അൽബത്ത

വെള്ളമൂടിയ മരണമുഖം തുറക്കപ്പെട്ടതും ഉമ്മമ്മ തണ്ടാൻ വിരലുപൊക്കി ഒരു ലൈക്കടിച്ചു. എന്നിട്ട് ഇങ്ങനെയൊരു കമന്‍റും. ‘ബമ്പത്തി.’ മരണവാർത്ത ആദ്യം എത്തിയത് പതിനഞ്ചാം വാർഡിന്റെ വാട്സാപ്പ് ഗ്രൂപ്പിലായിരുന്നു. കിച്ചൺ ടേബിളിനു മുന്നിൽ ഫോൺ സ്റ്റാൻഡിൽവെച്ച് ഇയർഫോൺ ചെവിയിലും കുത്തി ഡിന്നറിനുള്ള ചപ്പാത്തി പരത്തുകയായിരുന്നു ഉമ്മച്ചി. അപ്പോഴായിരിക്കണം വാർഡ്ഗ്രൂപ്പിൽ മരണവാർത്തയുടെ പോസ്റ്റ് വന്നത്. ഉമ്മച്ചി അപ്പോൾ തന്നെ എന്നെ നീട്ടിവിളിച്ചു. ‘‘എടാ മോനേ ചേക്കുഹാജീന്റെ പാത്തുമ്മാമ മരിച്ചു. രാവിലെയാ ഖബറടക്കം... വർക്കിങ് ഡേ ആയതോണ്ട് എനിക്ക് രാവിലെ അവിടെ വരെ പോവാൻ കഴിയില്ല. ഞാനിപ്പൊതന്നെ അവിടെയൊന്നു...

വെള്ളമൂടിയ മരണമുഖം തുറക്കപ്പെട്ടതും ഉമ്മമ്മ തണ്ടാൻ വിരലുപൊക്കി ഒരു ലൈക്കടിച്ചു. എന്നിട്ട് ഇങ്ങനെയൊരു കമന്‍റും.

‘ബമ്പത്തി.’

മരണവാർത്ത ആദ്യം എത്തിയത് പതിനഞ്ചാം വാർഡിന്റെ വാട്സാപ്പ് ഗ്രൂപ്പിലായിരുന്നു. കിച്ചൺ ടേബിളിനു മുന്നിൽ ഫോൺ സ്റ്റാൻഡിൽവെച്ച് ഇയർഫോൺ ചെവിയിലും കുത്തി ഡിന്നറിനുള്ള ചപ്പാത്തി പരത്തുകയായിരുന്നു ഉമ്മച്ചി. അപ്പോഴായിരിക്കണം വാർഡ്ഗ്രൂപ്പിൽ മരണവാർത്തയുടെ പോസ്റ്റ് വന്നത്. ഉമ്മച്ചി അപ്പോൾ തന്നെ എന്നെ നീട്ടിവിളിച്ചു.

‘‘എടാ മോനേ ചേക്കുഹാജീന്റെ പാത്തുമ്മാമ മരിച്ചു. രാവിലെയാ ഖബറടക്കം... വർക്കിങ് ഡേ ആയതോണ്ട് എനിക്ക് രാവിലെ അവിടെ വരെ പോവാൻ കഴിയില്ല. ഞാനിപ്പൊതന്നെ അവിടെയൊന്നു പോയിട്ടു വരാം.’’

അതും പറഞ്ഞ് ചപ്പാത്തിച്ചുമതല എന്നെ ഏൽപിച്ചിട്ട് ഉമ്മ ചുരിദാർ മാറ്റിയിടാൻ പോയി.

‘‘ആരാ മരിച്ചത്?’’

‘‘ആരാ മരിച്ചത്?’’

ഉമ്മമ്മയുടെ ചുളിവീണ ചോദ്യം മുറിയിൽനിന്നും കേട്ടിട്ടാണ് ഞാൻ അങ്ങോട്ടേക്ക് ചെന്നത്. മരണവാർത്തയോട് ഉമ്മമ്മക്ക് വലിയ താൽപര്യമാണ്.

‘‘അത് ഉമ്മമ്മാ ഏതോ ഒരു ചേക്കു ഹാജീന്റെ പാത്തുമ്മാമയാണത്രേ...’’

‘‘ഇന്നാ ലില്ലാഹി... ന്നാ ഞാനും വര്ണണ്ട്.’’

അതു പതിവില്ലാത്തതാണ്. ഉമ്മമ്മ അപൂർവമായേ വീട്ടിൽനിന്നും പുറത്തിറങ്ങാറുള്ളൂ. മിക്കവാറും ആ അപൂർവതകളൊക്കെയും ഹോസ്പിറ്റൽ ചെക്കപ്പിനുവേണ്ടിയായിരിക്കും. മരണവും കല്യാണവുെമാന്നും വളരെ കാലമായിട്ട് ഉമ്മമ്മയുടെ വിസിറ്റിങ് മാപ്പിലില്ല. മാറ്റിവെച്ച ഉമ്മമ്മയുടെ തൊണ്ണൂറിനടുത്തെത്തിയ കാൽമുട്ട് അതിന് മെനക്കെടാറില്ല എന്നതാവണം ഒരു കാരണം. അല്ലെങ്കിൽ ആ കാൽമുട്ടിന്റെ പേരിൽ ഗൾഫിലുള്ള ഉപ്പച്ചിയും ഇവിടെയുള്ള ടീച്ചറുമ്മച്ചിയും ചേർന്ന് ഉമ്മമ്മക്കിട്ട വിലക്കു കൂടിയായിരിക്കണം ഈ അകത്തിരിക്കൽ. ഉമ്മമ്മ കൂടെ വരുന്നു എന്നറിഞ്ഞതും ഉമ്മച്ചിയുടെ മുഖം വക്രിച്ചു.

