കേരളപ്പിറവിയുടെ പുതിയ എഡിഷനിലേക്ക് നാടുണരുമ്പോൾ പിന്നിട്ട കാലത്തെ ലിമിറ്റഡ് നടപ്പുശീലങ്ങളിൽനിന്ന് അൺലിമിറ്റഡ് പ്രൊ വേർഷൻ പതിവുകളിലൂടെ ദ്രുതവേഗത്തിൽ പായുകയാണ് മലയാളനാടും നഗരവും.
വിവാഹ ആഘോഷത്തിൽ മാത്രമല്ല, വിദ്യാഭ്യാസം, യാത്രകൾ, സംസാരഭാഷ, ഭക്ഷണരീതികൾ തുടങ്ങി മരണാനന്തര ചടങ്ങുകളിൽ പോലും മലയാളികളുടെ മാറിയ ശീലങ്ങൾ കണ്ടറിയാം.
റിയൽ ലൈഫ് അല്ല, റീൽ ലൈഫാണ് പ്രധാനം
ഇന്ന് അടുത്ത ഒരു ബന്ധുവിന്‍റെ കല്യാണത്തിന് പോകണമെങ്കിൽ നിങ്ങൾക്ക് എത്ര വസ്ത്രങ്ങൾ വേണം? ഏറ്റവും കുറഞ്ഞത് മൂന്ന് ജോടി എങ്കിലും വേണ്ടിവരും. വിവാഹദിനത്തിന് തൊട്ടുമുമ്പുള്ള രണ്ടു ദിനങ്ങളിൽ ഹൽദി, മെഹന്ദി ആഘോഷങ്ങളിൽ പങ്കെടുക്കണം. കല്യാണവീട്ടിലെ ജെൻ സീ പിള്ളേർ അടങ്ങുന്ന ഇവന്‍റ് മാനേജ്മെന്റ് ടീം പറയുന്ന നിറത്തിലും രൂപത്തിലുമുള്ള വസ്ത്രങ്ങൾവേണം. വിവാഹദിനത്തിന് വേറെയും.
അൽപം ആഡംബര കല്യാണമാണെങ്കിൽ വസ്ത്രങ്ങളുടെ എണ്ണം പിന്നെയും കൂട്ടേണ്ടി വരും. ചടങ്ങുകളിൽ പങ്കെടുക്കേണ്ട കുടുംബാംഗങ്ങളുടെ എണ്ണം അനുസരിച്ചു ഉടുപ്പാടകൾക്കായി വലിയൊരു തുക തന്നെ പൊടിയും.
ഏതാനും വർഷം മുമ്പ് ഒരു പുതിയ സാരിയിലോ ഷർട്ടിലോ മാത്രം കൂടിയിരുന്ന കല്യാണങ്ങൾ മാത്രമായിരുന്നു നാട്ടിൽ നടന്നിരുന്നത്. അതിൽനിന്ന് മലയാളി ശീലങ്ങളിൽ വന്ന വിവാഹാഘോഷ വ്യത്യാസങ്ങൾ ഏറെ കൗതുകകരമാണ്, അത്രതന്നെ ചെലവേറിയതും. മാത്രമല്ല, ചെറുക്കനും പെണ്ണിനും ഒപ്പം നാല് ചുവട് ഡാൻസ് ചെയ്യാതെ മുമ്പേ പറഞ്ഞ ജെൻ സീ സംഘം വിടില്ല.
ഗ്രാമാന്തരങ്ങളിൽനിന്നുപോലും പഴയകാലത്തെ റിയൽ ലൈഫ് ഓർമയാകുന്നു. പകരം റീൽ ലൈഫ് തന്നെയാണ് പുതിയ കാലത്തിന്റെ നാട്ടുചരിതം വരച്ചിടുന്നത്.
