വിഷാദ ലേഖനങ്ങൾ

കിങ്സ് ഇന്‍ തൃപ്പത്തനാപുരം ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഒരു മോട്ടലുണ്ട്. ശരിക്കു പറഞ്ഞാല്‍ ഒരു പുരാതന സത്രം. അടുത്തകാലം വരെ രാജാവിന്‍റെ സത്രം എന്നാണറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ ആ പേര് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി മുന്നില്‍തന്നെ പതിച്ചു വെച്ചിട്ടുണ്ട് -King’s Inn. കരിങ്കല്ലിലും മുന്തിയ മരത്തിലുമൊക്കെ പണിതീര്‍ത്ത കവിതയാണ് കിങ്സ് ഇന്‍.റോഡരികില്‍ വിശാലമായ പറമ്പില്‍ കുറേ മരങ്ങള്‍ക്കും ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ടത്തിനും നടുവില്‍ കാലങ്ങളായി ആ കെട്ടിടം അങ്ങനെ നില്‍ക്കുന്നു. ഏകദേശം ഇരുനൂറ് കൊല്ലത്തെ പഴക്കമുണ്ട് സത്രത്തിന്. ഇരുനൂറ് കൊല്ലമായി ആ സത്രം...

കിങ്സ് ഇന്‍

തൃപ്പത്തനാപുരം ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഒരു മോട്ടലുണ്ട്. ശരിക്കു പറഞ്ഞാല്‍ ഒരു പുരാതന സത്രം. അടുത്തകാലം വരെ രാജാവിന്‍റെ സത്രം എന്നാണറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ ആ പേര് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി മുന്നില്‍തന്നെ പതിച്ചു വെച്ചിട്ടുണ്ട് -King’s Inn. കരിങ്കല്ലിലും മുന്തിയ മരത്തിലുമൊക്കെ പണിതീര്‍ത്ത കവിതയാണ് കിങ്സ് ഇന്‍.

റോഡരികില്‍ വിശാലമായ പറമ്പില്‍ കുറേ മരങ്ങള്‍ക്കും ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ടത്തിനും നടുവില്‍ കാലങ്ങളായി ആ കെട്ടിടം അങ്ങനെ നില്‍ക്കുന്നു. ഏകദേശം ഇരുനൂറ് കൊല്ലത്തെ പഴക്കമുണ്ട് സത്രത്തിന്. ഇരുനൂറ് കൊല്ലമായി ആ സത്രം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു! തൃപ്പത്തനാപുരം ഹൈവേയുടെ ഇരുവശത്തുമുള്ള കോണ്‍ക്രീറ്റ് കാഴ്ചകള്‍ക്കിടയില്‍ ഈ പുരാതന കെട്ടിടവും ചുറ്റുമുള്ള മരങ്ങളും നമ്മളെ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് തള്ളിയിടും.

ഇരുനൂറ് കൊല്ലം മുമ്പ്, ഇപ്പോള്‍ സത്രം നില്‍ക്കുന്ന ഭൂമിയും ചുറ്റുപാടുമൊക്കെ വിജനസ്ഥലമായിരുന്നു. ഇന്നത്തെ ഹൈവേ, വല്ലപ്പോഴും മാത്രം ആളുകള്‍ നടന്നുപോയിരുന്ന ഒരു മണ്‍പാതയും. ഉണിച്ചോയിക്കുട്ടി എന്നൊരാള്‍ ആ പാതയോരത്ത് ഭാര്യയും മക്കളുമായി പാര്‍ത്തുപോന്നിരുന്നു. അപൂർവമായി അതുവഴി വന്നിരുന്ന സഞ്ചാരികള്‍ക്ക് താമസിക്കാനായി ഉണിച്ചോയിക്കുട്ടി തന്‍റെ ഓലപ്പുരയുടെ ഒരു ഭാഗം ഒഴിച്ചിട്ടു. രാജാവിന്‍റെ സത്രത്തിന്‍റെ പ്രാചീനരൂപമായിരുന്നു ഓലപ്പുര. സഞ്ചാരികള്‍ കൊടുക്കുന്ന ചില്ലറകളും പുഴയിലെ മീനും പറമ്പിലെ ചേനയും ചേമ്പുമൊക്കെയായി ഉണിച്ചോയിക്കുട്ടിയുടെ കുടുംബം അരിഷ്ടിച്ചു കഴിഞ്ഞു.

അക്കാലത്ത് ഉപജാപങ്ങള്‍ കാരണം തൃപ്പത്തനാപുരത്തിന്‍റെ കിരീടാവകാശിയായ ഉദയരാമഭദ്രന് കൊട്ടാരത്തിന് പുറത്തുപോവേണ്ടി വന്നു. ഉയിരും അധികാരവും നഷ്ടമായേക്കാവുന്ന അവസ്ഥ മറികടക്കാന്‍ ഉദയരാമഭദ്രന്‍ ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞു. അജ്ഞാതവാസവും വനവാസവുമൊക്കെയായി ആ കഷ്ടകാലം ഒത്തിരി നീണ്ടു. ഗതികെട്ട അക്കാലത്തിലൊരു പങ്ക് ഉണിച്ചോയിക്കുട്ടിയുടെ ഓലപ്പുരയിലായിരുന്നു ഉദയരാമഭദ്രന്‍ കഴിച്ചുകൂട്ടിയത്. ചുട്ട ചേമ്പും മീനും കൂട്ടി ദിവസങ്ങളോളം അവിടെ കഴിഞ്ഞു. സഞ്ചാരി അടുത്ത കിരീടാവകാശിയാണെന്നറിയാതെ ഉണിച്ചോയിക്കുട്ടി ആ മനുഷ്യനെ ഊട്ടി.

അത്രനാളും ഊട്ടിയ ഉണിച്ചോയിക്കുട്ടിക്ക് ഒന്നും കൊടുക്കാനില്ലാത്ത ഖേദത്തോടെ ഒരു രാത്രി ഉദയന്‍ അപ്രത്യക്ഷനായി. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഉപജാപകരെ മുഴുവന്‍ കൊന്നുതള്ളി രാജ്യം തന്‍റേതാക്കിമാറ്റിയതിനു ശേഷം ഉദയരാമഭദ്രത്തമ്പുരാന്‍ സർവവിധ സന്നാഹങ്ങളുമായി ആ മണ്‍പാതയിലേക്കിറങ്ങി. പാതയോരത്തെ ഓലപ്പുരയുടെ മുന്നില്‍ ആ യാത്ര കടിഞ്ഞാണിട്ടു.

രാജാവിനെയും പരിവാരങ്ങളെയും കണ്ട് ഉണിച്ചോയിക്കുട്ടി ഭയന്നുവിറച്ചു.

