ജോലിക്ക് മലയാളം അറിയണമെന്ന ഉത്തരവ് പിന്‍വലിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.

 ജോലിക്ക് മലയാളം അറിയണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതില്‍  ആത്മാഭിമാനമുയര്‍ന്ന  മലയാളത്തിന് സ്വന്തം ഭരണവര്‍ഗത്തില്‍നിന്നുള്ള ഈ തിരിച്ചടി താങ്ങാനാവാത്തതാണെന്നാണ് പൊതുവികാരം. എന്തുകൊണ്ടാണ്  ഇത്തരം വിഡ്ഡിത്തങ്ങള്‍ ഉണ്ടാകുന്നതെന്നാണ് സാംസ്കാരിക പ്രവര്‍ത്തകരും ഭാഷാസ്നേഹികളും ചോദിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ പത്താംക്ളാസുവരെ മലയാളം നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുമ്പ് ഉത്തരവിട്ടിരുന്നത്.മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഉദ്യോഗത്തിന് മലയാളം അറിയല്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. പത്താംക്ളാസുവരെയെങ്കിലും മലയാളം ഒരുവിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ കേരള സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചാല്‍ അവരുടെ പ്രബേഷന്‍ കാലാവധിക്കുള്ളില്‍ ഒരു യോഗ്യതാ( മലയാളം) പരീക്ഷ പാസാകണമെന്ന് ഒൗദ്യോഗിക ഭാഷാ വകുപ്പിന്‍െറ നിര്‍ദേശമുണ്ടായിരുന്നു. ഭാഷാ ന്യൂനപക്ഷ വകുപ്പിന്‍െറ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ ഉത്തരവില്‍നിന്നും പിന്നാക്കം പോയത്.  ഈ നടപടിക്കെതിരെ സാംസ്കാരിക പ്രവര്‍ത്തകരും ഭാഷാസ്നേഹികളും കടുത്ത രോഷത്തോടെയാണ് പ്രതികരിച്ചത്.

ഭാഷയോടുള്ള അവഹേളനമായിപ്പോയി-ഓ.എന്‍.വി 

മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച അതേ വര്‍ഷം തന്നെ കേരളത്തിലെ മന്ത്രിസഭ ഉദ്യോഗം ലഭിക്കാന്‍ ആരും മലയാളം പഠിക്കേണ്ടതില്ല എന്നൊരു തലതിരിഞ്ഞ നടപടി സ്വീകരിച്ചത് ഏറ്റവും മിതമായ ഭാഷയില്‍  പറഞ്ഞാല്‍ ഭാഷയോടുള്ള അവഹേളനമായിപ്പോയി. മലയാളത്തിന്‍െറ ശത്രു മലയാളിയാണെന്ന് ചില അന്യഭാഷക്കാര്‍ എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. അത് ഒരിക്കല്‍കൂടി തെളിയിച്ചതായി ഈ സംഭവം.കേരളത്തിന്‍െറ വടക്ക് ഭാഗത്ത് കന്നടയും തെക്ക് ഭാഗത്ത് തമിഴും ന്യൂനപക്ഷങ്ങളുടെ ഭാഷയാണ്. അവരും ഇവിടത്തെ നാട്ടുകാരും തമ്മില്‍ തികഞ്ഞ സൗഹാര്‍ദ്ദത്തിലാണെന്ന് എനിക്കറിയാം. കന്നടത്തിലെയും തുളുവിലെയും പോലും പല സാഹിത്യോല്‍സവത്തിലും ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. കന്നടത്തില്‍ ഒരു പഴയ സാഹിത്യകൃതിയില്‍ ഒരുവരി ഞാന്‍ പലപ്പോഴും ഉദ്ധരിക്കാറുമുണ്ട്.‘സര്‍വ ഭാഷാ സരസ്വതി’യെന്നാണത്. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചപ്പോള്‍ അത് ഇവിടത്തെ ഗവണ്‍മെന്‍റിന്‍െറ നേട്ടമാണെന്ന് എന്ന് വിളംബരം ചെയ്യുന്ന ചില ഫ്ളക്സുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് കണ്ടിരുന്നു. അങ്ങനെയെങ്കില്‍ അങ്ങനെ എന്ന് നിസംഗമായി നിന്ന് ഞാന്‍  നോക്കി നിന്നിട്ടേയുള്ളൂ. എന്നാല്‍ ഇത് അമ്മയുടെ നേര്‍ക്ക് എന്തുമാകാം എന്നുള്ള ധാര്‍ഷ്ട്യവും അഹങ്കാരവും താല്‍ക്കാലിക പ്രയോജന വാദങ്ങളും കലര്‍ന്ദന നടപടിയായിപ്പോയി. അമ്മയെയും മലയാളത്തെയും സ്നേഹിക്കുന്നവര്‍ ഒരുമിച്ച് നിന്ന് ഇതിനെതിരെ ശബ്ദമുയര്‍ത്തണം

