നിശബ്ദത മാത്രം

1. സഹയാത്രികർ ഭൂമിയിലെ മുഴുവൻ നിശ്ശബ്ദതയുടെയും നൂലിൽ തൂങ്ങിയാണ് പരസ്പരമറിയാതെ ഒരു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഞങ്ങൾ യാത്ര തുടങ്ങിയത്. ഒരുപക്ഷേ, ഈ ഭൂമിയിലെ കാറ്റ്... കടൽ... ആകാശം... എല്ലാവരും ഞങ്ങളെ വിളിച്ചിരിക്കുമോ? ബസിൽ തിരക്കില്ല. ഞങ്ങൾ മൂന്ന് യാത്രക്കാരേയുള്ളൂ! പിന്നെ ഡ്രൈവറും. എഴുപതുകാരി സിസ്റ്റർ ജോഷ്ണ, എഴുപത്തിരണ്ടുകാരൻ ഫാദർ അലക്സ്, പിന്നെ ഈ ഞാൻ ജാസ്മിൻ. ഞങ്ങൾ തമ്മിൽ മുൻപരിചയമൊന്നുമില്ല. എന്നാൽ നിത്യ പരിചയമുള്ളവരെപ്പോലെയാണ് യാത്ര... ചിലപ്പോൾ ജീവിതമിങ്ങനെയാണ്. ഒരു വ്യക്തതയുമില്ലാതെ മുന്നോട്ടുപോകുമ്പോഴാണ് ചില ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ ഉണ്ടാകുന്നത്. ഞാനും സിസ്റ്റർ ജോഷ്ണയും ഫാദർ...

1. സഹയാത്രികർ

ഭൂമിയിലെ മുഴുവൻ നിശ്ശബ്ദതയുടെയും നൂലിൽ തൂങ്ങിയാണ് പരസ്പരമറിയാതെ ഒരു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഞങ്ങൾ യാത്ര തുടങ്ങിയത്.

ഒരുപക്ഷേ, ഈ ഭൂമിയിലെ

കാറ്റ്...

കടൽ...

ആകാശം...

എല്ലാവരും ഞങ്ങളെ വിളിച്ചിരിക്കുമോ?

ബസിൽ തിരക്കില്ല. ഞങ്ങൾ മൂന്ന് യാത്രക്കാരേയുള്ളൂ! പിന്നെ ഡ്രൈവറും. എഴുപതുകാരി സിസ്റ്റർ ജോഷ്ണ, എഴുപത്തിരണ്ടുകാരൻ ഫാദർ അലക്സ്, പിന്നെ ഈ ഞാൻ ജാസ്മിൻ. ഞങ്ങൾ തമ്മിൽ മുൻപരിചയമൊന്നുമില്ല. എന്നാൽ നിത്യ പരിചയമുള്ളവരെപ്പോലെയാണ് യാത്ര...

ചിലപ്പോൾ ജീവിതമിങ്ങനെയാണ്. ഒരു വ്യക്തതയുമില്ലാതെ മുന്നോട്ടുപോകുമ്പോഴാണ് ചില ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ ഉണ്ടാകുന്നത്. ഞാനും സിസ്റ്റർ ജോഷ്ണയും ഫാദർ അലക്സും തമ്മിൽ ഈ യാത്രയിലാണ് ഏതോ നിയോഗംപോലെ പരിചയപ്പെട്ടത്. കളിതമാശകൾ പറഞ്ഞാണ് ഞങ്ങളുടെ യാത്ര...

ജീവിതത്തിൽ ഇത്ര വലിയ സന്തോഷം ഞാനിതുവരെ അനുഭവിച്ചിട്ടില്ല.

ഞാനോർത്തു. എത്ര പെട്ടെന്നാണ് ഒരു പരിചയമില്ലാത്ത മനുഷ്യർ പരസ്പരം അടുക്കുന്നത്?

ഫാദർ അലക്സി​ന്റെ മുഖം വിശുദ്ധ യൗസേപ്പിതാവി​ന്റെ പോലെയും സിസ്റ്റർ ജോഷ്ണയുടേത്, കന്യകാ മേരിയുടേതുപോലെയുമിരുന്നു.

അപ്പോഴേക്കും, ജോഷ്ണാമ്മ എന്നെ അത്ഭുതപ്പെടുത്തിക്കൊ ണ്ടൊരു കാര്യം പറഞ്ഞു: ‘‘കൊച്ചേ... നീ നമ്മുടെ കൊച്ചു ത്രേസ്യാ പുണ്യവതിയെപ്പോലിരിക്കുന്നു.’’

അയ്യോ... ഞാൻ ആശ്ചര്യവതിയായി. എ​ന്റെ മുഖം വല്ലാതങ്ങു തുടുത്തു. ‘‘അതേയോ?’’

ഞാൻ പുണ്യവതി!

എന്നാലിക്കാര്യമൊന്നു കൊഴുപ്പിച്ചേക്കാമെന്നു തീരുമാനിച്ചു.

‘‘എങ്കി നിങ്ങൾക്ക് പ്രാർഥിക്കാനും നേർച്ചയർപ്പിക്കാനും ഇനി ആ പുണ്യവതിയുടെ അടുത്തേക്ക് പോകേണ്ടിവരില്ലല്ലോ. പകരം എന്റടുത്തേക്ക് വന്നാൽ മതീല്ലോ?’’

അതുകേട്ടതോടെ ഡ്രൈവർ എന്നെ കാണാൻ പിറകോട്ടു തിരിഞ്ഞുനോക്കി. അയാൾ, അതിനകം എന്നെ പുണ്യവതിയാക്കി രൂപക്കൂട്ടിലിരുത്തിയോ എന്ന് എനിക്ക് സംശയം തോന്നി.

അതു കണ്ടയുടനെ ഞാൻ പറഞ്ഞു: ‘‘എന്റ ചേട്ടാ... നേരേ നോക്കി വണ്ടിയോടിക്ക്... ഞങ്ങൾ മൂവരും മെഡിക്കൽ കോളേജാശുപത്രിയിൽ അഡ്മിറ്റാകാൻ പോകയാണ്. ചേട്ട​ന്റെ ശ്രദ്ധ തെറ്റി ചേട്ടനും കൂടിയവിടെ അഡ്മിറ്റാകേണ്ട വല്ല കാര്യവുമുണ്ടോ?’’

എ​ന്റെ തമാശ കേട്ട് ഫാദർ അലക്സും സിസ്റ്റർ ജോഷ്ണയും ചിരിച്ചു.

