ബദ്ർ നൽകുന്ന പാഠം

ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17ന് മദീനയുടെ തെക്കുപടിഞ്ഞാറ് ബദ്‌റില്‍വെച്ച് 313 മുസ്‌ലിം പടയാളികളും 950 മക്കയിലെ പ്രവാചക പ്രതിയോഗികളായ സൈന്യവും തമ്മില്‍ നടന്ന പോരാട്ടം ചരിത്രത്തിലെ തുല്യതയില്ലാത്ത ഏടുകളിലൊന്നാണ്.

മുഹമ്മദ് നബി(സ)യുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യത്തിലെ 14 പേർ രക്തസാക്ഷികളായപ്പോള്‍ കടുത്ത പ്രവാചക പ്രതിയോഗിയായ അബൂജഹലിന്റെ നേതൃത്വത്തിലുള്ള സൈന്യത്തിലെ എഴുപത് പേര്‍ കൊല്ലപ്പെടുകയും 70 പേർ ബന്ധികളാക്കപ്പെടുകയും ചെയ്തു.

പോരാട്ടത്തിന് മുമ്പ് രാത്രി ആരാധനാനിമഗ്നനായി നബി (സ) സുജൂദില്‍ നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ‘അല്ലാഹുവേ! ഈ സംഘം നശിപ്പിക്കപ്പെട്ടാല്‍ പിന്നെ നീ ആരാധിക്കപ്പെടുകയില്ല’ കാരണം പ്രവാചകൻ തിരുമേനി നയിച്ച പടയണി ഭൗതിക വിഭവങ്ങൾ കൊണ്ട് നന്നെ ദുർബലമായിരുന്നു.

ന്യൂനപക്ഷം ഭൂരിപക്ഷത്തെ അതിജയിക്കുക എന്നൊരു പ്രതിഭാസമുണ്ട്. അത് അത്ഭുതകരമായിരിക്കാം പക്ഷേ, അപൂര്‍വമല്ല. ‘എത്രയെത്ര ന്യൂനപക്ഷങ്ങളാണ് ഭൂരിപക്ഷത്തെ പരാജയപ്പെടുത്തിയത്!’ (ഖുര്‍ആന്‍: 2:249) അചഞ്ചലമായ ദൈവവിശ്വാസവും ത്യാഗസന്നദ്ധതയും മനക്കരുത്തുമായി നബിയും അനുചരന്മാരും പോരാട്ടത്തിനിറങ്ങിയപ്പോള്‍ അല്ലാഹുവിെൻറ സഹായം അവര്‍ക്കുണ്ടായി. സായുധരും സുസജ്ജരുമായ മാലാഖമാരെ അല്ലാഹു സഹായത്തിനയച്ചു.

ബദ്ർ ധര്‍മസംസ്ഥാപനത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. ബദ്ർ യുദ്ധത്തിന്റെ നിരവധി ഘട്ടങ്ങളില്‍ അല്ലാഹു വിശ്വാസികളെ സഹായിക്കുന്നുണ്ട്. അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവരെ അവന്‍ സഹായക്കുമെന്നതിന്‍റെ തെളിവായിരുന്നു ബദ്റിലെ വിജയം.

ഖുറൈശികളുടെ രണ്ട് സൈന്യങ്ങളില്‍ വലിയതിനെ തന്നെ നേരിടാന്‍ പ്രവാചകന്‍ തീരുമാനിച്ചത് അല്ലാഹുവില്‍ പൂര്‍ണമായി ഭരമേല്‍പിച്ചുകൊണ്ടാണ്. അന്തിമമായ വിജയം അല്ലാഹിവില്‍നിന്നാണ് എന്നതാണ് ബദ്ർ നല്‍കുന്ന പ്രധാന പാഠം.

ചെറിയ സംഘമായിട്ടുകൂടി പ്രവാചകരും ബദരീങ്ങളും ബദറില്‍ കാഴ്ചവെച്ച ഐക്യം പിശാചിനെവരെ ഞെട്ടിച്ചുകളഞ്ഞുവെന്ന് പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ മുസ്‍ലിം ഉമ്മത്ത് ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത ബദർ നമ്മെ പഠിപ്പിക്കുന്നു. വ്യത്യസ്ത ആശയങ്ങളും അഭിപ്രായങ്ങളുമുണ്ടെങ്കിലും ഇസ്‍ലാം എന്ന ആദര്‍ശത്തിന് കീഴില്‍ നാം യോജിക്കണം.

നമ്മള്‍ പരാജയബോധം കൈവെടിയണം. ബദര്‍ നമുക്ക് നല്‍കുന്ന ഏറ്റവും വലിയ പാഠം ആരൊക്കെ വേട്ടയടിയാലും, പൗരത്വമടക്കം പ്രതിസന്ധിയിലാക്കാൻ ശ്രമിച്ചാലും അല്ലാഹു കൂടെയുണ്ടെങ്കിൽ വിജയം വിശ്വാസികൾക്ക് ഒപ്പം തന്നെയായിരിക്കും എന്നതാണ്.

Tags:    
News Summary - The lesson of Badr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.