ഫോട്ടോ: പ്രണവ് ലുമോറ
സുൽത്താനേറ്റിന്റെ കടൽ കടന്നെത്തുന്ന കാറ്റിന് ഒരൽപം ഗൃഹാതുരത്വത്തിന്റെ ഈറൻ തണുപ്പാണ്. ലേബർ ക്യാമ്പുകളിലും ലക്ഷ്വറി ഫ്ലാറ്റുകളിലും പെരുന്നാൾ നിലാവ് ഒരുപോലെ പെയ്തിറങ്ങുന്നു. മസ്ജിദുകളുടെ മിനാരങ്ങളിൽ നിന്ന് ‘അല്ലാഹു അക്ബറല്ലാഹു അക്ബറല്ലാഹു അക്ബർ..’ എന്ന തക്ബീർ ധ്വനികൾ ഉയർന്നു തുടങ്ങുമ്പോൾ, ഒമാനിലെ പ്രവാസി ഫോണിൽ നാട്ടിലെ തന്റെ പ്രിയപ്പെട്ടവർക്കായി അനുഗ്രഹത്തിന്റെ പെരുന്നാൾ ആശംസകൾ കൈമാറുന്ന തിരക്കിലാവും. റൂവിയിലെയും സീബിലെയും സലാലയിലെയും തിരക്കേറിയ ഈദ് ഗാഹുകളിൽനിന്ന് പിരിഞ്ഞെത്തുമ്പോഴും പ്രിയപ്പെട്ടവർ ഫോണിന്റെ മറുതലക്കൽ കാത്തിരിക്കുന്നുണ്ടാവും.
പ്രവാസിക്ക് പെരുന്നാൾ ആഘോഷം ശരിക്കും തുടങ്ങുന്നത് സ്മാർട്ട്ഫോൺ സ്ക്രീനുകളിലാണ്. വാട്സാപ്പ് കോളിലൂടെ അടുക്കളയിലെ ബിരിയാണിപ്പാത്രത്തിലെ ആവി കാണുമ്പോഴും, മക്കൾ പുത്തനുടുപ്പിട്ട് മുറ്റത്ത് ഓടിക്കളിക്കുന്നത് കാണുമ്പോഴും ആ പ്രവാസിയുടെ കണ്ണുകളിലൊരു കടലിരമ്പുന്നുണ്ടാകും. ‘ഇത്തവണയും ഉപ്പ വന്നില്ലല്ലോ’ എന്ന മകളുടെ പരിഭവം കേൾക്കുമ്പോൾ, ജോലിത്തിരക്കിന്റെയും വിസ നൂലാമാലകളുടെയും ഇടയിൽ കണ്ണീർ ഉള്ളിലൊതുക്കും. താനനുഭവിക്കുന്ന ഈ വിരഹമാണ് നാട്ടിലെ തന്റെ കുടുംബത്തിന്റെ സന്തോഷത്തിന്റെ പുഞ്ചിരിയെന്ന് അവൻ സ്വയം ആശ്വസിക്കും.
ഒമാൻ സുൽത്താനേറ്റിന്റെ ആതിഥ്യമര്യാദയും മലയാളി കൂട്ടായ്മകളും പ്രവാസിയുടെ വിരഹനോവിനെ ഒരൽപം ശമിപ്പിക്കും. ലേബർ ക്യാമ്പുകളിലെ ഇടുങ്ങിയ അടുക്കളകളിൽ പുകയുന്ന വലിയ ബിരിയാണിച്ചെമ്പുകൾ വെറും ഭക്ഷണമല്ല, മറിച്ച് പങ്കുവെക്കലിന്റെ വലിയൊരു പാഠമാണ്. മലബാറിലെയും തിരുവിതാംകൂറിലെയും രുചികൾ അവിടെ ഒത്തുചേരും. ചിലർ ഒമാനി സുഹൃത്തുക്കളുടെ മജ്‍ലിസുകളിൽ പോയി ഖഹ്‌വയും ഹൽവയും രുചിക്കും.
