തുർക്കിയയിൽ റമദാൻ മാസം ‘പതിനൊന്ന് മാസങ്ങളുടെ സുൽത്താൻ’ എന്നാണ് അറിയപ്പെടുന്നത്. അഗാധമായ ആത്മീയതയുടെയും ഔദാര്യത്തിന്റെയും ഉജ്ജ്വലമായ സാമൂഹിക ബന്ധങ്ങളുടെയും കാലഘട്ടമാണിത്. നഗരങ്ങളിലും ഗ്രാമങ്ങളിലും റമദാന്റെ വരവ് പൊതുവിടങ്ങളെയും ദൈനംദിന ജീവിതത്തെയും മാറ്റിമറിക്കുന്നു.
തുർക്കിയയിലെ ഏറ്റവും സവിശേഷമായ പാരമ്പര്യങ്ങളിലൊന്നാണ് ‘മഹ്യ’ (Mahya). പള്ളികളുടെ മിനാരങ്ങൾക്കിടയിൽ തൂക്കിയിടുന്ന പ്രകാശപൂരിതമായ സന്ദേശങ്ങളാണിവ. ഖുർആൻ വചനങ്ങളോ പ്രവാചക വചനങ്ങളോ അടങ്ങുന്ന ഈ തിളങ്ങുന്ന അക്ഷരങ്ങൾ രാത്രികാലങ്ങളിൽ ആകാശത്തെ പ്രകാശിപ്പിക്കുകയും വിശ്വാസത്തെയും വിചിന്തനത്തെയും കുറിച്ച് ഓർമപ്പെടുത്തുകയും ചെയ്യുന്നു. മാസം മുഴുവനും തെരുവുകൾ വിളക്കുകളാലും അലങ്കാരങ്ങളാലും മനോഹരമാക്കും. ഇഫ്താറിന് ശേഷം ആളുകൾ വെളിയിലിറങ്ങുന്നതോടെ, ഇഫ്താറിനും തറാവീഹ് നമസ്കാരത്തിനും ഇടയിലുള്ള സമയം കുടുംബങ്ങളും സുഹൃത്തുക്കളും അയൽവാസികളും ഒത്തുചേരുന്ന സന്തോഷകരമായ നിമിഷങ്ങളായി മാറുന്നു.
കുട്ടികൾക്കും റമദാൻ സവിശേഷമായ നിമിഷങ്ങൾ സമ്മാനിക്കുന്നു. തറാവീഹ് നമസ്കാര സമയത്ത് കുട്ടികൾ തങ്ങളുടെ ഷൂസുകൾ പള്ളിക്ക് പുറത്ത് അഴിച്ചുവെക്കാറുണ്ട്. സുമനസ്സുകളായ ആളുകൾ ഈ ഷൂസുകൾക്കുള്ളിൽ മിഠായികളോ നാണയങ്ങളോ ചെറിയ കളിപ്പാട്ടങ്ങളോ സർപ്രൈസ് സമ്മാനങ്ങളായി കരുതിവെക്കാറുണ്ട്. പ്രാർഥന കഴിഞ്ഞ് മടങ്ങുന്ന കൊച്ചു കുട്ടികൾക്ക് ഇത് വലിയ ആവേശവും സന്തോഷവുമാണ് നൽകുന്നത്.
സൂര്യാസ്തമയ സമയത്ത്, പള്ളിമുറ്റങ്ങളിലും പൊതുചത്വരങ്ങളിലും എല്ലാവർക്കുമായി വലിയ തോതിലുള്ള സാമൂഹിക ഇഫ്താറുകൾ സംഘടിപ്പിക്കാറുണ്ട്. നഗരസഭകളും പ്രാദേശിക ഭരണകൂടങ്ങളും ഒരുക്കുന്ന ഈ വിരുന്നുകളിൽ സൂപ്പ്, റൊട്ടി, ചായ എന്നിവക്ക് പുറമെ പൂർണമായ ഇഫ്താർ കിറ്റുകളും നൽകാറുണ്ട്. പള്ളിമുറ്റങ്ങളിൽ നിരത്തിയിട്ടിരിക്കുന്ന മേശകൾക്ക് ചുറ്റും അയൽക്കാരും അപരിചിതരും ഒരേപോലെ തോളോടുതോൾ ചേർന്നിരുന്ന് നോമ്പ് തുറക്കുന്നു. ഈ ആഘോഷങ്ങൾ അതിന്റെ പൂർണതയിലെത്തുന്നത് തുർക്കിയിൽ ‘ഷെക്കർ ബൈറാമി’ (Seker Bayrami) അഥവാ ‘മധുരപ്പെരുന്നാൾ’ എന്നറിയപ്പെടുന്ന ഈദുൽ ഫിത്തറിലാണ്. പെരുന്നാളിന് മുന്നോടിയായി തെരുവുകളും സ്കൂളുകളും വിപണികളും തുർക്കി പതാകകളാലും തോരണങ്ങളാലും അലങ്കരിക്കും. കടകളിൽ അതിമനോഹരമായ വർണക്കടലാസുകളിൽ പൊതിഞ്ഞ മിഠായികളും മധുരപലഹാരങ്ങളും നിറയും. അതിഥികൾക്ക് നൽകാനായി കുടുംബങ്ങൾ ഇവ ധാരാളമായി വാങ്ങി സൂക്ഷിക്കാറുണ്ട്.
പെരുന്നാൾ ദിനം രാവിലെ പള്ളികൾ വിശ്വാസികളെക്കൊണ്ട് നിറയും. നമസ്കാരത്തിന് ശേഷം കുടുംബാംഗങ്ങൾ പരസ്പരം സന്ദർശിക്കുകയും ആശംസകൾ കൈമാറുകയും ചെയ്യുന്നു. കുട്ടികളും യുവാക്കളും മുതിർന്നവരുടെ കൈകളിൽ ചുംബിക്കുന്ന ‘എൽ ഒപ്മെക്’ (el opmek) എന്ന പാരമ്പര്യം ഇന്നും അവിടെ നിലനിൽക്കുന്നു. മുതിർന്നവരോടുള്ള ആദരസൂചകമായി ചെയ്യുന്ന ഈ പ്രവൃത്തിക്ക് പകരമായി അവർ കുട്ടികൾക്ക് പണമോ സമ്മാനങ്ങളോ നൽകാറുണ്ട്.
പെരുന്നാളിന്റെ ആദ്യ മണിക്കൂറുകൾ ശാന്തമായിരിക്കുമെങ്കിലും ഉച്ചകഴിയുന്നതോടെ തെരുവുകൾ സജീവമാകും. ആളുകൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും പാർക്കുകളിലും മ്യൂസിയങ്ങളിലും കടൽതീരങ്ങളിലും പോകാനും സമയം കണ്ടെത്തുന്നു. പെരുന്നാളിന്റെ മൂന്ന് ദിവസങ്ങളിൽ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം സൗജന്യമായിരിക്കും. ബസ്സുകളും ട്രെയിനുകളും പതാകകൾ കൊണ്ട് അലങ്കരിക്കുകയും പൊതുഗതാഗതം സൗജന്യമാക്കുകയും ചെയ്യാറുണ്ട്. പതിനാല് വർഷത്തിലധികം ഇസ്താംബൂളിൽ താമസിച്ച കെനിയക്കാരിയായ എനിക്ക് തുർക്കിയയിലെ റമദാനും പെരുന്നാളും എന്നും വിസ്മയമാണ്.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.