കുതിരപ്പുറത്തുനിന്നിറങ്ങിയ രാജാവ് നേരെ കുടിലിലേക്കു കയറി കൈതോലപ്പായയില്‍ ചമ്രംപടിഞ്ഞിരുന്നു.

‘‘വിശക്കുന്നു. ചേമ്പും ചുട്ട മീനും ഉണ്ടാവുമോ?’’

അധികാരവും ഒപ്പം ഭവ്യതയും കൂടിക്കലര്‍ന്ന ആ ചോദ്യത്തിനു മുന്നില്‍ ഉണിച്ചോയിക്കുട്ടി എന്തു പറയണമെന്നറിയാതെ നിന്നു.

‘‘തമ്പുരാനേ, അതൊക്കെ ഞങ്ങളെപ്പോലുള്ള പഷ്ണിക്കാര് തിന്നണതാ. തമ്പുരാന്‍...’’

രാജാവ് ചിരിച്ചു.

‘‘കുറേ ദിവസങ്ങള്‍ ഞാനിവിടുന്ന് അത് തന്നെയല്ലേ കഴിച്ചിരുന്നത്.’’

ഉണിച്ചോയിക്കുട്ടിക്ക് ഒന്നും മനസ്സിലായില്ല.

രാജാവ് അലങ്കാരങ്ങള്‍ അഴിച്ചുവെച്ചു. കിരീടവും ആഭരണങ്ങളും മാറിയപ്പോള്‍, ഒരു രാത്രി ഒന്നും പറയാതെ അപ്രത്യക്ഷനായ സഞ്ചാരിയുടെ മുഖം തെളിഞ്ഞുവന്നു.

‘‘തമ്പുരാനേ...’’ -ഉണിച്ചോയിക്കുട്ടി നിലവിളിച്ചുപോയി.

‘‘അമ്മാ, വിശക്കുന്നു.’’

രാജാവ് അകത്തേക്കു വിളിച്ചുപറഞ്ഞു.

ഉണിച്ചോയിക്കുട്ടിയുടെ ഭാര്യ ചുട്ട ചേമ്പും മീനും വാഴയിലയിലാക്കി രാജാവിനു മുന്നില്‍ വെച്ചു.

കണ്ണീരു കലര്‍ത്തി രാജാവ് അതു മുഴുവന്‍ കഴിച്ചുതീര്‍ത്തു.

കൈ കഴുകി മുഖം തുടക്കുമ്പോള്‍ രാജാവ് പറഞ്ഞു:

‘‘അന്നെന്‍റെ നെലമൈ അങ്ങനെയായിരുന്നു. അതാണ് ഒന്നും പറയാതെ, ഒന്നും തരാതെ പൊയ്ക്കളഞ്ഞത്.’’

എന്തെങ്കിലും പറയാനുള്ള നിലമയായിരുന്നില്ല ഉണിച്ചോയിക്കുട്ടിയും. അയാളപ്പോഴും പരിഭ്രമത്തില്‍നിന്ന് പുറത്തു കടന്നിരുന്നില്ല.

രാജാവ് ഒരു പത്രം ഉണിച്ചോയിക്കുട്ടിയുടെ കൈയില്‍ വെച്ചുകൊടുത്തു.

‘‘ഇക്കാണുന്ന ഭൂമി മുഴുവന്‍ ഞാന്‍ കരമൊഴിവാക്കി നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. നാളെ മുതല്‍ ഇവിടെ ഒരു സത്രത്തിന്‍റെ പണി ആരംഭിക്കുകയാണ്. ഇനി ഇതുവഴി ധാരാളം ആളുകള്‍ കടന്നുവരും. അവരെ ഊട്ടുക, ഉറക്കുക.’’

അത്രമാത്രം പറഞ്ഞ് രാജാവ് കുതിരപ്പുറത്തേറി.

പിറ്റേദിവസം സത്രത്തിന്‍റെയും തൃപ്പത്താനാപുരം ക്ഷേത്രത്തിന്റെയും പണി ആരംഭിച്ചു. രാജാവ് പറഞ്ഞപോലെ അതുവഴി ധാരാളം ആളുകള്‍ കടന്നുവന്നു. അവരെയെല്ലാം ഉണിച്ചോയിക്കുട്ടി ഊട്ടി. ഉറക്കി.

കാലം കടന്നുപോയി. രാജാവ് നാടുനീങ്ങി. ഉണിച്ചോയിക്കുട്ടി കൂടുപറ്റി. പക്ഷേ, തെല്ലിടപോലും ഉറങ്ങാതെ, സഞ്ചാരികളെ ഊട്ടിയുറക്കി സത്രം ചരിത്രത്തിന്‍റെ സാക്ഷിയായി.

രാജാക്കന്മാരുടെ കാലം കഴിഞ്ഞു. കോളനിഭരണം വന്നു. കോളനിഭരണം അവസാനിച്ചു. ജനാധിപത്യം വന്നു.

സത്രം ഇപ്പോഴും നിലനില്‍ക്കുന്നു.

ഇരുനൂറ് കൊല്ലം മുമ്പ് ഉദയരാമഭദ്രത്തമ്പുരാന്‍ കരമൊഴിവായി പതിച്ചുകൊടുത്ത ഭൂമിയുടെ ഭൂരിഭാഗവും സത്രത്തിന് നഷ്ടപ്പെട്ടു. എങ്കിലും ചുറ്റുമുള്ള ഇത്തിരി ഭൂമിയുടെ നടുക്ക് പഴമയുടെ ഗാംഭീര്യവുമായി അതിപ്പോഴും തലയെടുപ്പോടെ നില്‍ക്കുന്നു. തൃപ്പത്തനാപുരം ക്ഷേത്രത്തിലേക്കു വരുന്ന തീർഥാടകരാണ് സത്രം കൂടുതലായി ഉപയോഗിച്ചിരുന്നത്. ആളുകള്‍ അതിനെ ധർമശാലയെന്നു വിളിച്ചു. രേഖകളില്‍ രാജസത്രമായി. പുതിയ കാലത്ത് കുറേ ഹൊറര്‍ സിനിമയുടെ ഭാഗമായതു കാരണം ‘കിങ്സ് ഇന്‍’ എന്ന ആംഗലേയനാമത്തിലാണ് സത്രം പ്രശസ്തമായത്.