റീൽ പോലെ മംഗല്യം
മാറിയ മലയാളി ശീലങ്ങൾ ഏറ്റവും കൂടുതൽ തൊട്ടറിയാനാകുന്നത് വിവാഹങ്ങളിൽ തന്നെ. പാരമ്പര്യ ശൈലികളിൽ ഒതുങ്ങിനിന്ന 90 മോഡൽ വിവാഹങ്ങൾ ഇന്ന് മോഡേൺ സ്റ്റൈലിലേക്ക് മാറി. ക്ഷേത്രം അല്ലെങ്കിൽ പള്ളികളിൽ നടന്നിരുന്ന ചടങ്ങുകൾ ഓഡിറ്റോറിയം, റിസോർട്ട്, ഡെസ്റ്റിനേഷൻ വെഡ്ഡിങ് എന്നിവയിലേക്ക് ചേക്കേറി. ലളിതവിവാഹം എന്ന പ്രചാരണം കാര്യമായി നടക്കുന്നുണ്ടെങ്കിലും ആഡംബര വിവാഹങ്ങളുടെ എണ്ണവും വർധിച്ചു. അതോടൊപ്പം തന്നെ രജിസ്ട്രേഷൻ വിവാഹം സ്വീകരിക്കുന്നവരുടെ എണ്ണവും കൂടുന്നു.
സാങ്കേതികമായി വിവാഹങ്ങൾക്ക് വന്ന മാറ്റങ്ങളും ഒട്ടേറെയുണ്ട്. കല്യാണ ബ്രോക്കർമാർക്ക് പകരം ഓൺലൈൻ മാച്ച്മേക്കിങ് സൈറ്റുകൾ കളംപിടിച്ചു. ഓരോ മതത്തിനും ജാതി വിഭാഗങ്ങൾക്കും കമ്യൂണിറ്റി അടിസ്ഥാനമാക്കി സൈറ്റുകളും ആപ്പുകളും ഇന്നുണ്ട്. വാട്സ്ആപ് അല്ലെങ്കിൽ ഓൺലൈൻ മീറ്റിങ്ങുകൾ വഴി ആൺ, പെൺ കാണലും ഉറപ്പിക്കലും കൊണ്ടുപിടിച്ചു നടക്കുന്നു.
ഡിജിറ്റൽ ക്ഷണക്കത്തുകൾ വഴിയാണ് വിവാഹക്ഷണം. ഒപ്പം അതിശയിപ്പിക്കുന്ന രീതിയിൽ സേവ് ദി ഡേറ്റ് ഷൂട്ടിങ്ങും. വിദേശത്തുള്ള ബന്ധുക്കൾക്ക് എത്താൻ കഴിഞ്ഞില്ലെങ്കിൽ ഒട്ടും ആകുലത വേണ്ട. വിവാഹങ്ങൾ ലൈവ് സ്ട്രീമിങ് ചെയ്തുകൊടുക്കും. ഓൺലൈനിൽതന്നെ നിക്കാഹ് നടത്തിയ വാർത്തയും വന്നു.
സ്ത്രീധനവിരുദ്ധ വിവാഹങ്ങളും ലളിതവിവാഹങ്ങളും കഴിഞ്ഞ കാലങ്ങളെക്കാൾ എണ്ണത്തിൽ കൂടിയിട്ടുണ്ടെങ്കിലും ശരാശരി മലയാളിയുടെ വിവാഹ സങ്കൽപങ്ങൾ ചെലവേറിയതുതന്നെ. പുരുഷന്മാരും സ്ത്രീകളും മുമ്പത്തെക്കാൾ പ്രായം വൈകി വിവാഹം കഴിക്കുന്ന പ്രവണതയും ഏറിവരുന്നു.
ലൈഫ് സെറ്റായിട്ടു വിവാഹം കഴിക്കാൻ കാത്തിരുന്ന് അവസാനം യോജിച്ച പങ്കാളിയെ കണ്ടെത്താനാകാതെ വിവാഹം തന്നെ ഉപേക്ഷിച്ചവരുടെ എണ്ണവും കൂടുന്നു. അതോടൊപ്പം ഒരുമിച്ചിട്ട് അധിക നാളാകുംമുമ്പേ വിവാഹമോചിതരാകുന്നവരുടെ എണ്ണം കൂടുന്നതും മലയാളി സമൂഹത്തിൽ വന്ന മാറ്റങ്ങളിൽ ഏറെ പ്രസക്തമായതാണ്.