ബസ് ഹെയർപിൻ ഇറക്കം ഇറങ്ങുമ്പോൾ മലയോരക്കാറ്റ് എ​ന്റെ കണ്ണിനുമേൽ ഒരു പാതിമയക്കത്തി​ന്റെ പുതപ്പു വിരിച്ചു.

ഞാനപ്പോഴേക്കും ജോഷ്ണാമ്മച്ചിയുടെ തോളിലേക്കും പിന്നെ മാറിലേക്കും ചാഞ്ഞു.

ആ മയക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു. ജോഷ്ണാമ്മച്ചിക്ക് ചെറുപ്പം. മുഖം മാതാവി​ന്റെപോലെ. ഞാനാകട്ടെ ഉണ്ണീശോയെപ്പോലെ.

ജോഷ്ണാമ്മച്ചി ചുണ്ടുകളിലേക്ക് ​െവച്ച് തന്ന മുലപ്പാലി​ന്റെ രുചിയും ഗന്ധവും ഞാനവരിൽനിന്ന് വേണ്ടുവോളം ആസ്വദിച്ചു.

2. കർതൃമണവാട്ടി

എന്നെ പരിചയപ്പെടുത്തിയില്ലല്ലോ? ഞാൻ സിസ്റ്റർ ജാസ്മിൻ. 32 വയസ്സ്. അസിസ്റ്റന്റ് പ്രഫസർ. കർത്താവി​ന്റെ മണവാട്ടിയെന്നാണ് കോളജിലെ ആമ്പിള്ളേര് ഞാൻ കേൾക്കാതെ എന്നെ വിളിക്കുന്നത്.

അവർക്ക് കർത്താവിനോട് അസൂയയുണ്ട്. അവർ ഒച്ചതാഴ്ത്തിപ്പറയും: ‘‘കർത്താവെന്തൊരു ഭാഗ്യവാനാ. എത്ര ആത്മീയ മണവാട്ടികളാ പുള്ളിക്ക്.’’

അവരുള്ളീ ചിന്തിക്കണതൊക്കെ എനിക്ക് പിടികിട്ടും. ഞാൻ അവരോട് പറഞ്ഞു:

‘‘എ​ന്റെ പുറകെ നടന്നൊലിപ്പിക്കാതെ പോയി ക്ലാസീക്കേറടാ മക്കളെ...’’

ഞാൻ പഠിപ്പിക്കാനായി ക്ലാസ് മുറിയിലേക്കു വന്നു. വല്ലാത്തൊരവസ്ഥ. നിശ്ശബ്ദതയായിരുന്നു ക്ലാസ് റൂമിൽ. ആദ്യവരിയിലെ ഇരിപ്പിടങ്ങളിൽ മുഴുവൻ ആൺകുട്ടികൾ! അവർക്കെല്ലാം കർത്താവി​ന്റെ മുഖം! കർത്താവി​ന്റെ വേഷം! തലയിൽ മുൾമുടി! കൈയിൽ ഞാങ്ങണയുടെ ചെങ്കോൽ! പിൻനിരയിൽ കന്യാസ്ത്രീ വേഷമണിഞ്ഞ പെൺകുട്ടികൾ! അവരുടെ കൈയിൽ കർത്താവി​ന്റെ മുഖത്തെ രക്തവും വിയർപ്പുമൊപ്പിയ തൂവാലകൾ! നിറയെ വെറോണിക്കമാർ. നടുങ്ങിപ്പോയി. ഇൗശോയേ! വിഭ്രമക്കാഴ്ചകൾ...

ഭീതിയാർന്ന കരച്ചിലോടെ ക്ലാസ് മുറിയിൽനിന്നും പുറത്തേക്കോടി. കുട്ടികളുടെ പിറുപിറുപ്പുകൾ കേട്ടു: ‘‘ജാസ്മിൻ മിസിനു ഭ്രാന്തിളകി.’’

പടിഞ്ഞാറുനിന്നും നേർത്ത കാറ്റുവന്നു തൊട്ടു. മനസ്സിനും ശരീരത്തിനും പതുക്കെ നേർമ വന്നു. എങ്കിലും ഉള്ളിൽ വല്ലാത്ത പെടപെടപ്പും പിടച്ചിലുമാണ്.

ഓർമകൾ നിഴലുകളാണ്. അവ പിന്നാലെയുണ്ട്. ഞാനെ​ന്റെ പഴയ കാലമോർത്തു പോയി...

അനാഥാലയത്തിൽനിന്ന് പഠിക്കുമ്പോൾ എല്ലാ വിഷയത്തിനും ഏറ്റവും കൂടുതൽ മാർക്കു വാങ്ങി, ദൈവവിളിയെയും ഒക്കത്തെടുത്തു​െവച്ച് മഠത്തി​ന്റെ അതിവിശുദ്ധമായ നാലതിരിനുള്ളിൽ ഭക്തിയോടെ, അനുസരണയോടെ ജീവിച്ചു. എങ്കിലും നിത്യപറഞ്ഞൊപ്പിനാൽ സമാധാനത്തി​ന്റെ ഒലിവില തിന്ന് വളർന്നപ്പോഴൊക്കെ ഒരേയൊരു ചോദ്യമലട്ടിക്കൊണ്ടിരുന്നു.

എ​ന്റെ ജന്മരഹസ്യമെന്ത്? അതി​ന്റെ അർഥം കണ്ടെത്താനുള്ള ഉത്തരത്തിനായി കന്യകാമഠത്തിലെ വിശുദ്ധരൂപങ്ങളോട് ചോദിച്ചിട്ടുണ്ട്,

‘‘എ​ന്റെ അപ്പനുമമ്മയുമാര്?’’

ചിലർ പറഞ്ഞു.

‘‘പിതാവ്’’

‘‘പുത്രൻ’’

‘‘പരിശുദ്ധാത്മാവ്’’

‘‘കന്യകാ മാതാവ്’’

അതു കേട്ടതോടെ ഭ്രാന്തായി.

ആ ഉത്തരമൊന്നും മതിയായില്ല. ഞാൻ കാണാത്ത, ഞാനിതുവരെ തൊട്ടിട്ടില്ലാത്ത, അവരൊന്നുമല്ല എ​ന്റെ അപ്പനുമമ്മയും.

