​ത്തി​ലൊ​ന്നും കൊ​ടു​ക്ക​ല്ലേ. അ​വ​ര​റി​ഞ്ഞാ​ൽ അ​ടു​ത്ത കോ​ള​നി​യി​ലെ വീ​ടും പൊ​ളി​ക്കും.’’

ഞാ​ൻ പ​റ​ഞ്ഞു: ‘‘അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല. ഏ​ത് സ​മൂ​ഹ​ത്തി​ലും ന​ല്ല​വ​രും ചീ​ത്ത​വ​രു​മു​ണ്ട്. ന​ല്ല​വ​ർ തു​ണ​യ്ക്കും.’’ അ​വ​ർ കൈ​കൂ​പ്പി ക​ര​ഞ്ഞു: ‘‘ചെ​യ്യ​രു​ത്. പി​ന്നെ ഞാ​നും കു​ഞ്ഞു​ങ്ങ​ളും ഉ​ണ്ടാ​വി​ല്ല.’’ അ​തും പ​റ​ഞ്ഞ് പി​ന്തി​രി​ഞ്ഞു നോ​ക്കാ​തെ അ​വ​ർ പു​റ​ത്തേ​ക്ക് അ​തി​വേ​ഗ​ത്തി​ൽ ന​ട​ന്നു​മ​റ​ഞ്ഞു.

സ​ത്യ​ത്തി​ൽ ഞാ​ൻ ആ​കെ സ്തം​ഭി​ച്ചു​നി​ൽ​ക്കു​ക​യാ​ണ്, പ​ത്ര​ക്കാ​രോ​ട് എ​ന്ത് പ​റ​യും? രാ​വി​ലെ പ​ത്ര​ത്തി​ൽ വാ​ർ​ത്ത വ​രും. സ​ന്മ​ന​സ്സു​ള്ള​വ​ർ അ​വ​ർ​ക്കൊ​രു കൊ​ച്ചു​വീ​ടും മൂ​ന്ന് സെ​ന്റ് സ്ഥ​ല​വും ഈ ​ഭൂ​മി​യി​ൽ നി​ർ​മി​ച്ചു​കൊ​ടു​ക്കും. പ​ക്ഷേ, അ​തൊ​ന്നും വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് ക​ര​ഞ്ഞു​കൊ​ണ്ട് അ​വ​ർ കൈ​കൂ​പ്പു​ന്നു. ഭ​യം സം​സ്ഥാ​ന​ങ്ങ​ൾ ക​ട​ന്ന് പ​റ​ക്കു​ന്നു.

കോ​ലാ​യി​ൽ ക​ണ്ണ​ട​ച്ചി​രി​ക്ക​വേ പ​ത്രം വ​ന്നു വീ​ഴു​ന്നു. ആ​കാം​ക്ഷ​യു​ടെ ഭ​യ​ത്തോ​ടെ ഞാ​ൻ പ​ത്ര​ത്തെ നോ​ക്കു​ന്നു. അ​വ​ർ​ക്ക് വീ​ട​ല്ല വേ​ണ്ട​ത്, ശ്വാ​സോ​ച്ഛ്വാ​സ​ത്തി​നു​ള്ള ഓ​ക്സി​ജ​നാ​ണ്. ച​ങ്കി​ടി​പ്പോ​ടെ പ​ത്രം തു​റ​ന്നു​നോ​ക്കാ​ൻ ഒ​രു​ങ്ങി​യ​തും ഫ​സ​ലി​ന്റെ ഫോ​ൺ വ​ന്നു.

‘‘നാ​ള​ത്തെ പ​ത്ര​ത്തി​ലാ​ണ് സ്റ്റോ​റി വ​രു​ന്ന​ത് കേ​ട്ടോ. ജി​ല്ലാ ലേ​ഖ​ക​ൻ അ​സ്സ​ലാ​യി എ​ഴു​തി​യി​ട്ടു​ണ്ട്. അ​വ​ർ​ക്കു​ള്ള വീ​ട് ആ ​വാ​ർ​ത്ത ന​ൽ​കും, അ​ത്ര ഹൃ​ദ​യ​ത്തി​ൽ ത​ട്ടി അ​വ​നെ​ഴു​തി​യി​ട്ടു​ണ്ട്. ഗ​ൾ​ഫ് എ​ഡി​ഷ​നി​ലു​മു​ണ്ട്. ഗ​ൾ​ഫു മ​ല​യാ​ളി​ക​ൾ എ​ന്തെ​ങ്കി​ലും ചെ​യ്യാ​തി​രി​ക്കി​ല്ല എ​ന്ന് എ​ന്റെ മ​ന​സ്സ് പ​റ​യു​ന്നു.’’

ഞാ​ൻ പ​ത​റി: ‘‘ഫ​സ​ൽ, ഞാ​ൻ പ​റ​യു​ന്ന​ത് ഒ​ന്ന് ശ്ര​ദ്ധി​ച്ചു​കേ​ൾ​ക്ക​ണം...’’

അ​ങ്ങേ​ത്ത​ല​ക്ക​ൽ​നി​ന്ന് ഫ​സ​ൽ ചോ​ദി​ക്കു​ന്നു: എ​ന്തു​പ​റ്റി?

‘‘ദ​യ​വാ​യി വാ​ർ​ത്ത കൊ​ടു​ക്ക​രു​ത്. ആ ​കു​ടും​ബം ഭ​യ​ത്തി​ലാ​ണ്. ന​മു​ക്കൊ​ക്കെ മ​ന​സ്സി​ലാ​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത ഭ​യം. പു​റ​ത്തി​റ​ങ്ങു​ക എ​ളു​പ്പ​മ​ല്ല. കാ​ര​ണം, അ​തി​നു വാ​തി​ലും ജ​ന​ലു​ക​ളു​മി​ല്ല. ചി​ല ഭ​യ​ങ്ങ​ൾ ശ​വ​ക്ക​ല്ല​റ​ക​ളാ​ണ് പ്രി​യ​പ്പെ​ട്ട​വ​ർ​ക്കു​പോ​ലും കൂ​ടെ​നി​ൽ​ക്കാ​നാ​വി​ല്ല. ന​മ്മു​ടെ ജീ​വി​ത​ത്തി​ന് അ​തി​നെ മ​ന​സ്സി​ലാ​ക്കാ​ൻ​പോ​ലും ക​ഴി​യി​ല്ല.’’

ക​യ്യി​ൽ​നി​ന്നും ഊ​ർ​ന്നു​വീ​ഴാ​നൊ​രു​ങ്ങി​യ പ​ത്ര​ത്തെ ഞാ​ൻ ചേ​ർ​ത്തു​പി​ടി​ച്ചു.

---------------

* റാ​ഹ​ത് ഇ​ന്ദോ​രി​യു​ടെ ഗ​സ​ലി​ൽ​നി​ന്ന്. പ​രി​ഭാ​ഷ​ക്ക് ക​ട​പ്പാ​ട്: ഷ​ബീ​ർ രാ​ര​ത്ത്

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.