കിങ്സ് ഇന്നില്‍ വെച്ച് ചിത്രീകരിച്ചതില്‍ Weeping Shadows എന്ന ഹോളിവുഡ് സിനിമയാണ് ഏറെ പ്രശസ്തം. നിര്‍ഭയരായി സഞ്ചാരികള്‍ ഉറങ്ങിയിരുന്ന സത്രത്തിലെ മുറികള്‍ സിനിമയില്‍ നിഗൂഢത നിറഞ്ഞ നിഴലും വെളിച്ചവുംകൊണ്ട് കെട്ടിമറിഞ്ഞു. ശാപഗ്രസ്തമായ വീട്ടില്‍നിന്ന് നിഴലുകള്‍ നീണ്ടുവന്നു. നിഴലിന്‍റെ തലയറ്റത്തുനിന്ന് ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ ഉയര്‍ന്നുകേട്ടു. ലോ ആംഗിള്‍ ഷോട്ടുകളില്‍ തെളിഞ്ഞുവന്ന പ്രേതഭവനത്തിന്‍റെ കാഴ്ച പ്രേക്ഷകനെ വല്ലാതെ ഭയപ്പെടുത്തി.

അങ്ങനെ ഇരട്ടവേഷത്തില്‍ വിലസുന്ന കിങ്സ് ഇന്‍ എന്ന പുരാതന സത്രത്തിലേക്ക് ഒരു വൈകുന്നേരമാണ് ഞാന്‍ എത്തിപ്പെട്ടത്. അപ്പോള്‍ അവിടെ എന്നെക്കൂടാതെ മൂന്നു യാത്രികര്‍ കൂടിയുണ്ടായിരുന്നു.

കിങ്സ് ഇന്‍ ദിനസരിക്കുറിപ്പുകള്‍

- 5 ഒക്ടോബര്‍ 2020

(രേഖപ്പെടുത്തുന്നത്, ചന്ദ്രദാസന്‍ -കെയര്‍ടേക്കര്‍)

ഇന്നലെ വന്ന മൂന്നുപേരും അതിരാവിലെതന്നെ പോയി. സത്രത്തില്‍ ഞാനും ആല്‍ഫ്രഡും മാത്രമായി. ദിവസങ്ങള്‍ വിരസമായി നീങ്ങുന്നതില്‍ ആല്‍ഫ്രഡിന് മടുപ്പുണ്ട്. ലണ്ടനിലേക്ക് മടങ്ങുന്ന കാര്യം അയാള്‍ ഇന്നലെയും പറഞ്ഞു. തൃപ്പത്തനാപുരം ക്ഷേത്രത്തിലെ തീർഥാടനം കഴിഞ്ഞശേഷം സത്രത്തില്‍ പൊതുവേ ആളു കുറവാണ്. അടുക്കളയിലെ കാര്യങ്ങള്‍ എനിക്കുതന്നെ ചെയ്യാവുന്നതേയുള്ളൂ. കഴിഞ്ഞ തീർഥാടനകാലത്തിനിടക്ക് ഇന്നാട്ടിലെ പാചകരീതികളൊക്കെ ആല്‍ഫ്രഡ് പഠിച്ചുകഴിഞ്ഞു. ഇനി നാട്ടില്‍ പോയിട്ട് അയാള്‍ക്കതവിടെ അവതരിപ്പിക്കണം. കിങ്സ് ഇന്നിന്‍റെ ചരിത്രം കേട്ടതു മുതല്‍ ചുട്ട ചേമ്പിലും മീനിലും അയാള്‍ ചില പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു.

നെറ്റ്ഫ്ലിക്സില്‍ ഇന്ന് റിലീസ് ചെയ്ത ഹോളിവുഡ് സിനിമയില്‍ മുഴുകിയിരിക്കുകയാണ് ഇപ്പോള്‍ ആല്‍ഫ്രഡ്. Rosmary’s Satardays എന്ന ആ സിനിമയിലെ പല സീനുകളും അയാളിപ്പോള്‍ വീണ്ടും വീണ്ടും കാണുകയാവും. സിനിമയിലെ നായിക റോസ് മേരിയുടെ വീടായി ചിത്രീകരിച്ചിരിക്കുന്നത് കിങ്സ് ഇന്‍ ആണെന്നതു മാത്രമല്ല അതിനു കാരണം. സിനിമയില്‍ ചെറിയൊരു വേഷത്തില്‍ അയാള്‍ അഭിനയിക്കുകകൂടി ചെയ്തിട്ടുണ്ട്. റോസ് മേരിയുടെ സൈക്യാട്രിസ്റ്റ് ആയിട്ട്. കോളിങ് ബെല്ലില്‍ വിരലമര്‍ത്തി ഏറെനേരം കാത്തുനിന്ന് സംശയത്തോടെ തിരിഞ്ഞുനടക്കുന്ന സീന്‍ ഷൂട്ട് ചെയ്യുന്നത് ഞാന്‍ കുറച്ചുനേരം കൗതുകത്തോടെ നോക്കിനിന്നിരുന്നു. അതുപോലെ രണ്ടോ മൂന്നോ സീനുകള്‍ അയാള്‍ക്കാ സിനിമയിലുണ്ട്. അഭിനയിച്ചതെല്ലാം അവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകുമോ എന്നയാള്‍ക്ക് ആശങ്കയുണ്ടായിരുന്നു.

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാന്‍ ഗ്രന്ഥപ്പുരയിലേക്ക് കയറി. കഴിഞ്ഞ കുറേ പകലുകള്‍ ഞാന്‍ ചെലവഴിച്ചത് ഗ്രന്ഥപ്പുരയില്‍തന്നെയായിരുന്നു. നാളിതുവരെ കിങ്സ് ഇന്നില്‍ രേഖപ്പെടുത്തിവെച്ചതെല്ലാം ഡിജിറ്റലൈസ് ചെയ്യേണ്ടതുണ്ട്. ഞാനും ആല്‍ഫ്രഡും ഏറക്കുറെ അത് ചെയ്തുവെച്ചിട്ടുണ്ട്. ആല്‍ഫ്രഡിന്‍റെ ആശയമായിരുന്നു ഡിജിറ്റലൈസേഷന്‍. ചെയ്തുവെച്ചതിന്‍റെ ബാക്കി തുടങ്ങാനിരിക്കേ കോളിങ്​െബല്‍ ശബ്ദിച്ചു. ഞാന്‍ സി.സി ടി.വി സ്ക്രീനിലേക്ക് നോക്കി. വാതില്‍ തുറക്കുന്നതും കാത്ത് ഒരു മനുഷ്യന്‍ ക്ഷമയോടെ സത്രത്തിന്‍റെ ഉമ്മറത്തുനില്‍ക്കുന്നു.