ജന്മരഹസ്യമറിയാനായി പിന്നെയും ഒത്തിരിയലഞ്ഞു. ഒരുതരം ഭ്രാന്തും അലച്ചിലും ഓട്ടവുമായിരുന്നു. പി​െന്നയെന്നെ ആകെ നിയന്ത്രിച്ചത്, പള്ളിമണികളുടെ നാദമായിരുന്നു...

സ്വസ്ഥത പടർത്തിയ കുന്തിരിക്കപ്പുകയുടെ സുഗന്ധമായിരുന്നു... പള്ളി ക്വയറി​ന്റെ അഭൗമ സംഗീതത്തിൽ സർവശമനത്തിനുമായി സ്വയം മുങ്ങിയമർന്നു കിടന്നു കുറേക്കാലം. തൽക്കാലം അന്വേഷണം ചുരുങ്ങി. പൊതുവെ കന്യാസ്ത്രീകൾക്ക് പുറംലോകവുമായുള്ള ജീവിതബന്ധത്തിന് ലിമിറ്റേഷനുണ്ടല്ലോ?

ഞാൻ ആരെന്ന ചോദ്യത്തിനു കൃത്യം മറുപടി പറയാതെ, എല്ലാവരുമെ​ന്റെ നേർക്ക് നിശ്ശബ്ദമായി മുഖം കുനിച്ചു. അപ്പോഴൊക്കെ ഞാൻ സംയമനം പാലിച്ചു. പിന്നെ മനസ്സിനോട് പറഞ്ഞു: ‘‘എന്തിനാ ഇങ്ങനെ ജന്മത്തി​ന്റെ വേരും കായും പൂവുമൊക്കെ നീ അന്വേഷിക്കുന്നത്?’’

നമ്മൾ ആഗ്രഹിച്ചി​െല്ലങ്കിൽ കൂടി ചിലത് നമ്മുടെ പിന്നാലെ കൂടും. അതു മതി. അത്രതന്നെ. എ​ന്റെ വിഭ്രമാവസ്ഥകളുടെ ശമനത്തിനുവേണ്ടി, ഞാൻ മഠത്തി​ന്റെ പൂവാടിയിൽ ചിത്രശലഭങ്ങൾക്കൊപ്പം കാറ്റി​ന്റെ ചിറകിൽ മയിലിനെപ്പോലെ നൃത്തം​െവച്ചു... ഗ്രിഗോറിയൻ സംഗീതമായിരുന്നു അപ്പോൾ മുഴുവനുമെ​ന്റെ കാതിൽ. എനിക്കാശ്വാസമായി. ഞാനൊരു തീരുമാനമെടുത്തു.

എ​ന്റെ ജന്മരഹസ്യം ഇനി എനിക്കറിയണ്ട. അല്ലാ അറിഞ്ഞിട്ടെന്തിനാ..? പള്ളിയൾത്താരയിലോ മഠത്തിലോ ചില്ലിട്ട് തൂക്കാനോ? അങ്ങനെയൊക്കെ മനസ്സിൽ പറഞ്ഞെങ്കിലും എ​ന്റെ നിഴലെന്നെ പറഞ്ഞ് തിരുത്തി.

‘‘അതൊന്നും പോരാ ജാസ്മിൻ... എന്നായാലും നീയാ ജന്മരഹസ്യം കണ്ടുപിടിക്കണം.’’

ഞാനും വിട്ടുകൊടുക്കാൻ പോയില്ല. എ​ന്റെ നിഴലിനോട് പറഞ്ഞു: ‘‘വേണ്ടെന്നു വെച്ചെങ്കിലും ഞാനത് കണ്ടുപിടിക്കാൻ പറ്റുമോയെന്നു നോക്കട്ടെ.’’

അങ്ങനെ പറഞ്ഞുവെങ്കിലും അൾത്താരയിൽ വാടിയ പൂക്കൾ മാറ്റിവെക്കേണ്ട സമയമായതിനാൽ വേഗം പൂപറിച്ച് പൂപ്പാത്രത്തിൽ വെക്കാനൊരുങ്ങുമ്പോൾ കണ്ണുകൾ ക്രൂശിതരൂപത്തിൽ പതിഞ്ഞു.

മരിച്ചെങ്കിലും കണ്ണു തുറന്ന് കർത്താവ് എന്നെ സഹതാപത്താൽ ദയനീയമായി നോക്കുന്നു. അണമുറിയുന്ന സ്നേഹം എന്നിലേക്ക്... എ​ന്റെ കണ്ണുകൾ അറിയാതെ നനഞ്ഞു.

ലോകം എന്നെ അനാഥയാക്കിയെങ്കിലും കർത്താവെ​ന്റെ ജീവനെ കാത്തല്ലോ? ആ നിമിഷം കർത്താവിന് ഞാനൊരു നന്ദിഗീതം പാടി...

‘‘യേശുവേ നിൻ മുമ്പിലിതാ

കുമ്പിടുന്നു ഞാൻ...

എൻ നന്ദിയേകുന്നു...

ചോരയിൽ നീ മുങ്ങുമ്പോഴും

എന്നെയോർത്തല്ലോ...

എൻജീവൻ കാത്തല്ലോ?’’

പാട്ട് എന്റേതല്ലട്ടോ. തദേവൂസച്ചനെഴുതീതാ...

നിരന്തരം ഞാൻ പാടുന്ന ഈ പാട്ട് കേട്ട് , കുഞ്ഞുങ്ങൾ ഉറക്കത്തിൽ പുഞ്ചിരിക്കുംപോലെ കർത്താവ് എ​ന്റെ പാട്ടും നന്ദീം വേണ്ടുവോളം കുടിച്ച് കുരിശിൽ ശാന്തമായുറങ്ങി. മതി. ഞാനെന്നോടും ലോകത്തോടുമൊരു കാര്യം പറഞ്ഞു.

‘‘എ​ന്റെ കർത്താവെന്നോടൊപ്പമുണ്ട് കെട്ടോ... നാളെയൊരു മഹാത്ഭുതം എ​െന്റ ജീവിതത്തീ നടക്കും.’’

 

3. ജോഷ്ണാമ്മ സംസാരിക്കുന്നു: കുഞ്ഞു മാലാഖയുടെ വരവ്

മലഞ്ചെരുവിലെ തണുത്ത കാറ്റ് എന്നോട് മന്ത്രിച്ചു. ‘‘സിസ്റ്റർ ജോഷ്ണേ, ജാസ്മിനെയുണർത്തണ്ട. അവൾ നി​ന്റെ മുലപ്പാൽ വേണ്ടത്ര കുടിച്ചോട്ടെ.’’

