representational image

വെട്ടുകാട് ക്രിസ്തുരാജത്വതിരുനാള്‍ കൊടിയേറ്റ് വെള്ളിയാഴ്ച

ശംഖുംമുഖം: വെള്ളിയാഴ്ച വൈകീട്ട് 7.30ന് കൊടിയേറി 20ന് സമാപിക്കുന്ന മാദ്രെ ദെ ദേവൂസ് വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാളിനോടനുബന്ധിച്ചുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മുന്നൊരുക്ക വിശകലനയോഗം വെട്ടുകാട് മരിയന്‍ ഹാളില്‍ നടന്നു. കലക്ടര്‍ ജറോമിക് ജോര്‍ജ്, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരുടെ അധ്യക്ഷതയില്‍ കൂടിയ വിവിധ യോഗങ്ങളില്‍ സര്‍ക്കാര്‍തലത്തിലും നഗരസഭയിലുംപെട്ട വകുപ്പുതല ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍മാരായ സെറാഫിന്‍ ഫ്രെഡി, ക്ലൈനസ് റൊസാരിയോ തുടങ്ങിയവര്‍ പങ്കെടുത്തു.

തീർഥാടകരുടെ സൗകര്യാർഥം റോഡുകളുടെ നവീകരണം, വഴിയോരവിളക്കുകള്‍ സ്ഥാപിക്കല്‍, പൊതുഗതാഗതം, ശുചീകരണം, പ്രാഥമിക ആരോഗ്യ ചികിത്സ, ആംബുലന്‍സ്, ഫയര്‍ ആൻഡ് സേഫ്റ്റി തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. കൊച്ചുവേളി, പേട്ട സ്റ്റേഷനുകളില്‍ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും നിര്‍ത്തും. ദേവാലയവും പരിസരവും നിരീക്ഷണ കാമറകളാല്‍ പൊലീസിന്‍റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും.

വെള്ളിയാഴ്ച വൈകീട്ട് 4.30ന് കൊല്ലം രൂപത എമിറിറ്റസ് ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍റെ മുഖ്യകാർമികത്വത്തില്‍ നടക്കുന്ന ദിവ്യബലിക്കുശേഷം ദേവാലയാങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ കൊടിയേറ്റ് കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും. തുടര്‍ന്ന് ഇടവക വികാരി ഫാ. ജോര്‍ജ് ഗോമസ് തീർഥാടകര്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്ത് കൊടി ഉയര്‍ത്തല്‍ കർമം നിര്‍വഹിക്കും.

13 ന് മേജര്‍ ആർച്ച് ബിഷപ് മാര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവയുടെയും 20ന് ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോയുടെയും മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലികളും ഉണ്ടായിരിക്കും.

19ന് വൈകുന്നേരം 6.30ന് ക്രിസ്തുരാജ തേജസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും 20ന് രാവിലെ 10.30ന് അമ്പതിനായിരത്തില്‍പരം തീർഥാടകര്‍ക്കായി സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ടെന്ന് സെക്രട്ടറി ഷാജി ഡിക്രൂസ് ജനറല്‍ ക്യാപ്റ്റന്‍ പാപ്പച്ചന്‍ പബ്ലിസിറ്റി കണ്‍വീനര്‍ ആന്റണി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

ഉച്ചക്കുശേഷം പ്രാദേശിക അവധി

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുനാള്‍ മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെയും കാട്ടാക്കട താലൂക്കില്‍ ഉള്‍പ്പെടുന്ന അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്നതുമായ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ഉച്ചക്കു ശേഷം ജില്ല കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.

Tags:    
News Summary - Vettukadu Christu Rajatva Thirunal is flagged off today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.