പഠനം കടലിനക്കരെ
എസ്.എസ്.എൽ.സി പരീക്ഷക്ക് കിട്ടിയിരുന്ന മാർക്ക് നോക്കി മുന്നോട്ടുള്ള പഠനവും കരിയറും തീരുമാനിച്ചിരുന്ന 90കളിൽനിന്ന് കേരളം അനേകം കാതങ്ങൾ മുന്നോട്ടുപോയി. ഇന്ന് എട്ടാം ക്ലാസ് മുതൽ മെഡിക്കൽ, എൻജിനീയറിങ് ഉപരിപഠനം മുന്നിൽ കണ്ട് ഫൗണ്ടേഷൻ കോഴ്സ് തുടങ്ങും.
പത്തും പ്ലസ് ടുവും കഴിഞ്ഞ് എൻട്രൻസ് എഴുതി ആദ്യവസരത്തിൽ ഇഷ്ട കോഴ്സിന് പ്രവേശനം കിട്ടിയില്ലെങ്കിൽ ആരും അത്ര കണ്ട് നിരാശപ്പെടാറില്ല. റിപ്പീറ്റർ ബാച്ചുമായി മികച്ച എൻട്രൻസ് പരിശീലന സ്ഥാപനങ്ങൾ തേടിയെത്തും. കേരളത്തിൽ പ്രവേശനം കിട്ടാത്തവർ കടൽ കടന്ന് ഏതു രാജ്യത്ത് പോയും കോഴ്സിന് ചേരുന്നു.
കേരളത്തിലെ കോളജുകളെ രാഷ്ട്രീയമായി ചലിപ്പിച്ചുകൊണ്ടിരുന്ന ആർട്സ് കോഴ്സുകൾക്ക് വിദ്യാർഥികളുടെ എണ്ണം കുറഞ്ഞത് കഴിഞ്ഞ വർഷങ്ങളിലെ ശ്രദ്ധേയ മാറ്റമാണ്. പേരുകേട്ട കോളജുകളിൽ വരെ ആർട്സ് വിഷയങ്ങൾ പഠിക്കാൻ വിദ്യാർഥികൾ താൽപര്യം കാണിക്കുന്നില്ല. മെഡിക്കൽ, എൻജിനീയറിങ് താൽപര്യക്കാർ കഴിഞ്ഞാൽ പിന്നെ പുതുയുഗ തൊഴിൽ മേഖലയിലേക്കാണ് വിദ്യാർഥികളുടെ ഒഴുക്ക്. തൊഴിൽ സാധ്യത, വിദേശ അവസരങ്ങൾ, ടെക്‌നോളജി വളർച്ച എന്നിവ ലക്ഷ്യം വെക്കുകയാണ് വിദ്യാർഥികൾ.
കേരളത്തിലും വിദേശത്തും തൊഴിൽ സാധ്യത കൂടുതലുള്ള പാരാമെഡിക്കൽ മേഖലയിലെ നഴ്സിങ്, ഫാർമസി, ഫിസിയോതെറപ്പി, ഐ.ടി മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡേറ്റ സയൻസ്, കോമേഴ്‌സ് രംഗത്തെ അക്കൗണ്ടിങ്, ഫിനാൻസ്, മാനേജ്മെന്‍റ് എന്നിവയിലേക്ക് കൂടുതൽ വിദ്യാർഥികളും പോകുന്നു. വിദേശരാജ്യങ്ങളിൽ തൊഴിൽ ലഭിക്കുന്നത് നോട്ടമിട്ടാണ് ഇന്നത്തെ പഠനം.
കഴിഞ്ഞ 20 വർഷത്തിനിടെ കാനഡ, ജർമനി, യു.കെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ വിദ്യാഭ്യാസവും തുടർന്ന് തൊഴിലും കണ്ടെത്താൻ മലയാളി കുടുംബങ്ങൾ ഒഴുക്കിയ പണം സമാനതകൾ ഇല്ലാത്തതാണ്. മിഡിൽ ഈസ്റ്റിന് അപ്പുറമുള്ള ലോകം തേടുന്ന മലയാളികളുടെ പരിശ്രമത്തിന്‍റെ കഥകൾ നിറഞ്ഞതാണ് ഇക്കഴിഞ്ഞ വർഷങ്ങൾ.
