സന്തോഷത്തോടെ അനീഷ സ്വന്തം വീട്ടിൽ പരീക്ഷ എഴുതി

തളിക്കുളം (തൃശൂർ): ഏറെ സന്തോഷത്തോടെ അനീഷ സ്വന്തം വീട്ടിൽ പത്താംതരം തുല്യത പരീക്ഷ എഴുതി. അനീഷക്കായി വീട്ടിലെ മുറി പരീക്ഷാഹാളാക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 9.40നായിരുന്നു പരീക്ഷ. മാതാവ് ഫാത്തിമയുടെ സാന്നിധ്യത്തിൽ ഹാജർ ബുക്കിൽ ഒപ്പുവെച്ചശേഷം പരീക്ഷ പേപ്പർ നൽകി. പിന്നെ മാധ്യമപ്രവർത്തകരെയടക്കം മുറിക്ക് പുറത്താക്കിയാണ് പരീക്ഷ ആരംഭിച്ചത്. രാവിലെ മലയാളം പരീക്ഷയായിരുന്നു. ഉച്ചക്കുശേഷം ഹിന്ദിയും. വൈകീട്ട് നാലിനാണ് പരീക്ഷ കഴിഞ്ഞത്. ആദ്യ രണ്ടു പരീക്ഷകളും കുഴപ്പമില്ലായിരുന്നെന്ന് അനീഷ പറഞ്ഞു. ഈ മാസം 18നാണ് പരീക്ഷ സമാപിക്കുക.

മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതകരോഗം ബാധിച്ച, തളിക്കുളം ആസാദ് നഗറിലെ പണിക്കവീട്ടിൽ അഷ്റഫിന്റെ മകൾ അനീഷയാണ് (32) പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവുപ്രകാരം വീട്ടിലിരുന്ന് പരീക്ഷ എഴുതിയത്. പരീക്ഷയുടെ രഹസ്യസ്വഭാവവും വിശ്വാസ്യതയും ഉറപ്പുവരുത്താൻ വീട്ടിലെ ഒരു മുറി സ്കൂൾ പരീക്ഷാഹാളിന് സമാനമായി സജ്ജീകരിക്കുകയായിരുന്നു. മുറിയിൽ വിദ്യാർഥിയും ഇൻവിജിലേറ്ററും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അനീഷയുമായി മന്ത്രി വി. ശിവൻകുട്ടി വിഡിയോ കാളിൽ സംസാരിച്ചിരുന്നു.

തളിക്കുളം ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ താമസിക്കുന്ന അനീഷയുടെ അവസ്ഥ 2020ൽ ഇപ്പോഴത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത വോട്ട് ചോദിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് അറിയുന്നത്. 2023ൽ അനീഷക്ക് ഏഴാം ക്ലാസ് തുല്യത പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ സാക്ഷരത മിഷൻ അനുമതി നൽകിയിരുന്നു.

അഷ്റഫിന് അനീഷയടക്കം നാലു മക്കളാണ്. രണ്ടാമത്തെ മകൻ ആഷിക്കിനും എട്ടു വയസ്സുള്ളപ്പോൾ ഇതേ രോഗം വന്നിരുന്നു. അതോടെ പഠനം നിർത്തി. രോഗം മൂർച്ഛിച്ച ആഷിക്ക് ആറ് വർഷം മുമ്പ് മരിച്ചു. അനീഷക്ക് എട്ടു വയസ്സുള്ളപ്പോൾ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് രോഗം വന്നത്. എന്നിട്ടും അഞ്ചാം ക്ലാസ് വരെ പഠനത്തിന് പോയിരുന്നു. ആഷിഫ്, ആരിഫ് എന്നീ രണ്ടു സഹോദരങ്ങളും അനീഷക്കുണ്ട്. 

Tags:    
News Summary - sslc exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.