ഇതൊക്കെ സിമ്പിൾ അല്ലേ! നൂറാം പിറന്നാൾ സ്കൈഡൈവ് ചെയ്ത് ആഘോഷിച്ച് കാലിഫോർണിയയിലെ മുത്തശ്ശി
100 വയസ്സ് തികക്കുക എന്നത് തന്നെ അപൂർവ്വ ഭാഗ്യമാണ്. കാലിഫോർണിയയിൽ നിന്നുള്ള റൂബി മക്‌നാലിയെ എന്ന മുത്തശ്ശിക്ക് പ്രായം വെറുമൊരു അക്കം മാത്രമാണ്. റൂബി മക്നാലിക്ക് 100 വയസായി. കാലിഫോർണിയയിലെ റോസ് വില്ലിൽ ഒറ്റക്കാണ് താമസം. ഇപ്പോഴും സ്വയം കാറോടിച്ച് നഗരത്തിൽ ചുറ്റിക്കറങ്ങും. തന്റെ പിറന്നാൾ ആഘോഷിക്കാൻ അവർ തെരഞ്ഞെടുത്തത് സ്കൈഡൈവായിരുന്നു തെരഞ്ഞെടുത്തത്. ഇത് മൂന്നാം തവണയാണ് അവർ സ്കൈഡൈവ് ചെയ്യുന്നത്. 80-ാം വയസ്സിലും 90-ാം വയസ്സിലും ഇതുപോലെ ചാടിയിട്ടുണ്ട്.
വെർമോണ്ടിലെ ഒരു ഗ്രാമത്തിലാണ് റൂബി വളർന്നത്. അവിടെ കുടുംബം തന്നെ പച്ചക്കറികൾ കൃഷി ചെയ്യുകയും കാട്ടിൽ നിന്ന് പഴങ്ങൾ പറിച്ചെടുക്കുകയും ചെയ്യുമായിരുന്നു. ആ ഭക്ഷണ ശീലം അവർ ഇന്നും തുടരുന്നു. ‘കഴിയുന്നത്ര സ്വാഭാവികമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കണം, അതാണ് എന്റെ ഉപദേശമെന്നും’ റൂബി പറയുന്നു. ഇപ്പോഴും കൂടുതലും ഓർഗാനിക് പച്ചക്കറികളും ഇറച്ചിയുമാണ് വാങ്ങുന്നത്. രാവിലെ മുട്ടയോ ധാന്യങ്ങൾ അടങ്ങിയ ഭക്ഷണമോ കഴിച്ചാണ് ദിവസം തുടങ്ങുന്നത്. ചെറി തക്കാളി പോലുള്ള പച്ച പഴങ്ങളും പച്ചക്കറികളുമാണ് ലഘുഭക്ഷണം. മധുരം പൂർണമായും ഒഴിവാക്കി. രാവിലെ രണ്ട് കപ്പ് കാപ്പിയും നിർബന്ധമാണെന്ന് റൂബി പറയുന്നു.
ഇന്ന് ഭക്ഷണത്തിൽ അത്ര കർശനമാണെങ്കിലും കുട്ടിക്കാലത്ത് അങ്ങനെ ആയിരുന്നില്ല. കുട്ടിയായിരിക്കുമ്പോൾ മധുരമെല്ലാം ഇഷ്ടംപോലെ കഴിക്കുമായിരുന്നുവെന്നും എന്നിട്ടും ഒരിക്കലും തടി കൂടിയിരുന്നില്ലെന്നും റൂബി ഓർക്കുന്നു. ഇപ്പോൾ നല്ല ഭക്ഷണം കഴിച്ചതിന് ശേഷം മധുരം കഴിക്കാൻ തോന്നാറില്ല. ഒന്നും നിർബന്ധിച്ച് ഒഴിവാക്കുന്നതല്ല. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശരീരം പറയുന്നത് കേൾക്കുക എന്നതാണ് പ്രധാനമെന്ന് റൂബി പറയുന്നു.
കുട്ടിക്കാലത്ത് മരത്തിൽ കയറിയും നീന്തിയും മലകയറിയും ബാസ്കറ്റ്ബോൾ കളിച്ചുമൊക്കെയായിരുന്നു. ടീം ക്യാപ്റ്റൻ ആയിരുന്നു. പിന്നീട് ഏഴ് മക്കളെ വളർത്തുന്ന തിരക്കിനിടയിൽ വ്യായാമത്തിന് സമയം കിട്ടിയില്ല. പ്രായം കൂടിയപ്പോൾ നടത്തമായി പ്രധാന വ്യായാമം. ഇന്നും വടിയോ വോക്കറോ ഒന്നും ഉപയോഗിക്കാതെയാണ് നടക്കുന്നത്. 100-ാം വയസ്സിലും താൻ പൂർണ സന്തോഷവതിയാണെന്ന് റൂബി പറയുന്നു.
100 വർഷത്തെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ കണ്ടിട്ടുണ്ട്. ഏഴ് മക്കളെ വളർത്തിയതിന്റെ തിരക്കും ഉത്തരവാദിത്തവും, നഴ്സ് ആയി ജോലി ചെയ്തപ്പോൾ കണ്ട വേദനകളും, പ്രിയപ്പെട്ടവരുടെ വിയോഗവുമെല്ലാം. എന്നിട്ടും അവർ തളർന്നില്ല.മോശം ദിവസങ്ങളിൽ പോലും ചിരിക്കാൻ ഒരു കാര്യം കണ്ടെത്താൻ അവർ ശ്രമിക്കും. സങ്കടത്തിൽ ഇരുന്ന് സമയം കളയില്ല. നല്ല ഭക്ഷണവും ദിവസേനയുള്ള നടത്തവും ശരീരത്തെ ആരോഗ്യത്തോടെ നിർത്തിയെങ്കിൽ, ഈ പോസിറ്റീവ് ചിന്തയാണ് മനസ്സിനെ ചെറുപ്പമായി നിർത്തിയത്. മനസ്സ് സന്തോഷമായിരുന്നാൽ ശരീരവും കൂടെ വരുമെന്നാണ് റൂബിയുടെ വിശ്വാസം. അതുകൊണ്ടാണ് 100 വയസ്സിലും പുതിയ സാഹസങ്ങൾ ചെയ്യാൻ അവർക്ക് ധൈര്യം കിട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.