ഇന്ത്യയിലെ ഇഫ്താർ കൗതുകങ്ങൾ

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ നോമ്പനുഭവങ്ങൾ തേടിയായിരുന്നു ഇത്തവണത്തെ ഞങ്ങളുടെ യാത്ര. മുംബൈ മിനാര മസ്ജിദിൽ നിന്നും ആരംഭിച്ചു ശ്രീനഗറിലെ ഹസറത്ത് ബാൽ മസ്ജിദിൽ അവസാനിച്ച യാത്ര കേവലമൊരു യാത്ര എന്നതിലുപരി ഇന്ത്യയിലെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും നോമ്പനുഭവങ്ങളിലെ വൈവിധ്യങ്ങൾ തേടിയുള്ള അലച്ചിലായിരുന്നു. അവിടങ്ങളിലെ രുചിയും സംസ്കാരവും നോമ്പ് തുറകളിലെ വൈവിധ്യങ്ങളും അറിയാനും അനുഭവിക്കാനുമുള്ള കൗതുകം കൂടിയായിരുന്നു.

നോമ്പിനു മാത്രം സജീവമാവുന്ന നിരവധി ഇഫ്താർ സ്ട്രീറ്റ്കളുണ്ട് ഇന്ത്യയിൽ. അസർ മുതൽ ആരംഭിച്ച് മഗ്‌രിബോടെ സജീവമാവുകയും തറാവീഹിന് ശേഷം ജന നിബിഡമായി സുബ്ഹി വരെ നീണ്ടു നിൽക്കുകയും ചെയ്യുന്ന നിരവധി തെരുവുകളുണ്ടവിടെ. കബാബിന്റെയും ടിക്കയുടെയും ഗന്ധം ആ തെരുവുകളിൽ നിറയും. മുഹബ്ബത്ത് ക സർബത്ത് മുതൽ വിവിധ തരം പഴങ്ങളുടെ കോക്റ്റൈൽ ജ്യൂസുകൾ വരെ അവിടെയുണ്ടാവും. നിരവധി വിഭവങ്ങളുമായി പുലരുവോളം അവിടം സജീവമായിരിക്കും. തോരണങ്ങളും മനോഹരമായ ലൈറ്റുകളും കൊണ്ടലങ്കരിച്ച ആ തെരുവുകളിൽ ഇന്ത്യയുടെ രുചി വൈവിധ്യങ്ങളുടെ ആത്മാവുണ്ടാവും.

മുംബൈ മിനാര മസ്ജിദ്

പ്രശസ്തമായ മുംബൈ മിനാര മസ്ജിദായിരുന്നു ഞങ്ങളുടെ ആദ്യത്തെ നോമ്പ്തുറ. മുബൈയിലെ വാണിജ്യ കേന്ദ്രമായ മുഹമ്മദലി സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഈ മസ്ജിദിലേക്ക് ആയിരങ്ങളാണ് നോമ്പ് തുറക്കാനായി എത്തുന്നത്. നമ്മുടെ നാടുകളിൽ പള്ളികളെ പോലെ വരുന്ന എല്ലാവർക്കും മസ്ജിദ് വക തന്നെ നോമ്പ് തുറ സൗകര്യം ഇവിടെ ലഭ്യമാണ്. അസർ നമസ്കാരത്തിന് ശേഷം ഒരുക്കങ്ങൾ ഇവിടെ ആരംഭിക്കും. വട്ടത്തിലുള്ള വലിയൊരു സുപ്രയിൽ പഴവർഗങ്ങളും പൊരിക്കടികളും വ്യത്യസ്ഥ തരം പാനീയങ്ങളും നിറച്ചു വെക്കും. ബാങ്ക് വിളിക്കുന്നതിന്‌ അര മണിക്കൂർ മുമ്പ് എല്ലാ േപ്ലറ്റിലും എല്ലാ വിഭവങ്ങളും എത്തിയിട്ടുണ്ടാവും. വിഭവങ്ങളെല്ലാം ഒരുക്കി കഴിഞ്ഞാൽ വിശ്വാസികൾ ഓരോ േപ്ലറ്റിലും ചുറ്റിലുമിരിക്കും. ആറു പേർക്ക് ഒരുേപ്ലറ്റ് എന്ന കണക്കിലാണ് വിഭവങ്ങൾ വെക്കുന്നത്. രസകരമായ സംഗതി നോമ്പ് തുറ കഴിഞ്ഞാൽ നിമിഷ നേരങ്ങൾക്കുള്ളിൽ ഇവിടം മുഴുവൻ ക്ലീനായി നമസ്കാരത്തിന് സജ്ജമായിട്ടുണ്ടാവും എന്നതാണ്.

