ശബരിമല മണ്ഡലമകര വിളക്ക് തീര്‍ഥാടനത്തിനായി തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറക്കുന്നു

ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്തി​ന്​ തു​ട​ക്കം; ശരണം വിളിയുമായി അയ്യപ്പഭക്തർ

ശബരിമല: ഇരുമുടിക്കെട്ടും ശരണമന്ത്രവുമായി മലകയറിയെത്തുന്ന ഭക്തർക്ക്​ ദർശനപുണ്യമേകാൻ ശബരിമലയിൽ നട തുറന്നു. ബുധനാഴ്​ച വൈകീട്ട്​​ തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു.

ഉപദേവത ക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിച്ചശേഷം പതിനെട്ടാംപടിക്ക് മുന്നിലെ ആഴിയിലും മേല്‍ശാന്തി അഗ്​നി പകര്‍ന്നു. പിന്നാലെ അയ്യപ്പഭക്തർ ശരണം വിളിയുമായി പതിനെട്ടാംപടി കയറി തുടങ്ങി. നട തുറന്ന ബുധനാഴ്ച പ്രത്യേക പൂജകള്‍ ഉണ്ടായിരുന്നില്ല. നട തുറക്കുമ്പോൾ പതിനെട്ടാംപടിക്ക്​ താഴെ പുതിയ പുറപ്പെടാ മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയും ഇരുമുടിക്കെട്ടുമായി കാത്തുനിന്നിരുന്നു. ഇരുവരെയും സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു.

തുടര്‍ന്ന് ജയരാമന്‍ നമ്പൂതിരിയെ തന്ത്രി കണ്ഠരര് രാജീവര് നടയിൽവെച്ച് കലശാഭിഷേകം നടത്തി മേല്‍ശാന്തിയായി അവരോധിച്ചു. അദ്ദേഹത്തെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തു. നടയടച്ച ശേഷം അയ്യപ്പന്റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കാതിലേക്ക്​ തന്ത്രി പകര്‍ന്നു നല്‍കി. ഇതിനു പിന്നാലെ മാളികപ്പുറം മേൽശാന്തിയുടെ അവരോധിക്കലും നടന്നു. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗം പി.എം. തങ്കപ്പന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

നട തുറന്ന വേളയിൽ പതിനായിരത്തിലേ​റെ തീർഥാടകരാണ്​ ദർശനത്തിനായി കാത്തുനിന്നത്​. ഇതിൽ ഏറെയും അന്തർസംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു. വൃശ്ചികം ഒന്നായ വ്യാഴാഴ്ച പുലര്‍ച്ച പുതിയ മേൽശാന്തിമാരാകും നട തുറക്കുക. ഒരു വര്‍ഷത്തെ പൂജപൂര്‍ത്തിയാക്കിയ നിലവിലെ മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി ബുധനാഴ്ച രാത്രി തന്നെ പടിയിറങ്ങി. വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 27വരെയാണ് മണ്ഡല ഉത്സവകാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. 2023 ജനുവരി 14നാണ് മകരവിളക്ക്.

Tags:    
News Summary - Sabarimala Temple open for Mandalakalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.