ആ വാക്കുകൾ മധുരമായി അനുഭവിച്ച് ഞാൻ ജോഷ്ണ, യാത്ര തുടർന്നു... ഒപ്പം ഓർമകളിലേക്ക്...

ചാച്ചൻ മരിക്കുമ്പോൾ എനിക്ക് പതിനാറ് വയസ്സ്. എ​ന്റെ ശരീര മുഴുപ്പും വളർച്ചയും കണ്ട് അമ്മച്ചിയെപ്പോഴും ഭയന്നു. എന്നെയോർത്തുള്ള ആധി കാരണം പാവം അമ്മച്ചിക്ക് ബി.പി കൂടിക്കൊണ്ടിരുന്നു. ശ്വാസംമുട്ടൽക്കാരിയായിരുന്നുവെങ്കിലും അമ്മച്ചിയെ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും. നാടൻപെണ്ണി​ന്റെ എല്ലാ ശരീരനിറവും വേണ്ടുവോളമുണ്ട്. ചാച്ചൻ മരിച്ചശേഷം വീട്ടുകാര്യം നോക്കാനെന്നവണ്ണം ചാച്ച​ന്റെ അനിയൻ കൂടക്കൂടെ വീട്ടിൽ വരുമായിരുന്നു. ഒരു മൊരടൻ. എല്ലാവരും എളേപ്പൻ പറയണത് കേട്ടോണം; അനുസരിച്ചോണം. വീട്ടിലെ എല്ലാ അധികാരവും അയാൾക്കായിരുന്നു. അമ്മച്ചിക്ക് അയാൾ വീട്ടിൽ വരുന്നതേയിഷ്ടമല്ല. ഒരുദിവസം ട്യൂഷൻ കഴിഞ്ഞ് ഞാൻ വീട്ടിൽ വരുമ്പോൾ സന്ധ്യയായിരുന്നു. ഉമ്മറത്തെ ലൈറ്റുപോലും ഇട്ടിട്ടില്ല.

അകത്ത് ഒരു കരച്ചിൽ... അതമ്മച്ചിയുടേതായിരുന്നു. കരച്ചിൽ കേട്ട് ഞാൻ കിടപ്പുമുറിയിലേക്ക് ഓടിച്ചെന്നെങ്കിലും എളേപ്പൻ മുറി അകത്തുനിന്നും പൂട്ടിയിരുന്നു. ഇരയുടെ കരച്ചിലാണ്, ലോകത്തിലെ ഏറ്റവും വലിയ കരച്ചിലെന്ന് അന്നു ഞാൻ മനസ്സിലാക്കി. എന്തുചെയ്യാം, നിസ്സഹായയായി അവിടത്തന്നെ പേടിച്ച് നിൽക്കാനേ എനിക്കു കഴിഞ്ഞുള്ളൂ... അയാളെ എതിർക്കാനുള്ള ധൈര്യമെനിക്കില്ല. ഒട്ടുമിക്ക പെണ്ണുങ്ങളും ഇത്തരം അവസ്ഥയിൽ അങ്ങനെയാണ്.

അയാളെ ഞാനെന്തു ചെയ്യാൻ..? അപ്പോഴേക്കും കാര്യം കഴിഞ്ഞ് അമ്മയുടെ അടുക്കൽനിന്നും കൈലിമുണ്ടും വാരിച്ചുറ്റി എളേപ്പൻ എ​ന്റെയടുത്തേക്കു വന്നു. ഞാനാ മുഖത്തേക്കു നോക്കി. തനിയൊരു കാട്ടുമൃഗം! അയാൾ ഒരു വെടലച്ചിരിയോടെ എന്നെ നോക്കുന്നതു കണ്ടപ്പോൾ അറപ്പു തോന്നി. അയാൾ വന്നു കാതിൽ പറഞ്ഞു: ‘‘നീയും മുറ്റിയിട്ടുണ്ടല്ലോടീ നിന്റമ്മയെപ്പോലെ...’’

ആ രാത്രി അമ്മച്ചി ഉറങ്ങിയില്ല. ഇരുന്നു നേരം വെളുപ്പിച്ചു. ഒരക്ഷരം ഉരിയാടിയില്ല. ഞങ്ങളുടെ വീട്, നിശ്ശബ്ദതയിൽ പുതഞ്ഞു മൂടിക്കിടന്നു. നേരം വെളുക്കാൻ നാഴികകളുള്ളപ്പോൾ അമ്മച്ചി, എ​ന്റെ എല്ലാ ഉടുപ്പുകളും പുസ്തകവും മറ്റത്യാവശ്യ സാധനങ്ങളും ഒരു ബാഗിൽ നിറച്ചു. പിന്നെയെനിക്കുടുക്കുവാൻ ഒരു വസ്ത്രം തന്നിട്ടു പറഞ്ഞു: ‘‘ഇനി നീ അമ്മച്ചിയോടൊത്തായിരിക്കില്ല താമസം. മറുത്തൊന്നും പറയരുത്...’’ മറുത്തൊന്നും പറഞ്ഞില്ല. അമ്മച്ചിക്ക് പിന്നാലെ നടന്നു.

റബ്ബർക്കാട്ടിലന്ന് എനിക്കു പ്രിയപ്പെട്ട മിന്നാമിനുങ്ങുകളുടെ വെട്ടമൊന്നും മിനുങ്ങിയില്ല. ചീവീട് കരഞ്ഞുമില്ല. ഒരു ഒച്ചുപോലും അനങ്ങാതെയുമിഴയാതെയും കരിയിലകളിൽ തന്നെ പതുങ്ങിയിരുന്നു. പ്രകൃതിക്കുപോലും എളേപ്പനെ ഭയമായിരുന്നു. നേരം വെളുത്തപ്പോൾ ഞങ്ങളൊരു മഠത്തി​ന്റെ ഇരുമ്പ് ഗേറ്റു തുറന്ന് അകത്തെത്തിയിരുന്നു. കാക്കകൾ തലങ്ങും വിലങ്ങും പറക്കുംപോലെ, എവിടെയും മൗനത്തി​ന്റെ തിരുവസ്ത്രമണിഞ്ഞ കന്യാസ്ത്രീകൾ!