ഇതന്തേപ്പൊ?

എങ്ങനേപ്പൊ?

ഈ നേരത്ത്? എന്നൊക്കെ ആ വക്രിക്കലിൽനിന്ന് ഞാൻ വായിച്ചെടുത്തു.

‘‘മരിച്ചത് ഉമ്മമ്മാന്റെ കൂട്ടുകാരിയായിരിക്കും. ഉമ്മച്ചി ഇപ്പൊ പൊയ്ക്കോളൂ ഉമ്മമ്മാനെ ഞാൻ രാവിലെ അവിടെ കൊണ്ടുപോയ്ക്കോളാം.’’

രാവിലെയായപ്പഴേക്കും ഞാൻ അക്കാര്യം മറന്നുപോയി. എണീറ്റ് താഴെ എത്തിയപ്പോൾ ഉമ്മമ്മ പർദയൊക്കെ ഇട്ട് റെഡിയായി എന്നെ കാത്തിരിക്കുകയായിരുന്നു. കൈ പിടിച്ച് കാറിൽ കയറ്റി.

മരണവീട് ഒരു വലിയ മാളികപ്പുരയായിരുന്നു. പഴയകാല പ്രതാപത്തിന്റെ ആഢ്യത്വവും പ്രൗഢിയും അതിന്റെ വിശാലമായ മുറ്റത്തും പടിപ്പുരയിലും അകത്തളങ്ങളിലും ഒട്ടും പൊടിപിടിക്കാതെതന്നെ കിടന്നിരുന്നു. ഇങ്ങനെയൊരു തറവാട് ഇനിയും ജെ.സി.ബിക്ക് ഇരയാവാതെ ബാക്കിയുണ്ടല്ലോ എന്നത് എന്നെ അതിശയപ്പെടുത്തി.

അവിടെ എത്തിയതും ഉമ്മമ്മ എന്റെ കൈപിടിക്കു കാത്തു നിൽക്കാതെ ആഞ്ഞുനടന്നു. പ്രായത്തിന്റെ റിസർവേഷനായിരിക്കണം, ആരോ ഒരു ചുവന്ന കസേര മയ്യിത്തിനടുത്തേക്ക് നീക്കിയിട്ട് ഉമ്മമ്മയെ പിടിച്ചിരുത്തി. ആ സമയത്തായിരുന്നു ഉമ്മമ്മയുടെ വിചിത്രമായ ലൈക്കടിയും ‘ബമ്പത്തി’ കമന്റും.

മുഴുവൻ സമയവും തസ്ബീഹിലും ഖുർആനിലും മുഴുകിയിരിക്കാറുള്ള ഉമ്മമ്മ അന്നു മുറിയിൽ വളരെ തിരക്കിലായിരുന്നു. എന്തോ തിരയുന്നു... പെറുക്കുന്നു... അടുക്കുന്നു. എന്നെ കണ്ടതും ഉമ്മമ്മ മുഖം പൊക്കി. ഒരു പതിനാലാം രാവിന്റെ തെളിച്ചമുണ്ടായിരുന്നു ആ മുഖത്ത്.

‘‘ഉമ്മമ്മ എന്തിനാ മയ്യിത്തിനെ അങ്ങനെ വിളിച്ചത്?’’

ഒരു കൈ മാറ്റിവെച്ച കാൽമുട്ടിലും മറുകൈ എന്റെ തോളിലും താങ്ങി ഉമ്മമ്മ കഥയിലേക്കിറങ്ങി.ഞാൻ ആ കഥയെ പല പല കാണ്ഡങ്ങളായി എന്റെ കമ്പ്യൂട്ടറിൽ അപ് ലോഡ് ചെയ്തു.

മലബാർ മാപ്പിള ഭാഷയുടെ വികാസ പരിണാമങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എന്റെ പിഎച്ച്.ഡി പ്രബന്ധത്തിന് ആവശ്യമായിരുന്നു. പലപ്പോഴും ഉമ്മമ്മയെ ഞാനതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യാറുള്ളതാണ്.

ജന്മകാണ്ഡം

‘‘ഒരൂസാ ഞങ്ങള് രണ്ടു പാത്തുമാരേം പെറ്റത്... ഇരുജന്മങ്ങൾക്കും കാർമികത്വം വഹിച്ചത് ഒസ്സാത്തി പാത്തേയിയായിരുന്നു.’’

ആവശ്യത്തിലധികം ഭവ്യതയും ആശ്രിതത്വവും വാക്കിലും നോക്കിലും പുരട്ടി പലപ്പോഴും സക്കാത്തും സദക്കയും വാങ്ങാനായി ഉമ്മമ്മയുടെ ‘പുത്തൻപ്പുര’ എന്നറിയപ്പെടുന്ന തറവാട്ടിലെത്തുമായിരുന്നു ഒസ്സാത്തി പാത്തേയി. അത്തരം സന്ദർശനങ്ങളിൽ അന്ന് കൗമാരം മൊട്ടിട്ടു തുടങ്ങിയിരുന്ന ഉമ്മമ്മയുടെ താടിയിൽ നുള്ളിക്കൊണ്ട് അവർ പറയുമായിരുന്നുവത്രേ രണ്ടു പാത്തുമാരുടെയും ജന്മകഥ. ആ പ്രസവ പ്രൊഫൈൽ ഉമ്മമ്മയിൽനിന്ന് ഞാൻ ടൈപ്പുചെയ്തെടുത്തു.