ആഘോഷിക്കാൻ കാരണങ്ങൾ പലത്
എന്തും ആഘോഷിക്കാൻ ഇന്ന് മലയാളികൾ റെഡിയാണ്. അത് മക്കളുടെ ജന്മദിനമായാലും ഇഷ്ട സിനിമാതാരത്തിന്‍റെ ജന്മദിനമായാലും ഒരുപോലെ. വിവാഹവാർഷികം ഒന്നുപോലും വിട്ടുപോകാതെ കേക്ക് മുറിക്കാൻ അല്ലെങ്കിൽ ട്രിപ്പ് പോകാൻ ഒരിക്കലും മറക്കില്ല.
വീട്ടിലെ പ്രായമായവർക്ക് പോലും പാതിരാത്രി വിളിച്ചുണർത്തി സർപ്രൈസ് ബർത്ഡേ ഗിഫ്റ്റ് നൽകാൻ മലയാളി യുവതലമുറ മിടുക്കരാണ്. ഒപ്പം 50ാം വിവാഹ വാർഷികം പോലും ഒരു ചെറു വിവാഹ വിരുന്നുപോലാക്കി മാറ്റി ആഘോഷം കെങ്കേമമാക്കും.
പഠനനേട്ടങ്ങൾ പോലെതന്നെ വലിയ പരാജയങ്ങളും വീടുകളിൽ ആഘോഷിക്കുന്ന വേറിട്ട മാതൃകകളും കാണാം. കുട്ടികൾക്ക് മാനസിക പിന്തുണ നൽകുകയാണ് ലക്ഷ്യം.
എണ്ണിയാൽ തീരാത്ത കൂട്ടായ്മകൾ
2006ൽ ‘ക്ലാസ്മേറ്റ്സ്’ എന്ന മലയാള സിനിമ ഇറങ്ങിയതിന് ശേഷം ഒരു വട്ടമെങ്കിലും സ്കൂൾ അല്ലെങ്കിൽ കോളജ് ഒത്തുചേരലിന് കൂടാത്ത മലയാളികൾ അധികം ഉണ്ടാകില്ല. ഓരോ ശരാശരി മലയാളിയും ഇന്ന് പലവിധ പൂർവവിദ്യാർഥി സംഗമ വാട്സ്ആപ് ഗ്രൂപ്പുകളിൽ അംഗമാണ്. വാർഷിക ഒത്തുചേരലുകൾക്ക് പുറമെ ഇന്ന് ഈ കൂട്ടായ്മകൾ ഓരോ അംഗത്തിന്‍റെയും വീട്ടിലെ വിശേഷങ്ങൾക്കുപോലും ഒത്തുകൂടുന്നു.
ജോലിയിൽനിന്ന് വിരമിച്ചവർ, വിവാഹ ജീവിതം വേണ്ടെന്നുവെച്ചവർ, വിവാഹമോചിതർ, ഒരേ ബിസിനസ് ചെയ്യുന്നവർ, ജൈവകൃഷിക്കാർ തുടങ്ങി ഒരേ കലുങ്കിൽ ഇരിക്കുന്നവർക്കുപോലും കൂട്ടായ്മകൾ ഉണ്ട്.
ട്രിപ്പ് പോകാൻ എത്രയോ ഇടങ്ങൾ
കുടുംബ ട്രിപ്പ്, കൂട്ടുകാരുടെ ട്രിപ്പ്, കുടുംബശ്രീ ട്രിപ്പ്, ഒരേ ബസിലോ ട്രെയിനിലോ യാത്ര ചെയ്യുന്നവരുടെ ട്രിപ്പ്, ഇനി ഒന്നും സെറ്റായില്ലെങ്കിൽ സോളോ ട്രിപ്പ്... ഇങ്ങനെ നീളുന്നു മലയാളികളുടെ പുതിയ സഞ്ചാരവഴികൾ. അധികമാരും കേൾക്കാത്ത ഇടങ്ങൾപോലും ഇന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
അധികം അറിയപ്പെടാത്ത പ്രദേശങ്ങളിൽ ട്രക്കിങ്, വന്യജീവി സങ്കേതങ്ങളിൽ ടെന്‍റ് സ്റ്റേ, പ്രകൃതി നടത്തങ്ങൾ, മൗണ്ടൻ ബൈക്കിങ് ഇവന്‍റുകൾ, ഓഫ് റോഡ് ഡ്രൈവിങ് എന്നിങ്ങനെയായി ഓരോ ഒഴിവുദിനവും സഞ്ചാരങ്ങളുടെ നാളുകളാണ്. സോഷ്യൽ മീഡിയയിൽ വൈറലായാൽ പിന്നീട് ആ പ്രദേശത്തിന്റെ തലവര മാറും. സിനിമകൾ, സംഗീതം, മീമുകൾ എന്നിവ ഉപയോഗിച്ചുള്ള കാമ്പയിനുകൾ വഴിയും ട്രിപ്പ് സംസ്കാരം പടരുകയാണ്.
