സന്ധ്യയും മക്കളും യാത്രക്കിടെ പള്ളിക്കര മേൽപ്പാലത്തിന് സമീപം
തൃക്കരിപ്പൂർ: മക്കൾക്ക് ജീവിതപാഠങ്ങൾ പകർന്നുനൽകാൻ സൈക്കിൾ യാത്രയേക്കാളും ഉപരിയായി മറ്റൊന്നില്ലെന്ന ആശയത്തിൽ നിന്നാണ്, തൃശൂരിൽ നിന്ന് കാസർകോട് ബേക്കലിലേക്ക് ആ അമ്മയും മക്കളും സൈക്കിളുമായി ഇറങ്ങിയത്. തൃശൂർ കൊടുങ്ങല്ലൂർ കാരയിലെ കെ.എ.സന്ധ്യ (37), മക്കളായ ശിവാഞ്ജന (13), ദേവാഞ്ജന (6) എന്നിവരാണ് വേറിട്ടൊരു അവധിക്കാല യാത്ര നടത്തിയത്.
തൃശൂർ എസ്.എൻ പുരം റൈഡേഴ്‌സ് ക്ലബ് അംഗമായ സന്ധ്യ നിത്യവും സൈക്കിൾ റൈഡ് ചെയ്തുള്ള അനുഭവത്തിൽ നിന്നാണ് രണ്ട് ഹൈബ്രിഡ് സൈക്കിളുകളിലായി യാത്രയാരംഭിച്ചത്. ഇളയമകൾ ദേവാഞ്ജനക്കായി അമ്മയുടെ പിറകിൽ പ്രത്യേക ഇരിപ്പിടം ഒരുക്കി. യാത്രക്കിടെ ഉറങ്ങിപ്പോയാലും വീഴാതിരിക്കാൻ സ്ട്രാപ്പുകളും ഘടിപ്പിച്ചിരുന്നു. ശിവാഞ്ജന സൈക്കിളിൽ അമ്മയെ പിന്തുടർന്നു. ഈ മാസം 21ന് ആരംഭിച്ച യാത്ര 356 കിലോമീറ്റർ പിന്നിട്ട് ചൊവ്വാഴ്ച ബേക്കൽ കോട്ടയിലാണ് സമാപിച്ചത്.
കനത്ത ചൂട് ഒഴിവാക്കാൻ അതിരാവിലെയും വൈകിട്ടുമായിരുന്നു യാത്ര. യാത്രയിലുടനീളം സൈക്ലിസ്റ്റുകളുടെ കൂട്ടായ്മകൾ കുടുംബത്തിന്റെ ഒപ്പം നിന്നത് നിറഞ്ഞ മനസോടെയാണ് സന്ധ്യ ഓർക്കുന്നത്. ഒരു പരിചയവുമില്ലാത്ത ആളുകൾ കൂടെ റൈഡ് ചെയ്ത് ഓരോ ദിവസവും ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നത് വരെ പിന്തുണ തന്നു. വീടുകളിൽ താമസമൊരുക്കിയും ഉത്തരദേശം മനം കവർന്നു. സന്ധ്യയുടെ യാത്രയുടെ തുടക്കം മുതൽ ബേക്കലിൽ അവസാനിക്കുന്നത് വരെ വിവിധ ക്ലബുകൾ വഴി ഏകോപിപ്പിച്ചത് കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ് സെക്രട്ടറിയായ അഭിനയാണ്.
റൈഡ് അവസാനിക്കുമ്പോഴും പിന്തുണയുമായി അഭിനയെത്തി. ചാവക്കാട്, പൊന്നാനി, കോഴിക്കോട്, തലശേരി, പഴയങ്ങാടി, നീലേശ്വരം എന്നിവിടങ്ങളിലാണ് യാത്രക്കിടയിൽ സന്ധ്യയും മക്കളും താമസിച്ചത്. ഇവിടങ്ങളിൽ കർമ റൈഡേഴ്‌സ്, കൊടിഞ്ഞി റൈഡേഴ്‌സ്, തലശേരി റൈഡേഴ്‌സ് ക്ലബ്, കണ്ണൂർ സൈക്ലിങ് ക്ലബ് എന്നിവ മികച്ച പിന്തുണയേകി. കണ്ണൂരിൽ റൈഡർമാർ മുന്നിലും പിന്നിലുമായി അണിനിരന്നത് മറക്കാനാവാത്ത അനുഭവമാണ്.
പഴയങ്ങാടി മുതൽ നീലേശ്വരം വരെ തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് നേതൃത്വത്തിലായിരുന്നു സ്വീകരണം. അംഗങ്ങളായ എം.വി.രജീഷ്, ബി.സി.യാസർ പടന്ന, രതീഷ് രാമന്തളി എന്നിവർ കൂടെ റൈഡ് ചെയ്യാനും മറ്റു സൗകര്യങ്ങൾ ഉറപ്പുവരുത്താനും കൂടെനിന്നു. സമാപന ദിവസം കാസർകോട് പെഡലേർസ് പ്രസിഡന്റ് രതീഷ് അമ്പലത്തറ ബേക്കൽ കോട്ടവരെ അനുഗമിച്ചു. കൊടുങ്ങല്ലൂർ പൊയ്യ എ.കെ.എം.ഹയർസെക്കൻഡറി സ്‌കൂളിൽ ലാബ് അസിസ്റ്റന്റായ സന്ധ്യ കാവുമ്മൽ അഭിമന്യു- അഹല്യ ദമ്പതിമാരുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.