താത്തൂർ പള്ളി

പോരാട്ട ചരിത്രത്തിൽ താത്തൂർ പള്ളിയും മടത്തുംപാറയും

മാവൂർ: ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ പോരാട്ടത്തിലൂടെ ചരിത്രത്തിൽ ഇടംപിടിച്ച സ്ഥലമാണ് ഇന്നത്തെ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽപെട്ട താത്തൂരും സമീപത്തെ മടത്തുംപാറയും. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര പോരാളികൾക്കെതിരെ ബ്രിട്ടീഷ് പട്ടാളം വെടിയുതിർത്ത പ്രദേശമാണ് താത്തൂര് മടത്തുംപാറ. മടത്തുംപാറയിൽ ക്യാമ്പ് ചെയ്താണ് ചാലിയാറിന് എതിർവശത്ത്, ഇന്നത്തെ മലപ്പുറം ജില്ലയിലുള്ള കൊന്നാര് പള്ളിയിലേക്ക് പട്ടാളം വെടിയുതിർത്തത്.

സ്വാതന്ത്ര്യസമര പോരാട്ടത്തിൽ നേതൃസ്ഥാനം വഹിച്ച പ്രമുഖനാണ് കൊന്നാര് തങ്ങൾ. 1921ൽ ചാലിയപ്രം പള്ളി ബ്രിട്ടീഷുകാർ അഗ്നിക്കിരയാക്കിയതാണ് പ്രശ്നത്തിന് കാരണം. ഇതിനു പകരമായി 1921 ഒക്ടോബർ 10ന് രാത്രി ചെറുവാടി പട്ടാള ക്യാമ്പ് ഖിലാഫത്ത് പ്രവർത്തകർ ആക്രമിച്ചു.

ഇതിന് പ്രതികാരമായാണ് 1921 ഒക്ടോബർ 11ന് ബ്രിട്ടീഷുകാർ കൊന്നാര് പള്ളി ആക്രമിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. മടത്തുംപാറയിൽനിന്ന് ബ്രിട്ടീഷ് പട്ടാളം കൊന്നാര് പള്ളിക്കുനേരെ മൂന്നുമണിക്കൂറോളം നിറയൊഴിച്ചു. ആക്രമണത്തിൽ കൊന്നാര് പള്ളിക്ക് കാര്യമായ കേടുപാടുപറ്റി. ഭിത്തികൾ തകർന്നു. 1985ൽ പള്ളി പുതുക്കിപ്പണിതെങ്കിലും ആക്രമണത്തിന്റെ അടയാളങ്ങൾ ഇന്നും ശേഷിക്കുന്നുണ്ട്.

പള്ളിയിൽ പ്രഭാഷണം നടത്തുകയായിരുന്ന പഴങ്കൻ മുഹമ്മദ് മുസ്‍ലിയാരടക്കം വെടിവെപ്പിൽ രക്തസാക്ഷികളായി. വെടിവെപ്പിന് വേദിയായ, ചാലിയാർ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മടത്തുംപാറ സമരപോരാട്ടങ്ങളുടെ ചരിത്രഭൂമിയായി ഇന്നും നിലകൊള്ളുന്നു. വാട്ടർ അതോറിറ്റിയുടെ കൂളിമാട് ശുദ്ധജല സംസ്കരണ പ്ലാൻറിന്റെ വളപ്പിലാണ് മടത്തുംപാറ ഇപ്പോഴുള്ളത്. അതിനാൽ സന്ദർശകർക്ക് പ്രവേശനനാനുമതിയില്ല. എങ്കിലും കൊന്നാര് കാണാനെത്തുന്ന സന്ദർശകർക്ക് ചാലിയാറിന്റെ അക്കരെ സ്ഥിതി ചെയ്യുന്ന മടത്തുംപാറ വീക്ഷിക്കാനാവും.

കൊന്നാര് പള്ളി ആക്രമണത്തിന്റെ തുടർച്ചയായാണ് 1921 നവംബർ 12ന് ചരിത്ര പ്രസിദ്ധമായ താത്തൂർ പള്ളിക്കുനേരെ ആക്രമണമുണ്ടായത്. ചെറുവാടി പുതിയോത്ത് പള്ളിയിൽ 64 പേർ രക്തസാക്ഷികളായ ഖിലാഫത്ത് -ബ്രിട്ടീഷ് പോരാട്ട ശേഷമാണ് സൈന്യം താത്തൂർ പള്ളിക്കുനേരെ തിരിഞ്ഞത്. ലഹളക്കാര്‍ പള്ളിയില്‍ ക്യാമ്പു ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പട്ടാളം പള്ളിക്കുനേരെ ആക്രമമഴിച്ചുവിടുകയായിരുന്നു.

സൈന്യം വരുന്ന വിവരമറിഞ്ഞ് താത്തൂരിലെ സ്ത്രീകളും കുട്ടികളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. പുരുഷന്മാർ പള്ളിയിൽ ഒത്തുകൂടിയ സമയത്ത് സൈന്യം ശക്തമായ വെടിവെപ്പ് നടത്തി. പട്ടാളം പള്ളിക്ക് തീവെക്കുകയും ചെയ്തു. വെടിവെപ്പിലും മറ്റും നിരവധി പേർ മരിച്ചു. പൂർണമായി കത്തിനശിച്ച പള്ളി പിന്നീട് പുനർനിർമിക്കുകയായിരുന്നു.

Tags:    
News Summary - thathur mosque and madathum para

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.