പാകിസ്താനിലെ മൗണ്ട് ‘കെ ടുവിൽ’ഒമാൻ ദേശീയ
പതാകയുമായി നാദിറ അൽ ഹാർത്തി
മസ്കത്ത്: ലോകത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയായ പാകിസ്താനിലെ മൗണ്ട് 'കെ ടു'കീഴടക്കി ഒമാനി പർവതാരോഹക. നേരത്തേ എവറസ്റ്റ് കീഴടക്കിയ നാദിറ അൽ ഹാർത്തിയാണ് ഒമാന്റെ പതാക മൗണ്ട് 'കെ ടുവിൽ'പാറിച്ചത്. കടുപ്പമേറിയതും അപകടകരവുമായ പർവതമായ കെ ടുവിന് മുകളിൽ ആദ്യമായി സുൽത്താനേറ്റിന്റെ പതാക ഉയത്താൻ സാധിച്ചതിൽ ദൈവത്തിന് സ്തുതി അർപ്പിക്കുകയാണെന്ന് നാദിറ അൽ ഹാർത്തി ട്വീറ്റ് ചെയ്തു. ഇച്ഛാശക്തിയും ഉത്സാഹവുമുണ്ടെങ്കിൽ ഒന്നും അസാധ്യമല്ല, 'കെ ടു'യാത്രയെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അവർ പറഞ്ഞു.
കൊടുമുടിയുടെ മുകളിൽനിന്ന് ഒമാൻ ദേശീയ പതാക പിടിച്ചുള്ള ചിത്രങ്ങളും ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 8,611 മീറ്ററിലധികം ഉയരമുള്ള കൊടുമുടി കീഴടക്കിയ നാദിറയെ പാകിസ്താനിലെ ഒമാൻ എംബസി അഭിനന്ദിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഇവർ കൊടുമുടി കീഴടക്കിയത്. പാകിസ്താനിലെ കാരകോറം മലനിരയുടെ ഭാഗമായി എവറസ്റ്റിനോട് ചേർന്നുനിൽക്കുന്ന കെ ടു കൊടുമുടി ലോകത്തെതന്നെ ദുഷ്കരമായ പാതയായാണ് വിലയിരുത്തുന്നത്. ദുർഘട പാതകളും കടുത്ത കാലാവസ്ഥ വെല്ലുവിളികളും നേരിടുന്ന കെ ടു കീഴടക്കിയ പർവതാരോഹകരുടെ എണ്ണം 400ലും കുറവാണ്.
കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം യാത്രചെയ്തവരിൽ 91 പർവതാരോഹകർ ലക്ഷ്യത്തിലെത്തുംമുമ്പേ മരിച്ചതായും സൂചിപ്പിക്കുന്നു. 2019ലാണ് നാദിറ എവറസ്റ്റ് കീഴടക്കുന്നത്. 2021 ജനുവരിയൽ നേപ്പാളിലെ അമ ദബ്ലം പർവതം കയറുന്ന ആദ്യത്തെ അറബ് വനിതയുമാണ് നാദിറ. ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഒമാനിയായ അന്തരിച്ച ഖാലിദ് അൽ സിയാബിയിൽ നിന്നാണ് തനിക്ക് പർവതാരോഹക മേഖലയിലേക്ക് പ്രചോദനം ലഭിച്ചതെന്ന് നാദിറ പറഞ്ഞു. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആദ്യമായി എവറസ്റ്റ് കീഴടക്കുന്ന ഒമാനി വനിതയാകാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.