ഒരു വലിയ പെരുന്നാളിന്റെ തലേന്ന്, മീനച്ചൂടു ഉരുകിയൊലിക്കുന്ന, ചക്കേം മാങ്ങേം സുലഭമായ വേനൽക്കാലത്ത് ചേക്കു ഹാജിന്റെ പെണ്ണുങ്ങളുടെ പേറ്കഴിഞ്ഞു. കുണ്ടായിത്തോട്ടിൽ ഒന്നു മുങ്ങിക്കുളിക്കാനായി ചേക്കുഹാജിന്റെ ഉമ്മാന്റെ മുന്നിൽ പാത്തേയ് വലതുകൈ കുമ്പിളു പിടിച്ചു. മൊതലാളിമാരോടെ വീട്ടിൽ പേറ് കഴിഞ്ഞാ കിട്ട്ണ ഔദാര്യമായിരുന്നു അത്.

ഒരു കുമ്പിള് എള്ളെണ്ണ.

കൊമ്പൻച്ചീപ്പ് വല്ലപ്പോഴും മാത്രം കേറിയിറങ്ങാറുള്ള തലയിലേക്ക് കൈകുമ്പിള് കമഴ്ത്തിയതേയുള്ളൂ. മുറ്റത്ത് ആളെത്തി. ‘‘അന്ത്രുഹാജിന്റെ പെണ്ണുങ്ങൾക്ക് നൊമ്പലം.’’ വല്യോടെത്തെ രണ്ട് പേറ് പാത്തേയിക്ക് കുറുക്കൻ കണിപോലെയായിരുന്നു.

‘‘ഞാൻ അപ്പാട് ഇങ്ങട്ട് പാഞ്ഞു.’’

വായിലെ മുറുക്കാൻത്തുപ്പല് ഒതുക്കിപ്പിടിച്ച പാത്തേയ് പൊലിവോടെ തുടരും. ‘‘രണ്ടു ചൊങ്കത്തിമാരേയാ അന്നു ഞാൻ ഈ ബൂമീക്ക് ഊരിയെടുത്തത്. ഇവിടെ എത്തുമ്പൊ ഓൾക്ക് നൊമ്പലം പെരുത്തുക്കുണു. അള്ളാന്റെ കുതറത്തോണ്ട് ഞാൻ ഒന്നു തൊട്ടതും പേറ് കഴിഞ്ഞു.’’

‘‘മുന്നാങ്കാല് പെണ്ണാ... അടുപ്പുങ്കല്ലും പൊന്നാവൂന്നാ...’’ എന്ന പഴമൊഴി പറഞ്ഞോണ്ട് പാത്തേയ് പേറ്ററേന്ന് തലനീട്ടുമ്പോ അന്ത്രുഹാജി കച്ചവടത്തിരക്ക് കഴിഞ്ഞ് വന്ന് ഉമ്മറത്തിരിന്നു മുറുക്കുകയാണ്.

‘‘ചേക്കൂന്റെ കുട്ടിക്ക് എന്താ പേരിട്ടത്?’’

അന്ത്രു ഹാജി രണ്ടാൺമക്കൾക്ക് ശേഷം കിട്ടിയ പെൺമണിയെ അലിവോടെയും പൊലിവോടെയും നോക്കി.

‘‘പാത്തു.’’

കുട്ടിയെ അന്ത്രുഹാജിക്ക് കൈമാറിക്കൊണ്ട് പാത്തേയ് ചിരിച്ചു.

‘‘ന്നാ ബള്ക്കു അതന്നെ പേര്.’’

അന്ത്രു ഹാജി തോൾമുണ്ട് തലയിലേക്ക് കേറ്റിയിട്ട് ബിസ്മി ചൊല്ലി കുട്ടിക്ക് പേരിട്ടു.

‘പാത്തു.’ അങ്ങനെ രണ്ട് പാത്തുമാരുണ്ടായി.

‘‘ഓള് ചേക്കു ഹാജിന്റെ പാത്തു.

ഞാൻ അന്ത്രു ഹാജിന്റെ പാത്തു.’’

ഓത്തുപള്ളിയിലും പള്ളിക്കൂടത്തിലും ചേക്കുപ്പാത്തുവും അന്ത്രുപ്പാത്തുവുമായി ലോപിച്ചു.

‘‘ഓളെ ബാപ്പ നാട്ടിലെ പേരു കേട്ട മാപ്ല ജന്മി. ന്റെ ബാപ്പ നാട്ടിലെ പേരുകേട്ട മലഞ്ചരക്ക് കച്ചോടക്കാരൻ മാപ്ല.’’

ജന്മകാണ്ഡം പൂർത്തിയാക്കി ഉമ്മമ്മ ചിരിച്ചു.

ഞാൻ പുകയിലയും ചുണ്ണാമ്പും ചേർത്ത ഒരു കൂട്ടു മുറുക്കാൻ പൊതിഞ്ഞെടുത്ത് ഉമ്മമ്മക്ക് കൊടുത്തു. അതു രണ്ടും ഉപ്പച്ചിയും ഉമ്മച്ചിയും ഉമ്മമ്മക്ക് വിലക്കിയിരുന്നു. ഉമ്മമ്മയുടെ ചുണ്ടുകൾ പതിവിലേറെ ചുവന്നു.

