‘ഉമ്മ കുഴഞ്ഞു വീണു, ആംബുലൻസ്​ വേണം’; കുരുന്ന്​ ബാലികയുടെ വിളി റെഡ്​ ക്രസന്‍റിന്​

റിയാദ്​: ‘ഹലോ.... എ​ന്‍റെ ഉമ്മ കുഴഞ്ഞുവീണു, ആംബുലൻസുമായി വരുമോ?’ റെഡ്​ ക്രസൻറ്​ അതോററ്റിയിലേക്ക്​ വന്ന ഒരു എമർജൻസി കോളാണ്​. ഫോണെടുത്ത റെഡ്​ ക്രസൻറ്​ ജീവനക്കാരൻ ചോദിച്ചു ‘ഉമ്മ എവിടെ? ഫോൺ കൊട്​.’ ഉടൻ അവളുടെ മറുപടി: ‘ഇല്ല, മാമ മിണ്ടുന്നില്ല. സംസാരിക്കാൻ കഴിയുന്നില്ല.’ ഉടൻ അയാൾ അവളുടെ വീടിരിക്കുന്ന സ്ഥലം ചോദിക്കുന്നു. ലോക്കേഷൻ വാട്​സാപ്പ്​ ചെയ്യാൻ ആവശ്യപ്പെടുന്നു.

ആംബുലൻസ് വീട്ടിൽ എത്തുന്നതുവരെ ഫോണിൽ തുടരാനും ആവശ്യപ്പെടുന്നു. ആംബുലൻസ് അവിടെ എത്തിച്ചേരുന്നതു വരെ ഫോണിൽ തുടർന്ന്​ അയാൾ അവളെ ആശ്വസിപ്പിക്കുന്നു. ആംബുലൻസ്​ എത്തി ഉമ്മയെ ആശുപത്രിയിലെത്തിക്കുന്നു. ഒരു ജീവൻ രക്ഷിക്കാനും വിവരമറിയിച്ച രോഗിയുടെ കുഞ്ഞുമകളെ ആശ്വസിപ്പിക്കാനും സന്ദർഭോചിതമായ പ്രവർത്തനം നടത്തിയ ജീവനക്കാരനെ അറിഞ്ഞവരെല്ലാം പ്രശംസ കൊണ്ട്​ മൂടി. ആരോഗ്യ മന്ത്രാലയം അയാളെ ആദരിക്കുകയും ചെയ്​തു.

ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ, അബ്​ദുല്ല അൽ മുതൈരിയെ ആദരിച്ചപ്പോൾ

റിയാദിൽ കഴിഞ്ഞ ദിവസമാണ്​ സംഭവം. റെഡ്​ ക്രസൻറ്​ കൺട്രോൾ റൂമിലേക്കാണ്​ കുഞ്ഞുബാലികയുടെ കോൾ വന്നത്​. നഗരത്തിലെ ഒരു വീട്ടിൽ അവളുടെ ഉമ്മ കുഴഞ്ഞുവീണു. നിലത്ത്​ വീണുകിടക്കുകയാണ്​. മിണ്ടുന്നില്ല. ആംബുലൻസ്​ അയച്ച്​ ആശുപത്രിയിലെത്തിക്കാൻ സഹായിക്കണം. അതായിരുന്നു അവളുടെ ആവശ്യം. അബ്​ദുല്ല മുതൈരി എന്ന ജീവനക്കാരനായിരുന്നു ഫോണെടുത്തത്​. കൃത്യസമയത്ത്​ ആംബുലൻസ്​ ആ വീട്ടിലെത്തിച്ച്​ രോഗിയെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും അവരുടെ ജീവൻ രക്ഷിക്കാനും ഒപ്പം ആ ബാലികയെ ആശ്വസിപ്പിക്കാനും അബ്​ദുല്ല മുതൈരിക്ക്​ കഴിഞ്ഞു. അതാണ്​ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്​.

ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ നേരി​ട്ടെത്തി അബ്​ദുല്ല അൽ മുതൈരിയുടെ പ്രവൃത്തിയെ പ്രശംസിച്ചു. അബ്​ദുല്ല അൽമുതൈരിയും ആ പെൺകുട്ടിയും തമ്മിൽ ഫോണിൽ സംസാരിക്കുന്നതി​ന്‍റെ വിഡിയോ മന്ത്രാലയം പുറത്തുവിടുകയും ചെയ്​തു. മണിക്കൂറുകൾക്കുള്ളിൽ അത്​ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്​തു.

മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി അബ്​ദുല്ല അൽ മുതൈരിയെ ആദരിച്ചു. ആരോഗ്യ സംവിധാനത്തിന്‍റെ അഭിനിവേശം, വൈദഗ്ധ്യം, അനുകമ്പ എന്നിവയുടെ മൂല്യങ്ങളെ അൽമുതൈരി പ്രതിനിധീകരിക്കുന്നുവെന്ന്​ മന്ത്രി പറഞ്ഞു. സമൂഹം നന്നായി ജീവിക്കാൻ മനുഷ്യത്വത്തോടെ ദൈനംദിന ജോലികൾ ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ഒരു മാതൃകയാണെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Saudi Health Minister Fahad Al Jalaj praised Red Crescent Staff Abdullah Al Mutairi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.