ഇഫ്താർ കഴിഞ്ഞാൽ തൊട്ടടുത്ത റോഡിൽ ഇഫ്താർ സ്ട്രീറ്റ് ഒരു മനോഹരമായ അനുഭവമാണ്. മുംബൈയിൽ വലിയ ഫുഡ്‌ സ്പോട്ടുകളിൽ ഒന്ന് കൂടിയാണിത്. വ്യത്യസ്ത തരം കബാബുകളും റൊട്ടികളും പാനീയങ്ങളുമൊക്കെയായി ഒരു ഉത്സവാന്തരീക്ഷം. മഗ്‌രിബ് കഴിയുന്നത്തോടെ കാലു കുത്താൻ പോലും ഇടമില്ലാതെ ഈ റോഡ് ജനനിബിഡമായിരിക്കും.




 


ബുർഹാൻപൂരിലേക്ക്

മിനാര മസ്ജിദിൽ താറാവീഹും നിസ്കരിച്ചു രാത്രി തന്നെ ട്രെയിൻ മാർഗം മധ്യപ്രദേശിലെ ബുർഹാൻപൂരിലേക്ക് തിരിച്ചു. ഷാജഹാൻ ചക്രവർത്തി മുംതാസിനായി താജ്മഹൽ പണിയുന്നതിനും വർഷങ്ങൾക്ക് മുമ്പ് നിർമ്മിക്കപ്പെട്ട ശവകുടീരം കാലാതാജ് അഥവാ കറുത്ത താജ് മഹലും ദക്ഷിണേന്ത്യയുടെ താക്കോൽ എന്നറിയപ്പെടുന്ന അസീർഗഡ് കോട്ടയുമൊക്കെ സ്ഥിതി ചെയ്യുന്ന വലിയൊരു മുസ്‌ലിം പൈതൃകം ഉള്ള പ്രദേശമാണിത്. ബുർഹാൻപൂറിലെ ഷാഹി ജമാ മസ്ജിദിലായിരുന്നു ഞങ്ങളുടെ നോമ്പ്തുറ. 16ാം നൂറ്റാണ്ടിൽ ഫാറൂഖി ഭരണാധികാരി ആദിൽഷാഹ്‌ പേർഷ്യൻ മുഗൾ സ്റ്റൈലിൽ പണിത കറുത്ത കല്ലുകൾ കൊണ്ട് നിർമിച്ചതാണ് ഈ മസ്ജിദ്. എല്ലാ കോണുകളിൽ നിന്നും മാർക്കറ്റിനെ നിരീക്ഷിക്കാൻ കഴിയുന്ന വിധത്തിലാണിതിന്റെ നിർമിതി. നീളത്തിൽ നിരവധിയായ കമാനങ്ങൾ മസ്ജിദിനെ മനോഹരമാക്കുന്നു.

മിനാര മസ്ജിദ് പോലെ മസ്ജിദിന്റെ നേതൃത്വത്തിലുള്ള നോമ്പ് തുറ സൗകര്യം ഇവിടെയില്ല. ഓരോരുത്തരും സ്വന്തമായി കൊണ്ട് വന്നു എല്ലാവർക്കുമായി പങ്കുവെക്കലാണ്. യാത്രക്കാരാണെന്ന് അറിഞ്ഞപ്പോൾ ആ കൂട്ടത്തിലേക്ക് സന്തോഷത്തോടെ അവർ ഞങ്ങളെയും ഇരുത്തി. നിരവധിയാളുകളുടെ ചെറിയ ചെറിയ പങ്കുകൾ ചേർത്തപ്പോൾ അതൊരു വലിയ ഇഫ്താറായി ഞങ്ങൾക്കനുഭവപ്പെട്ടു. ഇഫ്താർ സ്ട്രീറ്റ്റുകൾ ഇവിടെ ഇല്ലായിരുന്നു. പക്ഷെ കുറഞ്ഞ ചിലവിൽ വിവിധ മട്ടൻ വിഭവങ്ങൾ ലഭിക്കുന്ന നിരവധി ഹോട്ടലുകൾ ഇവിടെ കാണാം.

