കോൺസ്റ്റബിൾ രേവതി
തൂത്തുക്കുടി: തമിഴ്നാടിനെ നടുക്കിയ സാത്താൻകുളം കസ്റ്റഡി കൊലപാതകക്കേസിൽ ഒമ്പത് പൊലീസുകാർക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു. അഞ്ച് വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ പുറത്തുവന്ന ഈ ചരിത്രവിധിയിൽ നിർണായകമായത് ഹെഡ് കോൺസ്റ്റബിൾ രേവതി എന്ന വനിതാ ഉദ്യോഗസ്ഥയുടെ ധീരമായ വെളിപ്പെടുത്തലുകളാണ്. സ്വന്തം ജോലിയും ജീവനും പണയപ്പെടുത്തി സഹപ്രവർത്തകർക്കെതിരെ സാക്ഷി പറഞ്ഞ രേവതിയുടെ മൊഴികളാണ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സി.ബി.ഐയെ സഹായിച്ചത്.
2020 ജൂണിലാണ് മൊബൈൽ ഷോപ്പ് ഉടമയായ ജയരാജും മകൻ ബെനിക്സും പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കട തുറന്നു എന്നാരോപിച്ചായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ വെച്ച് ഇരുവരെയും പൊലീസുകാർ ക്രൂരമായി മർദ്ദിക്കുന്നത് നേരിൽ കണ്ട ഏക ഉദ്യോഗസ്ഥയായിരുന്നു രേവതി.
മജിസ്‌ട്രേറ്റ് എം.എസ്. ഭരതിദാസൻ അന്വേഷണത്തിനായി സ്റ്റേഷനിലെത്തിയപ്പോൾ, സത്യം തുറന്നുപറയാൻ രേവതി മുന്നോട്ടുവരികയായിരുന്നു. 'മറച്ചുവെച്ച എല്ലാ സത്യങ്ങളും ഞാൻ പറയാം. പക്ഷേ എനിക്ക് രണ്ട് പെൺകുട്ടികളുണ്ട്. എന്റെ ജോലിയും അവരുടെ സുരക്ഷയും ഉറപ്പുനൽകാൻ നിങ്ങൾക്ക് കഴിയുമോ?' എന്നായിരുന്നു വികാരാധീനയായി മജിസ്‌ട്രേറ്റിനോട് രേവതി ചോദിച്ചത്.
'സംഭവദിവസം രാത്രി 8.50-ഓടെ സ്റ്റേഷനിലെത്തിയ ഞാൻ രണ്ടുപേരുടെ നിലവിളിയാണ് കേട്ടത്. ജയരാജിനെയും ബെനിക്സിനെയും നഗ്നരാക്കി ക്രൂരമായി മർദ്ദിക്കുന്ന സഹപ്രവർത്തകർ ബൂട്ടിട്ട് ചവിട്ടി മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു. മർദനത്തിനിടയിൽ പൊലീസുകാർ മദ്യപിക്കുകയും ചെയ്തിരുന്നു. അവശരായ ജയരാജയനും ബെനിക്സിനും ഞാൻ കാപ്പി നൽകാൻ ശ്രമിച്ചെങ്കിലും മറ്റ് ഉദ്യോഗസ്ഥർ അത് തട്ടിത്തെറിപ്പിച്ചു' ഹെഡ്കോൺസ്റ്റബിൾ രേവതി പറഞ്ഞു.
മജിസ്‌ട്രേറ്റിന് മൊഴി നൽകുമ്പോൾ പോലും സ്റ്റേഷന് പുറത്ത് പൊലീസുകാർ തടിച്ചുകൂടി രേവതിയെ ഭീഷണിപ്പെടുത്താനും പരിഹസിക്കാനും ശ്രമിച്ചിരുന്നു. ഭയം കാരണം ആദ്യം മൊഴിയിൽ ഒപ്പിടാൻ അവർ മടിച്ചെങ്കിലും മജിസ്‌ട്രേറ്റിന്റെ ഉറപ്പിന്മേലാണ് ഒപ്പിട്ടത്. തന്റെ രഹസ്യമൊഴി പുറത്തുവരുന്നതിലും മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രതികാര നടപടികളിലും രേവതിക്ക് വലിയ ആശങ്കയുണ്ടായിരുന്നു.
മദ്രാസ് ഹൈക്കോടതി ഇടപെട്ടാണ് രേവതിക്കും കുടുംബത്തിനും പിന്നീട് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്. ഒരു സേനയിലെ ഉദ്യോഗസ്ഥർ തന്നെ പ്രതികളായ കേസിൽ, അവർക്കെതിരെ സത്യസന്ധമായി മൊഴി നൽകിയ രേവതിയുടെ നടപടി ഇന്ത്യൻ നിയമചരിത്രത്തിൽ തന്നെ അപൂർവ്വമാണ്. ആ ധീരതയാണ് ഇന്ന് ഒമ്പത് പൊലീസുകാരെയും വധശിക്ഷയിലേക്ക് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.