ക്യാപ്റ്റൻ ഗനീമ അൽ മുത്വവ്വ
ദുബൈ: ഇമാറാത്തി വനിത ദിനം ഞായറാഴ്ച ആചരിക്കുമ്പോൾ അറബ് ലോകത്തെ ഏറ്റവും സജീവമായ സ്ത്രീസാന്നിധ്യത്താൽ തിളങ്ങുകയാണ് യു.എ.ഇയിലെ സർക്കാർ വകുപ്പുകൾ. ദുബൈ പൊലീസ് ക്യാപ്റ്റൻ ഗനീമ അൽ മുത്വവ്വയുടെ ജീവിതം ഇതിനൊരു തെളിവാണ്.
കഴിഞ്ഞ 26 വർഷമായി ദുബൈ പൊലീസിലെ കുറ്റാന്വേഷണ വിഭാഗത്തിലാണ് ഇവർ പ്രവർത്തിക്കുന്നത്. 1993ലാണ് ഹൈസ്കൂൾ പഠനത്തിന് ശേഷം പ്രത്യേക സൈനിക പരിശീലനം പാസായി മുറഖബാത്ത് പൊലീസ് സ്റ്റേഷനിൽ ഇവർ ജോലിയിൽ പ്രവേശിക്കുന്നത്. ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടിയിരുന്നെങ്കിലും പൊലീസിലും ക്രിമിനൽ അന്വേഷണത്തിലുമുണ്ടായിരുന്ന താൽപര്യം സേനയിൽ തുടരാൻ പ്രേരിപ്പിക്കുകയായിരുന്നു.
ആദ്യത്തെ മൂന്നുകൊല്ലത്തെ ജോലിക്ക് ശേഷം ക്രിമിനൽ ഇൻവെസ്റ്റിഗേറ്റർ എന്ന തസ്തികയിൽ നിയമിതയായി. ആദ്യമായി ഒരു കടയിൽ സ്ത്രീ നടത്തിയ മോഷണം അന്വേഷിക്കുന്നതിനാണ് ചുമതലപ്പെടുത്തപ്പെട്ടത്. ഇത് നല്ല രീതിയിൽ അന്വേഷിച്ച് തെളിയിച്ചത് വലിയ ആത്മവിശ്വാസം പകരുന്നതായിരുന്നു. പിന്നീട് വന്ന ഓരോ കേസുകളും തെളിയിക്കാനും കുറ്റവാളികളെ പിടികൂടുന്നതിലും പുരുഷ പൊലീസുകാരെ പോലെ തന്നെ ഇവർ വിജയിച്ചു. സ്ത്രീകളും കുട്ടികളും ഇരകളാക്കപ്പെടുന്ന കേസുകളിൽ ഗനീമയുടെ സാന്നിധ്യം അവർക്ക് ആശ്വാസമായിരുന്നു.
ദുബൈ പൊലീസിലെ ഉന്നത നേതൃത്വങ്ങളുടെ പിന്തുണ എപ്പോഴും ജോലിക്ക് ലഭിച്ചിട്ടുണ്ടെന്ന് വനിത ദിനത്തിന് മുന്നോടിയായി അവർ പറഞ്ഞു. കഴിഞ്ഞ ജൂണിൽ ദുബൈ പൊലീസ് ജനറൽ കമാൻഡ് അൽ ഖവാനീജ് പൊലീസ് സ്റ്റേഷൻ തുറന്നപ്പോൾ ക്രിമിനൽ രജിസ്ട്രേഷൻ വിഭാഗം മേധാവിയായി ക്യാപ്റ്റൻ ഗനീമയെയാണ് നിയമിച്ചത്. ഈവർഷം തുടക്കം മുതൽ പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലെ 661 ക്രിമിനൽ റിപ്പോർട്ടുകൾ അവർ കൈകാര്യം ചെയ്യുകയും മേൽനോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരത്തിൽ നൂറുകണക്കിന് കേസുകളെയും കുറ്റവാളികളെയും കൈകാര്യം ചെയ്യുന്നതിൽ ഇവർ മുന്നിട്ടുനിൽക്കുന്നു. തന്റെ പ്രഫഷനൽ യാത്രയിൽ ക്യാപ്റ്റൻ ഗനീമക്ക് നിരവധി അംഗീകാരങ്ങളും എക്സലൻസ് അവാർഡുകളും ലഭിച്ചു. ജോലി ചുമതലകളും മാതാവെന്ന നിലയിലുള്ള റോളും സന്തുലിതമാക്കുന്നതിൽ വിജയിച്ചതായി അവർ അഭിമാനത്തോടെ പറയുന്നു.