 

ഞാന്‍ പുറത്തേക്കിറങ്ങിച്ചെന്ന് അയാളെ സ്വീകരിച്ചു. ഉദ്ദേശം നാൽപതു വയസ്സ് തോന്നിക്കുന്ന മനുഷ്യന്‍. മുഖത്തെ ഭാവങ്ങള്‍ വിഷാദത്തിന്‍റെയാണോ നിസ്സംഗതയുടേതാണോ എന്ന് വേര്‍തിരിച്ചറിയാന്‍ വിഷമം. അയാളുടെ പേര് ദിവാകരന്‍ എന്നാണെന്ന് ആധാര്‍ കാര്‍ഡ് പറഞ്ഞു. വയസ്സ് ഞാന്‍ കണക്കുകൂട്ടിയതിനേക്കാള്‍ അഞ്ചു വര്‍ഷം കൂടുതല്‍. ജീവിതത്തില്‍ യാതൊരു നന്മയും അനുഗ്രഹിച്ചിട്ടില്ലാത്ത തരം വിരക്തി അയാളിലുള്ളതായി എനിക്കു തോന്നി. രജിസ്റ്ററില്‍ പേര് ചേര്‍ത്ത് ഞാനയാള്‍ക്ക് മുറി കാട്ടിക്കൊടുത്തു. കൂടുതല്‍ എന്തെങ്കിലും വേണോ എന്നു ചോദിച്ചപ്പോള്‍, വേണ്ട ഒന്നുറങ്ങണം എന്ന് മറുപടി പറഞ്ഞു. അയാള്‍ക്കൊരുറക്കം അത്യാവശ്യമാണെന്ന് എനിക്കും തോന്നി.

ഞാന്‍ വീണ്ടും ഗ്രന്ഥപ്പുരയിലേക്ക് കയറി. ഒരു മണിക്കൂറിനകം രണ്ടാമത്തെ അതിഥിയും വന്നെത്തി. ഒരു വൃദ്ധന്‍. തലയില്‍ വെള്ളത്തൊപ്പി (പൊടികൊണ്ടും കാലംകൊണ്ടുമാകണം അത് മഞ്ഞച്ചിരുന്നു), കൈയില്‍ തസ്ബീഹ് മാല. നിശ്ശബ്ദമായി ഉരുക്കഴിക്കുന്ന ദൈവവചനങ്ങള്‍ക്കിടയിലൂടെ ആ മനുഷ്യന്‍ ചോദിച്ചു:

‘‘കുറഞ്ഞ പൈസക്ക് താമസോം ഭക്ഷണോം...’’

ഞാന്‍ ചിരിച്ചു.

‘‘വരൂ.’’

കാലടികള്‍ അളന്നുവെക്കും പോലെ അയാള്‍ ബദ്ധപ്പെട്ട് നടന്നു.

അയാളുടെ പേര് മൊല്ലാ മൊയ്തീന്‍. സ്വദേശം സദ്ദാം ബീച്ച്.

ആദ്യത്തെ മുറി തന്നെ ഞാന്‍ മൊല്ലക്ക് കൊടുത്തു. ആ മനുഷ്യന് എപ്പോഴും സഹായമാവശ്യമുണ്ടാകുമെന്ന് എനിക്കു തോന്നി. അദ്ദേഹത്തിന്‍റെ മുഖത്ത് ക്ഷീണം ധാരാളമായുണ്ടായിരുന്നു. ഒരു ഗ്ലാസ് സംഭാരം ഒരുപക്ഷേ, വലിയ ആശ്വാസമായിരിക്കും. ആല്‍ഫ്രഡ്രിനെ ശല്യപ്പെടുത്താന്‍ എനിക്ക് തോന്നിയില്ല. അയാളിപ്പോള്‍ സ്വന്തം സീനുകള്‍ ആവര്‍ത്തിച്ചു കാണുകയായിരിക്കും.

ഫ്രിഡ്ജ് തുറന്ന് തണുത്ത സംഭാരമെടുത്ത് ഗ്ലാസിലേക്ക് പകര്‍ന്ന് ഞാന്‍ മൊല്ലക്ക് കൊടുത്തു. പതിയെ പതിയെ കുടിച്ചുതീര്‍ന്നപ്പോഴേക്കും ഒരിത്തിരി പ്രസരിപ്പും നന്ദിസൂചകമായ പുഞ്ചിരിയും അദ്ദേഹത്തിന്‍റെ മുഖത്ത് തെളിഞ്ഞു.

‘‘ഇത്തിരി വിശ്രമിച്ചോളൂ. എന്താവശ്യമുണ്ടെങ്കിലും ബെല്ലടിച്ചാല്‍ മതി.’’

ഞാന്‍ വീണ്ടും ഗ്രന്ഥപ്പുരയിലേക്ക് കയറി.

മൂന്നാമത്തെയാള്‍ ബഹളങ്ങളോടെയാണ് വന്നു കയറിയത്.

ട്രൈപ്പോഡില്‍ ഘടിപ്പിച്ച മൊബൈല്‍ കാമറയില്‍ അയാള്‍ കിങ്സ് ഇന്നിനെ മൊത്തത്തില്‍ ഉഴിഞ്ഞെടുക്കുന്നത് ഞാന്‍ സ്ക്രീനിലൂടെ കണ്ടു.

‘‘ഹായ് ഗൈസ് ഞാനിപ്പോള്‍ നില്‍ക്കുന്ന സ്ഥലമറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. സോറി ഈ സ്ഥലത്തിന്‍റെ ചരിത്രമറിഞ്ഞാല്‍ ഞെട്ടും. ഇതാണ് കിങ്സ് ഇന്‍. ഇരുനൂറ് വര്‍ഷം പഴക്കമുള്ള സത്രം. അന്നത്തെ ഏതോ രാജാവ് നിർമിച്ചു കൊടുത്തതാണത്രേ. ഈ കെട്ടിടത്തെ അത്ര പഴഞ്ചനാക്കി തള്ളിക്കളയേണ്ട കേട്ടോ. കുറച്ച് മാസങ്ങള്‍ക്കുമുമ്പ് നമ്മളെയൊക്കെ പേടിപ്പിച്ച് മൂത്രമൊഴിപ്പിച്ച ഒരു ഭീകരന്‍കൂടിയാണ് ഈ ഏന്‍ഷ്യന്‍റ് ബില്‍ഡിങ്. മനസ്സിലായില്ലേ, The Cornerഎന്ന സിനിമയിലെ പ്രസിദ്ധമായ ഹോണ്ടഡ് ഹൗസ്. സംശയിക്കേണ്ട, അതീ അമ്മാവന്‍തന്നെയാണ്. ഇന്നത്തെ രാത്രി ഞാന്‍ സ്റ്റേ ചെയ്യുന്നത്, ദാ ഇങ്ങേരുടെ വയറ്റിലാണ്. നാളെ ജീവനോടെയുണ്ടെങ്കില്‍ ബാക്കി കഥകളും ചരിത്രങ്ങളും പറയാം. ബൈ.’’

മരണമാസ് ലൂമിയര്‍ എന്നയാള്‍ സ്വയം പരിചയപ്പെടുത്തി. വ്ലോഗറാണത്രേ. ഞാന്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു.

