മസ്കത്ത്: അനുകമ്പയുടെയും പരസഹായത്തിന്റെയും മാസമായ റമദാനിൽ ഭക്ഷ്യവസ്തുക്കൾ ദുർവ്യയംചെയ്യരുതെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പരസ്പര ധാരണയോടെ ഇഫ്താർ പാർട്ടികൾ സംഘടിപ്പിക്കണമെന്നും ഒരിടത്ത് ഒന്നിൽ കൂടുതൽ ഇഫ്താർ പാർട്ടികൾ നടക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഒരാൾക്ക് ഒന്നിൽ കൂടുതൽ ക്ഷണം വരുന്നത് പ്രയാസം സൃഷ്ടിക്കുമെന്നും അത് ഭക്ഷണ ദുർവ്യയത്തിന് കാരണമാക്കുമെന്നും മന്ത്രാലയം അധികൃതർ ചൂണ്ടിക്കാട്ടി. ഒരു കുടുംബത്തിന് ആവശ്യമായ ഭക്ഷണപദാർഥങ്ങൾ മാത്രമാണ് വീട്ടിൽ പാകംചെയ്യേണ്ടത്.
അധികം വരുകയാണെങ്കിൽ അയൽവീട്ടുകാർക്ക് നൽകണം. അതോടൊപ്പം ഫുഡ് ബാങ്ക് നിലവിൽ വന്നിട്ടുണ്ടെന്നും അധികം വരുന്ന ഭക്ഷണം ഇതിലേക്ക് സംഭാവന ചെയ്യണമെന്നും ഇതുവഴി ഭക്ഷണം നഷ്ടപ്പെടുത്തുന്നത് തടയാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി. റമദാനിൽ വൻതോതിൽ ഇഫ്താർ സംഗമങ്ങൾ നടക്കാറുണ്ട്. കമ്പനികളും സ്ഥാപനങ്ങളും കോർപറേറ്റുകളും എൻ.ജി.ഒകളും ദിവസേന ഇഫ്താറുകൾ സംഘടിപ്പിക്കാറുണ്ട്. ഇവരെല്ലാം ഇഫ്താറുകൾ സംഘടിപ്പിക്കുമ്പോൾ ചിലപ്പോൾ ഭക്ഷണദുർവ്യയവും നടക്കാറുണ്ട്.
അധികം വരുന്ന ഭക്ഷണം പലപ്പോഴും ചവറ്റുകൊട്ടയിലേക്കാണ് പോവാറ്. ഒമാനിൽ മറ്റ് മാസങ്ങളെക്കാൾ ഭക്ഷണ ദുർവ്യയം റമദാനിൽ കൂടുതലാണെന്നാണ് കണക്കാക്കുന്നത്. മറ്റ് മാസങ്ങളെ അപേക്ഷിച്ച് റമദാനിൽ 25 ശതമാനം ഭക്ഷണദുർവ്യയം കൂടുതലാണെന്ന് ചൂണ്ടിക്കാണിക്കുന്നു. നിത്യ ജീവിതത്തിൽ മിതത്വം പാലിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.