ബാല്യകണ്ഡം

‘‘ഓത്തുപ്പള്ളിയിലും പള്ളിക്കൂടത്തിലും ഞങ്ങൾ ഒപ്പം നാലു കൊല്ലം തികച്ചു. ഓൾക്ക് നല്ല ഉശിരുണ്ടായിരുന്നു. മൂച്ചിന്റോട്ടിലും പുളിഞ്ചോട്ടിലും തെച്ചിക്കാട്ടിലും ഞങ്ങൾ തെണ്ടിത്തിരിഞ്ഞു.’’

അച്ചിപ്പുളി കണ്ട് പൂതിമൂത്ത് രണ്ടാളും കാച്ചിത്തുണി പൊക്കിക്കുത്തി വലിഞ്ഞുകേറി. അണ്ണാക്കിൽ പുളിനീരു പുളിച്ചങ്ങനെ കൊമ്പത്തിരിക്കുമ്പോ അന്ത്രുപ്പാത്തു ഞെട്ടി.

‘‘എടീ പോക്കുപ്പാപ്പ.’’

ചേക്കുപ്പാത്തുവിന് വായിലെ അച്ചിപ്പുളി കയ്ച്ചു. സമ്പന്നരുടെ പുരകളിൽ ആഴ്ചയിലൊരിക്കലെങ്കിലും മുണ്ടൻവടിയിൽ തൂങ്ങി വളഞ്ഞ കാലുള്ള കീറിയ ശീലക്കുടയുമായി പോക്കുപ്പാപ്പയെത്തും. ഉമ്മറത്തിരുന്ന് ലാഇലാഹ ഇല്ലള്ളാഹ് എന്ന ദിഖ്റ് നിരങ്ങിമൂളും. വിശപ്പിന്റെയും വാർധക്യത്തിന്റെയും മൂളൽ.മുക്കലും മൂളലും കേൾക്കുമ്പൊ അടുക്കളപ്പെണ്ണുങ്ങൾ തിളച്ചുകൊണ്ടിരിക്കുന്ന കുത്തരിക്കഞ്ഞി ഒരു കുണ്ടൻപ്പിഞ്ഞാണത്തിൽ പകർന്ന് ഉമ്മറത്തെത്തിക്കും.

അയാളുടെ നരച്ച താടിയും തലേക്കെട്ടും കാണാൻ കൗതുകത്തോടെ അന്ത്രുപ്പാത്തു കോലായിലെത്തി.

‘‘ഇപ്പാപ്പാന്റെ കുട്ടി ഇബടെ വന്നാ.’’

പോക്കുപ്പാപ്പ അടുത്തേക്കു വിളിച്ചു. കവിളത്തൊരു നുണക്കുഴിയും ചിരിപ്പിച്ച് പാത്തു ചെന്നു.പോക്കുപ്പാപ്പാന്റെ പുളിക്കൊമ്പു പോലത്തെ വിരലുകൾ പാത്തൂന്റെ മാറത്ത് ഞെക്കി.

തേഞ്ഞുതീർന്ന മുൻപല്ലുകാട്ടി പോക്കുപ്പാപ്പ ഇളിച്ചു.

‘‘ആണുങ്ങള് തൊട്ടാലാ പെങ്കുട്ടേളുടെ മൊല ബല്താവാ.’’

ഒന്നും മനസ്സിലായില്ലെങ്കിലും പാത്തു അറേലേക്കോടി. കുപ്പായം പൊക്കി എത്രനേരം ഉഴിഞ്ഞിട്ടും പിന്നെയും പിന്നെയും ആരോ ഞെക്ക്ണത് പോലെ...

ആ പോക്കുപ്പാപ്പയാണ് പുളിഞ്ചോട്ടിൽ മുന്തിരികണ്ട കുറുക്കനെപ്പോലെ മേലോട്ടുനോക്കി വെള്ളമിറക്കുന്നത്.

കാച്ചിത്തുണി കാലിന്റെടേക്ക് ഒന്നുകൂടെ തെറുത്തുെവച്ച് ചേക്കുപ്പാത്തു കുരങ്ങൻക്കുഞ്ഞിനെപ്പോലെ തെച്ചി​േച്ചാപ്പിലേക്ക് ഊർന്നിറങ്ങിയതും പുളിമുരട്ടിൽ ചാരിവെച്ചിരുന്ന പോക്കുപാപ്പാന്റെതന്നെ മുണ്ടൻവടി എടുത്തിട്ട് ആഞ്ഞൊരു വീശല്. ‘പതോം’ പോക്കു പാപ്പാന്റെ ഓട്ടം കണ്ടിട്ട് അന്ത്രുപ്പാത്തു കുലുങ്ങിച്ചിരിച്ചു.

‘‘നോക്കടി തന്തന്റെ ഊരക്ക് ഇപ്പൊ ഒരു വളവൂല്ല.’’

കൗമാരകാണ്ഡം/

കല്യാണകാണ്ഡം

ചേക്കുപ്പാത്തു പെട്ടെന്നൊരീസം ഓത്തുപള്ളിയിലും സ്കൂളിലും വരാതായി

‘‘ഓളെ നിക്കാഹ് ഉറപ്പിച്ചു.’’

അന്ത്രുപ്പാത്തു സങ്കടപ്പെട്ടാ അന്നു പൊരേലെത്തിയത്. പൂമുഖത്ത് ബാപ്പാന്റെടുക്കല് കുറേ ആളുകളുണ്ടായിരുന്നു.

‘‘പാത്തു ഇല്ലാതെ ഞാൻ ഞ്ഞി പഠിച്ചാ പോണില്ല.’’ അന്ത്രുപ്പാത്തു ചിണുങ്ങി.

‘‘ആയിക്കോട്ടേ, പോണ്ടല്ലോ... അന്റേം നിക്കാഹ് ഉറപ്പിച്ചു.’’