സെക്രട്ടറിയേറ്റ് നടയിലേക്ക് പട്ടിണിയിരിക്കാന്‍ ഞങ്ങളത്തെും-സുഗതകുമാരി

സര്‍ക്കാരിന്‍െറ ഈ നടപടിമൂലം ഭാഷ അപമാനിക്കപ്പെട്ടു. മലയാളത്തിനായി സെക്രട്ടറിയേറ്റ് പടിക്കല്‍ വീണ്ടും പട്ടിണിയിരിക്കാന്‍ ഞങ്ങള്‍ വീണ്ടും ഭാഷാസ്നേഹികളെ വിളിച്ചിറക്കുമെന്ന് ബന്ധപ്പെട്ടവരോട് ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ശ്രേഷ്ഠ ഭാഷാ പദവി വന്നപ്പോള്‍ ഞങ്ങള്‍ എഴുത്തുകാരും ഭാഷാസ്നേഹികളും ഒത്തിരി അഭിനന്ദിച്ചിരുന്നു.  എന്നാല്‍ ഇപ്പോള്‍ ഭാഷയെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തിരിക്കുന്നു.  കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണ്. അവര്‍ എല്ലാവരും മലയാളികളുമാണ്. പിന്നെ തമിഴ്, തെലുങ്ക്, കന്നട, തുളു ഭാഷ സംസാരിക്കുന്ന ഒരു ചെറിയ വിഭാഗം ഉള്ളവര്‍ക്കും മലയാളം തീര്‍ച്ചയായും അറിയാം. അറിയാത്തവര്‍ പഠിക്കട്ടെ എന്ന് പറയുന്നത് അവരെ ദ്രോഹിക്കലല്ല.


ആരുടെ ഭീഷണിയാണ് ഈ നയംമാറ്റം-പുതുശേരി

ഭാഷയെപറ്റി ശാസ്ത്രീയമായി ഒരു സമീപനം ഇല്ലാത്തതാണ് മലയാളിയുടെ ശാപം. അതാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നത്.ഇടക്കിടെ ചിലര്‍ ഭീഷണിപ്പെടുത്തുമ്പോള്‍ പിന്നോക്കം പോകുന്നത്. മാതൃഭാഷയുടെ പ്രാധാന്യം വിദ്യാഭ്യാസതില്‍ ഊന്നിപ്പറഞ്ഞത് ഗാന്ധിജിയാണ്. വള്ളത്തോള്‍ കവിതയിലും ഇക്കാര്യമുണ്ട്. തമിഴ്, കന്നട, ആന്ധ്രക്കാര്‍ എന്നിവരെല്ലാം സ്വന്തം ഭാഷക്കുവേണ്ടി നിലക്ഷാള്ളുമ്പോള്‍ നമ്മള്‍ മാത്രം ഇത്തരത്തില്‍ നയം കൈക്കൊള്ളുന്നത് ശരിയല്ല.  തമിഴിനെയാണ് ഇക്കാര്യത്തില്‍ മലയാളികള്‍ കണ്ടുപഠിക്കേണ്ടത്. അവര്‍ സംസ്കൃതത്തില്‍ നിന്നുള്ള വലിയ ആക്രമണങ്ങളെ തടഞ്ഞ് നിര്‍ത്തി ലോകത്തിലെ വലിയ ഭാഷയായി നിലകൊള്ളുന്നു. എല്ലാ മലയാളികളും ഒരുമിച്ച് നിന്ന് സര്‍ക്കാരിന്‍െറ നയത്തെ ചെറുത്ത് തോല്‍പ്പിക്കണം.

 

ജനവിരുദ്ധ നിലപാടിന്‍െറ തുടര്‍ച്ച-കെ.പി രാമനുണ്ണി
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഭരണം നടത്തുന്നവര്‍ ഏറ്റവും ജനവിരുദ്ധമായ നിലപാടുകള്‍ കൈക്കൊള്ളുന്നതിന്‍െറ ഉത്തമ ഉദാഹരണമാണ് സര്‍ക്കാര്‍ സര്‍വീസില്‍ മലയാളം അറിഞ്ഞിരിക്കണമെന്ന ഉത്തരവ് മന്ത്രിസഭ റദ്ദാക്കിയത്. ഏതോ ശത്രു രാജ്യത്തെ ഭരിക്കുന്ന അധിനിവേശ ശക്തിയുടെ പേടിപ്പാട് പോലെയാണിത്. ഈ തീരുമാനം ഭരണകൂടം ഒരുമാസത്തോളം മറച്ചുവെക്കുകയും ചെയ്തു.കേരളത്തിലെ ജനങ്ങളെ സേവിക്കുന്നതിനായി ശമ്പളം പറ്റുന്നവര്‍ നാട്ടിലെ ഭാഷ അറിഞ്ഞിരിക്കേണ്ട എന്നാണോ സര്‍ക്കാര്‍ പറയുന്നത്.ഏത് ഭാഷാ ന്യൂനപക്ഷത്തിന്‍െറ പേരിലാണ് ഈ വങ്കത്തരം ന്യായീകരിക്കപ്പെടുക..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.