വിനീഷ് KP എന്ന് ഞാന്‍ അയാളെ രജിസ്റ്ററില്‍ അടയാളപ്പെടുത്തി.

‘‘ഭയങ്കര ലോണ്‍ലിനെസ് ഫീല്‍ ചെയ്യുന്ന റൂം വേണം.’’

അവന്‍ ആവശ്യപ്പെട്ടതനുസരിച്ച് അത്തരത്തിലൊരു മുറി തന്നെ ഞാന്‍ ശരിയാക്കി കൊടുത്തു.

എനിക്കു പിന്നെ ഗ്രന്ഥപ്പുരയിലേക്ക് കയറാന്‍ കഴിഞ്ഞില്ല. വ്ലോഗറുടെ അനൗദ്യോഗിക ഇന്‍റര്‍വ്യൂവിന് മറുപടി കൊടുക്കലായിരുന്നു പിന്നത്തെ എന്‍റെ പ്രധാന ജോലി. സിനിമയുടെ ക്ഷീണം തീര്‍ത്ത് ആല്‍ഫ്രഡ് ഇറങ്ങിവരും വരെ കിങ്സ് ഇന്നിന്‍റെ ചരിത്രം ഞാനവനെ പറഞ്ഞു കേള്‍പ്പിച്ചു. ആല്‍ഫ്രഡിനെ കണ്ടപ്പോള്‍ അവന്‍റെ കൗതുകം അങ്ങോട്ടു തിരിഞ്ഞു.

ആല്‍ഫ്രഡിന്‍റെ മുഖത്തുള്ള സന്തോഷം സിനിമയില്‍ സീനുകളൊന്നും ഒഴിവാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തി. അതുകേട്ടപ്പോള്‍ വ്ലോഗറുടെ അമ്പരപ്പ് നിര്‍ത്താതെയുള്ള ചോദ്യങ്ങളായി ആല്‍ഫ്രഡിനെ പൊതിഞ്ഞു. ഒരു പുഞ്ചിരിയോടെ രംഗത്തുനിന്ന് മാറാന്‍ തുടങ്ങുമ്പോഴാണ് അടുത്ത അതിഥിയുടെ വരവറിയിച്ചുകൊണ്ട് മണി മുഴങ്ങിയത്. കൗതുകകരമായ കാര്യം, മുഴങ്ങിയത് കോളിങ്​െബല്‍ ആയിരുന്നില്ല എന്നതാണ്. സത്രത്തിന്‍റെതന്നെ പ്രായമുള്ള ഓട്ടുമണിയാണ് ശബ്ദിച്ചത്. കോളിങ്​െബല്ലിന്‍റെ വരവോടെ മാറാല പിടിച്ച് നിശ്ശബ്ദമായ പുരാതന മണി കാലങ്ങള്‍ക്കുശേഷം എന്‍റെ തലക്കും മീതേ മുഴങ്ങി. അതിതീവ്രമായ വിഷാദശബ്ദങ്ങളായി അത് സത്രം മുഴുവന്‍ മാറ്റൊലി കൊണ്ടു.

വാതില്‍ തുറന്നപ്പോള്‍ വീപ്പിങ് ഷാഡോസിലെ നായികയെപ്പോലെ ഒരു പെണ്‍കുട്ടി എനിക്കു പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു. ആ സിനിമയിലേതുപോലെ നിശ്ശബ്ദമായി അവള്‍ അകത്തേക്കു കയറി.

പക്ഷേ, ആദ്യം കണ്ടപ്പോഴുള്ള നിശ്ശബ്ദതയൊന്നുമായിരുന്നില്ല അവള്‍. കളിപ്പിക്കുന്ന നിഗൂഢത. അങ്ങനെ പറയുന്നതാവും ശരി.

മുറി ആവശ്യമെങ്കില്‍ ആധാര്‍ കാര്‍ഡ് വേണമെന്നു പറഞ്ഞപ്പോള്‍ ഉറക്കം വരുമ്പോള്‍ ആലോചിക്കാം എന്ന് അവള്‍ അലസമായി മറുപടി പറഞ്ഞു. അവളുടെ കൈയില്‍ ബാഗോ മറ്റോ ഉണ്ടായിരുന്നില്ല. നടക്കാനിറങ്ങിയപ്പോള്‍ ചുമ്മാ ഒന്നു കേറിയതുപോലെ ഒരു ഭാവം.

കുട്ടിത്തം നിറഞ്ഞ ആ മുഖം കണ്ടപ്പോള്‍ മറുത്തൊന്നും പറയാനും തോന്നിയില്ല. ഇത്തിരിനേരം ഇവിടിരുന്നോട്ടെ എന്നവള്‍ ചോദിച്ചു.

ഞാന്‍ സമ്മതിച്ചു. അവള്‍ നേരെ സോഫയില്‍ പോയിരുന്ന് അലസതയോടെ സത്രത്തിന്‍റെ ചുമരിലും മച്ചിലും കണ്ണോടിച്ചു. അവളുടെ കണ്ണുകള്‍ ഓട്ടുമണിയില്‍ ഇത്തിരിനേരം തങ്ങിനിന്നു. അനാവശ്യ ചോദ്യങ്ങള്‍കൊണ്ടു ബുദ്ധിമുട്ടിക്കാതെ ഞാനവളെ പാട്ടിനു വിട്ടു.

വൈകുന്നേരം ആല്‍ഫ്രഡിന്‍റെ തേയില സല്‍ക്കാരത്തിനുള്ള ക്ഷണം വരും വരെ അവളാ സോഫയില്‍തന്നെയായിരുന്നു.

മൊല്ലയാണ് ആദ്യം മുറിയില്‍നിന്നു പുറത്തുവന്നത്. അദ്ദേഹത്തിന്‍റെ മുഖത്തെ ക്ഷീണം പാടേ വറ്റിപ്പോയിരുന്നു. പകരം വാർധക്യത്തിന്‍റെ അസ്വസ്ഥതകളും പരാധീനതകളും മാത്രം കണ്ടു. ഉറക്കത്തിന് മായ്ച്ചുകളയാനാവാത്ത നിരാശയോടെയും നിസ്സംഗതയോടെയും ദിവാകരന്‍, ആല്‍ഫ്രഡ് സ്പെഷല്‍ ടീ ഊതിയൂതി കുടിച്ചു. വ്ലോഗറുടെ നാവ് ഏറക്കുറെ അടങ്ങിയിട്ടുണ്ട്. കിങ്സ് ഇന്നിന്‍റെ നിശ്ശബ്ദതയുമായി അവന്‍ ഏറക്കുറെ പൊരുത്തപ്പെട്ടപോലെ തോന്നി.