ഡൽഹി ജമാ മസ്ജിദിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ ഇഫ്താർ ഒരുപക്ഷെ ഡൽഹി ജമാ മസ്ജിദിലായിരിക്കും നടക്കുക. പതിനായിരങ്ങൾ പങ്കെടുക്കുന്ന ഇഫ്താർ. അസർ നമസ്കാരത്തിന് ശേഷം ആളുകൾ നോമ്പ് തുറക്കുള്ള വിഭവങ്ങളുമായി മസ്ജിദിന്റെ നടുമുറ്റത്ത് സ്ഥലം പിടിച്ചു തുടങ്ങും. മുസല്ലയോ പായയോ വിരിച്ചു കയ്യിൽ കരുതിയ വിഭവങ്ങൾ തയാറാക്കുന്ന തിരക്കിലാവും പിന്നീടവർ. സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബക്കാരുമൊക്കെയായി ആ കൂട്ടം വികസിക്കും. മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതിനു വളരെ നേരത്തെ തന്നെ മസ്ജിദ് നടുമുറ്റം മുഴുവൻ വിശ്വാസികളെ കൊണ്ട് നിറയും. പിന്നെ പ്രാർഥനാ നിർഭരമായ കാത്തിരിപ്പ്. നോമ്പ് തുറക്കാനുള്ള സമയമായെന്ന് അറിയിക്കാൻ ആകാശത്തേക്ക് വെടിപ്പൊട്ടിക്കലാണ് ഇവിടത്തെ രീതി. ഇഫ്താർ കഴിഞ്ഞാൽ തോട്ടടുത്ത സ്ട്രീറ്റിലേക്കാണ്. ഭക്ഷ്യ വിഭവങ്ങളുടെ നിരവധിയായ വൈവിധ്യങ്ങൾ അവിടെ കാണാം. ഓരോ കടയിലും മണിക്കൂറുകൾ നീണ്ട ക്യൂവായിരിക്കും.

മലർകോട്‍ലയിലേക്ക്

പഞ്ചാബിലെ ഏക മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ് മലരർകോട്ല. ഇന്ത്യ വിഭജനത്തിനു ശേഷം ഭൂരിഭാഗം മുസ്‌ലിങ്ങളും പാകിസ്ഥാനിലേക്ക് പാലായനം ചെയ്തെങ്കിലും അത്തരം പാലായനങ്ങൾ വലിയ രീതിയിൽ ബാധിക്കാത്ത ഒരു പ്രദേശമാണിവിടം. സിഖ് -മുസ്‌ലിം സൗഹൃദത്തിന്റെ വലിയൊരു ചരിത്രം പറയാനുണ്ട് ഈ പ്രദേശത്തിനു. ഏതാണ്ട് 60 ശതമാനം മുസ്‍ലിംങ്ങൾ താമസിക്കുന്നയിടം കൂടിയാണ്. പഞ്ചാബിന്റെ സാംസ്കാരിക സിരാകേന്ദ്രം.

