ന്യൂഡൽഹി: ഗതാഗതത്തിനിടെ പഴങ്ങൾ, പച്ചക്കറികൾ, പാൽ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ കേടാകുന്നത് കുറക്കാൻ പുതിയ കൂളിങ് സംവിധാനം വികസിപ്പിച്ച് ഷൈവീ മാലിക്. ഐഐടി ഡൽഹിയിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദം നേടിയ 25കാരിയായ ഷൈവീ മാലിക്, ട്രക്കിന്റെ ഡീസൽ എൻജിനെ ആശ്രയിക്കാതെ പ്രവർത്തിക്കുന്ന ശീതീകരണ സംവിധാനമാണ് വികസിപ്പിച്ചത്.
ഇന്ത്യയിലെ ഭക്ഷ്യവിതരണ ശൃംഖലയിലെ പ്രധാന വെല്ലുവിളികളിലൊന്നാണ് ഗതാഗതത്തിനിടെയുണ്ടാകുന്ന ഭക്ഷ്യനഷ്ടം. ആവശ്യത്തിന് കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളും റഫ്രിജറേറ്റഡ് വാഹനങ്ങളും ഇല്ലാത്തതും ഇതിന് കാരണമാകുന്നു.
സാധാരണ റഫ്രിജറേറ്റഡ് ട്രക്കുകളിൽ കൂളിങ് സംവിധാനത്തിന് ആവശ്യമായ വൈദ്യുതി വാഹനത്തിന്റെ ഡീസൽ എൻജിനിൽ നിന്നാണ് ലഭിക്കുന്നത്. ട്രക്ക് ഗതാഗതക്കുരുക്കിൽ നിർത്തിയാലും എൻജിൻ പ്രവർത്തിപ്പിക്കേണ്ടിവരുന്നതിനാൽ ഇന്ധന ഉപഭോഗവും കാർബൺ പുറന്തള്ളലും വർധിക്കുന്നു.
ഈ പ്രശ്നത്തിന് സാങ്കേതിക പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഷൈവീ മാലിക്കും സഹസ്ഥാപകരായ വിവേക് മഹിന്ദ്രാകറും ധാർമിക് ബാപോദരയും എത്തിയത്. ഐ.ഐ.ടി ഡൽഹിയിൽ പഠിക്കുമ്പോൾ ഫോർമുല സ്റ്റുഡന്റ് റേസിങ് ടീമിൽ പ്രവർത്തിച്ച അനുഭവം ഷൈവീ മാലിക്കിന് യന്ത്രങ്ങൾ രൂപകൽപ്പന ചെയ്യാനും നിർമിക്കാനും സഹായമായി. പിന്നീട് ടീമിന്റെ അസോസിയേറ്റ് ക്യാപ്റ്റനായും പ്രവർത്തിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സാങ്കേതികവിദ്യ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ മൂവരും 2022ൽ യോതു എനർജി ആരംഭിച്ചു. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കമ്പനി പിന്നീട് ഐ.ഐ.ടി മദ്രാസിലെ ഇൻകുബേഷൻ പദ്ധതിയുടെ ഭാഗമാകാൻ ചെന്നൈയിലേക്ക് പ്രവർത്തനം മാറ്റി.
ട്രക്കിന്റെ എൻജിനെ ആശ്രയിക്കാതെ സ്വന്തമായി ലിഥിയം-അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ശീതീകരണ സംവിധാനമാണ് യോതു എനർജി വികസിപ്പിച്ചത്. ട്രക്ക് നിർത്തിയിരിക്കുമ്പോഴും എൻജിൻ ഓഫ് ചെയ്തിരിക്കുമ്പോഴും ചരക്ക് തണുപ്പിച്ച് സൂക്ഷിക്കാൻ സംവിധാനത്തിന് കഴിയും. വാഹനം തകരാറിലായാലും കൂളിങ് തുടരാം. വാതിൽ തുറക്കുന്നത് സെൻസറുകൾ തിരിച്ചറിഞ്ഞ് അതനുസരിച്ച് കൂളിങ് ക്രമീകരിക്കുകയും ചെയ്യും.
ഒറ്റ ചാർജിൽ ആറ് മുതൽ എട്ട് മണിക്കൂർ വരെ പ്രവർത്തിക്കാനാകുമെന്ന് കമ്പനി പറയുന്നു. ശീതീകരണ ചെലവ് ഏകദേശം 75 ശതമാനം വരെ കുറക്കാനും ഉപയോഗത്തിനനുസരിച്ച് ഓരോ യൂണിറ്റിലും പ്രതിവർഷം മൂന്ന് മുതൽ 36 ടൺ വരെ കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ ഒഴിവാക്കാനും കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ഷൈവീ മാലിക്കിന്റെ കുടുംബത്തിന്റെ സാമ്പത്തിക സഹായവും സർക്കാർ ഗ്രാന്റുകളുമായിരുന്നു കമ്പനിയുടെ തുടക്കത്തിലെ പ്രധാന പിന്തുണ. പിന്നീട് ഏകദേശം 1.53 കോടി രൂപ സമാഹരിച്ച യോതു എനർജിക്ക് വിവിധ സർക്കാർ ഏജൻസികളിൽനിന്ന് കൂടുതൽ ഗ്രാന്റുകളും ലഭിച്ചു. അമുൽ ഐസ്ക്രീം, മക്കെയിൻ ഫ്രോസൺ ഫുഡ്സ് എന്നിവയുമായി ബന്ധപ്പെട്ട വിതരണക്കാരും കമ്പനിയുടെ ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു.
ട്രക്കുകൾക്കായുള്ള സാങ്കേതികവിദ്യയിൽ മാത്രം ഒതുങ്ങാതെ വിവിധ മേഖലകൾക്കായി കൂളിങ് സൊല്യൂഷനുകൾ വികസിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഷൈവീ മാലിക് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.