വീട്ടിൽ നിന്ന് തല്ലുകൊണ്ടവർ നാടിന് കാവലായി; ഉത്തർപ്രദേശിൽ പച്ച സാരിപ്പടയുടെ പോരാട്ടം
ലഖ്‌നോ: ഒരിക്കൽ സ്വന്തം വീടുകളിൽനിന്ന് അക്രമവും പീഡനവും ഏറ്റുവാങ്ങിയവർ. ഇന്ന് കൈയിൽ വടിയുമായി ഗ്രാമങ്ങളിലൂടെ ഗാർഹിക പീഡനത്തിനും ലഹരിക്കും ചൂതാട്ടത്തിനും ബാലവിവാഹത്തിനുമെതിരെ പോരാടുകയാണ് ഒരു കൂട്ടം സ്ത്രീകൾ. പച്ച സാരിയണിഞ്ഞെത്തുന്ന ഇവർ 'ഗ്രീൻ ആർമി' എന്നാണ് അറിയപ്പെടുന്നത്. തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ മറ്റൊരു സ്ത്രീക്കും ഉണ്ടാകരുതെന്ന ഉറച്ച നിലപാടിലാണ് ഗ്രീൻ ആർമി രൂപവത്കരിച്ചിട്ടുള്ളത്. പറഞ്ഞിട്ടും കേൾക്കാത്തവരെ വടിയുമായി നേരിടുമെന്ന മുന്നറിയിപ്പോടെ ഗ്രാമങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് നീളുകയാണ് ഉത്തർപ്രദേശിലെ പച്ചസാരിണിഞ്ഞ ഈ സ്ത്രീകളുടെ പോരാട്ടം.
'ഞങ്ങൾ സ്ത്രീകളാണ്, ദുർബലരല്ല' എന്നാണ് ഗ്രീൻ ആർമി ഉറക്കെ വിളിച്ചു പറയുന്നത്. പച്ച സാരിയും വടിയും മാത്രമല്ല ഇവരുടെ പോരാട്ടത്തിന്റെ പ്രത്യേകത. സ്വന്തം വീടുകളിൽ നേരിട്ട ഗാർഹിക പീഡനം, മദ്യപാനം, ദാരിദ്ര്യം, നിസ്സഹായത എന്നിവയുടെ അനുഭവങ്ങളിൽ നിന്നുകൂടെയാണ് ഈ കൂട്ടായ്മ രൂപപ്പെട്ടത്. വാരണാസിയിലെ കുശിയാരി ഗ്രാമത്തിൽ നിന്ന് ഗ്രീൻ ആർമി പിന്നീട് ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.
ആർമിയിലെ പല അംഗങ്ങൾക്കും ഒരിക്കൽ സ്വന്തം വീടുകളിൽ തന്നെ കടുത്ത പീഡനം നേരിടേണ്ടിവന്നിരുന്നു. മദ്യപിച്ചും ചൂതാട്ടം നടത്തിയുമെത്തുന്ന ഭർത്താക്കന്മാർ കുടുംബത്തിന്റെ വരുമാനം ധൂർത്തടിച്ചതോടെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുണ്ടായിരുന്ന കാലം അവർ ഓർക്കുന്നു. ദിവസം മുഴുവൻ ജോലി ചെയ്ത് ലഭിക്കുന്ന ചെറിയ വരുമാനത്തിൽനിന്നുപോലും ഭർത്താക്കന്മാർ മദ്യം വാങ്ങിയിരുന്നു. പല ദിവസങ്ങളിലും കുട്ടികൾ പട്ടിണിയോടെയാണ് ഉറങ്ങിയിരുന്നത്.
'ഇനിയെത്രകാലം സ്ത്രീകൾ ഇങ്ങനെ പീഡനം സഹിക്കണം? കുട്ടികൾ എത്രകാലം പട്ടിണിയോടെ ഉറങ്ങണം?' എന്ന ചിന്തയാണ് ഒരുമിച്ച് പ്രവർത്തിക്കാൻ ഇവരെ പ്രേരിപ്പിച്ചത്. ജീവിതത്തോടുള്ള പ്രതീക്ഷ പോലും നഷ്ടപ്പെട്ട അവസ്ഥയിൽനിന്ന് ഒരു കൂട്ടമായി മുന്നോട്ടുവരാനുള്ള തീരുമാനം ഉണ്ടായതോടെ ഗ്രാമത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അനീതിക്കെതിരെ പോരാടാന്‍ അവർ സന്നദ്ധരായി.
പച്ച സാരി കണ്ടാൽ മാറിനിൽക്കും
തുടക്കത്തിൽ ഗ്രാമത്തിലെ പ്രശ്നങ്ങൾ നേരിട്ട് ആളുകളോട് സംസാരിച്ചാണ് ഗ്രീന്‍ ആർമി ശ്രമിച്ചത്. മദ്യപാനം, ചൂതാട്ടം, ഗാർഹിക പീഡനം, ബാലവിവാഹം എന്നിവയ്‌ക്കെതിരെ വീടുകളിലും ഗ്രാമത്തിലുമിറങ്ങി ബോധവത്കരണം നടത്തി. പിന്നീട് പച്ച സാരിയുടുത്ത് അവർ തങ്ങളുടെ ലക്ഷ്യത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇന്ന് പച്ച സാരിയുടുത്ത തങ്ങളെ കാണുമ്പോൾ ചൂതാട്ടക്കാരും ലഹരി ഉപയോഗിക്കുന്നവരും അവിടെനിന്ന് മാറിപ്പോകാറുണ്ടെന്ന് അംഗങ്ങൾ പറയുന്നു. എന്നാൽ വഴിയിൽ നിന്ന് ആളുകൾ പിന്മാറിയില്ലെങ്കിൽ വടി കൈയിലുണ്ടെന്ന മുന്നറിയിപ്പും നൽകും. ഇത്തരത്തിൽ ഇടപഴകുമ്പോഴും തങ്ങൾ പൊലീസിന് പകരക്കാരല്ലെന്നും സ്ത്രീകൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങളിൽ സഹായം നൽകുകയാണെന്നും പറയുന്നു. ചില ഗ്രീൻ ആർമി അംഗങ്ങൾക്ക് പൊലീസ്-മിത്ര ഐ.ഡികളും നൽകിയിട്ടുണ്ട്.
ശൈശവവിവാഹത്തിനെതിരെയും കൂട്ടായ്മ ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം ശ്രദ്ധയിൽപ്പെട്ടാൽ കുടുംബങ്ങളുമായി സംസാരിക്കുകയും അത് തടയാൻ ശ്രമിക്കുകയും ചെയ്യുന്നു. കുട്ടികളെ സ്കൂളിലേക്ക് അയക്കാത്ത കുടുംബങ്ങളെ വീടുതോറും സന്ദർശിച്ച് അവരെ സ്കൂളിൽ അയക്കണമെന്ന് ആവശ്യപ്പെടുകയും കുട്ടികൾ പഠിക്കുന്നുണ്ടോ എന്ന് പിന്നീട് അന്വേഷിക്കുകയും ചെയ്യുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ഇവർ പ്രത്യേക പ്രാധാന്യം നൽകുന്നു. അതേ സമയം ഏതെങ്കിലും വീട്ടിൽ പെൺകുഞ്ഞ് ജനിച്ചാൽ അവിടെയെത്തി ആഘോഷിക്കാനും ഗ്രീൻ ആർമി മുൻകൈയെടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.