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് പച്ചക്കറി കയറ്റുമതി ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണിത്. സ്പോർട്സ് ഉപകരണങ്ങൾ നിർമിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ മലർകോട്‌ലക്ക് സവിശേഷമായ സ്ഥാനമുണ്ട്. മുസ്‌ലിം സംഘടനകളുടെ സംസ്ഥാന ഓഫീസുകളെല്ലാം ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്. അതിനിടെ ഗ്രാമത്തിലെ ഒരു ഗുരുദ്വാറയിലെ പുരോഹിതർ ഞങ്ങളെ ക്ഷണിക്കുകയും മുസ്‌ലിം സിഖ് സൗഹാർദത്തെ കുറിച്ചും വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം തന്നെ ഞങ്ങളെ ഗ്രാമം മതി ചുറ്റിക്കാണിക്കുകയും കൃഷി സ്ഥലങ്ങലിലേക്ക് കൂട്ടികൊണ്ട് പോവുകയും ചെയ്തു. അവിടത്തെ പ്രധാന മുസ്‌ലിം നേതാവായ സാക്കിബ് സാഹിബ്‌ ഞങ്ങളെ പള്ളിയിലേക്ക് കൂട്ടികൊണ്ട് പോവുകയും വിഭവ സമൃദ്ധമായ ഇഫ്താർ ഒരുക്കിത്തരുകയുംചെയ്തു. വളരെ പരിമിതമായ നോമ്പ് തുറയാണ് പൊതുവെ പള്ളികളിൽ നടക്കാറുള്ളതെങ്കിലും അതിഥികൾ ഉണ്ടെന്നറിഞ്ഞപ്പോൾ വിശാലമായ നോമ്പ് തുറ സംവിധാനിക്കുകയുമായിരുന്നവർ.

ജമ്മുവിലേക്ക്

പഞ്ചാബിൽ നിന്ന് ട്രെയിൻ മാർഗം ജമ്മുവിലേക്കാണ് എത്തിയത്. ജമ്മുവിലെ റാജൗരി ആദ്യത്തെ നോബ് തുറ. ഇവിടത്തെ ജാമിയ മസ്ജിദിൽ വിശാലമായ നോമ്പ് തുറ മസ്ജിദ് വക തന്നെയുണ്ടായിരുന്നു. ആദ്യത്തെ നോമ്പ് തുറയോടൊപ്പം തന്നെ ബിരിയാണിയും വിളമ്പിയാണൂ ഇഫ്താർ നടത്തിയത്.

പൂഞ്ചിലേക്ക്

പൂഞ്ച് ജില്ലയിൽ നിന്ന് മുപ്പത് കിലോമീറ്ററുകൾക്ക് അപ്പുറത്തെ ലോറൻ വാലിയിലെ സിബ് എന്ന ഗ്രാമത്തിലായിരുന്നു എത്തിയത്. അജാസ് ഭായ് എന്ന മനുഷ്യൻ ഞങ്ങളെ വീട്ടിലേക്ക് കൊണ്ട് പോയി. വിഭവ സമൃദ്ധമായ നോമ്പ് തുറയായിരുന്നു ഞങ്ങൾക്കായി ഒരുക്കിയത്. റൊട്ടിയും ചപ്പാത്തിയും ലസിയും വിവിധ കറികളും ചേർത്ത് വിഭവ സമൃദ്ധ്മായ ഒരുക്കം. ഇവിടങ്ങളിൽ പൊതുവെ പള്ളികളിൽ ഇഫ്താർ ഒരുക്കുന്ന പതിവില്ല. നിരവധി പള്ളികൾ അടുത്തടുത്തായി നിലനിൽക്കുന്നത് കൊണ്ട് തന്നെ വീട്ടിൽ നോമ്പ് തുറന്ന് തൊട്ടടുത്ത പള്ളികളിലേക്ക് നമസ്കരിക്കാൻ പോവുന്ന രീതിയാണിവിടെ. ഗ്രാമവാസികൾ വളരെ സന്തോഷത്തോടെയാണ് ഞങ്ങളെ സ്വീകരിച്ചത്. തറാവീഹ് ശേഷം ഇമാമിന്റെ നേതൃത്വത്തിൽ ഗ്രാമത്തിലുള്ളവർക് ഞങ്ങളെ പരിചയപ്പെടുത്തുകയും കേരളത്തെക്കുറിച്ചും അവർക്ക് പറഞ്ഞു കൊടുക്കാൻ അനുവദിക്കുകയും ചെയ്തു.

