രാഹുലിന്‍റെ റോഡ്ഷോയ്ക്കിടെ ‘നക്സൽ ദിനങ്ങൾ’ പുസ്തകം കൈവശം വെച്ച വിദ്യാർഥി കസ്റ്റഡിയിൽ

കൽപ്പറ്റ: യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ റോഡ്ഷോയ്ക്കിടെ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ആർ.കെ ബിജു രാജിന്‍റെ 'നക്സൽ ദിനങ്ങൾ' എന്ന പുസ്തകം കൈവശം വെച്ചതിന് കോളജ് വിദ്യാർഥിനി പൊലീസ് കസ്റ്റഡിയിൽ. വയനാട് എൻ.എം.എസ്.എം കോളജിലെ ഒന്നാംവർഷ മാധ്യമ വിദ്യാർഥി ഷബാന ജാസ്മിനെയാണ് കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡി.സി ബുക്സ് പ്രസി ദ്ധപ്പെടുത്തിയ പുസ്തകം കേരളത്തിലെ നക്സൽ ചരിത്രം വിവരിക്കുന്നതാണ്.

സുഹൃത്തിനെ കാണുന്നതിനായി നഗരത്തിലൂടെ ഒാട്ടോറിക്ഷയിൽ പോയതായിരുന്നു. പിന്നീട് തിരക്കു കാരണം ഒാട്ടോയിൽ നിന്ന് ഇറങ്ങി നടന്നു. റോഡിലൂടെ നടക്കുന്നതിനിടെ ആണ് ഷബാനയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വെരിഫിക്കേഷന് വേണ്ടി കൊണ്ടു പോകുകയാണെന്നാണ് ഷബാനയോട് പൊലീസ് പറഞ്ഞത്. രാവിലെ 10.30ന് കസ്റ്റഡിയിലെടുത്ത ഷബാനയെ രണ്ട് പേരുടെ ജാമ്യത്തിൽ വൈകീട്ട് മൂന്നു മണിക്കാണ് വിട്ടയച്ചത്.

കോളജിൽ പഠിക്കാനും വായിക്കാനുമാണ് പുസ്തകങ്ങൾ എടുക്കുന്നത്. അത് വലിയ കുറ്റകൃത്യമാകുന്നത് എങ്ങനെയാണ്. ഇതുവരെ ഒരു നക്സൽ പരിപാടികളിലും പങ്കെടുത്തിട്ടില്ല. നക്സൽ ആശയത്തോട് അനുഭാവവുമില്ല. താൻ എസ്.എഫ്.ഐ പ്രവർത്തകയാണെന്നും ഷബാന മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തോട് 'നക്സൽ ദിനങ്ങൾ' എന്ന പുസ്തകത്തിന്‍റെ എഴുത്തുകാരൻ ആർ.കെ ബിജുരാജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. പുസ്തകങ്ങളെയെങ്കിലും പൊലീസ് രാജില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലെ എന്‍റെ അന്വേഷണവും പഠനവും എഴുത്തും വെറുതെയാവുന്നില്ല എന്നറിയുന്നതില്‍ അനല്‍പമായ അഭിമാനമുണ്ടെന്നും ബിജുരാജ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കൈവശം വച്ചാല്‍ കസ്റ്റഡി. അപ്പോള്‍ എഴുതിയയാള്‍ക്ക്.?!!
2015ല്‍ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച, രണ്ട് പതിപ്പുകള്‍ ഇറങ്ങിയ ‘നക്സല്‍ദിനങ്ങള്‍’ എന്ന ചരിത്ര പുസ്തകം പുതിയ ചെറുപ്പക്കാര്‍ (എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്നവരും മാധ്യമബിരുദ വിദ്യാര്‍ഥികളുമടക്കം) വായിക്കുന്നുവെന്നറിയുമ്പോള്‍ സന്തോഷം. കേരളത്തിന്‍റെയും നക്സല്‍പ്രസ്ഥാനത്തിന്‍റെയും ചരിത്രം അറിയാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുവെന്നാണതിന്‍റെ അർഥം. വിമര്‍ശനാത്മക സ്വഭാവത്തോടെയും അല്ലാതെയുമാവാം വായന. പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലെ എന്‍റെ അന്വേഷണവും പഠനവും എഴുത്തും വെറുതെയാവുന്നില്ല എന്നറിയുന്നതില്‍ അനല്‍പമായ അഭിമാനം. പ്രിയ ശബാന, നന്ദി.
പുസ്തകങ്ങളെയെങ്കിലും പൊലീസ് രാജില്‍ നിന്ന് ഒഴിവാക്കണം സാർ.

Tags:    
News Summary - RK Bijuraj's book Naxal Dinangal Shabana Yasmin Under Custody -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT
access_time 2025-11-30 09:02 GMT