‘‘ഇൻസ്റ്റയിലെ ഞാൻ പോളിഷ്ഡും ക്രിയേറ്റിവുമായിരിക്കും. ലിങ്ക്ഡ്ഇന്നിലാകട്ടെ ഗൗരവമുള്ള ഞാനും. എന്നാൽ വാട്സാപ്പിലോ, ഒരു ഫിൽറ്ററുമില്ലാത്ത പച്ചയായ ഞാനും’’ -പത്തൊമ്പതുകാരി ശിവാനി സിൻഹ പറയുന്നു. ഈ ഓരോ ഐഡന്റിറ്റിക്കു വേണ്ടിയും ദിവസം മുഴുവൻ സ്വന്തത്തെ അഡ്ജസ്റ്റ് ചെയ്തു വെക്കേണ്ടിവരുന്നത് പ്രയാസമുള്ള കാര്യമാണെന്നും ശിവാനി വിശദീകരിക്കുന്നു.
അഞ്ചിൽ രണ്ട് ജെൻ സിയും ദിവസം ഒന്നു മുതൽ രണ്ടു മണിക്കൂർ സമൂഹമാധ്യമങ്ങളിൽ ചെലവഴിക്കുന്ന ഇക്കാലത്ത് അവർ ഇത്തരം വിചിത്ര ഐഡന്റിറ്റി ക്രൈസിസ് നേരിടുന്നതായി മനഃശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഓൺലൈനായിരിക്കുകയെന്നാൽ, പുതു തലമുറക്ക് സ്ക്രോളിങ് മാത്രമല്ല. ഓരോരുത്തരുടെയും പെർഫോമൻസ്, മറ്റുള്ളവരുടെ അംഗീകാരത്തിനായി നിരത്തിവെക്കുന്ന പ്രവർത്തനം കൂടിയാണ്. ഈ പ്രവർത്തനം തന്നെ അവരെ തളർത്തും. ഒപ്പം, സ്വന്തം ഐഡന്റിറ്റിയിൽ ഇതുണ്ടാക്കുന്ന ആശയക്കുഴപ്പം അവരെ ‘പൊട്ടിത്തെറിക്കുന്ന’ അവസ്ഥയിലുമെത്തിക്കുമത്രെ.
‘‘ലിങ്ക്ഡ്ഇന്നിൽ ഏറെ ഔപചാരികമാകുന്ന ഞാനതിൽ എന്റെ വർക്കുകൾ നിരന്തരം പോസ്റ്റ് ചെയ്യുകയും, അവ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നവരുടെ അംഗീകാരം കൊതിക്കുകകയും ചെയ്യുന്നു. ഇൻസ്റ്റയിൽ ഒരു ഇൻഫ്ലുവൻസറെ പോലെ യാത്രയും കഫേകളും തമാശയുമായി വേറിട്ട ആളാകുന്നു. വാട്സാപ്പിൽ ഇതിന്റെയെല്ലാം വിപരീതമാണ്. ജോലി സംബന്ധമല്ലാതെ മറ്റൊന്നിനും മര്യാദക്ക് മറുപടി പോലും നൽകില്ല.
ഈ മൂന്ന് സ്വത്വങ്ങൾ കാരണം ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ പോലും അതിന്റെ അർഥത്തിൽ ആസ്വദിക്കാൻ കഴിയാറില്ല’’ -ഇരുപത്തിനാലുകാരി നുപുർ പഗ്‍വാദ് അഭിപ്രായപ്പെടുന്നു. കൗൺസലിങ് സൈക്കോളജിസ്റ്റ് ഹിബ അഹ്മദിന്റെ അഭിപ്രായത്തിൽ, അദൃശ്യരായ കാഴ്ചക്കാർക്കുവേണ്ടി പ്രകടനങ്ങൾ കാഴ്ചവെക്കേണ്ട സമ്മർദത്തിലാണ് ജെൻ സി. ഇത് ‘പെർഫോമൻസ് തളർച്ച’യിലേക്ക് അവരെ നയിക്കും.
ഡിജിറ്റൽ ജീവിതം വിലക്കിയതുകൊണ്ട് ജൻ സിക്ക് ഇതിൽ നിന്ന് മുക്തമാകാൻ കഴിയില്ലെന്നും പകരം, ടെക്നോളജിയുമായുള്ള ബന്ധം ആരോഗ്യകരമാക്കാനേ കഴിയൂ എന്നും വിദഗ്ധർ പറയുന്നു. ‘‘ഓൺലൈൻ സ്വഭാവം എങ്ങനെ വേണമെന്ന് അവർക്ക് പറഞ്ഞുകൊടുക്കണം.
തങ്ങൾ ഓൺലൈനിൽ ലഭ്യമാകുന്നതെപ്പോൾ എന്ന് അവർ നേരത്തെ നിശ്ചയിക്കണം. എല്ലാ സന്ദേശങ്ങൾക്കും അപ്പപ്പോൾ പ്രതികരിക്കേണ്ടതില്ല. അത്യാവശ്യമല്ലാത്ത നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്തിടുക, സ്വന്തമായ ഓഫ്ലൈൻ സമയം നിലനിർത്തുക.’’ -മനഃശാസ്ത്രജ്ഞ പൂജ റോയ് നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.