ആയോധന കലകൾക്ക് പ്രാധാന്യം നൽകി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'ദി കുങ്ഫു മാസ്റ്റർ' സിനിമയിലെ വില്ലന്റെ കൂട്ടാളി ഇനി യഥാർത്ഥ ജീവിതത്തിലും ആയോധന കലയിലെ മാസ്റ്റർ. സിനിമയിൽ ജൂഡോ അഭ്യാസിയായി വേഷമിട്ട സോണറ്റ് ജോസ് ക്രാവ് മഗാ ഗ്ലോബലിന്റെ കേരളത്തിൽനിന്നുള്ള ആദ്യ ഔദ്യോഗിക പരിശീലകനായി. സിനിമയിൽ ‘കില്ലർ ജെൻസൺ’ എന്ന വേഷമായിരുന്നു ഇദ്ദേഹത്തിന്.
ലോകത്തിലെ അംഗീകൃത സ്വയംരക്ഷാ പരിശീലന രീതികളിലൊന്നാണ് 'ക്രാവ് മഗാ'. സൈനികർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും വേണ്ടി വികസിപ്പിച്ചെടുത്ത സ്വയംരക്ഷാ രീതിയാണിത്. ഇസ്രായേൽ ആസ്ഥാനമായ ക്രാവ് മഗാ ഗ്ലോബലിൽനിന്നാണ് (കെ.എം.ജി) സോണറ്റ് ജോസ് ജനറൽ ഇൻസ്ട്രക്ടർ സർട്ടിഫിക്കേഷനും (ജി.ഐ.സി.) ജി1 (ഗ്രാജുവേറ്റ് ലെവൽ 1) ഗ്രേഡും കരസ്ഥമാക്കിയത്. നിലവിൽ ക്രാവ് മഗാ ഗ്ലോബൽ കേരളയുടെ ചീഫ് ഇൻസ്ട്രക്ടർ കൂടിയാണ് ഈ 31കാരൻ.
യു.കെയിൽനിന്നും സ്പോർട്സ് ആൻഡ് എക്സർസൈസ് സയൻസിൽ എം.എസ്.സി ബിരുദം നേടിയ സോണറ്റ് ജോസ്, ആരോഗ്യ പരിശീലകനും ആയോധനകലാ വിദഗ്ധനുമാണ്. 2017ൽ തുർക്മെനിസ്താനിലെ അഷ്ഗബാതിൽ നടന്ന ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്സ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
മൻസൂറിയ കുങ് ഫു, ക്യോകോഷിൻ കരാട്ടെ എന്നിവയിൽ ബ്ലാക്ക് ബെൽറ്റും ജൂഡോയിൽ ഗ്രീൻ ബെൽറ്റും നേടി. കൂടാതെ ബോക്സിങ്, വിങ് ചുൻ, റെസ്ലിങ് എന്നിവയുൾപ്പെടെ നിരവധി ആയോധന വിഭാഗങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്. കൊച്ചി മരട് സ്വദേശിയായ സോണറ്റ് ‘'ദി കുങ്ഫു മാസ്റ്റർ' അസിസ്റ്റന്റ് ഡയറക്ടർ കൂടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.