ശുഭ്രവസ്ത്രം ധരിച്ച് തീർഥാടകർ മത്വാഫിൽ കഅ്ബക്ക് ചുറ്റും സുജൂദ് ചെയ്യുന്ന കാഴ്ച
ജിദ്ദ: മക്ക ഹറമിലെ മത്വാഫിൽ ഉംറ തീർഥാടകർ നമസ്കാരത്തിനിടയിൽ സൂജുദ് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മത്വാഫിൽ കഅ്ബക്ക് സമീപം തീർഥാടകർ സുജൂദ് ചെയ്യുന്ന വെള്ളപുതച്ച ഗംഭീര നിമിഷം പകർത്തിയത് സൗദി ഫോട്ടോഗ്രാഫറായ അബ്ദുറഹ്മാൻ അൽസഹ്ലിയാണ്.
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രം അറബ് ലോകത്ത് തരംഗമായി. ഹറമിനുള്ളിലെ വിവിധ ഷോട്ടുകൾ അൽസഹ്ലി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അതിലേറ്റവും ആകർഷകമായിരുന്ന, ശുഭ്രവസ്ത്രം ധരിച്ച് തീർഥാടകർ മത്വാഫിൽ കഅ്ബക്ക് ചുറ്റും സൂജൂദ് ചെയ്യുന്ന കാഴ്ചയാണ് ആളുകളുടെ മനം കവരുന്നത്. അസ്ർ നമസ്കാരവേളയിലാണ് ഈ ഫോട്ടോ എടുത്തതെന്ന് ‘അൽഅറബിയ നെറ്റി’നോട് അൽസഹ്ലി പറഞ്ഞു.
സമൂഹമാധ്യമത്തിലൂടെ പലരും ദൃശ്യത്തിന്റെ ഭംഗിയെക്കുറിച്ച് ആശ്ചര്യവും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ‘ചിതറിയ മുത്തുകൾ’ എന്നാണ് ഒരാൾ വിശേഷിപ്പിച്ചത്. ആത്മീയത, ശാന്തി, സമാധാനം എന്നീ വികാരങ്ങൾ ഉണർത്തുന്നതാണ് ചിത്രമെന്നും മറ്റു ചിലർ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.