അങ്ങനെ അന്ത്രു ഹാജിന്റെ പാത്തൂന്‍റെ നിക്കാഹ് ഒരു ഞായറാഴ്ച രാത്രിയും, ചേക്കു ഹാജിന്റെ പാത്തൂന്റെ നിക്കാഹ് അതിന്റെടുത്ത ഞായറാഴ്ച രാത്രിയും നടന്നു.നാട് രണ്ട് ഞായറാഴ്ചയും അറുതീം വറുതീം മറന്നു. നാട്ടുകാര് മൈസൂരിനെല്ലിന്റെ അരികൊണ്ടുള്ള നെയ്ച്ചോറും പോത്തിറച്ചിം തിന്നു. കുറെ കാലത്തേക്ക് ആ രണ്ടു മംഗലങ്ങളുടെയും പോരിശ പറഞ്ഞു നടന്നു.

‘‘രണ്ടു കുട്ട്യേളെക്കാളും തൂക്കത്തിലുണ്ടായിരുന്നു രണ്ടാൾടേം, പൊൻപണ്ടങ്ങൾ.’’

‘‘കുമ്മത്ത്, കൊടലാരം, ചക്രമാല, ചിറ്റ്, കൊടകടുക്കൻ, രണ്ടു കയ്യിലും മുട്ടോളം മുട്ടി കിലുങ്ങണ പൊൻവളകൾ, അഞ്ചു വീതം സ്വർണ അരപ്പവനുകൾകൊണ്ട് പടിവെച്ച വെള്ളി അരഞ്ഞാണം!’’

‘‘ങ്ങക്ക് കേക്കണോ രണ്ട് പെങ്കുട്ട്യേളേം കെട്ടി കൊണ്ടോയോടത്ത്ണ്ടോ ആ പണ്ടങ്ങൾ ഊരിവെക്കാൻ വലുപ്പള്ള കാൽപ്പട്ട്യേള്? എബടെ..?’’

ചേക്കുഹാജീന്റെ പാത്തൂന്റെ പണ്ടങ്ങള് അഴിച്ചുവെച്ചത് നെല്ലളക്കാനുള്ള പറയിലേക്കായിരുന്നു. അന്നാട്ടിൽ അന്നോളം അത്രേം പൊന്നുമായി ഒരു പെണ്ണും കേറി വന്നിട്ടില്ല. കൊയ്തു മെതിച്ചിട്ട മുണ്ടകൻ നെല്ലുപോലെ പറയിൽ പണ്ടങ്ങൾ കുമിഞ്ഞു.

‘‘എടീ ന്റെ മാപ്ലനെ ഞാനിതുവരെ സെരിക്കൊന്ന് കണ്ടിട്ടെന്നെല്ല. അത്തരക്ക് ഇർട്ടാ ആ പൊരേല്’’ നിക്കാഹിനുശേഷം രണ്ടു പാത്തുമാരും പുഴക്കരേല് വെച്ച് കണ്ടു മുട്ടിയപ്പൊ ചേക്കുപ്പാത്തു കണ്ണു നിറച്ചു.

ഉമ്മമ്മ മുറുക്കിച്ചൊമന്ന ചുണ്ട് കൈവെള്ളകൊണ്ട് തുടച്ചിട്ട് തുടർന്നു.

‘‘നാലാം കൊല്ലമായപ്പത്തിന് ഞങ്ങൾക്ക് ഈരണ്ട് കുട്ട്യേളായി.’’

മൊഴികാണ്ഡം

പൊരേന്റെ പിന്നിലെ പുഴയും മുന്നിലെ വിശാലമായ പാടവും ചേക്കു ഹാജീന്റെ പാത്തുവിന് ആശ്വാസമുള്ള കാഴ്ചകളായിരുന്നു. പുഴയിൽനിന്ന് വരുന്ന വെള്ളിവെളിച്ചോം പാടത്തുനിന്ന് വരുന്ന പച്ചവെളിച്ചോം ഉള്ളിൽ നിറച്ചിട്ടാ പാത്തു ആ പൊരേലെ ഇരുട്ടകറ്റാറുണ്ടായിരുന്നത്.

നടീലു കഴിഞ്ഞ ഞാറ്റുകണ്ടം പച്ചപിടിക്കാൻ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. ആ കാഴ്ചയൊന്നു കാണാൻവേണ്ടിയായിരുന്നു കിളിവാതിലിന്റെ ഒരു പാളി തുറന്നിട്ടത്. അപ്പോഴുണ്ട് കുട്ടൻമൂരി ഞാറ്റു കണ്ടത്തിന്‍റെ ഒത്ത നടുക്ക്.

 

മൂരിയെ തെളിച്ച് കണ്ടത്തിൽ നിന്ന് കേറ്റിയില്ലെങ്കിൽ ഞാറ് എമ്പാടും തിന്നു തീർക്കും. ചവിട്ടിമെതിക്കും.

പാത്തുവിന്റെ ഉള്ളിലെ കർഷക സ്ത്രീക്ക് പിന്നെ നിപ്പൊറച്ചില്ല. കണ്ടത്തിലേക്ക് പാഞ്ഞു. വലിയ വരമ്പിലെ ചീമക്കൊന്ന മരത്തിൽനിന്നും ഒരു ചുള്ളിക്കമ്പ് ഒടിച്ചെടുത്തു.കണ്ടത്തിലേക്ക് എടുത്തുചാടി.കന്നിനെ തെളിക്കാൻ തുടങ്ങി.

‘‘ബെടെ മൂരേ ബെടെ...’’

