വല്ലാർപാടം ബസിലിക്കയുടെ അൾത്താരയിൽ സ്ഥാപിച്ച വല്ലാർപാടത്തമ്മയുടെ പുരാതന ചിത്രം ശാസ്ത്രീയ രീതിയിൽ സംരക്ഷിക്കുന്ന കലാ സംരക്ഷണ വിദഗ്ധൻ സത്യജിത്ത് ഇബ്ൻ
കൊച്ചി: 16ാം നൂറ്റാണ്ടിൽ പോർച്ചുഗലിൽനിന്നും കത്തോലിക്ക മിഷനറിമാർ കൊണ്ടുവന്ന പോർച്ചുഗീസ് കലാപാരമ്പര്യത്തിൽ ചെയ്ത വിമോചകനാഥ എന്നറിയപ്പെടുന്ന വല്ലാർപാടത്തമ്മയുടെ ചിത്രം ശാസ്ത്രീയ രീതിയിൽ സംരക്ഷിക്കുന്നു. 95 x 75 സെന്റിമീറ്റർ വലുപ്പമുള്ള ഒറ്റമരപ്പലകയിൽ, ഓയിൽ പെയിന്റിൽ തീർത്ത ചിത്രം മിഷണറിമാരുടെ സംഭാവനകളിൽപ്പെട്ടതാണ്.
500ലേറെ വർഷം പഴക്കമുള്ള പെയിന്റിങ്ങിന് പല കേടുപാടുകളുണ്ട്. ഇപ്പോൾ ശാസ്ത്രീയ സംരക്ഷണ രീതികൾ ഉപയോഗിച്ചാണ് പരിഹരിക്കുന്നത്. പോർച്ചുഗലിലെ ലിസ്ബണിൽനിന്നും കൊണ്ടുവന്ന ഈ ഛായാചിത്രത്തിൽ മറിയത്തിന്റേയും ഉണ്ണിയേശുവിന്റേയും രൂപങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് 1800കളിലാണ് മീനാക്ഷിയമ്മയുടെയും കുഞ്ഞിന്റേയും രൂപങ്ങൾ കൂടി തദ്ദേശീയ ചിത്രകാരന്മാർ ഇതിൽ വരച്ച് ചേർത്തത്.
പത്തുദിവസം നീണ്ടു നിന്ന സംരക്ഷണ പ്രക്രിയയിലൂടെ ചിത്രത്തിന്റെ ജീർണത തടയുകയും പൗരാണിക തനിമ സംരക്ഷിക്കുകയും ചെയ്തതായി റെക്ടർ ഫാ.ആൻറണി വാലുങ്കൽ അറിയിച്ചു. വരാപ്പുഴ അതിരൂപത ആർട്ട് ആൻഡ് കൾചറൽ കമീഷൻ ഡയറക്ടർ ഫാ.അൽഫോൺസ് പനക്കലിന്റെ മേൽനോട്ടത്തിൽ, കലാ സംരക്ഷണ വിദഗ്ധനായ സത്യജിത് ഇബ്ൻ, പുണെയിലെ സപൂർസ മ്യൂസിയം കൺസർവേറ്റർ ശ്രുതി ഹഖേകാർ എന്നിവരാണ് ചിത്രത്തിന്റെ സംരക്ഷണ ജോലികൾ നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.