ഷോപ്പിയാനിലേക്ക്

അജാസ് ഭായിയുടെ കുടുംബത്തോടെ വിട പറഞ്ഞു ഞങ്ങൾ ഷോപ്പിയാനിലെ പ്രൊഫ. ഇമ്രാന്റെ വീട്ടിലേക്കാണ് പോയത്. കുൽഗാമിലെ യാരിപോര ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ വീട്. അദ്ദേഹം കശ്മീർ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രൊഫസർ ആയിരുന്നു. ഞങ്ങളുടെ സംഘത്തിലെ ഡോ. മുനീർ ഹുസൈന്റെ സുഹൃത്ത് കൂടിയാണദ്ദേഹം. ഞങ്ങൾ എത്തുന്നതറിഞ്ഞ അദ്ദേഹത്തിന്റെ വീട്ടിലെക്ക് ഞങ്ങളെ ക്ഷണിക്കുകയായിരുന്നു. അന്നത്തെ ഇഫ്താറും , താമസവും അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. പൊതുവെ കാശ്മീരികളുടെ ആദിത്യ മര്യാദ എടുത്ത് പറയുന്നതാണ്. കാശ്മീരികളുടെ പരമ്പരഗതമായ ഭക്ഷണമായ കാശ്മീരി വാസ്വാൻ ആയിരുന്നു ഞങ്ങൾക്ക് വേണ്ടി ഒരുക്കിയത്. മട്ടന്റെ നിരവധി വിഭവങ്ങളെയെല്ലാം ചേർത്ത് പറയുന്നതാണ് വാസ്വാൻ. വിന്റർ കഴിഞ്ഞ് സ്പ്രിംഗ് നെ വരവേൽക്കാൻ തയ്യാറായി നിൽക്കുന്ന സമയമാണ് കശ്മീർ. അതുകൊണ്ട് തന്നെ ഇലകൾ തളിർത്ത് വരുന്നേയുള്ളൂ. ഗ്രാമത്തിലെ ഏതാണ്ട് എല്ലാവരും ആപ്പിൾ കൃഷിയെ അടിസ്ഥാനമാക്കിയുള്ളതാണ്. വൈകുന്നേരം തോട്ടങ്ങൾ കണ്ടും, നാട്ടുകാരുമായി സംവദിച്ചും ഗ്രാമത്തിലൂടെ നടന്നു. ഗ്രാമത്തിലെ വിവിധ പള്ളികളിൽ നിന്ന് നമസ്കരിച്ചു

ശ്രീനഗറിലെ ഹസ്രത്ത് ബാൽ മസ്ജിദിലേക്ക്

അവസാന ദിവസം തലസ്ഥാന നഗരിയായ ശ്രീനഗറിലായിരുന്നു. ശേറെ ഖാസിലൂടെയുള്ള ഹെറിറ്റേജ് വാക്കായിരുന്നു പ്രധാന പരിപാടി. ഖാൻഖായെ മൗല, സൈന കദൽ, പഥർ മസ്ജിദ്, ഝലം നദി ഘാട്ട്, ശേറെ ഖാസ് മാർകറ്റ്, ബാദ്ഷ ടോമ്പ്, ജാമിഅ മസ്ജിദ്, ദസ്തഖീർ സാഹിബ്, ബദൻ വാരി, കതി ദർവാസ , ഹസ്രത്ത് ബാൽ, അമീറ കദൽ തുടങ്ങിയ ചരിത്ര സ്മാരകകളിലൂടെയാണ് ഹെറിറ്റേജ് വാക്ക് കടന്ന് പോയത്. ദാൽ തടാക തീരത്തെ ഹസ്രത്ത് ബാൽ മസ്ജിദിലെ ഇഫ്താറിന് ശേഷം ഖയാം ചൗകിലെ ഫുഡ് സ്ട്രീറ്റും കവർ ചെയ്തു. ട്രെയിനിലും, ബസിലും, റിക്ഷയിലുമൊക്കെയായിരുന്നു യാത്ര. ഡോർമിറ്ററിയിലും, റിട്ടയറിങ്ങ് റൂമിലും , വീടുകളിലും, ഹോട്ടലിലുമൊക്കെയായിരുന്നു വിശ്രമം. അങ്ങിനെ വൈവിധ്യം നിറഞ്ഞ മണ്ണും , മനുഷ്യരും കൊണ്ട് വിഭവ സമൃദ്ധമായ യാത്ര പരിസമാപ്തിയിലേക്ക്. ഞങ്ങൾ തരിച്ചുവരുമ്പോൾ പെരുന്നാൾ ഒരുക്കങ്ങൾ ഇവിടങ്ങളിലൊക്കെ തുടങ്ങിയിട്ടുണ്ടായിരുന്നു.

Tags:    
News Summary - iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.