അതിനടിയിൽ കൊന്നക്കൊമ്പ് കസവുത്തട്ടം കൊളുത്തിയെടുത്തത് പാത്തു അറിഞ്ഞില്ല.

‘‘ഉമ്മക്കുട്ടി എന്താ ഈ കാട്ടണ്. ആരേലും കണ്ടാ പിന്നെ അതുമതി. വല്യോടത്തെ മരോളായി വന്ന ഉമ്മക്കുട്ട്യേള് പടിപ്പുരക്ക് പൊറത്തറങ്ങേ?’’

മൂരിയെ തെളിക്കാൻ എത്തിയതായിരുന്നു ചെറുമൻ ചാത്തൻ.

കഷ്ടകാലത്തിന് പാത്തുവിന്റെ അമ്മോശൻകാക്കയും എവിടെ നിന്നോ ആ സൈറ്റിലേക്ക് പൊട്ടിവീണു. ‘‘കുരുത്തംകെട്ട മരോള് കണ്ടത്തിൽ തട്ടമില്ലാതെ നിക്കണ്! അതും ഒരു അന്യപുരുഷന്റെ മുമ്പില്.’’ അയാളുടെ കണ്ണു ചുകന്നു.

‘‘കേറി പോ ശൈത്താനേ...’’

അയാൾ ചീറി.

അമ്മായിയമ്മയുടെ നാക്കും പാത്തുവിന്റെ നേർക്ക് വല്ലാതെ നീണ്ടു.

‘‘ഹറാം പിറന്നോളെ. അന്നെ ഞ്ഞി ഞങ്ങക്ക് മാണ്ട.’’ അന്നുതന്നെ പാത്തുവും മക്കളും തിരിച്ചയക്കപ്പട്ടു.

പിന്നാലെ പോന്നു മാപ്ലയും അമ്മോശനും അകമ്പടിക്കാരും.വന്നു കേറിയതും അമ്മോശൻ ചേക്കുഹാജീന്റെ കയ്യിൽ പിടിച്ചു.

‘‘ഇതാ പുടിച്ചോളി ങ്ങളെ മോളെ മൊഴി മൂന്നും.’’

പാത്തുവിന്റെ മാപ്ല അയമു ഉശിരും പുളിയുമില്ലാത്ത മൂന്നു തുപ്പു തുപ്പി.

‘‘ഓന്ക്ക് ഓളോട് വല്യ പിരിശം തന്നേയ്ന്നു. ഓന്റെ കണ്ണ് നെറഞ്ഞീന്നോലോ...’’

അതിന്റെ എട്ടാം ദിവസം ചേക്കു ഹാജി നാലാളേം കൂട്ടി ഏപ്പിക്കാട്ടേക്ക് നടന്നു.

‘‘മൂന്നും തീർത്ത് മൂടും തട്ടിങ്ങട്ട് പോന്നാ മതിയോ എവിടേടാ ന്റെ കുട്ടീന്റെ പൊന്ന് പൊലിഞ്ഞ ആ പറ?’’

അമ്മോശൻ ഒന്നു പരുങ്ങി.പാത്തൂന്റെ പൊന്നും വെള്ളിയും തൂക്കി വിറ്റിട്ട് അയാൾ വയനാട്ടിൽ നൂറ് ഏക്കർ കാപ്പിത്തോട്ടം വാങ്ങിയിരുന്നു.

‘‘ങ്ങള് പ്പൊ നടക്കിം നമ്മള് പിന്നെ വാരാ’’ എന്നും പറഞ്ഞ് വന്നവരെ അയാൾ അനുരഞ്ജനപ്പെടുത്തി മടക്കി. ഒരാഴ്ച കഴിഞ്ഞു. അനുരഞ്ജനക്കാര് ചേക്കു ഹാജീന്റെ പൂമഖത്ത് പിന്നെയും വന്നു.

‘‘ഞമ്മള് മടക്കി എടുത്തോളാ.’’

ചേക്കു ഹാജി തലേക്കെട്ട് അഴിച്ച് ശക്തിയായിട്ടൊന്ന് കുടഞ്ഞു.

‘‘ബ്ഫു... മൂന്നും തീർത്തിട്ട് ഓൻ വന്നക്കണ് മടക്കാൻ.’’

അമ്മോശൻ കൂടെ വന്ന മുസ്‍ല്യാരെയൊന്നു തോണ്ടി. ‘‘പറഞ്ഞൊടുക്കീ മോല്യേരേ...’’

മുസ്‍ല്യാര് മസ്അല പറഞ്ഞു. ‘‘പാത്തൂനെ വേറൊരാൾ കെട്ടണം ന്നിട്ട് ഓൻ മൊഴി ചൊല്ലട്ടേ... പിന്നെ മൂന്നു മാസത്തെ ഇദ്ദക്കു ശേഷം അയമൂന് പിന്നേയും കെട്ടാലോ?’’

അതും പറഞ്ഞിട്ട് മുസ്‍ല്യാര് നീണ്ട താടി രോമങ്ങളിൽ മൃദുവായിട്ടൊന്നുഴിഞ്ഞു.

‘‘ചടങ്ങ്നിക്കൽ!.. അത് പ്പൊ നാട്ടില് നടക്കാത്തതൊന്നും അല്ലാലോ?’’

അനുരഞ്ജനക്കാര് കോറസ് മൂളി.

ചേക്കുഹാജീന്റെ പെരുവിരലിൽ നിന്ന് ഒരു കലിപ്പ് നെറുക് വരെ കേറിയെങ്കിലും പെട്ടെന്നയാൾ തണുത്തു.