പെണ്‍കുട്ടിയുടെ കണ്ണുകള്‍ ഗ്രന്ഥപ്പുരയുടെ വാതിലിനു നേര്‍ക്കു നീളുന്നതു കണ്ടപ്പോള്‍ ന്യായമായ ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചു. അവള്‍ എന്‍റെ നേരെ തിരിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു:

‘‘അത് നിങ്ങള്‍ ഉദ്ദേശിക്കുന്ന തരം ലൈബ്രറിയല്ല.’’

‘‘പിന്നെ?’’

‘‘ഇവിടത്തെ ഗ്രന്ഥാലയത്തില്‍ പുസ്തകങ്ങളൊന്നുമില്ല. അതിനുള്ളില്‍ ഇവിടത്തെ രജിസ്റ്ററുകളും അതതു കാലത്തെ കെയര്‍ടേക്കര്‍മാര്‍ എഴുതിയ ഡയറിക്കുറിപ്പുകളും മാത്രമാണുള്ളത്.’’

എന്‍റെ മറുപടി നാലു പേരെയും അത്ഭുതപ്പെടുത്തിയെന്നു തോന്നി. കാരണം, അതുവരെ ചായയില്‍ മാത്രം ശ്രദ്ധിച്ച അവരുടെ കണ്ണുകള്‍ എന്നില്‍ മാത്രമായി തറഞ്ഞുനിന്നു.

‘‘അതതു കാലത്തെ എന്നു പറഞ്ഞാല്‍?’’

‘‘ഈ സത്രം തുടങ്ങിയ കാലം മുതല്‍.’’

അതവരെ ശരിക്കും അത്ഭുതപ്പെടുത്തിയിരിക്കണം. രണ്ടുനൂറ്റാണ്ടുകളായി ഡയറിക്കുറിപ്പുകള്‍ എഴുതി സൂക്ഷിക്കുന്ന സത്രവും ഗ്രന്ഥപ്പുരയും പുറത്തുള്ളവര്‍ക്ക് വിചിത്രമായി തോന്നിയേക്കാം. പക്ഷേ, ഞങ്ങള്‍ക്കത് പതിവു വ്യായാമമുറകള്‍പോലെയാണ്.

‘‘രാജാവ് പതിച്ചുകൊടുത്ത രേഖയില്‍ തുടങ്ങുന്നതാണ് കിങ്സ് ഇന്നിന്‍റെ അക്ഷരങ്ങളുമായുള്ള ബന്ധം. അത് നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷവും കടന്നുപോകും.’’

‘‘ഇങ്ങനെ കുറിപ്പുകള്‍ എഴുതിവെക്കുന്നതിലും അത് കാലങ്ങളായി കാത്തുവെക്കുന്നതിലും പ്രത്യേക കാരണം വല്ലതുമുണ്ടോ? അതായത് ആചാരവുമായി ബന്ധപ്പെട്ട...’’

വ്ലോഗറുടെ ചോദ്യത്തിന് ഒരു ക്ലാസിക് ഭാവം വന്നതു കണ്ട് ഞാന്‍ അറിയാതെ പുഞ്ചിരിച്ചു.

‘‘ആ കുറിപ്പുകള്‍, വായിക്കുന്ന ഓരോരുത്തര്‍ക്കും ഓരോന്നാണ്. കഥകള്‍, ഐതിഹ്യം, ചരിത്രം അങ്ങനെ പലതുമുണ്ട് അതില്‍. മറ്റെവിടെയും രേഖപ്പെടുത്താത്ത പലതും ഇവിടത്തെ രേഖകളിലുണ്ട്. ഉദാഹരണത്തിന് കർദിനാള്‍ ബാബ മരിച്ചത് ഇവിടെ വെച്ചാണ്; ഈ സത്രത്തില്‍. 1910 ജനുവരി ഏഴിന് രാത്രി പത്തുമണിക്ക്.’’

അതവര്‍ക്കു വിശ്വാസമായില്ല. കാരണം അവര്‍ വായിച്ച ചരിത്രത്തില്‍ ആ മരണം നടന്നത് ഒരേറ്റുമുട്ടലിലാണ്.

 

‘‘അതിനെന്ത് ആധികാരികതയാണുള്ളത്?’’

‘‘സുഹൃത്തേ, ഇവിടത്തെ രേഖകള്‍ തെളിവുസഹിതം ആരെയും ബോധിപ്പിക്കാനുള്ളതല്ല. ഇവിടെ സത്യം മാത്രമേയുള്ളൂ. തെളിവില്ലാത്തതുകൊണ്ട് സത്യം നുണയാവില്ല. അങ്ങനെ നടിക്കാനേ പറ്റൂ. പല ചരിത്രവിദ്യാർഥികളും എഴുത്തുകാരും ഇവിടെ വന്ന് രേഖകള്‍ പരിശോധിക്കാറുണ്ട്. ഈയടുത്ത് പുറത്തിറങ്ങിയ ‘സരമയുടെ ജീവചരിത്രം’ എന്ന പുസ്തകത്തിലെ പ്രധാനപ്പെട്ട പല സംഗതികളും ഇവിടത്തെ രേഖകളെ അടിസ്ഥാനമാക്കി എഴുതിയതാണ്. എന്തിന്, സരമയുടെ യഥാർഥ ഫോട്ടോ പോലും കിങ്സ് ഇന്‍ സൂക്ഷിച്ചുവെച്ചതാണ്.’’

അവര്‍ക്കതു വിശ്വാസമായില്ലെന്നു തോന്നി. തെളിയിക്കേണ്ട ബാധ്യത എനിക്കുമില്ലായിരുന്നു.

‘‘ഒരു തവണ ഈ സത്രത്തിലേക്ക് കടന്നുവന്നവരും ഇതുവഴി കടന്നുപോയവരും അവര്‍ പോലുമറിയാതെ ചരിത്രത്തിന്‍റെ ഭാഗമാകും. അതാണ് ഈ സത്രത്തിന്‍റെ കര്‍ത്തവ്യം എന്നാണ് ഞാന്‍ കരുതുന്നത്. ചരിത്രത്തിന്‍റെ സാക്ഷിയാണ് കിങ്സ് ഇന്‍. അല്ലെങ്കില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്താത്തവരുടെ നാവ്.’’

ചരിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ താല്‍ക്കാലികമായി അവസാനിച്ചു. വ്ലോഗറുടെ കൗതുകം കഥകളിലേക്കും ഐതിഹ്യങ്ങളിലേക്കും തിരിഞ്ഞു.

‘‘എന്തൊക്കെ കഥകളാണ് ഇവിടെ രേഖപ്പെടുത്തിവെച്ചിട്ടുള്ളത്?’’ അവന്‍ ചോദിച്ചു.