എന്തും കഴിക്കും
വെറൈറ്റി ഫുഡ് കഴിക്കാൻ ഏതു പാതിരാത്രിയും എത്ര കിലോമീറ്റർ വേണമെങ്കിലും പോകാൻ റെഡിയാണ് പുതുകാലത്തെ കേരള സമൂഹം. അതേസമയം, മാമ്പഴ അച്ചാർ, ഓണസദ്യ, കഞ്ഞി, ചമ്മന്തി തുടങ്ങിയവയുടെ പരമ്പരാഗത പാചകക്കുറിപ്പുകളാണ് കേരളത്തിൽനിന്ന് കൂടുതൽ തിരഞ്ഞ ഗൂഗിൾ ട്രെൻഡുകൾ.
കുഴിമന്തി ഹോട്ടലുകൾ ഇല്ലാത്ത നാട്ടിൻപുറം ഇല്ല. അറബിക് രുചികൾക്ക് പിന്നാലെ പായുന്നതിനൊപ്പം ട്രെൻഡിങ് കഞ്ഞിക്കടകളും പരീക്ഷിക്കും. ഡൈനിങ് ഔട്ട് സംസ്കാരം അത്രയേറെ പിടിമുറുക്കിയ വർഷങ്ങളാണ് കടന്നുപോകുന്നത്.
റീലും റിയലും തിരിച്ചറിയില്ല
ഒരു റീൽ വൈറലായാൽ, ഒരാൾക്ക് ധാരാളം ഫോളോവേഴ്‌സും ശ്രദ്ധയും നേടാൻ കഴിയും. ഒരു ഇൻഫ്ലുവൻസറുടെ ജനനം പോലും സംഭവിക്കും അതിലൂടെ. മെറ്റയും ഇൻസ്റ്റഗ്രാമും കേരളത്തിൽ ക്രിയേറ്റർ മീറ്റ്-അപ്പുകൾതന്നെ നടത്തുന്നുണ്ട്. എന്നാൽ, റീലുകൾ പലപ്പോഴും ജീവിതത്തിന്‍റെ പോളിഷടിച്ച പതിപ്പാണ് കാണിക്കുന്നത്. കൂടുതൽ ലൈക് കിട്ടാൻ വസ്ത്രധാരണം, പാചകം, കോമഡി സ്‌കിറ്റുകൾ, ഉത്സവങ്ങൾ, അലങ്കാരങ്ങൾ എന്നിവയെല്ലാം ഏതൊരാളും പരീക്ഷിക്കും.
വാഹനാപകടം, അടിപിടിമുതൽ കൊലപാതകങ്ങൾ വരെ ലൈവ് ആയി പോസ്റ്റ് ചെയ്യാൻ ആളുകളുണ്ട്. മരണവീട്ടിൽ എത്തിയ സെലിബ്രിറ്റിക്ക് മുന്നിൽ സെൽഫിയെടുക്കാൻ ഉന്തും തള്ളും ഉണ്ടാകുന്നതും സാധാരണ കാര്യമായി. ശ്രദ്ധ ആകർഷിക്കുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള സമ്മർദം റീലുകളിലുണ്ട്. എത്ര നാടകീയവും സ്റ്റൈലിഷും ആകുന്നതിനും മടിയില്ല. അത് സ്വകാര്യത മറികടക്കുന്നതായാലും ആരും കാര്യമാക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.