പാത്തുവിന്റെ താഴെ മൂന്നു പെങ്കുട്ട്യേളും രണ്ടാൺങ്കുട്ട്യേളും ഉണ്ട്.രണ്ടു കുട്ട്യേള്യംകൊണ്ട് പാത്തു പെരേല് നിന്നാ അത് കുറച്ചിലാ...

എല്ലാം തീരുമാനായി.

ചടങ്ങ്കെട്ടിന് ആളേം കണ്ടെത്തി. മണ്ണാർക്കാട്ടു നിന്ന് കൃഷിപ്പണിക്ക് വന്ന കാദിര്! ഓന്റെ പ്രൊഫൈൽ നാട്ടുകാർക്ക് അങ്ങാടിപ്പാട്ടായിരുന്നു. നയിച്ച് നയിച്ച് അര ഏക്കറോളം മണ്ണും ഒരു ഓലപ്പെര്യേം ഓൻ സ്വന്താക്കി. മൂന്ന് പെണ്ണ് കെട്ടി. കൊല്ലം തികയണേന്റെ മുമ്പ് പെണ്ണുങ്ങള് കണ്ണും നിറച്ചിട്ട് ഇറങ്ങിപ്പോകും.

അപ്പോഴൊക്കെ നാട്ടാര് ഒച്ച താഴ്ത്തി കുറുകും.

‘‘ഓനെ കൊണ്ട് അയിന് കജ്ജൂലാന്ന്...’’

അങ്ങനെയുള്ള കാദിരിന് നാട്ടുകാര് കൊടുത്ത അഡീഷനൽ നിയമനമായിരുന്നു ചടങ്ങ്നിക്കൽ...അതിന് മോശമില്ലാത്ത വരുമാനവും കിട്ടി പോന്നു. മസ്അലയുടെ പ്രായോഗികതലം ‘ആയത്തി’ന്റെ പിൻബലത്തിൽ മൊയ്ല്യാര് വിശദീകരിച്ചു.

‘‘ഒരു രാവ് ഓനും ഓളും ഒപ്പം നിക്കണം. പിറ്റേന്ന് വെളുപ്പിന് ഓൻ മൊഴി ചൊല്ലട്ടേ...’’

ചേക്കു ഹാജിന്റെ മാളികപ്പെരേല് അന്ന് തേങ്ങാച്ചോറും പോത്തിറച്ചിയും വെന്തു... പാത്തുവിനെ അറയിലേക്ക് തള്ളിയിട്ട് അടുക്കളക്കാരി കദീസു ഒരു പായയും തലയിണയുമായി വന്നു ചെവിയിൽ കേറി.

‘‘ഓൻ ഈ പായില് കെടന്നോളും ജ്ജ് പേടിച്ചണ്ട. ഓന്ക്ക് ഒന്നിനും കജ്ജൂലാല്ലോ.’’

പാത്തു ഒന്നു കുതറി കദീസുവിനെ ഒറ്റ തട്ട്.

‘‘ച്ച് പേടില്ല.’’

ആ വാക്കിന്റെ കട്ടിപ്പില് അടുക്കളക്കാരത്തി അടുക്കളേൽക്ക് തെറിച്ചു. കൈതോലപ്പായയിലേക്ക് ചുരുളാൻ കുനിഞ്ഞ കാദിരിനെ പാത്തു അത്തറു മണക്കുന്ന മാറിടംകൊണ്ടു പൊതിഞ്ഞു...

എന്നിട്ടും അയാളുടെ വൃഷ്ണം ഒരു ചത്ത അണ്ണാൻകുഞ്ഞു കണക്കെ തൂങ്ങിതന്നെ കിടന്നു. പാത്തു കാദിരിനെ നേർക്കുനേരെ പിടിച്ചിരുത്തി.

‘‘ങ്ങക്ക് ധൈര്യണ്ടോ നമ്മള് രണ്ടിലൊരാള് മരിച്ചു പിര്യോളം ഒപ്പം ജീവിച്ചാൻ.’’

കാദിര് അപ്പോഴും തല കുമ്പിട്ടു.

‘‘പാത്തോ ഞാൻ...’’

‘‘ങ്ങക്ക് ബിരോദല്ലച്ചാൽ ഞാനും ന്റെ കുട്ട്യോളും വെളുക്കുമ്പൊ ങ്ങളൊപ്പം ബരും.’’

മുസ്‍ല്യാരും കൂട്ടരും അന്ന് അവടെ തങ്ങിയോ അതോ പോയിട്ട് സുബ്ഹിക്ക് മുമ്പേ എത്തിയതായിരുന്നോ എന്നറിയില്ലായിരുന്നു.

സുബ്ഹി ബാങ്കു കൊടുത്തതും ആരോ വാതിലിൽ തട്ടി. ഉറക്കച്ചടവോടെ കാദിര് പിടഞ്ഞെണീറ്റു.

വാതിൽക്കലെത്തിയവര് കാദിരിനെ പൂമുഖത്തേക്ക് കൂട്ടി. പത്തിരിയും കോഴിക്കറിയും അടുക്കളയിൽനിന്ന് വരവറിയിച്ചു.മൊയ്ലേര് താടി ഉഴുഞ്ഞോണ്ട് കാദിരിന്റെ തോളത്തു തട്ടി.

 

‘‘ഉം ചൊല്ലിക്കോ’’

‘‘അൽത്വലാഖ്... അൽബത്ത!’’

ബാണം വിട്ടതുപോലെ പാത്തു അപ്പോഴേക്കും പൂമുഖത്തെത്തി. കാദിരിന്റെ ചിറി പൊത്തി.