അതൊരു മിണ്ടാമഠമായിരുന്നു. അവിടെ തുടങ്ങി എ​ന്റെ ബാക്കി ജീവിതം... അമ്മച്ചിയെ ഞാൻ പിന്നെ കണ്ടിട്ടില്ല. വീടും പരിസരവും മാഞ്ഞുമാഞ്ഞില്ലാതായി. അമ്മച്ചിയെന്ന നിശ്ശബ്ദമായ കാറ്റ്, എന്നെയുപേക്ഷിച്ചെങ്ങോ ദൂരേക്ക് പോയപോലെ...

ഭാഷയില്ലാത്ത, സ്വരമില്ലാത്ത മഠം... ഞെരിഞ്ഞലിൽ ചവിട്ടി നടക്കുംപോലായിരുന്നു അവിടെയുള്ള ജീവിതം. കർത്താവും കർത്താവി​ന്റെ മണവാട്ടികളും മാത്രമുള്ള ലോകം! എല്ലാ മണവാട്ടിമാരും രക്ഷകനായ അവരുടെ പ്രണയമണവാളനുവേണ്ടി മഠത്തിലിരുന്നു പ്രാർഥിച്ചു.

കാലം ഒരു കർക്കടക രാത്രിയിലെത്തി. വികാരങ്ങൾ തുന്നിക്കൂട്ടിയ പെൺജീവിതങ്ങൾ മഠത്തിലെ മുറികളിൽ എന്തിനോ വേണ്ടി ദാഹാർത്തമായി നടന്നു. മഴയുടെ രാപ്പാട്ടു കേട്ടിട്ടും ആർക്കും ഉറങ്ങാനാകുന്നില്ലായിരുന്നു. ദൂരെനിന്നും ഏതോ പ്രണയിനി അവളുടെ പ്രിയനെ വിളിച്ചു കേഴുന്നൊരു ഗാനം മഠത്തിനുള്ളിലെ തണുപ്പിലേക്കിറങ്ങി വന്നു... ആ ഗാനത്തിലലിഞ്ഞ് ഞാനിരുന്നു. ഞാനിതുവരെ കണ്ടിട്ടില്ലാത്ത പ്രിയ​ന്റെ വരവിനായി, അദൃശ്യ ലോകത്തേക്കൊരു കുറിമാനമയച്ചു ഭാവനയിൽ. അതിതായിരുന്നു. പ്രിയനെ, നീയൊന്നു വന്നുവെങ്കിൽ...

അവനെക്കുറിച്ച് ഇതുവരെ കടലാസിലെഴുതാത്ത വരികൾ ഹൃദയത്തിൽ പാടി...

‘‘ഓ... പ്രിയനേ

നീയുറങ്ങിയോ?

പ്രണയക്കനലെരിയുമെൻ

മാറിൽ...

നിൻ ചുണ്ടുകൾ പൂട്ടുവാൻ...

മൂറിൻ പരിമളം പൂശുവാൻ...

പ്രിയനേ വരൂ...

നീയുറങ്ങിയോ..?

കാട്ടുമുല്ലകൾ വിശറി വീശുമെൻ മടിയിൽ...

രാവുറങ്ങാൻ...

പ്രിയനേ വരൂ...

നീയുറങ്ങിയോ..?

പ്രണയം പൂക്കുമീ

ഉടലിലൊന്നു ചായുവാൻ...

പ്രിയനേ വരൂ...

നീയുറങ്ങിയോ..?’’

അവൻ കേട്ടില്ലേ?

അവനീ പാട്ടു കേട്ടാൽ വരാതിരിക്കുമോ?

അത്ഭുതം! തുറന്നിട്ട വാതിലിലൂടെ കാറ്റായവൻ വന്നു. എ​ന്റെ പ്രിയൻ, എ​ന്റെ മാറിടത്തി​ന്റെ താഴ്‌വാരങ്ങളിൽ കുസൃതി കാട്ടുന്ന ചെമ്മരിയാട്ടിൻകുട്ടിയായി വന്ന് തുള്ളിക്കളിച്ചു. അവനുവേണ്ടി എന്നിൽ​നിന്നുമൂറും തേനും തൈല നദിയായൊഴുകി... ചിത്രശലഭങ്ങളുടെ മൃദുസ്പർശമായി, മേനിയിലവൻ പാറി നടന്നു... ഞാൻ, അതിപ്രേമ പരവശയാകയാൽ എന്നിലേക്കവൻ ലഹരിയായി പതഞ്ഞൊഴുകി...

ആ ഒരേയൊരു രാത്രി മാത്രമാണവൻ വന്നത്. അവനെ​ന്റെ കർത്താവായിരുന്നുവോ? അതോ സ്ത്രീയുടെ ശരീരം കാമിച്ച ദേവദൂതനോ? മൂറും കുന്തിരിക്കവും അകിലും പുകച്ച് പിന്നെയും ഞാൻ കാത്തിരുന്നു. അവൻ പക്ഷേ, എ​ന്റെ പ്രിയൻ, കാറ്റായും പ്രണയം പതഞ്ഞ തിരയായും വന്നില്ല. എ​ന്റെ ദിനരാത്രങ്ങൾ ഇരുട്ടിലേക്കാണ്ടു പോയി. ഞാനവ​ന്റെ മുഖം കാണാൻ കൊളുത്തി​െവച്ച മെഴുതിരികളെല്ലാം കെട്ടുപോയി. ഒരു കുഞ്ഞു മാലാഖയെ​ന്റെ ഉദരത്തിൽ പെട്ടുപോയതു ഞാനറിഞ്ഞു. അവൾ പിഞ്ചുവിരലുകൾകൊണ്ട്, ഉദരത്തി​ന്റെ ഉൾഭിത്തി നിറയെ സ്വർഗീയ ചിത്രങ്ങൾ വരച്ചു.

അവൾ വരച്ച ചിത്രങ്ങൾ സ്വപ്നത്തിൻ പൂക്കളായി വിടർന്നു.അവയുടെ പരിമളം എന്നെ പൊതിഞ്ഞു. ആ പരിമളം അവന്റേതായിരുന്നു. എ​ന്റെയുള്ളിൽനിന്നു പുറത്തു വരാൻ ആ കുഞ്ഞു മാലാഖ ചിറകു കുടഞ്ഞു. ഞാൻ ഗബ്രിയേൽ ദൂതനോട് ചോദിച്ചു: ‘‘ഈ കുഞ്ഞു മാലാഖയെ ഉദരത്തിലാക്കിയതാര്... പരിശുദ്ധാത്മാവോ... അതോ?’’

ഗബ്രിയേൽ ദൂതന് ഉത്തരമില്ലായില്ലായിരുന്നു. ദൂതൻ എ​ന്റെ ചോദ്യത്തിനു മറുപടി തരാതെ എവിടേക്കോ പോയ് മറഞ്ഞു.