‘‘സത്രത്തിലെത്തുന്ന യാത്രികര്‍ ഉറങ്ങുന്നതിന് മുമ്പൊരു കഥ പറയണം എന്നൊരു കീഴ്വഴക്കം പണ്ടുണ്ടായിരുന്നു. അങ്ങനെ ഇവിടെ അന്തിയുറങ്ങിപ്പോയ മനുഷ്യര്‍ പറഞ്ഞ ധാരാളം കഥകളുടെ സമാഹാരം തന്നെ ഇവിടെയുണ്ട്.’’

‘‘ആ കീഴ്വഴക്കം ഇപ്പോഴുമുണ്ടോ?’’ വ്ലോഗര്‍ ചോദിച്ചു.

‘‘ഇല്ല. അതൊക്കെ എത്രയോ മുമ്പാ. എന്‍റെ അറിവില്‍ 1915 മെയ് 5നാണ് അന്തേവാസികള്‍ കഥകള്‍ പറഞ്ഞ് ഉറങ്ങാന്‍ പോയത്.’’

‘‘ആ പരിപാടി നിന്നുപോയതിന് എന്തെങ്കിലും കാരണങ്ങളുണ്ടോ?’’

‘‘ആളുകള്‍ക്ക് കഥ പറയാനും കേള്‍ക്കാനും താൽപര്യമില്ലാതായി. ഓരോരുത്തരും സ്വന്തം മുറികള്‍ അകത്തു നിന്നടച്ചുപൂട്ടി.’’

‘‘എങ്കില്‍ നമുക്കത് ഇന്നൊന്ന് പരീക്ഷിച്ചാലോ. എല്ലാരും ഉറങ്ങുന്നതിന് മുമ്പ് ഓരോ കഥ പറയുന്നു. അത് ഗംഭീരമാവും.’’ -വ്ലോഗര്‍ ആവേശഭരിതനായി.

അത് രസമുള്ള സംഗതിയായി എനിക്കു തോന്നി. വിരസതക്കിടയിലെ കൗതുകം. പിന്നെ ഗൂഢമായ ഒരാനന്ദവും. ഒത്തിരി കാലങ്ങള്‍ക്കുശേഷം സത്രത്തിലൊന്നിച്ചവര്‍ കഥ പറയുക. ഞാനതു പകര്‍ത്തുക.

പെണ്‍കുട്ടിക്കും അതേ അഭിപ്രായമായിരുന്നു. മൊല്ല പക്ഷേ, ഇത്തിരി സംശയിച്ചു.

‘‘ഞാന്‍ കേട്ടിരിക്കാം മക്കളേ. എനിക്ക് കഥ പറയാനൊന്നുമറിയില്ല.’’

അദ്ദേഹം ഒഴിഞ്ഞുമാറാന്‍ നോക്കി.

‘‘ഇല്ലാക്കഥ പറയണമെന്നില്ല. സ്വന്തം കഥ പറഞ്ഞാലും മതി. അത് പറയാനറിയാത്തവര്‍ ആരാ ഉള്ളത്.’’

പെണ്‍കുട്ടി പ്രോത്സാഹിപ്പിച്ചു.

മൊല്ല സമ്മതിച്ചു.

ദിവാകരന്‍ പക്ഷേ, താൽപര്യമുണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല.

അങ്ങനെ ആല്‍ഫ്രഡ് ഒരുക്കിയ അത്താഴം കഴിച്ച് ഞങ്ങള്‍ വീണ്ടും ഹാളില്‍ ഒരുമിച്ചുകൂടി. ഞാനാദ്യം വൈദ്യുതി വിളക്കുകളെല്ലാം അണച്ചു. ഗ്രന്ഥപ്പുരയില്‍ സൂക്ഷിച്ചുവെച്ചിരുന്ന വലിയ നിലവിളക്കെടുത്ത് ആളെണ്ണം തിരിയിട്ട് കത്തിച്ചു.

‘‘തുടക്കം നിങ്ങളില്‍നിന്നു തന്നെയാവട്ടെ.’’ -പെണ്‍കുട്ടി എന്നോടു പറഞ്ഞു.

‘‘എന്‍റെ കര്‍ത്തവ്യം കഥകള്‍ രേഖപ്പെടുത്തലാണ്. കഥ കേള്‍ക്കാന്‍ മാത്രമേ എനിക്കു കഴിയൂ.’’

ഞാന്‍ മൊല്ലയെപ്പോലെ ഒഴിയാന്‍ നോക്കി. അവള്‍ വിട്ടില്ല. ഞാന്‍ പറഞ്ഞില്ലേ, കളിപ്പിക്കുന്ന ഒരു നിഗൂഢത അവളിലുണ്ടെന്ന്. ആ സമയം വരെ അവള്‍ അന്നവിടെ തങ്ങുമെന്നോ അതോ പോകുമെന്നോ ഉള്ള ഒരു സൂചനയും തന്നില്ല.

‘‘എങ്കില്‍ രേഖപ്പെടുത്തിയ ഒരു കഥ ഞങ്ങളെ വായിച്ചു കേള്‍പ്പിക്കൂ. പിന്നാലെ വരുന്നവര്‍ക്ക് അത് ചിലപ്പോള്‍ ഗുണമാകും.’’

അത് നല്ല ആശയമായി എനിക്കു തോന്നി.

ഗ്രന്ഥപ്പുരയിലെ രണ്ടുനൂറ്റാണ്ടുകള്‍ നീണ്ട ദിനസരിക്കുറിപ്പുകളില്‍നിന്ന് ഏതെടുക്കണം എന്ന ഒരാശയക്കുഴപ്പം അപ്പോഴും അവസാനിപ്പിച്ചു.

അതിനും പെണ്‍കുട്ടി പരിഹാരം കണ്ടു.

‘‘ഞാനൊരു ഡേറ്റ് പറയാം.’’

 

‘‘ഒത്തിരി പ്രാചീനമാകാതിരുന്നാല്‍ നന്ന്. ഈ അടുത്ത കാലത്തേതാണെങ്കില്‍ എളുപ്പമുണ്ട്. ഞങ്ങള്‍ കുറേയൊക്കെ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.’’

‘‘പ്രാചീനമൊന്നുമല്ല. 23-7-2001. എന്‍റെ ബര്‍ത്ത്ഡേയാണ്. ഞാന്‍ ജനിച്ച ദിവസം കിങ്സ് ഇന്നില്‍ എന്തൊക്കെയാണ് നടന്നതെന്നറിയാനൊരു കൗതുകം.’’

ഞാന്‍ മൊബൈലെടുത്തു. . Kings inn എന്ന പ്രൈവറ്റ് ആപ് തുറന്നു. പെണ്‍കുട്ടി പറഞ്ഞ തീയതി എന്‍റര്‍ ചെയ്തു.

