അനഘ പഞ്ചാരിമേളം അരങ്ങേറ്റത്തിൽ
കണക്കിലെ മിടുക്ക് താളത്തിലും പിഴയ്ക്കാതെ; പഞ്ചാരിമേളത്തിൽ കൊട്ടിക്കയറി അനഘ അജിത്ത്
അരൂർ: താളം കണക്കാണ്. കണക്കിലുള്ള മിടുക്ക് താളത്തിലും പിഴയ്ക്കാതെ പതികാലത്തിൽനിന്ന് തുടങ്ങി അഞ്ചാം കാലത്തിലേക്ക് കൊട്ടിക്കയറുകയാണ് അനഘ അജിത്ത് എന്ന 26കാരി. പഞ്ചാരിമേളം പഠിപ്പിക്കുന്നെന്ന അരൂർ കിഴക്കുംഭാഗം എൻ.എസ്.എസ് കരയോഗത്തിന്‍റെ അറിയിപ്പ് കേട്ടായിരുന്നു അനഘയും അച്ഛൻ അജിത്തും പഠിതാക്കളായി ചേർന്നത്. ‘ആദ്യം 24 പേരുണ്ടായിരുന്നു.
സ്ത്രീകളായി രണ്ടുപേർ മാത്രം. പഠനം മുറുകിയപ്പോൾ ആകെയുണ്ടായിരുന്ന കൂട്ടുകാരി പോയി. ആണുങ്ങളിൽ 13 പേർ. തന്നെയും കൂട്ടി ആകെ 14 പേർ -അനഘ പറഞ്ഞു. പൂണിത്തുറ ശ്രീരാജ് മാരാരുടെ ശിക്ഷണത്തിൽ ഒന്നര വർഷത്തോളം ചെണ്ട കൊട്ട് അഭ്യസിച്ചു. അരൂർ കാർത്യായനി ദേവി ക്ഷേത്രത്തിൽ ആഘോഷമായി പഞ്ചാരിമേളത്തിന്റെ അരങ്ങേറ്റവും നടത്തി. ആറ് മുതിർന്നവർക്കൊപ്പം, ഏഴ് ആണുങ്ങൾക്കൊപ്പം ഒരേയൊരു പെൺതരിയായി അനഘ തിളങ്ങി.
അരൂർ വെതേരിൽ അജിത്തിന്റെയും ശ്രീലതയുടെയും മകളായ അനഘ നൃത്തം, സംഗീതം, വയലിൽ, തിരുവാതിര ഇവയൊക്കെ അഭ്യസിച്ചിട്ടുണ്ട്. എല്ലാ വാദ്യങ്ങൾക്കും മേലെയാണല്ലോ ചെണ്ട. അതും ഒരു കൈ നോക്കുകയാണ് അനഘ. കണക്കിൽ ബിരുദധാരിയായ അനഘക്ക് ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജുവേഷനുണ്ട്.
കലൂരിലെ സ്ഥാപനത്തിലെ ജോലികഴിഞ്ഞെത്തിയാണ് പരിശീലനം. രാത്രി ഏഴര മുതൽ ഒന്നര മണിക്കൂർ. സൈബർ ഫോറൻസിക് സയൻസ് ഒന്നാംവർഷ ഡിഗ്രി വിദ്യാർഥി അനന്യ അജിത്ത് സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.