ത്യാഗപൂരിതമായ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തിയിൽ വ്രത സമാപനാഘോഷത്തിലേക്ക് നാം നടന്നടുക്കുകയാണ്. ആത്മീയോൽകർഷത്തിന്റെ ദിനരാത്രങ്ങൾ വിടപറഞ്ഞ് ആഘോഷത്തിലേക്ക് കടക്കുന്ന വേളയിലും സാമൂഹികബോധവും സമസൃഷ്ടിസ്നേഹവും വിളിച്ചറിയിക്കുന്ന ഫിത്ർ സകാത് എന്ന നിർബന്ധ ബാധ്യതകൂടി നിറവേറ്റി ആഘോഷനാളിൽ ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താതെ ‘നോമ്പ് നോമ്പാകില്ല, ഈദ് ഈദാകില്ല.’ ആത്മനിയന്ത്രണത്തിന്റെ പാഠശാലയിൽനിന്ന് ഫുൾമാർക്ക് നേടി വിജയം ആഘോഷിക്കാനുള്ള വെമ്പലിലാണ് വിശ്വാസിലോകം!
നന്മകൾ നേടിയും തിന്മകൾ വെടിഞ്ഞും സർവാത്മനാ അല്ലാഹുവിന് കീഴൊതുങ്ങാനും ജീവിതം സമ്പൂർണമായി അവന് സമർപ്പിക്കാനുമുള്ള അതികഠിന പരിശീലനക്കളരി, ഭക്ഷണ നിയന്ത്രണത്തിലൂടെ ശരീരവും വികാര വിചാര നിയന്ത്രണത്തിലൂടെ മനസ്സും സംസ്കരിച്ച് സ്ഫുടം ചെയ്തെടുത്ത് പ്രതിസന്ധികളെ തരണം ചെയ്യാനും അതിജയിക്കാനും പ്രയാസങ്ങളേതും സഹിക്കാനും ദൈവത്തിന്റെ മുന്നിലല്ലാതെ മറ്റൊരു ശക്തിയുടെയും മുന്നിൽ തലകുനിക്കാത്ത, കരുത്തും കെൽപും ശക്തിയും ആർജവവും തേൻറടവുമുള്ള നല്ല വ്യക്തികളെ വാർത്തെടുക്കുക എന്നതിന്റെ പ്രഖ്യാപനമാണ് പെരുന്നാളാഘോഷ സുദിനത്തിൽ മുഴങ്ങുന്ന തക്ബീർ ധ്വനികൾ.
അല്ലാഹുവിന്റെ കൽപനകളോടുള്ള വിധേയത്വവും വിരോധങ്ങളോടുള്ള വിടപറച്ചിലും ‘റമദാൻ സ്പെഷൽ പാക്കേജ്’ മാത്രമായി ചുരുങ്ങാതെ ജീവിതാന്ത്യംവരെ നിലനിർത്താനുള്ള ഈമാനികോർജം കൈവരിക്കാനായോ എന്ന സൂക്ഷ്മമായ ആത്മപരിശോധനയാണ് പെരുന്നാളാഘോഷ സുദിനത്തിൽ നടക്കേണ്ടത്. ‘യെസ്’ എന്ന് ഉത്തരം നൽകാനാകുമെങ്കിൽ നാം ആർജിച്ച പ്രോ
ജ്ജ്വലമായ ഉന്നത പദവിയെ സംബന്ധിച്ച ആഹ്ലാദവും ആനന്ദവുമായി ഈദുൽ ഫിത്ർ നിറഞ്ഞ മനസ്സോടെ ആഘോഷിക്കാം. ‘നോ’ എന്നാണ് ഉത്തരം കിട്ടുന്നതെങ്കിൽ ജീവൻ പോയ ഒരു ചടങ്ങായിത്തീരുകയും ചെയ്യും!
‘ഈദ്’ സന്തോഷത്തിന്റേതാണ്. റമദാൻ മാസത്തോട് നൂറുശതമാനവും കൂറുപുലർത്തിയവർക്കുള്ളതാണത്. അവർക്കുള്ള സമ്മാനദാന നാളാണത്. ചുറ്റുപാടുകളെയോ സഹജീവികളെയോ മറക്കാനല്ല ഈദ് ഓർമിപ്പിക്കുന്നത്. ആത്മീയ വിശുദ്ധി മനസ്സിന് ആഹ്ലാദം നൽകുന്നതുപോലെ ഇസ്‍ലാം അനുവദിക്കുന്ന വിനോദങ്ങളിലൂടെ മനുഷ്യമനസ്സുകൾക്ക് സന്തോഷവും ആനന്ദവും നൽകേണ്ടതുണ്ട്. ഇസ്‍ലാം അനുവദിച്ച വിനോദങ്ങളോടെല്ലാം യുദ്ധം പ്രഖ്യാപിച്ച് തീവ്ര ആത്മീയതയിൽ അഭിരമിക്കുന്നവർക്ക് ഈദിന്റെ മധുരം നുണയാൻ കഴിയില്ല. മുഷിപ്പിൽനിന്നും മടുപ്പിൽനിന്നും മനുഷ്യരെ വിമോചിപ്പിക്കുന്ന സുവർണാവസരമാണ് ഈദാഘോഷം. അത് കളഞ്ഞുകുളിക്കുകയോ തീവ്രതപസ്യയിലൂടെ നേടിയെടുത്ത ആത്മീയത ഇല്ലാതാക്കുകയോ ചെയ്യുന്ന ‘അടിപൊളി’ ആഘോഷങ്ങളെ കരുതിയിരിക്കുകയും ചെയ്യുക. മനസ്സിൽ ആഹ്ലാദം നിറയുകയും വീട്ടിലും നാട്ടിലും സന്തോഷമുണ്ടാവുകയും ചെയ്യട്ടെ. പലവിധ തീവ്ര പരീക്ഷണങ്ങളാൽ ജീവിതത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്കും മുസ്‍ലിം ഉമ്മത്തിന്റെ ഐക്യത്തിനും സമസൃഷ്ടി സ്നേഹത്തിനും വേണ്ടി പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം. ഈദാഘോഷം അതിന് വഴിയൊരുക്കട്ടെ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.