വൈകുന്നേരം പാർക്കുകളിലും ബീച്ചുകളിലും സുഹൃത്തുക്കളുടെ ഭവനങ്ങളിലും ഒത്തുചേരുന്ന മലയാളി കുടുംബങ്ങൾ പരസ്പരം പെരുന്നാൾ ആശംസകൾ നേരുമ്പോൾ അറിയാതെ ഒരു കൊച്ചു കേരളം ഒമാനിൽ പുനർജനിക്കും. പലപ്പോഴും നാട്ടിലേക്ക് അയക്കാൻ മാറ്റിവെച്ച പണത്തിന്റെ ബാക്കി കൊണ്ട് ഒരു പുത്തൻ ഷർട്ടോ മറ്റോ വാങ്ങുന്നതോടെ ഒരു സാധാരണ പ്രവാസിയുടെ പെരുന്നാൾ ആഘോഷം തീരുന്നു. തന്റെ സ്വപ്നങ്ങളെല്ലാം മണലാരണ്യത്തിൽ ഹോമിച്ച്, നാട്ടിലെ വീടിന്റെ വിളക്കണയാതിരിക്കാൻ കഷ്ടപ്പെടുന്ന ഓരോ പ്രവാസിക്കും ഓരോ പെരുന്നാളും അതിജീവനത്തിന്റേതുകൂടിയാണ്.
ഇത്തവണത്തെ പെരുന്നാൾ ആഘോഷം ഒമാനിൽ സന്തോഷത്തിനൊപ്പം ഒരു നേർത്ത വിങ്ങലിന്റേതുകൂടിയാണ്. പശ്ചിമേഷ്യൻ ആകാശത്തിലൂടെ ഡ്രോണുകളും മിസൈലുകളും പറക്കുമ്പോൾ, ഓരോ പ്രവാസിയും തന്റെ പ്രിയപ്പെട്ടവരുടെ മുഖമോർത്ത് നെഞ്ചുരുകി പ്രാർഥിക്കുകയാണ്. ഒമാൻ പൊതുവെ ശാന്തതീരമാണെങ്കിലും മിക്ക പ്രവാസികളുടെയും ഉറ്റവരും ഉടയവരും നാട്ടുകാരുമെല്ലാം വിവിധ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്നുണ്ട്. അറബ് നാട്ടിലെ അശാന്തിയുടെ ഒരോ കാറ്റും അങ്ങകലെ കടൽ കടന്ന് കേരളത്തിലെ വീടകങ്ങളിലേക്കും അലകൾ തീർക്കുന്നു.‘നമ്മൾ ഇവിടെ സുരക്ഷിതരാണ്, പേടിേക്കണ്ട’ എന്ന് നാട്ടിലേക്ക് വിളിച്ച് ആശ്വസിപ്പിക്കുമ്പോഴും ഉള്ളിന്റെയുള്ളിൽ ആ തീക്കനൽ ബാക്കി നിൽക്കുന്നു. പെരുന്നാൾ പുത്തരി തിളക്കേണ്ട അടുക്കളകളിൽ ഇപ്പോൾ ചർച്ച യുദ്ധത്തെക്കുറിച്ചും അക്കരെ നാട്ടിലെ പ്രിയപ്പെട്ടവരെ കുറിച്ചുമാണ്. ആഘോഷത്തിന്റെ മധുരത്തേക്കാൾ ആശങ്കയുടെ ഭീതിയാണ് നാട്ടിലെ ഓരോ വീടുകളിലും.
സുൽത്താനേറ്റിന്റെ വിണ്ണിൽ ചന്ദ്രക്കല തെളിയുമ്പോൾ, ഓരോ പ്രവാസിയും പ്രാർഥിക്കുന്നത് ഒന്നുമാത്രം! ‘അടുത്ത പെരുന്നാളിനെങ്കിലും പ്രിയപ്പെട്ടവരുടെ കൂടെ ചേരാൻ കഴിയണേ...’ എന്ന്. ആ പ്രാർഥനയിൽ പ്രവാസിയുടെ വിരഹവും സ്നേഹവും പ്രതീക്ഷയുമെല്ലാം അലിഞ്ഞുചേരുന്നു.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.