ദൂരെനിന്നും ഒഴുകിയെത്തുന്ന പ്രിയനെക്കുറിച്ചുള്ള ആ പ്രണയഗാനം, ആരും കേൾക്കാത്ത സ്വരത്തിൽ മഠത്തിലിരുന്ന് ഞാനെത്ര വട്ടം പാടിയെങ്കിലും എ​ന്റെ പ്രിയൻ വന്നേയില്ല.

അതൊരു സ്വപ്നം മാത്രമായി അവശേഷിച്ചു. എ​ന്റെ ഭ്രാന്തമായ തോന്നലുകൾ മരണച്ചതുപ്പിലേക്ക് ആണ്ടുപോകുകയായി രുന്നുവോ? ഒരിക്കലും അതു യാഥാർഥ്യമല്ലായിരുന്നുവോ?

ഞാനെന്നും മനസ്സിനോട് മല്ലടിച്ച് കുഴപ്പത്തിലായിരുന്നു. ഭ്രാന്തി​ന്റെ ചിറകുകളണിഞ്ഞ് ഞാൻ മഠത്തിനു ചുറ്റും അവനെത്തേടിയലഞ്ഞു; മതിലുകൾക്കപ്പുറത്തേക്കു പറന്നെങ്കിലും മഠത്തിനുള്ളിലെ കറുത്ത കൈ എ​ന്റെ ഉടുപ്പിൽ പിടുത്തമിട്ടിരുന്നു.

സ്വപ്നമോ യാഥാർഥ്യമോ എന്നറിയില്ല. പക്ഷേ രാത്രി, ഞാൻ ശരിക്കും കണ്ടതാണ്. ആ പിഞ്ചുമാലാഖ ചിറകൊതുക്കി എന്നോടു ചേർന്നുകിടക്കുന്നത്. ആ തളിരിളം മേനിയുടെ ചൂട് ഞാൻ അറിഞ്ഞു. ആ കുഞ്ഞു മാലാഖയുടെ നിലവിളി, രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ചതും ഞാൻ കേട്ടു. എ​ന്റെ ദൈവമേ... ഞാൻ കണ്ണൊന്ന് ചിമ്മിത്തുറക്കവേ എ​ന്റെ കുഞ്ഞുമാലാഖയെ കാണാതായി.

ചിറകു വിടർത്തി, വിദൂരമായ ആകാശത്തിലേക്കവൾ പറന്നു പോയോ..? എല്ലാമെ​ന്റെ തോന്നലുകളായിരുന്നുവോ? സത്യവും മിഥ്യയും തിരിച്ചറിയാനാകാതെ ഞാൻ കുഴഞ്ഞു. ഉദരഭാരമൊഴിഞ്ഞ്, ഞാനൊരു വെള്ളിമേഘം കണക്കെ ഉയരങ്ങളിലേക്ക് പാറിപ്പോകുമ്പോലെ.

രാത്രി അതി​ന്റെ കറുത്ത പുതപ്പ് എന്റെ മേലേക്ക് വലിച്ചിട്ടു. മഠത്തിലെ മൗനമെന്നെ പൊതിഞ്ഞു. പിന്നപ്പിന്നെ പ്രിയനെക്കുറിച്ചുള്ള ആർദ്രഗാനം കേൾക്കാതായി. എ​ന്റെ കാതടഞ്ഞുപോയി. ഞാൻ ഏകാന്തതയിൽ, മനോവിഭ്രമങ്ങളിലേക്കു വഴുതിവീണു.

എ​ന്റെ തലക്കുമീതെ ഉത്തമഗീതത്തിലെ പ്രണയാർദ്രമായ വരികൾ ദേശാടനപക്ഷികളായി വന്നു. പിന്നെയെങ്ങോ പറന്നുപോയി. ആ പക്ഷികൾ, ബൈബിളിലേക്കു പിന്നെ മടങ്ങിവന്നില്ല. ബൈബിളിന്റെ താളുകൾ ശൂന്യമായി.

എ​ന്റെ പ്രിയനെ,

കണ്ണുനീർകൊണ്ടു ഞാൻ

നി​ന്റെ പാദങ്ങൾ കഴുകട്ടെ.

ഞാനതിൽ ചുംബിച്ചോട്ടെ?

ഭൂതകാല ഓർമകളിൽ അടയിരിക്കുന്ന കന്യാസ്ത്രീകളുടെ, വിലാപങ്ങളുടെ പക്ഷിയായി ഞാൻ മാറിയോ മിണ്ടാമഠത്തിൽ?

‘‘ഹൊയെ​ന്റെ ദൈവമേ...

ഞാനെ​ന്റെ ബൈബിളെന്തിനാ കത്തിച്ചത്?’’

അതോ ഇതൊക്കെയെ​ന്റെ ഭ്രാന്തമായ വെറും തോന്നലുകളോ?

 

4. ഫാ. അലക്സി​ന്റെ ധർമസങ്കടങ്ങൾ: ആ മനുഷ്യൻ നീ തന്നെ.

എ​ന്റെ പള്ളിമേട. നാഥാൻ പ്രവാചകനും ഞാനെന്ന അലക്സും മുഖാമുഖം ഇരിക്കുകയായിരുന്നു. പ്രവാചകൻ എന്നോട് പഴയൊരു കഥ പറയുകയായിരുന്നു. ബൈബിളിൽ, പണ്ട് ഒരു സംഭവം നടന്നു. ജറുസലേമിലെ ദാവീദ് രാജാവി​ന്റെ കൊട്ടാരത്തിൽ. നാഥാൻ പ്രവാചക​ന്റെ മുന്നിൽ അന്ന് കുറ്റമില്ലാത്തവനായി ദാവീദ് അഹങ്കരിച്ചപ്പോൾ രാജാവ് ചെയ്ത തെറ്റിനെ ഓർമപ്പെടുത്തി നാഥാൻ പ്രവാചകൻ പറഞ്ഞു: ‘‘ആ മനുഷ്യൻ നീ തന്നെ. ഊരിയാവി​ന്റെ ഭാര്യയെ സ്വന്തമാക്കിയവൻ.’’

