വെള്ളം കണ്ടാൽ 'വല്യപെരുന്നാള്'

25 ദി​വ​സ​ത്തോ​ളം ചെ​ല​വി​ട്ടാ​ണ് ആ ​സ്‌​കൂ​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്. പൈ​പ്പ് ലൈ​നി​ല്‍ വെ​ള്ള​മെ​ത്തി​യ​പ്പോ​ള്‍ ആ ​ കു​ട്ടി​ക​ളു​ടെ മു​ഖ​ങ്ങ​ളി​ൽ ഒ​രാ​യി​രം ശ​വ്വാ​ല​മ്പി​ളി കാ​ണാ​മാ​യി​രു​ന്നു

ജീവിതകാലം മുഴുവന്‍ നോമ്പെടുക്കേണ്ടി വരുന്ന ചിലരുണ്ട് നമുക്ക് ചുറ്റും. വയറു നിറയെ ഭക്ഷണം പോയിട്ട് ഒരു തുള്ളി കുടിവെള്ളം പോലും കിട്ടാനില്ലാത്തവര്‍. ആഫ്രിക്കയിലുള്ള ഇത്തരം കുറേ മനുഷ്യരോടൊപ്പമായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായുള്ള എന്റെ മിക്ക നോമ്പ് ദിനങ്ങളും. കുടിവെള്ളമാണ് ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമെന്ന് അനുഭവിച്ചറിഞ്ഞ നാളുകള്‍. നമ്മളിവിടെ സുലഭമായി ഒഴുക്കിക്കളയുന്ന, നമുക്ക് ഒരു വിലയുമില്ലാത്ത ഈ വസ്തു. റമദാനിലെ കടുത്ത ചൂടില്‍ പിഞ്ചു കുട്ടികളും സ്ത്രീകളുമടക്കം ഒരിറ്റു വെള്ളത്തിനായി കിലോമീറ്ററുകളോളം നടക്കേണ്ടി വരിക. ആ കാഴ്ചയുടെ ദുരിതം അറിയണമെങ്കില്‍ നേരിട്ടുതന്നെ അനുഭവിക്കണം. വറ്റിവരണ്ട പുഴയില്‍ കുഴികള്‍ ഉണ്ടാക്കിയാണ് പലപ്പോഴും ജലം ശേഖരിക്കുന്നത്. കുടിവെള്ളം തേടിയലയുന്നതിന്റെ ഭീകരത വെളിവാക്കുന്ന കാഴ്ചയാണത്. മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ ജനിച്ച ഞാൻ വീട്ടിലോ നാട്ടിലോ ഒരു കിണർ പോലും കുഴിക്കുന്നതിൽ പങ്കാളിയായിട്ടില്ല. എന്നാൽ ആഫ്രിക്കയിലെ മുംബാസയിലാണ് ആദ്യത്തെ കിണര്‍ ഒരുക്കിയത്. അത് ഞാന്‍ തന്നെ കുഴിച്ച കിണറാണ്. ഞാന്‍ തന്നെ പണിക്കിറങ്ങി, കാട്ടില്‍ പോയി മരം വെട്ടിക്കൊണ്ടുവന്നിട്ട് നാട്ടിലെ കിണർ പണിക്കാർ ചെയ്യാറുള്ളതു പോലെ രണ്ടു വശത്തും കാല്‍ നാട്ടി, കപ്പിയും കയറുമിട്ട്, അങ്ങനെ കിണർ കുഴിച്ചു.

2021 ല്‍ ഇന്ത്യയില്‍ നിന്നും ബുള്ളറ്റ് ഓടിച്ച് ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് കുടിവെള്ളമില്ലാതെ ജനങ്ങള്‍ കഷ്ടപ്പെടുന്നത് നേരില്‍ കാണാനിടയായത്. എനിക്കും കുടിവെള്ളം കിട്ടാത്ത ഭയാനകമായ അവസ്ഥയിലൂടെ കടന്നു പോവേണ്ടി വന്നു. ആ നാടിനായി കുടിവെള്ളം ലഭിക്കാന്‍ എന്തെങ്കിലും ചെയ്യണം എന്ന് തീരുമാനിച്ചു. യൂട്യൂബ് വരുമാനം കൊണ്ടാണ് ഉള്‍നാടന്‍ ഗ്രാമവാസികള്‍ക്കായി കിണറുകള്‍ നിർമിച്ചു നല്‍കിയത്. 13 ലധികം കിണറുകള്‍ നിര്‍മിക്കാനായി. നാട്ടിലെ 15,000 -20,000 വരെ രൂപയാണ് ഒരു കിണര്‍ നിര്‍മിക്കാന്‍ ചെലവായത്. കെനിയ, ടാന്‍സനിയ, മുസാബിക്, സാമ്പിയ തുടങ്ങിയ രാജ്യങ്ങളിലാണ് കിണറുകള്‍ നല്‍കിയത്.

