കോടമഞ്ഞ് പുതച്ച പ്രഭാതങ്ങളെ കരിയില കനലുകൊണ്ട് വകഞ്ഞു മാറ്റുന്ന ബാല്യകാലം. അടുത്തുള്ള അമ്പലത്തിൽനിന്നുള്ള സുപ്രഭാതവും വൈകുന്നേരങ്ങളിൽ അന്തരീക്ഷത്തിൽ നിറഞ്ഞ് നിൽക്കുന്ന കരോൾ ഗാനങ്ങളും ഡിസംബറിലെ അവധിക്കാലത്തെ പ്രസന്നമാക്കാൻ നമ്മൾ കുട്ടികൾക്ക് അത് മതിയായിരുന്നു.ക്രിസ്മസിന് രണ്ടോ മൂന്നോ ദിവസം മുമ്പുതന്നെ അയൽപക്കത്തെ കുട്ടികളും വല്ല്യമ്മാവന്റെ കുട്ടികളും കസിൻസും എല്ലാവരും ചേർന്ന് പുൽക്കൂടും വഴിവിളക്കും നക്ഷത്രവും ഉണ്ടാക്കേണ്ട തിരക്കിലായിരിക്കും...കൂട്ടത്തിൽ മുതിർന്നവർ തോട്ടുവക്കിൽനിന്ന് ഓടവെട്ടി കൊണ്ട് വന്ന് നക്ഷത്രത്തിനും വഴിവിളക്കിനും മറ്റാവശ്യങ്ങൾക്കും വേണ്ട അളവിൽ വെട്ടിവെക്കും പിന്നെ നമ്മളെല്ലാവരും ചേർന്ന് അവയുണ്ടാക്കും. റോഡിൽനിന്ന് വീട്ടിലേക്കുള്ള വഴിയിൽ നിശ്ചിത അകലത്തിൽ വഴിവിളക്ക് കുത്തിവെക്കും, മുറ്റത്തിന്റെ വശങ്ങളിലെവിടെയെങ്കിലും പുൽക്കൂട് ഉണ്ടാക്കി വെക്കും. (ഇന്നത്തെ പോലെ ബൾബൊന്നും അന്നുണ്ടായിരുന്നില്ല. നമ്മുടെ കൈയിലുള്ള ചെറിയ നിക്ഷേപങ്ങളും അമ്മമ്മയുടെ സംഭാവനയുംകൊണ്ടാണ് നമ്മൾ ക്രിസ്മസ് ഒരുക്കത്തിനുള്ള കളർ പേപ്പറും മെഴുകുതിരിയും മൈദയും ഒക്കെ വാങ്ങാറ്.)
പിന്നെ ഒരു കാത്തിരിപ്പാണ് എടൂർ പള്ളിയിൽനിന്നും വരുന്ന കരോൾ സംഘത്തേയും കാത്ത്, വൈകുവോളം ! ക്രിസ്മസ് അപ്പൂപ്പനേയും ഉണ്ണിയേശുവിനേയും കാണാനാണ് ഏറ്റവും കൂടുതൽ ആകാംക്ഷ, പിന്നെ അപ്പൂപ്പന്റെ കൈയിൽനിന്നും കിട്ടുന്ന മിഠായിയും. വല്ല്യമ്മാവന്റെ വീട്ടിലാണ് ഈ കാത്തിരിപ്പ്.
നടവഴിയിൽ നീട്ടി കെട്ടിയ നക്ഷത്രവിളക്കിന്റെ വെളിച്ചത്തിൽ.. ഇറയത്ത് പുത്തൻ തുണി വിരിച്ച് പൂക്കൾ വിതറി അലങ്കരിച്ച്, മെഴുകുതിരി കത്തിച്ചു വെച്ച് സ്റ്റൂളോ കസേരയോ ഒരുക്കി വെച്ചിട്ടുണ്ടാവും അതിലാണ് കരോൾ സംഘം കൊണ്ടു വരുന്ന ഉണ്ണിയേശുവിനെ കിടത്താറ്. എന്താണ് പ്രാർഥിക്കേണ്ടതെന്ന് അറിയില്ലെങ്കിലും കൈകൂപ്പി ആ രൂപം നോക്കി നിൽക്കുമ്പോൾ മനസ്സ് നിറയാറുണ്ട്... ഇന്നാലോചിക്കുമ്പോൾ ആ ആഘോഷങ്ങളും ഒരുക്കവും ഒക്കെയാണ് നമ്മളെ സ്നേഹത്തിന്റെയും സഹകരണത്തിന്റെയും നന്മയുടെയും പാഠങ്ങൾ പഠിപ്പിച്ചത്..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.