ദാവീദ് ഞെട്ടലോടെ ത​ന്റെ പാപമറിഞ്ഞു. ഭീതിയും കുറ്റബോധവുംകൊണ്ടു നെഞ്ചുനീറി. ബത്ശേബയെ സ്വന്തമാക്കിയ തെറ്റിന്, രട്ടുടുത്ത് വെണ്ണീറിലിരുന്ന് ദാവീദ് വിലപിച്ചു പറഞ്ഞതെന്തെന്നാൽ: ‘‘ഞാൻ നിന്നോടുതന്നെ പാപം ചെയ്തിരിക്കുന്നു. നിനക്ക് അനിഷ്ടമായതു ചെയ്തിരിക്കുന്നു.’’

പക്ഷേ ദാവീദ് ശരീരത്തിൽ ശരിക്കും ബത്ശേബയെ അറിഞ്ഞു. പക്ഷേ ഈ ഞാനോ ? പ്രവാചക​ന്റെ കണ്ണുകളിൽ സൂക്ഷ്മതയുടെ തിളക്കം..! എന്തിനാണ് ഇയാളെന്നെ ഇങ്ങനെ സൂക്ഷിച്ചുനോക്കുന്നത്? ദാവീദ് മാഞ്ഞുപോയിടത്ത് ഞാനെന്ന പുരോഹിതൻ അലക്സി​ന്റെ മുഖം. ഞാൻ പ്രവാചകനോടു പറഞ്ഞു.

‘‘പക്ഷേ നാഥാൻ, ദാവീദ് ചെയ്ത തെറ്റ് ഞാൻ ചെയ്തിട്ടില്ല. ഇന്നുവരെ ഒരു സ്ത്രീയുടെ മുഖവും ശരീരവും എ​ന്റെ മനസ്സിലുണരുന്നില്ല. ഞാനവളെ കണ്ടിട്ടില്ലല്ലോ? ഞാനവളെ തൊട്ടിട്ടില്ലല്ലോ?’’ എന്നിട്ടും ദൈവമേ... അവൾ ആരാണ്? എ​ന്റെയുള്ളം ഞരങ്ങി.

മനുഷ്യൻ ബലഹീനനായിപ്പോയതുകൊണ്ട് വിചാരത്താൽ വിട്ടൊഴിയാത്ത പാപം, കാലിൽ കെട്ടിപ്പിണഞ്ഞു കിടക്കുന്നുണ്ടോ എപ്പോഴെങ്കിലും? എനിക്കറിയില്ല.

സങ്കീർത്തനക്കാരൻ എ​ന്റെ പിന്നാലെ വരുന്നതെന്ത്?

‘‘പാപം നി​ന്റെ വാതിൽക്കൽ കിടക്കുന്നു. നീ അതിനെ മറികടക്കേണം.’’

എത്ര ഓടിയിട്ടുമതി​ന്റെ കെട്ടഴിഞ്ഞു പോകുന്നില്ല. എത്ര കുമ്പസാരിച്ചിട്ടും മോചിക്കാത്ത പാപം ചുമക്കുന്ന മനുഷ്യനാണോ ഞാൻ? ആദാമിൽനിന്നു പിറന്ന ആദിപാപത്തി​ന്റെ പരമ്പരയിൽ എന്നെയും ചേർക്കുന്നതെന്തിന്? എ​ന്റെ ദൈവമേ... എന്റെ ദൈവമേ... നിരപരാധിയായിട്ടും പിഴശിക്ഷയെന്നിൽ ആരോപിക്കുന്നല്ലോ? പ്രവാചകനൊന്നുമെന്നോട് പറയാത്തതെന്ത്?

നിശ്ശബ്ദനായി നാഥാൻ പടിയിറങ്ങിപ്പോയി.

അൾത്താരയിൽ നീതിമാ​ന്റെ കാസ ഉയർത്തരുതെന്ന് അവർ ആക്രോശിച്ചു. എതിർക്കാൻ എനിക്കാകാത്തതിനാൽ എല്ലാം ഇട്ടെറിഞ്ഞോടിപ്പോന്നു. എന്നിട്ടും...

‘‘പ്രിയനേ നീ ഉറങ്ങിയോ...’’ ആ ഗാനം, എ​ന്റെ പിന്നാലെയുണ്ട്. ഒപ്പം ഞാൻ ഇതുവരെ കാണാത്ത അവളും. സ്ത്രീ ഒരു കിനാവള്ളിയാണോ?

അവളുടെ ഉദരം വിട്ടു പറന്ന കുഞ്ഞുമാലാഖയുണ്ട് എ​ന്റെ പിറകെ. വെൺമേഘങ്ങൾക്കു പിന്നിൽ മായുന്ന ആ മാലാഖച്ചിറകുകളാണ് എപ്പോഴും കണ്ണിൽ. വിറളിപിടിച്ച കപടവിശ്വാസികളുടെ ലോകം പിറകേയുണ്ട്. അവരുടെ പുച്ഛത്തി​ന്റെ മണൽ കൂമ്പാരങ്ങളെന്നെ മൂടി.

പരിഹാസത്തി​ന്റെ പെരുങ്കാറ്റുകൾ പിറകെയുണ്ട്. അതി​ന്റെ ധ്വനികൾ പിന്നാലെ വരുന്നു. നീതിമാനും സൽസ്വഭാവിയുമായ പുരോഹിതൻ! വെളിച്ചത്തി​ന്റെ വിശുദ്ധവസ്ത്രമണിഞ്ഞവൻ! ഇതൊക്കെ കർത്താവേ നീ തന്ന പദവി... എന്നിട്ടും ഞാൻ മറ്റുള്ളവർക്കു മുന്നിൽ. എന്തിനിങ്ങനെ? വയ്യ. സ്വസ്ഥതയില്ലാത്ത രാത്രികളും പകലുകളും.

കണ്ണു തുറന്നാൽ ദൈവിക നീതിന്യായങ്ങളുടെ തുലാസ് പ്രത്യക്ഷപ്പെടും. ചെയ്യാത്ത തെറ്റിന് ശിക്ഷിക്കുന്ന ദൈവമുണ്ടോ ഈ കാലത്ത് പുതിയതായി?