‘‘ഇത് എന്‍റെ സഹോദരന്‍ സുദേവന്‍ രേഖപ്പെടുത്തിയ കുറിപ്പാണ്. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് അവന്‍ ഒരാക്സിഡണ്ടില്‍ കൊല്ലപ്പെട്ടു.’’

ഞാന്‍ കുറിപ്പ് വായിക്കാന്‍ തുടങ്ങി. ടൈം ട്രാവല്‍ സിനിമകളിലെന്നപോലെ കിങ്സ് ഇന്‍ ഞങ്ങളെയുമെടുത്ത് 2001 ജൂലൈ ഇരുപത്തിമൂന്ന് രാത്രിയിലേക്കൊരു ചാട്ടം ചാടി.

കിങ്സ് ഇന്‍ ദിനസരിക്കുറിപ്പുകള്‍, 23-7-2001

രേഖപ്പെടുത്തുന്നത് -സുദേവന്‍

(കെയര്‍ടേക്കര്‍)

ഇന്ന് രണ്ടു പേര്‍ മാത്രമേ താമസക്കാരായുള്ളൂ. ഒരാള്‍ ഒരു സ്വാമിയാര്‍. ഊരുതെണ്ടി ജീവിതം കഴിച്ചുകൂട്ടുന്ന പരിത്യാഗി. മറ്റേയാള്‍ ആരാണെന്ന് ഒരു സൂചനയുമില്ല. എന്തോ ഒരു പരവേശം വന്നപ്പോള്‍ മുതലേ അയാളുടെ പെരുമാറ്റത്തിലുണ്ടായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഞാന്‍ പലവട്ടം ചോദിച്ചെങ്കിലും ചിരിച്ചുകൊണ്ട് ഇല്ല എന്നയാള്‍ മറുപടി പറഞ്ഞു.

ഭക്ഷണം കഴിഞ്ഞ് കിടക്കുന്നതിനുമുമ്പ് അയാള്‍ എന്‍റെ അടുത്തേക്ക് വന്നു.

വീട്ടിലേക്കൊന്ന് ഫോണ്‍ചെയ്യണം എന്നുപറഞ്ഞു.

ഞാന്‍ സമ്മതിച്ചു.

അയാള്‍ ഫോണിലൂടെ അധികമൊന്നും സംസാരിച്ചില്ല. രാധികക്കും കുഞ്ഞിനും എങ്ങനെയുണ്ട് എന്നും എനിക്ക് കുഴപ്പമൊന്നുമില്ല, പേടിക്കാനൊന്നുമില്ലെന്നും ഇപ്പോള്‍ കിങ്സ് ഇന്‍ എന്ന മോട്ടലിലാണ് എന്നുമൊക്കെ പറഞ്ഞ് സംസാരം അവസാനിപ്പിച്ചു. പിന്നെ നേരെ മുറിയില്‍ പോയി വാതിലടച്ചു.

രാത്രി രണ്ടുമണി കഴിഞ്ഞപ്പോള്‍ ഒരു വാഹനം പുറത്തു വന്നുനിന്നു. അതില്‍നിന്ന് നാലഞ്ചാളുകള്‍ പുറത്തിറങ്ങി. യൂനിഫോമിലല്ലെങ്കിലും അവര്‍ പോലീസുകാരാണെന്ന് എനിക്ക് മനസ്സിലായി.

‘‘ഇവിടെ എത്രപേര്‍ താമസമുണ്ട്?’’ -അവര്‍ ചോദിച്ചു.

‘‘രണ്ടു പേര്‍.’’

‘‘വിദ്യാധരന്‍ എന്ന ആള്‍ ഏതു മുറിയിലാണ്?’’

ഞാന്‍ റൂം നമ്പര്‍ 10 ചൂണ്ടിക്കാട്ടി.

‘‘മറ്റേ മുറി പുറത്തുനിന്ന് പൂട്ട്.’’

അവര്‍ സ്വാമിയാരുടെ മുറി ചൂണ്ടിക്കാട്ടി ആജ്ഞാപിച്ചു. ഞാന്‍ അനുസരിച്ചു.

‘‘ഇവിടെ തന്നെക്കൂടാതെ വേറെ ആരെങ്കിലുമുണ്ടോ?’’

‘‘ഇല്ല.’’

‘‘എങ്കില്‍ താന്‍ കുറച്ചുനേരം കണ്ണടച്ച് അവിടിരുന്നോ.’’

അത്രയും പറഞ്ഞ് അവര്‍ ആ മനുഷ്യന്‍റെ മുറിയുടെ വാതിലില്‍ മുട്ടി. മുറി തുറന്നതും അവര്‍ അകത്തേക്ക് തള്ളിക്കയറി. വാതിലടഞ്ഞു. ആ മനുഷ്യന്‍റെ നിലവിളിയും മല്‍പ്പിടിത്തത്തിന്‍റെ ശബ്ദങ്ങളും പുറത്തേക്ക് ഊര്‍ന്നുവന്നു. എനിക്കൊന്നും മനസ്സിലായില്ല. അയാള്‍ ആരാണ്? കള്ളനോ കൊലപാതകിയോ? പക്ഷേ, ആ നിലവിളി ഒരോ തവണയും അതുയര്‍ന്നു കേട്ടപ്പോള്‍ എന്‍റെ ചോര മരവിച്ചു. ഏകദേശം അര മണിക്കൂര്‍ നീണ്ടു ആ പീഡനപർവം. നിലവിളി വെറും ഞരക്കങ്ങളായി. വാതില്‍ തുറന്നു. വിയര്‍ത്തൊലിച്ചുകൊണ്ട് പോലീസുകാര്‍ പുറത്തേക്കിറങ്ങി. അവരുടെ ചുമലില്‍ ആ മനുഷ്യന്‍ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അയാള്‍ മരിച്ചെന്ന് ഞാനുറപ്പിച്ചു. ഒരു പോലീസുകാരന്‍ എന്‍റെ അടുത്തേക്ക് വന്നു.

‘‘സ്വാമിയാരുടെ മുറി തുറന്നേക്ക്. പക്ഷേ, തന്‍റെ വാ ഇനിമേല്‍ തുറക്കരുത്. ആര്‍ക്കു മുന്നിലും.’’

അത് വ്യക്തമായ ഭീഷണിയാണെന്ന് എനിക്ക് മനസ്സിലായി.

ഇപ്പോള്‍ ഇതിവിടെ രേഖപ്പെടുത്തിവെക്കുമ്പോളും ആ ഭീഷണി എനിക്കുമേല്‍ തൂങ്ങിക്കിടക്കുന്നുണ്ട്. പക്ഷേ, രാജസത്രം എപ്പോഴും സത്യം രേഖപ്പെടുത്തണം. ഞാനായിട്ട് അതില്‍ മാറ്റം വരുത്തുന്നില്ല.

(തുടരും)

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.