ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്
അബൂദബി: എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവും മനോഹര നിര്‍മിതിയുമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ ഈ വര്‍ഷം ആദ്യ ആറുമാസം എത്തിയത് 15 ലക്ഷത്തിലേറെ സന്ദര്‍ശകര്‍. ഇതില്‍ 81 ശതമാനം വിനോദസഞ്ചാരികളും 19 ശതമാനം യു.എ.ഇയില്‍ നിന്നുള്ളവരുമാണെന്ന് അധികൃതര്‍ അറിയിച്ചു.
സന്ദര്‍ശകരില്‍ 4,54,339 പേര് നമസ്കാരത്തിനെത്തിയ വിശ്വാസികളും 10,33,045 പേര് ടൂറിസ്റ്റുകളുമാണ്. മൊത്തം സന്ദര്‍ശകരില്‍ 51 ശതമാനം പുരുഷന്മാരും 49 ശതമാനം സ്ത്രീകളുമാണ്. ഇവരിലേറെയും 25നും 35നും ഇടയില്‍ പ്രായമുള്ളവരാണ്. ഇന്ത്യക്കാരാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്നില്‍. ഫ്രാന്‍സും യു.എസുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ലോകത്തിലെ മികച്ച 25 കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത ട്രിപ് അഡ്വൈസേഴ്സ് 2022 പട്ടികയില്‍ ഗ്രാന്‍ഡ് മോസ്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
രാഷ്ട്രപിതാവായ ശൈഖ് സായിദിന്റെ ഖബറിടം സ്ഥിതി ചെയ്യുന്ന ഗ്രാന്‍ഡ് മോസ്ക് കഴിഞ്ഞ വർഷങ്ങളിലും നിരവധി സന്ദർശകരെ ആകർഷിച്ചിരുന്നു. കോണ്ക്രീറ്റിലൊരുക്കിയ മസ്ജിദിന്റെ മുന്‍ഭാഗത്ത് വടക്കന്‍ മാസിഡോണിയയില്‍ നിന്നെത്തിച്ച മാര്‍ബിളാണ് ഉപയോഗിച്ചത്.
ശൈഖ് സായിദ് ഗ്രാന്റ് മോസ്ക് സെന്ററിലെ ഭൂഗര്‍ഭ സന്ദര്‍ശന കേന്ദ്രവും കമ്പോളവുമായ സൂഖ് അല്‍ ജാമിയില്‍ കുടുംബങ്ങളെ ആകര്‍ഷിക്കുന്നതിനായി പുതിയ പദ്ധതിയും മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ചു. ദുബൈ ആസ്ഥാനമായ ചില്ലറവില്പന ശൃംഖലയായ ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്റെ വിനോദ വകുപ്പായ ലാന്‍ഡ് ലെയ്ഷര്‍ ആണ് ഫണ്‍ ബ്ലോക്ക് എന്ന പേരില്‍ ഇന്‍ഡോര്‍ കളിസ്ഥലം ഒരുക്കിയത്. ഒന്നു മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്കായി ഇരുപതിലേറെ വിനോദ പ്രവര്‍ത്തനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ സകുടുംബം പങ്കെടുക്കാവുന്ന അനേക കളികളും സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.