തിരുവസ്ത്രം വലിച്ചെറിയും മുമ്പേ ഒരു നാൾ രാത്രി, ഇയ്യോബ് എ​ന്റെ കിടക്കക്കരികിൽ വന്നിരുന്നു. അതോടെ എന്നിലേക്ക് പകർച്ചവ്യാധിപോലെ പീഡാനുഭവ പൂർണമായ ചില രോഗങ്ങൾ വന്നു ചേർന്നു. സാത്താനു പരീക്ഷിക്കാനുള്ള മറ്റൊരു ഇരയാണോ കർത്താവേ ഞാൻ? പിറ്റേന്നുണർന്നപ്പോൾ മുറിയിൽ ഇയ്യോബില്ല. പക്ഷേ, ശരീരത്തിനുള്ളിലാകട്ടെ വ്രണിതനായ ഇയ്യോബുണ്ട് താനും. ഇയ്യോബ് ഒരു പാപവും ചെയ്തില്ലല്ലോ? അവൻ നേരുള്ളവനും നിഷ്കളങ്കനുമായിരുന്നു എന്നിട്ടും..?

ഇരിക്കാനും കിടക്കാനും ഉറങ്ങാനും വയ്യ. വിചാരങ്ങളുടെ എന്തെന്ത് ആക്രമണങ്ങളാണുള്ളിൽ? ഒാരോരുത്തരായി ഏതൊക്കെ മനുഷ്യരാണെന്നിലേക്ക് ദിവസങ്ങളോളം വിട്ടുപോകാതെ കയറിക്കൂടുന്നത്?

മാനസിക സംഘർഷങ്ങളിൽ, ഇയ്യോബിനെപ്പോലെ വ്രണം മാന്തിച്ചൊറിയുന്ന മനുഷ്യരിലൊരാളായോ ഞാനും? മതി. ഈ തിരുവസ്ത്രം ഉടലിനെയും ആത്മാവിനെയും പൊള്ളിക്കുന്നു. ഇതിനി എനിക്കു വേണ്ട. ആരോടും ഉരിയാടാതെ സകലവും ഉപേക്ഷിച്ചിറങ്ങി. കപടവിശ്വാസ സമൂഹത്തി​ന്റെ ക്രൂരമായ അട്ടഹാസങ്ങളാണ് ചുറ്റിലും... രക്ഷപ്പെടണം. ചെയ്യാത്ത തെറ്റിനൊരാൾ പ്രായശ്ചിത്തംചെയ്യുന്നതെന്തിന്?

‘‘ഓ ദൈവമേ... എങ്കിലും നീയെന്നെ കൈവിടില്ലെന്നെനിക്കറിയാം.’’ അവരെന്നെ ഭ്രാന്തനെപ്പോലെ കല്ലെറിഞ്ഞോടിച്ചു.

ദാവീദ് ഊരിയാവി​ന്റെ ഭാര്യയെ സ്വന്തമാക്കിയപോലെ കർത്താവി​ന്റെ മണവാട്ടിയെ വിചാരത്താൽപോലും സ്വന്തമാക്കിയ തെറ്റ്... അത് ഞാൻ ചെയ്തിട്ടില്ല. അതോ, ഒക്കെ മതിഭ്രമത്താലുള്ള വെറും തോന്നലുകൾ മാത്രമാണോ?

ആരോട് ചോദിക്കാൻ, ആരോട് പറയാൻ? ആരു കേൾക്കാൻ? ആർക്കതിനു നേരം? ഞാനിതാ ആ ആണിപ്പാടുള്ള നി​ന്റെ കാലുകളിൽ ചുംബിക്കുന്നു. ഉത്തരം നിനക്കു മാത്രമേ അറിയൂ.

അലക്സിനു ചുറ്റും വൃത്തംപോലെ നാട്ടിയ കുരിശുകൾ നിര ന്നു. അതിൽ നിരപരാധികളായ പുരോഹിതരുടെ ആത്മാവുകൾ തൂങ്ങിക്കിടന്നു.

5. ഞങ്ങളുടെ യാത്ര അവസാനിക്കുന്നു

മെഡിക്കൽ കോളജിൽ മൂന്നുപേരുടെ പോസ്റ്റ്മോർട്ടം പരിശോധനകൾ വളരെ വേഗം പൂർത്തിയാക്കി ഫോറൻസിക് സർജൻ പുറത്തേക്കിറങ്ങി. ഞങ്ങൾ മൂവരും മോർച്ചറിയുടെ മുറ്റത്തിട്ടിരിക്കുന്ന ബെഞ്ചിൽ വന്നിരുന്നു. ഞാൻ ജാസ്മിൻ, എഴുന്നേറ്റ് ജോഷ്ണാമ്മയോടും ഫാദർ അലക്സിനോടും ഒരു കാര്യം ചോദിച്ചു.

‘‘മൂവരുമൊന്നിച്ച് ഒരു തിരുഹൃദയ സെൽഫിയെടുത്താലോ?’’

അവരെഴുന്നേറ്റ് എന്നോടൊപ്പം ചേർന്ന്, എ​ന്റെ മൊബൈൽ കാമറയിലേക്ക് നോക്കി ചിരിച്ചു. ഞാൻ ക്ലിക്ക് ചെയ്തു. ഉടനെ അതൊരാളിലേക്ക് ഫോർവേഡായി.

അപ്പോൾ എ​ന്റെ മൊബൈൽ ഫോണിലേക്ക് മറിച്ചൊരു ക്ലിക്ക് ശബ്ദത്തോടെ വല്ലപ്പോഴും മാത്രം മെസേജ് അയക്കുന്ന ഈശോയുടെ ഒരു മെസേജ് വന്നു!

‘‘വെൽഡൺ മൈ ഗേൾ. എല്ലാ ക്രിസ്ത്യൻ വീടുകളിലെയും രൂപക്കൂടുകളിൽ നിരപരാധിത്വത്താൽ രക്തസാക്ഷികളായ ഈ പുണ്യരുടെ തിരുക്കുടുംബ ചിത്രം ചില്ലിട്ടു കാണുമാറാകട്ടെ!’’

അതറിഞ്ഞതോടെ ഞങ്ങൾ മൂവരും മോർച്ചറിയുടെ മുന്നിൽ നിന്ന്, ഞങ്ങളുടെ കല്ലറകളിലെ തണുപ്പിലേക്ക് പരസ്പരം കൈ കൊടുത്തു പിരിഞ്ഞു. യാത്ര പൂർണമായി.

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-27 05:45 GMT
access_time 2026-07-27 04:30 GMT
access_time 2026-07-20 05:45 GMT
access_time 2026-07-20 05:15 GMT
access_time 2026-07-20 04:30 GMT
access_time 2026-07-13 04:30 GMT
access_time 2026-07-06 05:30 GMT
access_time 2026-07-06 04:30 GMT
access_time 2026-07-06 02:45 GMT
access_time 2026-06-29 03:00 GMT
access_time 2026-06-29 02:30 GMT