റമദാനിലെ ആദ്യ ജുമുഅയിൽ പങ്കുകൊള്ളാൻ മക്ക ഹറമിലെത്തിയ വിശ്വാസി ലക്ഷങ്ങൾ
മക്ക: റമദാനിലെ ആദ്യ വെള്ളിയാഴ്ച കൂടുതൽ ഭക്തിസാന്ദ്രമായി ഇരു ഹറമുകളും. ജുമുഅ നമസ്കാരത്തിന് മക്ക മസ്ജിദുൽ ഹറാമിലും മദീന മസ്ജിദുന്നബവിയിലും ലക്ഷക്കണക്കിന് വിശ്വാസികളെത്തി. രാവിലെ മുതൽ ഹറമുകളിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. ഇരു പള്ളികളിലേക്കുമുള്ള എല്ലാ റോഡുകളും കവിഞ്ഞൊഴുകി. ആഭ്യന്തര, വിദേശ ഉംറ തീർഥാടകരും സ്വദേശികളും താമസക്കാരും ഒരുമിച്ചതോടെ ജുമുഅ നമസ്കാരവേളയിൽ മസ്ജിദുൽ ഹറാമും പരിസരവും തിങ്ങിനിറഞ്ഞു.
ആദ്യ വെള്ളിയാഴ്ചയിലെ തിരക്ക് മുൻകൂട്ടി കണ്ട് ഇരുഹറം പരിപാലന അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ തയാറെടുപ്പുകൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. നമസ്കാരത്തിനായി കൂടുതൽ സ്ഥലങ്ങൾ ഒരുക്കി. ഓരോ വകുപ്പുകളും കൂടുതലാളുകളെ സേവനത്തിനായി നിയോഗിച്ചു. ഹറമിനടുത്ത് തിരക്ക് കുറക്കാനും ആളുകളുടെ സഞ്ചാരം വ്യവസ്ഥാപിതമാക്കാനും പൊതുസുരക്ഷ, ട്രാഫിക് വിഭാഗങ്ങൾ രംഗത്തുണ്ടായിരുന്നു. പഴുതടച്ച സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയത്.
മദീന മസ്ജിദുന്നബവിയിൽ നിന്നുള്ള കാഴ്ച
വഴികളിൽ ആളുകളുടെ ഇരുത്തവും കിടത്തവും കർശനമായി തടഞ്ഞു. കൂടുതൽ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കി വാഹനങ്ങൾ അതിലേക്ക് തിരിച്ചുവിട്ടു. ഹറമിലേക്കും തിരിച്ചുമുള്ള ബസ് സർവിസുകളുടെ എണ്ണം കൂട്ടി. മസ്ജിദുൽ ഹറാമിൽ ജുമുഅ നമസ്കാരത്തിന് ശൈഖ് അബ്ദുല്ല അൽ ജുഹനി നേതൃത്വം നൽകി.
പുണ്യങ്ങളുടെ മാസമായ റമദാനെ പ്രയോജനപ്പെടുത്താൻ ഇമാം ജുമുഅ പ്രസംഗത്തിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. മസ്ജിദുന്നബവിയിൽ ജുമുഅ പ്രസംഗത്തിനും നമസ്കാരത്തിനും ഡോ. അഹ്മദ് അൽ ഹുദൈഫി നേതൃത്വം നൽകി. റമദാൻ മാസത്തെ പ്രാപിക്കാനാകുന്നത് വ്യക്തമായ അനുഗ്രഹമാണെന്നും അതിന് ദൈവത്തോട് നന്ദി പറയേണ്ടതുണ്ടെന്നും ഇമാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.