ഇതുവരെയുള്ള തലമുറകളുടെയെല്ലാം മുദ്രാവാക്യം കഠിനാധ്വാനത്തിലൂടെയേ വിജയം വരിക്കൂ എന്നാണല്ലോ. ഈ കഠിനാധ്വാനം ആവശ്യപ്പെടുന്ന തിരക്കും സമ്മർദവും സഹിച്ചുവേണം വിജയത്തിലെത്താൻ. എന്നാൽ, ഇങ്ങനെ ‘എല്ലാം വെട്ടിപ്പിടിക്കാൻ’ ഓടാതെ എല്ലാത്തിനും ഒരു അതിര് വെക്കാനും സ്വന്തം മനസ്സിനെയും ശരീരത്തെയും പരിഗണിച്ചും സാന്ത്വനിപ്പിച്ചും ബഹളമില്ലാത്ത ഒരു ജീവിതം ആണ് തങ്ങളുടെ സ്വപ്നമെന്ന് ഒരു വിഭാഗം പുതുതലമുറ പ്രഖ്യാപിക്കുന്നു. ഇത്തരം സ്വപ്നങ്ങളും പ്രഖ്യാപനങ്ങളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണിന്ന്. അവരിൽ പലർക്കും സോഫ്റ്റ് ലൈഫ് എന്നാൽ, വൈകി ഉണരുന്ന പ്രഭാതങ്ങളും സ്വന്തം ശരീര പരിചരണവും ബന്ധങ്ങളുമാണ്. എന്നാലതു മാത്രമോ സോഫ്റ്റ് ലൈഫ് ?
‘‘തങ്ങളുടെ മാതാപിതാക്കൾ ജീവിച്ചുവരുന്ന തിരക്കും മാനസിക സമ്മർദവും നിറഞ്ഞ അന്തരീക്ഷം ഉപേക്ഷിച്ച്, മാനസികാരോഗ്യത്തിനും വർക്-ലൈഫ് ബാലൻസിനും ഇന്നത്തെ സന്തോഷങ്ങൾക്കും മുൻഗണന നൽകുകയാണ് സോഫ്റ്റ് ലൈഫിലൂടെ പുതുതലമുറ. അധികം പണത്തേക്കാൾ ഗുണമേൻമയുള്ള ജീവിതം എന്നാണ് അവരുടെ ലക്ഷ്യം. വിജയമെന്നത് തങ്ങളുടെ മാനദണ്ഡമനുസരിച്ചുള്ള ജീവിതാവസ്ഥയാണവർക്ക്’’ -ഒരു ഫിൻടെക് സ്ഥാപന മേധാവി അഭിഷേക് കുമർ അഭിപ്രായപ്പെടുന്നു.
എങ്ങനെ സോഫ്റ്റാകും ലൈഫ് ?
എല്ലാ തിരക്കും ഉള്ള ജീവിതത്തിൽ നിന്ന് അതില്ലാത്ത ജീവിതത്തിലേക്ക് ഒരു രാത്രി കൊണ്ട് ഷിഫ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കലാണ് പ്രധാനം. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമൂഹിക-മാനസിക മാറ്റത്തിൽ നിന്നാണ്, മുൻഗണനകൾ മാറ്റി നിശ്ചയിക്കാൻ ഈ തലമുറ ശീലിച്ചത്. വളെര അയഞ്ഞ ഒരു ജീവിതമെന്നാൽ മടി പിടിച്ച ജീവിതമല്ല. അമിതമായ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടുകയും തങ്ങളുടെ മൂല്യങ്ങൾക്കനുസരിച്ചുള്ള ജോലി തെരഞ്ഞെടുക്കുകയും വിജയത്തിന് വേണ്ടത് സഹനംമാത്രമാണെന്ന ചിന്ത വെടിയുകയുമാണ് സോഫ്റ്റ് ലൈഫ്. ‘‘അതിജീവനത്തിനായി എപ്പോഴും പൊരുതിക്കൊണ്ടിരിക്കാതെ ജീവിക്കാനുള്ള അനുവാദമാണ് എനിക്ക് സോഫ്റ്റ് ലൈഫ്’’ -കണ്ടന്റ് ക്രിയേറ്റർ അനാമിക റാണ പറയുന്നു.
വലിയ വില നൽകേണ്ടി വന്നേക്കാം
ഈ പറഞ്ഞ രൂപത്തിൽ സോഫ്റ്റ് ലൈഫ് പുലർത്താൻ ആദ്യം വേണ്ടത് സാമ്പത്തിക സ്ഥിരതയാണെന്നതാണ് ഇതിന്റെ പ്രധാന വൈരുധ്യം. എന്നാൽ പലരും ഇത് അംഗീകരിച്ചു തരില്ല. സാമ്പത്തിക അസ്ഥിരതയും വർധിക്കുന്ന ജീവിതച്ചെലവും വേണ്ടത്ര പ്രതിഫലമില്ലാത്ത ജോലിയുമെല്ലാം ഇതിനു നൽകേണ്ടി വരുന്ന വിലകളാണെന്ന് സാമൂഹിക നിരീക്ഷകർ പറയുന്നു. പാരമ്പര്യമായും അല്ലാതെയും സമ്പത്തുള്ളവർ, ജീവിതച്ചെലവ് കുറവുള്ള ചെറു പട്ടണങ്ങളിൽ കഴിയുന്നവർ, ടെക് മേഖലയിലും മറ്റുമുള്ള വൻ ശമ്പളമുള്ളവർ തുടങ്ങിയവർക്ക് ഇതിലൊന്നും പെടാത്തവരെ അപേക്ഷിച്ച് സോഫ്റ്റ് ലൈഫ് കുറച്ചുകൂടി എളുപ്പമായിരിക്കും.
സാധ്യമോ?
സോഫ്റ്റ് ലൈഫ് എന്നത് ലക്ഷ്വറി എന്നാണ് മനസ്സിലാക്കിയതെങ്കിൽ നിങ്ങൾക്കത് ചെലവേറിയതായിരിക്കും. എന്നെ സംബന്ധിച്ചത് ചില അതിരുകളും മാനസികമായ വ്യക്തതയും സ്ഥായിയായ ദിനചര്യയും മനഃപൂർവമുള്ള തെരഞ്ഞെടുപ്പുമൊക്കെയാണ്. ശ്രദ്ധയോടെ ചെലവഴിക്കൽ, നല്ല സാമ്പത്തിക ശീലം, യാഥാർഥ്യബോധമുള്ള ജീവിതശൈലി എന്നിവകൂടി വേണം. അതായത്, സോഫ്റ്റ് ലൈഫ് എന്നത് നാം വാങ്ങുന്നതല്ല, സൃഷ്ടിക്കുന്നതാണ് എന്ന് ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.