ഭൂമിയിലെ ഏറെ സുന്ദരവും ആകർഷകവുമായ പദമാണ് കരുണ. അലങ്കാരപദം എന്നതിനപ്പുറം ആത്മാവുള്ള ആശയമായി മാറുമ്പോഴാണത് അർഥസമ്പന്നമാകുന്നത്. ആർദ്രത, ദയ, അലിവ്, സ്നേഹം, കാരുണ്യം ഇവയൊക്കെ പലപ്പോഴും പ്രഭാഷണങ്ങളിലും പുസ്തകങ്ങളിലും മാത്രം അടയിരിക്കുന്ന, സങ്കുചിതമായ താൽപര്യങ്ങൾക്കുവേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്ന പ്രയോഗങ്ങളായി മാറിയിരിക്കുന്നു. എന്നാൽ, കരുണ സാക്ഷാത്കരിക്കപ്പെടേണ്ട, ജീവന്റെ നിലനിൽപുതന്നെ അനിവാര്യമായ ഒരു ഘടകമാണെന്ന് ഇസ്ലാം ഉദ്ഘോഷിക്കുന്നു. അനുഗൃഹീത റമദാൻ ദയ, ദാനപ്രവർത്തനങ്ങളാലും കാരുണ്യത്തിനായുള്ള പ്രാർഥനകളാലും പ്രശോഭിതമാകണമെന്നും ഇസ്ലാം വിശ്വാസികളെ ഓർമപ്പെടുത്തുന്നു.
കരുണയില്ലാത്തിടത്ത് ജീവിതം അസാധ്യമാണ്. അതിനാൽ കാരുണ്യം സർവ സൃഷ്ടികളോടുമുണ്ടാകണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. പരിശുദ്ധ ഖുർആനിന്റെ ആദ്യ അധ്യായം ആരംഭിക്കുന്നതുതന്നെ പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തിലാണ്. "അർറഹ്മാൻ" എന്നതിന്റെ വിവക്ഷ എല്ലാവർക്കും പൊതുവായി കാരുണ്യം ചെയ്യുന്നവൻ എന്നാണ്. അല്ലാഹു സ്വയം വിശേഷിപ്പിക്കാൻ ഉപയോഗിച്ച ഒരു പദമാണത്. ദൈവത്തെ നിഷേധിക്കുന്നവനുപോലും ലഭ്യമാകുന്ന അതിരുകളില്ലാത്ത കാരുണ്യത്തെ കുറിച്ചാണ് ആ പദം സൂചിപ്പിക്കുന്നത്.
പ്രവാചകൻ പറയുന്നു: "കാരുണ്യം കാണിക്കുന്നവരോട് പരമകാരുണ്യവാൻ കരുണ കാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങൾ കാരുണ്യം കാണിക്കുവിൻ, ഉപരിലോകത്തുള്ളവൻ നിങ്ങളോട് കാരുണ്യം കാണിക്കും". ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളോടും മനുഷ്യരോടും കാരുണ്യം ഉണ്ടാവണമെന്നാണ് തിരുനബിയുടെ മാർഗനിർദേശം.
നാം കരുണയുള്ള മനസ്സിനുടമകളായി മാറാനും അല്ലാഹുവിന്റെ കാരുണ്യം നമുക്ക് ലഭിക്കാനുമായി എപ്പോഴും അല്ലാഹുവിനോട് പ്രാർഥിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പരിശുദ്ധമായ റമദാനിൽ. ഖുർആൻ പറയുന്നത് ഇപ്രകാരമാണ്. "ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്മാർഗത്തിൽ ആക്കിയതിനുശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ, നിന്റെ പക്കൽനിന്നുള്ള കാരുണ്യം നീ ഞങ്ങൾക്ക് പ്രദാനം ചെയ്യേണമേ, തീർച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു"(ഖു.3:8) . നിരന്തരമായ പ്രാർഥനകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കാരുണ്യമെന്ന മഹദ് ഗുണമാർജിക്കാൻ നമുക്ക് സാധിക്കാതെപോയാൽ നമ്മുടെ ജീവിതം വല്ലാതെ ഊഷരമായിപ്പോകും. ഒപ്പമുള്ളവർ നാം അറിയാതെ നമ്മിൽനിന്ന് അകലും. സർവരിലേക്കും പടർന്നു വിശാലമായ കാരുണ്യത്തിന്റെ വക്താക്കളായി നാം മാറുക എന്നുള്ളതാണ് സവിശേഷമായ റമദാൻ നമ്മെ ഓർമപ്പെടുത്തുന്നത്. പരിശുദ്ധമായ റമദാനിലെ ആദ്യ പത്തു ദിനങ്ങളിൽ പ്രധാനമായി നമ്മൾ പ്രാർഥിക്കേണ്ടതും കരുണക്കുവേണ്ടിയാണ്. റമദാനിൽ കരുണയുടെ കാണാപ്പുറങ്ങളിലേക്ക് കാരുണ്യവാനായ തമ്പുരാൻ നമ്മെ കൈപിടിച്ചു നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.