രാഷ്ട്രവികസനത്തിലെ സ്ത്രീപങ്കിനെ അഭിനന്ദിച്ച് ശൈഖ ഫാത്തിമ
അബൂദബി: യു.എ.ഇയുടെ വികസനത്തിലും മുന്നേറ്റത്തിലും ഇമാറാത്തി സ്ത്രീകൾ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ച് രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക് അൽ കെത്ബി. ഇമാറാത്തി അബൂദബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) സംഘടിപ്പിച്ച പരിപാടിയിൽ അവരെ പ്രതിനിധാനം ചെയ്ത് സഹമന്ത്രി ഡോ. മൈസ അൽ ശംസി നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീകളെ ശാക്തീകരിക്കുന്നതിനും എണ്ണ-വാതക മേഖലയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള അഡ്നോക്കിന്റെ പരിശ്രമങ്ങളെ ശൈഖ ഫാത്തിമ അഭിനന്ദിച്ചു. നേതൃപാടവവും മികവും കൈവരിക്കുന്നതിന് യു.എ.ഇയും അതിന്റെ നേതൃത്വവും സ്ത്രീകൾക്ക് തുടർന്നും പിന്തുണ നൽകുമെന്ന് അവർ കൂട്ടിച്ചേർത്തു.
മൃഗ, വന്യജീവി സംരക്ഷണ മേഖലകളിൽ തിളങ്ങി വനിതകൾ
അൽഐൻ: 54 വർഷത്തെ പ്രവർത്തനകാലത്ത് സ്ത്രീകൾക്ക് അതുല്യമായ തൊഴിലവസരങ്ങൾ നൽകാനും എല്ലാവരെയും ഉൾക്കൊള്ളുന്ന തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും അൽഐൻ മൃഗശാലക്ക് സാധിച്ചിട്ടുണ്ട്. മൃഗസംരക്ഷണം, വന്യജീവി സംരക്ഷണം, പ്രകൃതി സംരക്ഷണം എന്നീ മേഖലകളിൽ പദവികൾ ഏറ്റെടുക്കാൻ ഉയർന്ന യോഗ്യതയുള്ള നിരവധി വനിതകളാണ് മുന്നോട്ടുവന്നിട്ടുള്ളത്.
ഇവിടെ 95 ശതമാനം വനിത ജീവനക്കാരും ഇമാറാത്തികളാണ്. പരിശീലകർ, മൃഗ പരിപാലകർ, മൃഗഡോക്ടർമാർ, വെറ്ററിനറി നഴ്സുമാർ, മൃഗ പോഷകാഹാര വിദഗ്ധർ, തോട്ടം പരിപാലകർ, ലബോറട്ടറി, അനാട്ടമി ടെക്നീഷ്യൻമാർ, ടൂർ ഗൈഡുകൾ, സഫാരി ഗൈഡുകൾ തുടങ്ങിയ മേഖലകളിൽ മൃഗശാല വനിതകളെ നിയമിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റിവ്, സൂപ്പർവൈസറി സ്ഥാനങ്ങളിലും നിരവധി വനിതകളുണ്ട്. മൊത്തം 204 വനിത ഇമാറാത്തി പ്രഫഷനലുകൾ മൃഗശാലയിൽ ജോലി ചെയ്യുന്നു. മുൻകാലങ്ങളിൽ അറബ് സ്ത്രീകൾ വിരളമായി മാത്രം കടന്നുവന്ന ഇത്തരം മേഖലകളിൽ സ്ത്രീകളെ പിന്തുണക്കുന്നതിന് സജീവമായ പങ്ക് മൃഗശാല വഹിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.