‘‘അവടക്കീ.’’

എന്നിട്ട് കാരണവൻമാരുടെ നേർക്ക് തിരിഞ്ഞു. ‘‘ഓൻ ചൊല്ലൂല!’’

‘‘ങ്ങള് നടക്കീന്ന്...’’

പാത്തു കാദിരിനെ മുന്നോട്ടു തള്ളി. രണ്ടു മക്കളേം കയ്യിൽ തൂക്കി പുറപ്പെട്ടു.

‘‘ഞാം പോകാ ബാപ്പ ഞ്ഞി ങ്ങ്ട്ടോരു മടക്കണ്ടാവൂല’’

അൽബത്ത!

കാദിരിന്റെ ഓലക്കുടിലിലേക്ക് പാത്തുവും മക്കളും ബിസ്മി ചൊല്ലി കാലുകുത്തി. പെര്യേന്റെ പിന്നാമ്പുറത്തെ വാതിൽ തുറന്നതും ഒരു വൃശ്ചിക കാറ്റ് പാത്തുവിനെ തണുപ്പിച്ചു.

‘‘ങ്ങള് പേടിച്ചണ്ട അള്ളാന്റെ ഭൂമീലെ ഈ ഒരു പിടി മണ്ണീന്ന് ഞമ്മൾ തൊടങ്ങും പടച്ചോന്റെ വേണ്ടുകണ്ടെങ്കി ന്റെ ബാപ്പ കൊടപ്പാടൻ ചേക്കു ഹാജീനേക്കാൾ മൊതല്ണ്ടാക്കും ഞാൻ.’’

കഥയുടെ ക്ലൈമാക്സിൽ ഉമ്മമ്മ ഒന്നു നെടുവീർപ്പിട്ടു.

‘‘അക്കൊല്ലം രണ്ടു കാളവണ്ടി നെറച്ചും ഇഞ്ചിയാ ആ തൊടീന്ന് കയറ്റിപ്പോയത്.

ഇഞ്ചി വിറ്റ പണംകൊണ്ട് നൂറു പറ വിത്തിന്റെ കണ്ടം വാങ്ങി.

കാദിരിന്‍റൊപ്പം ഓള് കന്നുപൂട്ടി.വിത്ത് വെതച്ചു. കൊത്തിക്കിളച്ചു.

യുദ്ധകാലത്തിനു ശേഷമുണ്ടായ ക്ഷാമകാലത്തും പാത്തൂവിന്‍റെ പത്തായത്തിൽ നെല്ല് ബാക്കിയായി. ഇടങ്ങഴിക്ക് പൊന്നുംവില വാങ്ങി അളന്നു വിറ്റ് അന്നാട്ടിലെ തൊടീം പറമ്പും ഓരോന്നായി പാത്തു വാങ്ങിക്കൂട്ടി. മലയടിവാരോം പാടോം പറമ്പും എല്ലാം കൂടി നൂറേക്കറ് ഭൂമീന്റെ ഉടമസ്ഥായി ഓള്.’’

കഥ നിർത്തിയപ്പഴേക്കും ഉമ്മമ്മാന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിരുന്നു. ആയാസപ്പെട്ട് കട്ടിലിനു ചുവട്ടിലേക്കു കുനിഞ്ഞിട്ട് ഉമ്മമ്മ പഴയ കാൽപ്പെട്ടി തുറന്നു. ഒരു പഴയ നോട്ടുപുസ്തകം തപ്പിയെടുത്ത് എനിക്കു നീട്ടി.

‘‘ഇതിൽ ഉമ്മമ്മ കുറിച്ചിട്ട കുറേ പണ്ടത്തെ കാര്യങ്ങള്ണ്ട്. ചെലപ്പം അന്റെ വല്യേ പഠിപ്പിന് അണക്ക് വേണ്ട്യേരും.’’

അതും പറഞ്ഞിട്ട് ഉമ്മമ്മ കിടക്കയിലേക്കു ചാഞ്ഞു. ഞാൻ കളഞ്ഞു പോയ ഒരു കളിപ്പാട്ടം തിരിച്ചു കിട്ടിയ കുട്ടിയുടെ കൗതുകത്തോടെ ആ പഴയ താളുകൾ മണക്കാൻ തുടങ്ങി. അവസാന താളിലെത്തിയതും മുറുക്കിച്ചുവന്ന ഉമ്മമ്മയുടെ ചുണ്ടുകളിൽ നിർവൃതിയുടെ ഒരു പുഞ്ചിരി നിശ്ചലമാവുന്നത് ഞാൻ കണ്ടു.

‘‘ഉമ്മമ്മാ...’’

ഞാൻ പിന്നെയും പിന്നെയും കുലുക്കിവിളിച്ചു നോക്കി.

‘‘അൽബത്ത.’’

------------

അൽബത്ത: അന്തിമമായി, പാടെ, തീരേ, തിരിച്ചുവരവില്ലാത്തവിധം

മസ്അല: തത്ത്വം

ആയത്ത്: ഖുർആൻ വചനം

മയ്യിത്ത്: മൃതശരീരം

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-27 05:45 GMT
access_time 2026-07-20 05:45 GMT
access_time 2026-07-20 05:15 GMT
access_time 2026-07-20 04:30 GMT
access_time 2026-07-13 04:30 GMT
access_time 2026-07-06 05:30 GMT
access_time 2026-07-06 04:30 GMT
access_time 2026-07-06 02:45 GMT
access_time 2026-06-29 03:00 GMT
access_time 2026-06-29 02:30 GMT