പട്ടിണിയില്‍ തുടങ്ങി പട്ടിണിയില്‍ അവസാനിക്കുന്ന നോമ്പ്

സദാ പട്ടിണിയായതിനാല്‍ റമദാനില്‍ പ്രത്യേകിച്ച് പട്ടിണി കിടക്കേണ്ടി വരില്ല. ഒട്ടു മിക്ക ആഫ്രിക്കന്‍ രാജ്യത്തിലെ മുസ്‌ലികളും റമദാനെ പവിത്രതയോടെയാണ് സ്വീകരിക്കുക. പേരുകൊണ്ട് മുസ്‌ലിംകളായവര്‍ പോലും റമദാന് പ്രാധാന്യം നല്‍കും. എല്ലാവരുടെയും വീടുകളില്‍ റമദാന്‍ അടയാളങ്ങളായി ചിത്രമോ പോസ്റ്ററോ വെച്ചിട്ടുണ്ടാവും. മിക്കപേരും നോമ്പു നോല്‍ക്കും. റമദാനില്‍ എനിക്ക് യാത്രക്കൊന്നും ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല. അധിക ആളുകളും നോമ്പുതുറക്കും മറ്റും പള്ളികളെയാണ് ആശ്രയിക്കുക.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന സഹായത്താലാണ് ഇവിടങ്ങളിലൊക്കെ നോമ്പുതുറക്കുള്ള ഭക്ഷണമൊരുക്കുന്നത്. യാത്രക്കാരായ ഞങ്ങളും നോമ്പുതുറക്ക് പള്ളികളിലെത്താറാണ് പതിവ്. ചോളപ്പൊടിയും രാഗിയുമൊക്കെ ചൂടാക്കി അതിന്റെ കൂടെ ഒരു ചാറും ഉണ്ടാക്കും. ഇതാണ് നോമ്പു കാലത്തും അവരുടെ മുഖ്യഭക്ഷണം. പട്ടിണിക്കിടയിലും അവരുടെ ആരോഗ്യ രഹസ്യം ഈ പ്രകൃതി ഭക്ഷണമാണ്.

കുടിവെള്ളമെന്ന ‘സകാത്ത്’

ടാന്‍സാനിയയിലെ ഒരു ഗ്രാമത്തിലെ സ്‌കൂളില്‍ കിണര്‍ കുഴിച്ചതും ടാങ്ക് നിര്‍മിച്ച് സ്‌കൂളില്‍ വെള്ളമെത്തിച്ചതും മറക്കാനാവില്ല. ടാന്‍സാനിയയില്‍ ഒരു കിണര്‍ നിര്‍മിക്കുന്നതിനിടെ അടുത്ത ഗ്രാമത്തിലെ സ്‌കൂളിന്റെ പ്രധാനാധ്യാപകനും അധ്യാപകരും കുട്ടികളും എത്തി ഒരു കിണര്‍ കുഴിച്ചു തരാന്‍ ആവശ്യപ്പെട്ടു. ഒന്നര കിലോമീറ്റര്‍ നടന്നുപോയി പെണ്‍കുട്ടികളായിരുന്നു ആ സ്‌കൂളില്‍ വെള്ളം എത്തിച്ചിരുന്നത്. പിന്നീട് 25 ദിവസത്തോളം ചെലവിട്ടാണ് ആ സ്‌കൂളിലെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചത്. പൈപ്പ് ലൈനില്‍ വെള്ളമെത്തിയപ്പോള്‍ ആ കുട്ടികളുടെ മുഖങ്ങളിൽ ഒരായിരം ശവ്വാലമ്പിളി കാണാമായിരുന്നു. ഒരു ആഫ്രിക്കന്‍ ഗ്രാമത്തിലെ കിണര്‍ നിർമാണം പൂര്‍ത്തിയായാല്‍ പിന്നെ അവിടത്തുകാര്‍ക്ക് ആഘോഷമാണ്. ഇമ്മിണിവല്യ പെരുന്നാളു പോലെ.

Tags:    
News Summary - ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.